Current Date

Search
Close this search box.
Search
Close this search box.

പീഡനങ്ങളെ കുറിച്ച സെനറ്റ് റിപോര്‍ട്ട് പറയുന്നത്

സെപ്റ്റംബര്‍ 11-ന് ശേഷം അമേരിക്കന്‍ ഇന്റലിജന്‍സ് നടത്തിയിട്ടുള്ള പീഡനങ്ങളെ കുറിച്ച് സെനറ്റ് തയ്യാറാക്കിയിട്ടുള്ള റിപോര്‍ട്ട് അത്രവലിയ ഞെട്ടലൊന്നും നമ്മിലുണ്ടാക്കിയിട്ടില്ല. ഇത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന എത്രയോ വിവരങ്ങള്‍ നാം കേട്ടിട്ടുള്ളതാണ്. പത്ത് വര്‍ഷം മുമ്പ് ഇറാഖിലെ അബൂഗുറൈബ് ജയിലില്‍ നിന്നും പുറത്തുവന്ന ഭീകരമായ കഥകള്‍ വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല. ഇറാഖി തടവുകാരെ വന്യമായി വേട്ടയാടുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും രംഗങ്ങള്‍ അമേരിക്കന്‍ സൈനികര്‍ പകര്‍ത്തിയിരുന്നു. പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ ആദ്യകാല അമേരിക്കക്കാര്‍ റെഡ് ഇന്ത്യന്‍സിനെ ഉന്മൂലനം ചെയ്തത് മുതല്‍ സെപ്റ്റംബര്‍ 11-ന് ശേഷമുള്ള തടവ്കാരോട് ചെയ്തത് വരെയുള്ള കാര്യങ്ങള്‍ ചരിത്ര വായനക്കാര്‍ക്ക് മറക്കാനാവില്ല. റെഡ് ഇന്ത്യന്‍സ് അഭിമുഖീകരിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം അവര്‍ക്ക് തമാശയും വിനോദവുമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. പൂര്‍വികര്‍ റെഡ് ഇന്ത്യന്‍സിനെ ഉന്മൂലനം ചെയ്യലാണ് ലക്ഷ്യമാക്കിയിരുന്നതെങ്കില്‍ അവരുടെ പേരക്കുട്ടികള്‍ മുസ്‌ലിം തടവുകാരെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

ആറായിരത്തോളം പേജുകളുള്ള റിപോര്‍ട്ടിന്റെ അഞ്ഞൂറോളം പേജ് വരുന്ന സംഗ്രഹം മാത്രമാണ് സെനറ്റിന്റെ റിപോര്‍ട്ട്. അതില്‍ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. അറബ്, യൂറോപ്യന്‍ നാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും അതിലുണ്ട്. സി.ഐ.എക്ക് ഇറാഖില്‍ ജയിലുണ്ടെന്നത് നമുക്കറിയാം. എന്നാല്‍ അവര്‍ക്ക് മൊറോക്കൊയില്‍ മറ്റൊരു ജയിലുണ്ടെന്ന് ഞെട്ടലുണ്ടാക്കുന്ന വിവരമാണ്. തടവുകാരുടെ എണ്ണത്തെ കുറിച്ച് പോലും ഇന്റലിജന്‍സ് കളവു പറഞ്ഞെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. എല്ലാ പരിധികളും വിട്ട അങ്ങേയറ്റം കാടത്തപരവും അധമവുമായ രീതിയാണ് ചോദ്യം ചെയ്യലിന് സ്വീകരിച്ചിരുന്നതെന്ന് അത് പറയുന്നു. പീഡനത്തില്‍ അമേരിക്കയോട് മത്സരിക്കുന്ന ചില അറബ് നാടുകളുടെ ചെയ്തികളെ മറികടക്കുന്ന തരത്തിലുള്ളതാണ് അവ.

റിപോര്‍ട്ടിനെ കുറിച്ച ചെറിയ വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതിന്റെ ഉള്ളടക്കത്തെ കുറിച്ച് ആഴത്തില്‍ വായന നടത്തേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ സുരക്ഷയും ഉന്നതമായ പ്രതിരോധ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ഇത്തരം പീഡനങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്ന ചില ഭരണകൂടങ്ങളുണ്ട്. ഇത്തരം ലംഘനങ്ങള്‍ അനിവാര്യതയുടെ പരിധിയില്‍ പെടുന്നതാണെന്ന് അവര്‍ വാദിക്കുന്നു. തങ്ങളെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങള്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നാണ് അവരുടെ ന്യായം. അമേരിക്കയുടെ കാപട്യം തുറന്നു കാട്ടുന്നതും വിലയിടിക്കുന്നതുമാണ് ഈ റിപോര്‍ട്ട്.

