Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് പാഠമാവുന്ന തുര്‍ക്കി തെരഞ്ഞെടുപ്പ്

തുര്‍ക്കി തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കെട്ടൊടുങ്ങവേ, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഫലങ്ങളെ വ്യാഖ്യാനിച്ചെടുക്കാനുള്ള യത്‌നത്തിലാണ് പാശ്ചാത്യ ശക്തികള്‍. സ്വന്തം നാട്ടില്‍ ജനാധിപത്യം നടപ്പിലാക്കുമ്പോഴും മറ്റു രാജ്യങ്ങളില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യയിലും ഏഷ്യയിലും, എല്ലായ്‌പോഴും അതിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമുള്ള നിലപാടാണ് പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ളത്. അറബ് വസന്തത്തോടും ഈജിപ്തിലെ സൈനികഅട്ടിമറിയോടും അവര്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് അത് വ്യക്തമാണ്.

യുഎസും ബ്രിട്ടനും മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ഏകാധിപതികളെയും കിരാതഭരണകൂടങ്ങളെയുമാണ് താല്‍പര്യമെന്ന് അനുമാനിക്കാം. അത്തരക്കാരാവുമ്പോള്‍ തങ്ങളുടെ കാര്യങ്ങളെല്ലാം ഭദ്രമായിരിക്കും. ബാലറ്റ് ബോക്‌സിന്റെ വിധിയേക്കാള്‍, എണ്ണപണവും ആയുധവ്യാപാരവും അധീശത്വം പുലര്‍ത്തുന്ന ലോകസാഹചര്യത്തില്‍ ഭയപ്പെടുത്തലിലൂടെയും തിട്ടൂരങ്ങളിലൂടെയും തോക്കുബാരലുകൊണ്ടും സ്ഥാപിച്ചെടുക്കാവുന്ന നിയന്ത്രണസംവിധാനത്തിലാണ് പാശ്ചാത്യതാല്‍പര്യം. അങ്ങനെയല്ലായിരുന്നെങ്കില്‍, സൗദി അറേബ്യ, ഈജിപ്ത്, ഇസ്രായേല്‍, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ എന്നോ പുനരാലോചനകള്‍ നടത്തിയേനെ്.

തുര്‍ക്കി മേല്‍പറഞ്ഞ ഗണത്തില്‍ വരുന്ന ഒരു രാഷ്ട്രമല്ല. നാറ്റോ അംഗരാഷ്ട്രമെങ്കിലും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി ഭരിക്കുന്ന തുര്‍ക്കിയോട് പാശ്ചാത്യരാജ്യങ്ങള്‍ക്ക് മമത കുറവായിരുന്നു. പാശ്ചാത്യ മേല്‍കോയ്മയെയും അഭിപ്രായത്തെയും വെല്ലാന്‍ മടിക്കുന്ന അറബ് നേതാക്കളില്‍ നിന്ന് വിഭിന്നമായി, ഉര്‍ദുഗാന്റെ നേതൃത്തില്‍ മേഖലയില്‍ നയതന്ത്രപരവും രാഷ്ട്രീയപരവുമായ മികച്ച സ്വാധീനം നേടിയത് പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് നീരസമുണ്ടാക്കാന്‍ കാരണമായി.

ഫലസ്തീന്‍ വിഷയത്തില്‍ ഉര്‍ദുഗാന്‍ നല്‍കുന്ന ഉറച്ച പിന്തുണ ഉദാഹരണം. ഇസ്രായേലി നേതാക്കന്മാരോടുള്ള അദ്ദേഹത്തിന്റെ പരസ്യപ്രകടനങ്ങളും വാഗ്‌യുദ്ധങ്ങളും പാശ്ചാത്യരാജ്യങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇസ്രായേലിനെ വിമര്‍ശനങ്ങള്‍ക്കതീതമായി കാണണമെന്നത് പാശ്ചാത്യനേതാക്കള്‍ക്കിയിലെ അലിഖിതമായൊരു നിയമമാണ്.

ഇസ്രായേലിന്റെ ഏറ്റവും കടുത്ത പേടിസ്വപ്‌നമാണ് ഉര്‍ദുഗാന്‍. അറബ് ഭരകൂടങ്ങളോടോ പാശ്ചാത്യരാഷ്ട്രങ്ങളോടോ അദ്ദേഹം മുട്ടുമടക്കുന്നില്ല. മാത്രമല്ല അദ്ദേഹം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. നിലപാടുകള്‍ മറിച്ചായിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണയും അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു.

