Current Date

Search
Close this search box.
Search
Close this search box.

പാരീസിന് എന്റെ അനുശോചനം; ക്ഷമാപണമില്ല

ഫ്രാന്‍സിലെ ആക്ഷേപഹാസ്യ പത്രത്തിനു നേരെ നടന്ന അക്രമണത്തിന് ശേഷം ഒരു സുഹൃത്ത് തമാശരൂപേണ എന്നോട് ചോദിക്കുകയുണ്ടായി ‘എന്താണ് നിങ്ങള്‍ മുസ്‌ലിംകള്‍ എല്ലായിപ്പോഴും കൊലപാതകങ്ങള്‍ നടത്തുന്നത്?’ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്ത് ‘ഇന്ന് പാകിസ്ഥാന്റെ കൂടെയായിരിക്കും അല്ലേ?’ എന്ന് സുഹൃത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ടായിരുന്നത് പോലെ തികച്ചും തമാശരൂപേണയാണ് അവള്‍ എന്നോട് ഈ ചോദ്യം ചോദിച്ചത്.

കുറേ കാലമായി ഇസ്‌ലാമുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. വിശ്വാസം എനിക്ക് തികച്ചും വ്യക്തിപരമായ കാര്യമാണ്. മുസ്‌ലിമായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ മതമേലങ്കിയണിഞ്ഞ് ഉയര്‍ന്ന് നില്‍ക്കുന്ന സ്ഫടിക കോട്ടകളെകുറിച്ച് ഞാന്‍ നടത്തിയ നിരവധി അന്വേഷണങ്ങള്‍ മൂലം മതഭ്രാന്ത് മൂത്ത പല പ്രതികരണങ്ങളും എന്നെത്തേടി എത്തിയിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച പല പ്രതികരണങ്ങളും എന്നെ വ്യക്തിപരമായി പ്രകോപിപ്പിക്കുന്നത് കൂടിയായിരുന്നു.

വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് ഞാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇഴകീറിയ പരിശോധനക്ക് വിധേയമാക്കപ്പെട്ടതും എന്നെ അത്യധികം ദേഷ്യം പിടിപ്പിച്ചിരുന്നു. എന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നതുമായിരുന്നു ആ പരിശോധന. ആദിവാസി ഗോത്രവിഭാഗങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന് എനിക്ക് ഉന്നത അവാര്‍ഡുകള്‍ ലഭിച്ചതും വലിയ അര്‍ഥത്തില്‍ എന്റെ വിമര്‍ശകരും സുഹൃത്തുക്കളും ശ്രദ്ധിച്ചിരുന്നില്ല.

എന്റെ വിശ്വാസത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഉയര്‍ന്നുവന്നിരുന്നപ്പോഴെല്ലാം, ഇസ്‌ലാമുമായി ബന്ധപ്പെട്ട് കുറഞ്ഞ അറിവ് മാത്രമുള്ള എനിക്ക് തെറ്റിദ്ധാരണകള്‍ തിരുത്തി തന്നിരുന്നത് എന്റെ പിതാവാണ്. പുരോഗമന എഴുത്തുകാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആളാണ് എന്റെ പിതാവ്. എഴുപതുകളിലെ ഒത്തുകൂടല്‍ വേളകളില്‍ അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കള്‍ വിസ്‌കിയും സിഗരറ്റും ആസ്വദിക്കുമ്പോള്‍, അരണ്ട വെളിച്ചമുള്ള റൂമിലേക്ക് മാറി നമസ്‌കാരം നിര്‍വഹിക്കുകയും തിരിച്ചുവന്ന് സാഹ്‌യാന്ന സംസാരത്തില്‍ സുഹൃത്തക്കളോടൊപ്പം മുഴുകുകയും ചെയ്യുമായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം മദ്യം സേവിച്ചിരുന്നില്ല. അത്തരം മെഹ്ഫിലുകളില്‍ മദ്യം വര്‍ജിച്ചിരുന്നത് പോലെ നമസ്‌കാരവും അദ്ദേഹത്തിന് തികച്ചും സ്വകാര്യവും വ്യക്തിപരവുമായ കാര്യമായിരുന്നു.

അദ്ദേഹത്തിന്റെ ഇസ്‌ലാമും ഖുര്‍ആനും ആരംഭിക്കുന്നത് ‘വായിക്കുക’ എന്ന പദത്തോടെയാണ്. അതുകൊണ്ട് തന്നെയായിരുന്നു, വലിയ ഭൂജന്മിയുടെ മകനായിരുന്നിട്ടും കുടുംബ സ്വത്തില്‍ നിന്നും ലാഭം കൊയ്യാന്‍ നില്‍ക്കാതെ, വിരമിക്കുന്നത് വരെ മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ദേഹം അധ്യാപകനായി ജോലി ചെയ്തത്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം വിദ്യാര്‍ഥികളും അമുസ്‌ലിംകളായിരുന്നു.

മുംബൈയിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് സമീപം ഒരു ഇടത്തരം വീട്ടിലാണ് ഞങ്ങള്‍ ആറുപേരടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഉച്ചകഴിഞ്ഞുള്ള മിക്ക സമയങ്ങളിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അബ്ബയുമൊത്ത് ചെലവഴിക്കാറുണ്ടായിരുന്നു. അവരുടെ ‘മാസ്റ്റര്‍ജി’ അബ്ബയുമായി ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ ആര്‍.എസ്.എസ് ശാഖ നിരന്തരം സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ എടുത്തുകൊടുക്കുകയും ചെയ്തിരുന്ന അബ്ബയോട് മാസ്റ്റര്‍ജിക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു. ഗുരു പൂര്‍ണിമാ ദിനത്തില്‍ ശാഖാ തലവന്‍ ചുവന്ന ചരട് ആദ്യം കെട്ടിക്കൊടുത്തത് അബ്ബയുടെ കൈയ്യിലാണ്.

ഞങ്ങളുടെ ഹൗസിംങ് സൊസൈറ്റിക്ക് എതിര്‍വശത്തായി ഒരു അയ്യപ്പ ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പ്രസാദം എനിക്കും എന്റെ സഹോദരങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഒരിക്കല്‍ ഞങ്ങളവിടെ ഇല്ലാത്ത സന്ദര്‍ഭത്തില്‍ പ്രസാദം പഴത്തൊലിയില്‍ പൊതിഞ്ഞ് ക്ഷേത്ര പൂജാരി വീട്ടിലേക്ക് കൊടുത്തയ്ക്കുകയുണ്ടായി. വര്‍ഷത്തില്‍ നടക്കാറുള്ള അയ്യപ്പ പൂജക്കായി ഞങ്ങളുടെ തോട്ടത്തിലെ പൂക്കളും ചെടികളും പറിച്ചുകൊണ്ടുപോകുമായിരുന്നു. വെള്ളമെടുക്കുന്നതിനുള്ള പൈപ്പ് ഞങ്ങളുടെ അടുക്കളയില്‍ ഘടിപ്പിക്കാന്‍ അമ്മയും അവരെ സഹായിക്കാറുണ്ടായിരുന്നു. ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര രാഷ്ട്രത്തില്‍ ജീവിക്കുന്നതിന്റെ ആനന്ദം അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അതെല്ലാം.

ഇന്ന് ഇതൊക്കെ എഴുതുമ്പോള്‍ ഓരോ വാക്കും വലിയ നിരാശയാണ് എന്നിലുണ്ടാക്കുന്നത്. തീവ്രവാദ അക്രമണങ്ങളില്‍ ക്ഷമ ചോദിക്കുന്ന, മതഭ്രാന്തിനെതിരെ നിലകൊള്ളുന്ന മുസ്‌ലിമാകുമ്പോള്‍ മാത്രമേ എന്റെ വ്യക്തിത്വത്തിന് വിലയുള്ളൂ എന്നതു തന്നെ നിരാശക്കുള്ള കാരണം. മുസ്‌ലിംകളെന്ന് പറയപ്പെടുന്നവരോ, വിശ്വാസികളില്‍ നിന്ന് തീര്‍ത്തും ഘടകവിരുദ്ധമായ പാതയില്‍ നിലകൊള്ളുന്നവരും തെറ്റായ പാതയിലൂടെ നയിക്കപ്പെട്ടവരുമായ മുസ്‌ലിം മതഭ്രാന്തന്മാരോ നടത്തുന്ന ഓരോ അക്രമണങ്ങളെയും എനിക്ക് തള്ളിപ്പറയേണ്ടതായും അതിനെതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ടതായും വരുന്നു.

എന്തിന് ഞാന്‍ ക്ഷമ ചോദിക്കണമെന്നതാണ് എന്നെ അമ്പരിപ്പിക്കുന്ന കാര്യം. എല്‍.ടി.ടി.ഇ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍, രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതടക്കം തമിഴ് ടൈഗേര്‍സ് നടത്തിയിട്ടുള്ള ചാവേര്‍ സ്‌ഫോടനങ്ങളുടെ പേരിലും എന്റെ തമിഴ് സുഹൃത്തുക്കള്‍ ക്ഷമ ചോദിക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ ആശ്ചര്യപ്പെടുമായിരുന്നു.

