Current Date

Search
Close this search box.
Search
Close this search box.

പാലക്കാട് ഇങ്ങനെയും ഒരു പള്ളിക്കമ്മറ്റി

പാലക്കാട് ഒരു സമൂഹ വിവാഹത്തില്‍ സംബന്ധിക്കാന്‍ ചെന്നപ്പോള്‍ മേപ്പറമ്പ് പള്ളി സന്ദര്‍ശിക്കാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മേല്‍ ഖാദിയായ പള്ളിയുടെ ഭാരവാഹികളാണ് ക്ഷണിച്ചതെന്നതിനാല്‍ വളരെ താല്‍പര്യപൂര്‍വം അത് സ്വീകരിക്കുകയും നിശ്ചിത സമയത്ത് തന്നെ സ്ഥലത്തെത്തുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പ്രദേശത്തുകാര്‍ തന്നെ സ്വന്തം ചെലവില്‍ പുതുക്കി പണിതതാണ്.

പുനര്‍ നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പത്ത് ദിവസത്തെ പ്രഭാഷണ പരമ്പരയില്‍ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദുകളുടെ രണ്ട് വിഭാഗം, സമസ്ത രണ്ടു വിഭാഗം തുടങ്ങി എല്ലാ മുസ്‌ലിം സംഘടനകളിലെയും പണ്ഡിതന്‍മാര്‍ പങ്കെടുക്കുകയുമുണ്ടായി. അവസാന ദിവസം വ്യത്യസ്ത മതനേതാക്കളെ പങ്കെടുപ്പിച്ച് മതസൗഹാര്‍ദ സമ്മേളനവും അവര്‍ നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത സൗഹാര്‍ദ സമ്മേളനത്തില്‍ കേരള സംസ്ഥാന സന്യാസി സഭ ജനറല്‍ സെക്രട്ടറി എച്ച്.എച്ച്. പ്രഭാകരാനന്ദ സ്വാമികളും, പാലക്കാട് രൂപതാ വികാരി മോണ്‍ സിഞ്ഞോര്‍ ജോസഫ് ചിറ്റിലപ്പള്ളിയും ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും പ്രഭാഷണങ്ങള്‍ നടത്തി.

ഉദ്ഘാടന പരിപാടിക്ക് പരസരത്തെ പതിമൂന്ന് ക്ഷേത്രങ്ങളിലെ ഭാരവാഹികളെയും ചര്‍ച്ച് മേധാവികളെയും ക്ഷണിച്ചിരുന്നു. ക്ഷേത്ര നടത്തിപ്പുകാര്‍ പള്ളിക്ക് ആശംസകളര്‍പ്പിച്ച് ബോര്‍ഡുകല്‍ സ്ഥാപിക്കുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെയും നദ്‌വത്തുല്‍ മുജാഹീദീന്റെയും സമസ്തയുടെയും പ്രതിനിധികള്‍ സംബന്ധിക്കുകയും ചെയ്തു. ഇങ്ങനെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ഐക്യം പോലെ ഹൈന്ദവ – മുസ്‌ലിം – ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദവും സാധ്യമാക്കി മഹത്തായ മാതൃക കാണിക്കാന്‍ മേപ്പറമ്പ് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ക്ക് സാധിച്ചു.

ആയിരത്തി എണ്ണൂറോളം കുടുംബങ്ങളുള്ള ഈ മഹല്ലിന്റെ പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി എം. ആസാദ് വൈദ്യരും പുനര്‍ നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ എ.കെ അബ്ദുപ്പ ഹാജിയുമാണ്. വര്‍ഗീയ ശക്തികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം സൗഹാര്‍ദ ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

Related Articles