ഫലസ്തീന്‍ പ്രശ്‌നം അറബ് ലോകത്ത് മാത്രമല്ല തുര്‍ക്കിയിലും ജനകീയ വിഷയമാണ്. ഉര്‍ദുഗാന്റെ നിലപാടുകള്‍, 2008ന് ശേഷം ആഗോളവേദികളില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ തുര്‍ക്കിയില്‍ അദ്ദേഹത്തിന് വീരപരിവേഷം നേടിക്കൊടുത്തിരുന്നു. ആയിടക്കാണ്, അറബ് നേതാക്കള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്ന രീതിയില്‍, ഗസ്സക്കെതിരെ ഇസ്രായേല്‍ നടത്തിയ നരമേധങ്ങളോടുള്ള പ്രതിഷേധം ദാവോസില്‍ വെച്ച് വേദിയിലുണ്ടായിരുന്ന അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ശിമോണ്‍ പെരസിനോട്, ‘നിങ്ങള്‍ക്ക് ജനങ്ങളെ എങ്ങനെ കൊല്ലാമെന്നറിയാം’ എന്ന് മുഖത്ത് നോക്കി പറഞ്ഞത്.

ഗസ്സക്കെതിരായ ഇസ്രയേല്‍ ഉപരോധം അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിലെ ഹുസ്‌നി മുബാറകിന്റെ ഭരണകൂടം നടപടികളെടുത്തപ്പോള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതിനെ ഉര്‍ദുഗാന്‍ ശക്തമായി വിമര്‍ശിച്ചു. തൊട്ടുപിന്നാലെ, ഒമ്പത് തുര്‍ക്കിസന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെ കൊല്ലപെട്ട ഗസ്സയിലേക്ക് പുറപ്പെട്ട സഹായക്കപലിനു നേര്‍ക്ക് ഇസ്രായേല്‍ തൊടുത്ത ആക്രമണത്തിനെതിരെയും ഉര്‍ദുഗാന്‍ ശക്തമായി രംഗത്തുവന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പ് ഫലം ഉര്‍ദുഗാന്റെ വായ അടപ്പിച്ചെന്ന് പാശ്ചാത്യനേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് തെറ്റി; ആഗോളരംഗത്ത് വിരാചിക്കുന്നവര്‍ക്ക് ഞെട്ടാന്‍പോന്ന വിശേഷങ്ങള്‍ ഇനിയുമുണ്ടായേക്കാം.

തുര്‍കിയിലെ മുഖ്യപ്രതിപക്ഷ നേതാവ് മറ്റുപല വിഷയങ്ങളിലും ഉര്‍ദുഗാനു നേരെ വിരുദ്ധമായ ധ്രുവങ്ങളിലായിരിക്കാമെങ്കിലും ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരായ വധശിക്ഷാ വിധിയില്‍ രണ്ട് പേര്‍ക്കും തുല്യനിലപാടാണുള്ളത്. ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനുനേരെ വധശിക്ഷാ വിധിക്കെതിരെ അല്‍സീസിയുടെ പാശ്ചാത്യസുഹൃത്തുക്കളെല്ലാം മൗനം പാലിച്ചപ്പോള്‍ തുര്‍ക്കി മാത്രമാണ് അതിനുനേരെ ശരിയാംവണ്ണം പ്രതികരിച്ചത്.

13 വര്‍ഷത്തിനുശേഷം ആദ്യമായി സര്‍ക്കാര്‍ രൂപീകരണത്തിനു മതിയായ ഭൂരിപക്ഷമില്ലാതെ വന്ന സാഹചര്യത്തില്‍ ഉര്‍ദുഗാന്റെ മുന്നില്‍ അതിന് 45 ദിവസമാണുള്ളത്. എന്നാല്‍ ആകെ 41 ശതമാനം വോട്ട് നേടിയെന്നത് ചെറിയകാര്യമല്ല. അതിനേക്കാള്‍ 0.8 ശതമാനം മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഭൂരിപക്ഷമെന്നത് ശ്രദ്ധിക്കുക.

ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. ബ്രിട്ടീഷ് വോട്ടര്‍മാരില്‍ 66 ശതമാനം പേര്‍ മാത്രമാണ് ഇക്കഴിഞ്ഞ ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തിയത്. 2012 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 58.2 ശതമാനം പേരും. തുര്‍ക്കിയില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുള്ളവരില്‍ 86 ശതമാനവും വോട്ട് രേഖപ്പെടുത്തിയെന്നറിയുമ്പോള്‍ അവിടെ യഥാര്‍ഥ വിജയി ബാലറ്റ് പെട്ടിയാണെന്ന് ഉറപ്പ്. പാശ്ചാത്യനേതാക്കള്‍ ഇത് കാണുന്നുണ്ടോ?

Related Articles