Current Date

Search
Close this search box.
Search
Close this search box.

പാളയം ഇമാമിന്റെ പെരുന്നാള്‍ സന്ദേശം

വാനില്‍ ശവ്വാലിന്റെ ചന്ദ്രക്കല തെളിഞ്ഞു. ഈദൂല്‍ ഫിത്വര്‍ വീണ്ടും സമാഗതമായി. പുണ്യം പൂത്തുലഞ്ഞ വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമം കുറിച്ചു കൊണ്ട് ലോക മുസ്‌ലിംകള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. റമദാനില്‍ നിന്ന് ആര്‍ജിച്ച ആത്മ നിയന്ത്രണവും ജീവിതവിശുദ്ധിയും പരസ്പര സാഹോദര്യവും കാരുണ്യത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും കലവറയില്ലാത്ത മനുഷ്യസ്‌നേഹനത്തിന്റെയും പാഠങ്ങളും പ്രയോഗവല്‍കരിച്ചു ശിഷ്ടജീവിതം തന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് വേണ്ടി പ്രയോജനപ്പെടുത്തുക.

ആര്‍ത്തിയും ആസക്തിയും മനുഷ്യമനസ്സുകളെ ഗ്രസിച്ച മൂല്യശോഷണവും ധര്‍മച്യുതിയും വ്യാപകമായ, കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച, പകയും വിദ്വേഷവും ശത്രുതയും പെരുകിയ, വംശീയ സംഘട്ടനങ്ങളും വര്‍ഗീയ ചേരിതിരിവും, ആത്മീയ ചൂഷണങ്ങളും വ്യാപകമായ വര്‍ത്തമാന യുഗത്തില്‍ കഴിവിന്റെ പരമാവധി സത്യവും നീതിയും ധര്‍മവും അനുസരിച്ച മാതൃകയോടെ ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുക.

പെരുന്നാള്‍ സ്‌നേഹവും സൗഹാര്‍ദവും എല്ലാ വിഭാഗം ജനങ്ങളുമായും പങ്ക് വെക്കപ്പെടേണ്ടതാണ്. ജാതി മതവ്യത്യാസങ്ങളോ, സംഘടനാ പാര്‍ട്ടി താല്‍പര്യങ്ങളോ കടന്ന് വരാതെയുള്ള കലവറയില്ലാത്ത മനുഷ്യസ്‌നേഹമാണ് പെരുന്നാളിന് പകര്‍ന്നു നല്‍കേണ്ടത്. എല്ലാ മനുഷ്യരെയും സ്വന്തം സഹോദര സഹോദരിമാരായി കണ്ട് സ്‌നേഹിക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ രാജ്യത്തിന്റെ പൈതൃകമായ ബഹുസ്വരതയും സാമുദായിക മൈത്രിയും കാത്തുസൂക്ഷിക്കാന്‍ നാം  പ്രതിജ്ഞാബദ്ധരാവണം.

സന്തോഷപൂര്‍വം പെരുന്നാളാഘോഷിക്കാന്‍ കഴിയാതെ വേദന തിന്നുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെ ഈ ആഘോഷ വേളയില്‍ നാം  വിസ്മരിക്കരുത്. ഗസ്സയിലെ ലക്ഷത്തില്‍ പരം ഫലസ്തീനികള്‍, നിരന്തരം പതിക്കുന്ന മിസൈലുകള്‍ക്ക് മുന്നില്‍ ഭയചകിതരായി ആര്‍ത്തട്ടഹസിക്കുന്ന അവരുടെ മക്കള്‍.. ഇങ്ങനെ ലോകത്ത് പ്രയാസമനുഭവിക്കുന്ന സര്‍വ മനുഷ്യരോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പീഢിതരുടെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കാനും പെരുന്നാളിനെ ഉപയോഗപ്പെടുത്തുക.

Related Articles