പകല്‍ വെളിച്ചത്തില്‍ ഖൈര്‍ലാഞ്ചിയില്‍ ദലിത് സ്ത്രീകളെ ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയതിലും, ഉന്നത ജാതിക്കാര്‍ രാജ്യത്തുടനീളം ദലിതുകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകളുടെ പേരിലും ക്ഷമാപണം നടത്താന്‍ രാജ്യത്തെ ഒരു ബ്രാഹ്മണനും നിര്‍ബന്ധിതനാകുന്നില്ലായെന്നതും എന്നെ ആശ്ചര്യപ്പെടുത്തുന്നു.

ഭ്രൂണഹത്യ നടത്തുന്ന ക്ലിനിക്കുകള്‍ക്ക് നേരെ നടന്നിട്ടുള്ള അക്രമണങ്ങളുടെ പേരിലോ, നിരപരാധികളായ വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിച്ച് ആനന്ദപ്രകടനം നടത്തുന്ന വെള്ളക്കാരന് പരസ്യമായി സ്വീകരണം നല്‍കുന്നതിന്റെ പേരിലോ ക്രിസ്ത്യാനികള്‍ക്കെതിരെ സംശയത്തിന്റെ ഒരു നോട്ടം പോലും ഉണ്ടാകുന്നില്ല എന്നതും, ഫലസ്തീനില്‍ കൂട്ടക്കൊലകള്‍ നടത്തിയതിന്റെ പേരില്‍ ക്ഷമ പറയാന്‍ ജൂതന്‍ ഒരിക്കല്‍ പോലും നിര്‍ബന്ധിതനാകുന്നില്ലായെന്നതും എന്നെ അമ്പരിപ്പിക്കുന്നു. ഇറാഖിലും അഫ്ഗാനിലും നിരപരാധികളെ കൊലപ്പെടുത്തിയ അമേരിക്കന്‍ സൈന്യത്തിന്റെ നടപടിയില്‍ ഖേദം പ്രകടനം നടത്താന്‍ അമേരിക്കക്കാരനോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ?

പിന്നെ എന്തുകൊണ്ടാണ് എന്റെ ധാര്‍മ്മികതയെയും മനുഷ്യത്വത്തെയും നിങ്ങള്‍ സംശയത്തിന്റെ മുനവെച്ച് നോക്കുന്നത്. ‘ഈ അക്രമണത്തെ കുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കുന്നു?’ എന്ന് ചോദിച്ച് എന്തിനാണ് നിങ്ങളെന്നെ വിളിക്കുന്നത്.

പെഷവാറിലെ നൂറിലേറെ സ്‌കൂള്‍ കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഞാന്‍ ആസ്വദിക്കുകയായിരുന്നില്ല. ഇസ്‌ലാം ഈ ക്രൂരതകള്‍ പഠിപ്പിക്കുന്നുണ്ടെന്ന് നിങ്ങളും കരുതുന്നുണ്ടെങ്കില്‍, അക്രമണം നടത്തിയവരെ പോലെതന്നെ നിങ്ങളും തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നവരാണ്. ഒരുവേള നിങ്ങളുംം ഈ തീവ്രവാദികളും ഇസ്‌ലാമിനെ കുറിച്ച് ഒരേ ധാരണ വെച്ചുപുലര്‍ത്തുന്നവരാകുന്നത് എങ്ങനെ.

ഫ്രാന്‍സില്‍ അക്രമികളില്‍ നിന്നും പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മുസ്‌ലിം ഐഡന്റിറ്റി വ്യക്തമാക്കി ട്വീറ്റ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായത് എന്തുകൊണ്ടായിരുന്നു? തന്റെ ജീവന്‍ പോലും അപകടത്തിലാക്കി തോക്കുധാരികളുടെ അക്രമണത്തില്‍ നിന്നും ജൂതരെ സംരക്ഷിക്കാന്‍ ശ്രമിച്ച കൊഷര്‍ സൂപ്പര്‍മാക്കറ്റിലെ ജോലിക്കാരന്‍ മുസ്‌ലിമായിരുന്നെന്ന് എനിക്ക് വ്യക്തമാക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തുന്ന ഫ്രാന്‍സിലെ മുസ്‌ലിംകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് ഞാന്‍ നിര്‍ബന്ധിതനായി? അക്രമികളെ പിടികൂടാന്‍ നടത്തിയ അവസാന ഓപറേഷന്റെ തലവന്‍ മുസ്‌ലിമായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കളോട് എനിക്ക് പറയേണ്ടി വന്നതും എന്തുകൊണ്ട്?

