Current Date

Search
Close this search box.
Search
Close this search box.

പിണറായിയുടെ ‘മുഖ്യധാര’യിലെ ഇസ്‌ലാം

പ്രപഞ്ചനാഥനായ ദൈവം തന്റെ ദൂതന്‍മാരിലൂടെ മനുഷ്യസമൂഹത്തിന് സമര്‍പിച്ച ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. ആദ്യത്തെ മനുഷ്യന്‍ മുതല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ ജീവിതക്രമവും ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയിലൂടെ സമര്‍പ്പിച്ച ജീവിതവ്യവസ്ഥതയും അതു തന്നെയാണ് എന്നത് ഇസ്‌ലാമിനെ കുറിച്ചുള്ള ബാല പാഠമാണ്. എന്നാല്‍ ഇസ്‌ലാമിനെ കുറിച്ച ഈ ബാലപാഠം തന്നെ മനസ്സിലാക്കാതെയാണ് സഖാവ് പിണറായി വിജയന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ‘സമുദ്ധരിക്കാനായി ആരംഭിച്ച’ മുഖ്യധാര മാസികയിലൂടെ ഇസ്‌ലാമിന്റെ രൂപീകരണത്തെ കുറിച്ച് എഴുതുന്നത്.

‘ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടത്തില്‍ പൊതുവെ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്‌സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ രൂപീകരണത്തെയും അത് അറബ് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്‌ലാം രൂപപ്പെട്ടത്. എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍ നിന്നാണ് ഇസ്‌ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വെക്കുന്നത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു’.(മുഖ്യധാര : പേജ് 11)

ഇതര മതങ്ങളെയും കമ്യൂണിസമടക്കമുള്ള ദര്‍ശനങ്ങളെ പോലെ  ഇസ്‌ലാം മുഹമ്മദ് നബി സ്ഥാപിച്ചതാണെന്നും അറേബ്യയിലാണ് അത് രൂപീകരിക്കപ്പെട്ടത് എന്നും സമര്‍ഥിക്കുന്നതോടൊപ്പം തന്നെ പട്ടണവാസികളായ സമ്പന്നരും നാടോടികളായ ദരിദ്രരും ജീവിച്ചിരുന്ന വൈരുധ്യാത്മിക ഭൗതിക വാദത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത് എന്ന് എംഗല്‍സിനെ ഉദ്ദരിച്ച് ഒരു കമ്യൂണിസ്റ്റ് ഇസ്‌ലാമിനെ അദ്ദേഹം സമര്‍ഥിക്കുകയും ചെയ്യുന്നുണ്ട് . മാനവലോകത്തിന് മാര്‍ഗദര്‍ശനമായി ദൈവത്തില്‍ നിന്ന് അവതീര്‍ണമായ ഒരു പ്രത്യയശാസ്ത്രത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വൈരുധ്യത്തില്‍ നിന്ന് രൂപീകരിക്കപ്പെട്ടതാണെന്ന് ചുരുക്കിക്കെട്ടിയതോടൊപ്പം തന്നെ അറബ് ദേശീയ ബോധത്തില്‍ നിന്നും ഉടലെടുത്ത ഒന്നാണ് ഇസ്‌ലാം എന്ന അപകടകരമായ വ്യാഖ്യാനങ്ങളും ഇതിലടങ്ങിയതായി കാണാം. മാനവിക ദര്‍ശനമായ ഇസ്‌ലാമിനെ ദേശീയതയുടെ തുരുത്തില്‍ പിടിച്ചുകെട്ടാനും മുസ്‌ലിംകളെ ആദര്‍ശ ബോധത്തിനപ്പുറം ദേശീയതയുടെ വക്താക്കളായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ലേഖനത്തില്‍ കാണാം. ‘അറേബ്യന്‍ ഉപദ്വീപിനെ അബ്‌സീനിയക്കാരില്‍ നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാര മാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള അറബി ദേശീയ ബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും(ഇസ്‌ലാം)’ പ്രസ്തുത ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി  മൗദൂദി സാഹിബിന്റെ ‘ മതേതരത്വം – ദേശീയത- ജനാധിപത്യം : ഒരു താത്വിക വിശകലനം’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭോചിതം അടര്‍ത്തി ഉദ്ധരിക്കുന്ന കമ്യൂണിസ്റ്റുകാരും പിണറായിയും ഇസ്‌ലാമിനെ കുറിച്ച പ്രാഥമിക ധാരണ ലഭിക്കാന്‍ അദ്ദേഹത്തിന്റെ ‘രിസാലെ ദീനിയാത്ത്’ (ഇസ്‌ലാം മതം) എന്ന പുസ്തകം കൂടി ഒരാവര്‍ത്തി വായിക്കുന്നത് നന്നായിരിക്കും. ഏറ്റവും ചുരുങ്ങിയത് ഇത്ര ഉന്നതമായ സ്ഥാനങ്ങളിലിരിക്കുന്നവരില്‍ നിന്നും ഇത്രവലിയ അബദ്ധങ്ങളെങ്കിലും നമുക്ക് കേള്‍ക്കേണ്ടിവരില്ലല്ലോ.

 പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതോടൊപ്പം തന്നെ ഇസ്‌ലാമിന്റെ വിമോചന മുഖം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മമ്പുറം തങ്ങന്മാര്‍, ആലി മുസ്‌ലിയാര്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ നവോഥാന നായകന്മാര്‍ നടത്തിയ ഐതിഹാസികമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ കേവലം ജന്മി-കുടിയാന്‍ പ്രശ്‌നമായി ന്യൂനീകരിക്കാനും അതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാനുമുള്ള വൈരുധ്യാത്മകമായ തമാശയും പിണറായിയുടെ ലേഖനത്തില്‍ കാണാവുന്നതാണ്. ഐതിഹാസികമായ പോരാട്ടത്തെ തുടര്‍ന്ന് 6 മാസക്കാലം ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷ് ഭരണം നിഷ്‌ക്കാസനം ചെയ്തുകൊണ്ട് തല്‍സ്ഥാനത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി സ്ഥാപിച്ച ഭരണം ഖിലാഫത്ത് എന്ന പേരിലാണ് അറിയപ്പെട്ടതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

 രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിച്ചവരായിരുന്നു ഇവരെല്ലാം എന്നത് ഇതില്‍ നിന്നും പകല്‍ പോലെ വ്യക്തമാണ്. എന്നിട്ടും മുസ്‌ലിംകള്‍ക്കിടയിലെ പ്രസ്ഥാനങ്ങളെ വിലയിരുത്തുന്നിടത്ത് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാന്‍ വേണ്ടി ‘മതത്തെയും ഭരണകൂടത്തെയും രണ്ടായി കാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്’ എന്ന് പിണറായി വിജയന്‍ എഴുതുന്നുണ്ട്.
മതം വേറെ രാഷ്ട്രം വേറെ എന്ന മതേതര യുക്തിയില്‍ നിന്ന്‌കൊണ്ട് ഇസ്‌ലാമിന്റെ സമഗ്രകാഴ്ചപ്പാടിനെയാണ് ഇതിലൂടെ ആക്രമിക്കുന്നത്. മാത്രമല്ല, രാഷ്ട്രീയ ഉള്ളടക്കമുള്ള സമഗ്ര ഇസ്‌ലാമിനെ പ്രതിനിധീകരിച്ച പ്രവാചകന്മാരുടെയും ഖലീഫമാരുടെയും നിലപാടിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മുസ്‌ലിംകളെ അകറ്റാന്‍ കഴിയുകയില്ല എന്ന ലളിതയുക്തിയെങ്കിലും  ഇവര്‍ക്കുണ്ടാകുന്നത് നന്നായിരിക്കും.

Related Articles