Current Date

Search
Close this search box.
Search
Close this search box.

പുണ്യങ്ങള്‍ വാരിക്കൂട്ടി ആത്മീയ ശക്തി ആര്‍ജിക്കുക

അത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ഇതാ നമ്മുടെ പടിവാതിക്കല്‍ എത്തിനില്‍ക്കുന്നു. സ്വര്‍ഗീയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന, പിശാച് ചങ്ങലയില്‍ ബന്ധിക്കപ്പെടുന്ന, മാനവ കുലത്തിന് നാഥന്‍ നല്‍കിയ ഏറ്റവും മഹത്തായ അനുഗ്രഹമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസം. ഇനിയുള്ളത് ഹൃദയങ്ങള്‍ക്ക് നവോന്മേഷവും ആനന്ദവും നല്‍കുന്ന ദിന രാത്രങ്ങള്‍. സന്തോഷമുഖരിതമായ മുപ്പത് പകലുകളും പ്രാര്‍ഥനാ നിര്‍ഭരമായ രാവുകളുമാണ് ഇനി വിശ്വാസിയുടേത്.

ഹൃദയശുദ്ധീകരണത്തിനും ആത്മീയ ശക്തി ആര്‍ജിക്കുന്നതിനുമുള്ള മാസം കൂടിയാണ് വിശ്വാസിക്ക് റമദാന്‍. ദൈവസ്മരണ വര്‍ധിപ്പിച്ചും വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തിയും ചെയ്തു കൂട്ടിയ പാപങ്ങളില്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ച് പാപമോചനം തേടിയും നാഥനുമായി അടുക്കാന്‍ റമദാനിലൂടെ വിശ്വാസിക്ക് സാധിക്കണം. അതോടൊപ്പം ദാനധര്‍മ്മങ്ങളിലൂടെ പ്രയാസപ്പെടുന്ന ജനങ്ങളുടെ കണ്ണീരൊപ്പാനും കുടുംബ-സുഹൃദ് ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ റമദാനിലൂടെ സാധിക്കണം. നാഥനോടുള്ള ബന്ധത്തെപോലെ തന്നെ വളരെ പ്രാധാന്യമേറിയതാണ് ഇസ്‌ലാമില്‍ സാമൂഹിക ബന്ധങ്ങളും. അല്ലാഹുവിനോട് അടുക്കാനുള്ള ധാരാളം അവസരങ്ങള്‍ അവന്‍ തന്നെ ഈ വിശുദ്ധ മാസത്തില്‍ ഒരുക്കി വെച്ചിരിക്കുന്നു. അടിമകളോട് കാരുണ്യം കാണിക്കാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന നാഥന്‍ പാപമോചനം തേടുന്നവന് പൊറുത്തു കൊടുക്കാനും അടിമകളെ നരക ശിക്ഷയില്‍ നിന്ന് മോചിപ്പിക്കാനും തയ്യാറായി, സ്വര്‍ഗത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന മാസമാണ് റമദാന്‍. റമദാനില്‍ നിര്‍വ്വഹിക്കുന്ന നല്ലതായ കര്‍മ്മങ്ങള്‍ക്ക് നിരവധി ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്ന നാഥന്‍ ഒരായിരം മാസങ്ങളേക്കാള്‍ പവിത്രമായ ലൈലതുല്‍ ഖദര്‍ എന്ന രാവിനെയും ഈ മാസത്തില്‍ നിശ്ചയിച്ചു വെച്ചിരിക്കുന്നു.

നാഥനോട് കൂടുതല്‍ അടുത്തും വിശുദ്ധ ഖുര്‍ആന്റെ പാരായണത്തിലൂടെയും പഠനത്തിലൂടെയും മനസ്സിനെ തരളിതമാക്കിയും ദിക്‌റുകളും ദുആകളും ദാനധര്‍മ്മങ്ങളും വര്‍ദ്ധിപ്പിച്ചും നമ്മുടെ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന ഈ പുണ്യ മാസത്തെ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. റമദാനിനെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി വിജയിക്കുന്നവരുടെ കൂട്ടത്തില്‍ നാം മാത്രമല്ല നമ്മുടെ കുടുംബാംഗങ്ങളും ഉണ്ട് എന്ന് ഉറപ്പ് വരുത്താനും നമുക്ക് സാധിക്കണം. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ യുവജനങ്ങള്‍ മതിമറന്നിരിക്കുന്ന ഈ വേളയില്‍ പ്രത്യേകിച്ചും.

ലോകത്തിന്റെ പലഭാഗത്തും ഇസ്‌ലാമും മുസ്‌ലിമീങ്ങളും പരീക്ഷങ്ങളും പ്രതിസന്ധികളും നേരിടുന്ന സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാനും റമദാന്‍ നമുക്ക് കരുത്ത് നല്‍കേണ്ടതുണ്ട്. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിടാനുള്ള വിപ്ലവ വീര്യം നല്‍കുന്ന മാസം കൂടിയാണ് റമദാന്‍. തങ്ങളേക്കാള്‍ മൂന്നിരട്ടിയിലധികം വരുന്ന ശത്രുക്കളെ ബദ്‌റില്‍ പ്രവാചകനും അനുചരന്മാരും നേരിട്ടതും പരാജയപ്പെടുത്തിയതും റമദാനിലായിരുന്നല്ലോ. ആത്മീയ ശക്തി ആര്‍ജിച്ചവര്‍ക്കാണ് പ്രതിസന്ധികളെ സധൈര്യം നേരിടാനാവുക എന്ന പാഠമാണ് ഇത് നല്‍കുന്നത്. ലോകാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും, പ്രത്യേകിച്ച് വര്‍ഗീയ ശക്തികള്‍ രാജ്യത്ത് അധികാരത്തില്‍ വന്ന സാഹചര്യത്തില്‍, ഇസ്‌ലാമിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള പ്രവണതകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധികളെ നേരിടാനുള്ള ആത്മീയ ശക്തി നേടിയെടുക്കാനും റമദാനിലൂടെ നമുക്ക് സാധിക്കണം.

പുണ്യങ്ങളുടെ പൂക്കാലത്തില്‍ പുണ്യങ്ങള്‍ വാരിക്കൂട്ടി ഹൃദയവിശുദ്ധി നേടിയെടുക്കാനും അതുവഴി ആത്മീയ കരുത്ത് വര്‍ധിപ്പിക്കാനും, നോമ്പുകാരന് വേണ്ടി തുറന്നിട്ടിരിക്കുന്ന റയ്യാന്‍ വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനും അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ!

Related Articles