ഞാന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ സംരക്ഷകരെന്ന് വാദിക്കുന്ന, തെറ്റിദ്ധാരണക്ക് വശംവദരായ ഒരു കൂട്ടര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളുമായി എന്റെ വിശ്വാസത്തിന് യാതൊരു ബന്ധവുമില്ലെന്ന് നിരന്തരം ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ എനിക്ക് വിഷമവും പ്രയാസവുമുണ്ട്. മ്യാന്മറില്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപം അഴിച്ചുവിടുന്ന ബുദ്ധ സന്യാസിമാരെ പോലെ തന്നെ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവരാണ് അവരും. മ്യാന്മറിലെ ബുദ്ധ സന്യാസിമാര്‍ നടത്തുന്ന അക്രമണങ്ങള്‍ ബുദ്ധമത അധ്യാപനങ്ങള്‍ക്ക് തീര്‍ത്തും കടഘവിരുദ്ധമായ പ്രവര്‍ത്തനമാണ്.

അതെ, മുസ്‌ലിം വിരുദ്ധ മതഭ്രാന്തിനെതിരെ നിലകൊള്ളേണ്ട ബാധ്യത എനിക്കുണ്ട്. സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനത് തുടരുകയും ചെയ്യും, എന്നാല്‍ തീവ്രവാദത്തോടുള്ള മൃദുലസമീപനമായി അതിനെ വിലയിരുത്തരുത്. ഞാനൊരു ‘മോഡറേറ്റ് മുസ്‌ലിം’ അല്ല, ഹിന്ദു, സിഖ്, ജൂത മതങ്ങളോടൊപ്പം ആ പദം ചേര്‍ത്തു പറയുന്നത് എത്രമാത്രം അപമാനകരമാണോ അതുപോലെ തന്നെ എന്റെ വിശ്വാസത്തിനും കളങ്കം ചാര്‍ത്തുന്നതാണ് ആ പദപ്രയോഗം. ഏറ്റക്കുറച്ചിലുകളില്ലാത്ത പൂര്‍ണവും ആത്മാര്‍ഥവുമായ വിശ്വാസമാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്.

ഞാനിതെഴുതുമ്പോഴും, ഈ മതഭ്രാന്തന്മാര്‍ക്കും ഇസ്‌ലാം ഭീതി വെച്ചുപുലര്‍ത്തുന്നവര്‍ക്കും കടിഞ്ഞാണില്ലാതെ വിലസാന്‍ സാധിക്കില്ലെന്ന ഉറപ്പ് എനിക്ക് പറയാനാകും, എന്റെ വിശ്വാസത്തെയും ആ വിശ്വാസം മുറുകെ പിടിക്കുന്നവരെയും ഈ ബുദ്ധിഹീനരായ വിദ്വേഷികളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ മുന്നിലുണ്ടാകുക അമുസ്‌ലിംകളായിരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്. മതഭ്രാന്ത് പുലമ്പുന്ന റൂബര്‍ട്ട് മര്‍ഡോക്കുമാര്‍ക്ക് മറുപടി നല്‍കാന്‍ ആയിരക്കണക്കിന് പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ലോകത്തുടനീളമുണ്ടെന്നുള്ളത് മനംകുളിര്‍പ്പിക്കുന്നതാണ്. മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമണത്തിനെതിരെ ജനസമ്മിതി ഒട്ടുമില്ലാത്ത പോരാട്ടത്തിലാണ് ഈ സംഘം ഏര്‍പ്പെട്ടിരിക്കുന്നത്.

പത്രപ്രവര്‍ത്തകനായ സുഹൃത്ത് ഓവന്‍ ജോണ്‍സ് ഒരിക്കല്‍ എഴുതി ‘മുസ്‌ലിംകളെ മതഭ്രാന്തന്മാരായി സാമാന്യവല്‍ക്കരിക്കുന്നതിനെതിരെ നമ്മളില്‍ ചിലര്‍ നടത്തുന്ന പോരാട്ടം തീര്‍ത്തും ജനസമ്മിതിയില്ലാത്തതാണ്, എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മള്‍ നടത്തേണ്ട പോരാട്ടം തന്നെയാണത്, നമ്മളാണ് ശരിയെന്ന് ചരിത്രം തെളിയിക്കും, തീര്‍ച്ച’.

മൊഴിമാറ്റം: ജലീസ് കോഡൂര്‍

Related Articles