അമേരിക്കയുടെ യഥാര്‍ത്ഥ സാമ്രാജ്യത്വ മുഖമാണ് റിപോര്‍ട്ട് വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം. അതിന്റെ കുഴപ്പങ്ങള്‍ അതിന്റെ വന്യമായ മുതലാളിത്വത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങുന്നില്ല. മനുഷ്യത്വത്തെ പിച്ചിചീന്തുന്ന അതിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വെളിപ്പെടുത്തുന്ന വൃത്തികെട്ട മറ്റൊരു മുഖം കൂടി അതിനുണ്ട്. മാത്രമല്ല, അമേരിക്കയുടെ കപട ജനാധിപത്യവും ലോകത്തോടുള്ള വഞ്ചനയും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. മാധ്യമങ്ങളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും നാം കണ്ടിരുന്നത് ആകര്‍ഷണീയമായ പുറംതോട് മാത്രമായിരുന്നെന്ന് വ്യക്തമായിരിക്കുന്നു. മനുഷ്യന്റെ മാന്യതയെ യാതൊരു നിയന്ത്രണവുമില്ലാതെ ഭേദ്യം ചെയ്യുന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് മറഞ്ഞു കിടക്കുന്നത്.

അമേരിക്കക്കാരന്റെ പൊങ്ങച്ചവും താന്‍പോരിമയും മറ്റുള്ളവരെല്ലാം തരംതാണവരാണെന്നുള്ള ധാരണയുമാണ് വായനയില്‍ വെളിപ്പെടുന്ന മറ്റൊരു കാര്യം. റിപോര്‍ട്ടില്‍ പറയുന്ന തരത്തിലുള്ള പീഡനങ്ങളെല്ലാം നടത്തിയിരിക്കുന്നത് അമേരിക്കക്കാരല്ലാത്തവരോടാണ്. അമേരിക്കക്കാര്‍ക്ക് മാത്രം പരിമിതമാക്കപ്പെട്ട മനുഷ്യാവാകാശത്തെ കുറിച്ചാണ് അവര്‍ വാചാലരാകുന്നതെന്ന് ചുരുക്കം. അവരല്ലാത്തവരുടെ മാന്യതയും അഭിമാനവും ആര്‍ക്കും വലിച്ചു കീറാവുന്നതാണെന്ന് ചുരുക്കം. ഈ റിപോര്‍ട്ട് തന്നെയാണ് അതിന്റെ നിലവിലെ വിശദമായ തെളിവ്.

മേല്‍പറഞ്ഞതില്‍ നിന്നും ഏറെ വ്യത്യസ്തമല്ലാത്ത മറ്റൊന്ന് കൂടിയുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഈ വൃത്തികേടിനെ അമേരിക്കന്‍ ഭരണകൂടത്തിലെ ചില കക്ഷികള്‍ പിന്തുണക്കുകയും അത് മറച്ചു വെക്കുകയും ചെയ്തു. (മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിക്ക് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്.) എന്നാല്‍ ഈ റിപോര്‍ട്ട് അമേരിക്കന്‍ സമൂഹത്തെ നടുക്കിയിട്ടുണ്ട്. സി.ഐ.എയുടെ ലംഘനങ്ങളെ സെനറ്റ് അപലപിക്കുകയും ചെയ്തു. അവര്‍ കള്ളം പറഞ്ഞ് അമേരിക്കക്കാരെ തെറ്റിധരിപ്പിച്ചെന്നും സെനറ്റ് ആരോപിച്ചു. കുറ്റവാളികളെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ നടത്തുന്ന ഇത്തരം പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ 2009-ല്‍ ഒബാമ അധികാരമേറ്റപ്പോള്‍ ആവശ്യപ്പെട്ടിരുന്നതായും ഇതിന് അനുവാദം നല്‍കുന്ന നിയമത്തിന് ഭേദഗതി വരുത്തിയിട്ടില്ലെന്നും റിപോര്‍ട്ട് പറയുന്നു. സി.ഐ.എയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെനറ്റ് തന്നെ അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നു എന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം. അതിനായി അവര്‍ 68 ലക്ഷത്തോളം രേഖകള്‍ പരിശോധിച്ച് റിപോര്‍ട്ട് തയ്യാറാക്കി. അതിലെ ചില ഭാഗങ്ങള്‍ പൊതുജനത്തിന് മുന്നില്‍ തുറന്നു വെക്കുകയും ചെയ്തു. ജനങ്ങളുടെ അഭിപ്രായത്തിനുള്ള പ്രസക്തിയാണത് വ്യക്തമാക്കുന്നത്. അതോടൊപ്പം തെറ്റ് അംഗീകരിക്കാനും അവയില്‍ പുനപരിശോധന നടത്തി തിരുത്താനുമുള്ള ധീരത ഒരു ഗുണമായിട്ട് തന്നെയാണ് കാണേണ്ടത്.

മൊഴിമാറ്റം : നസീഫ്

Related Articles