Current Date

Search
Close this search box.
Search
Close this search box.

പര്‍ദ്ദ അറേബ്യന്‍ വത്കരണത്തിന്റെ പ്രതീകമാണ്

ഇന്ന് കേരളത്തില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ് പര്‍ദയും മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണവും. എം.ഇ.എസ് പ്രസിഡണ്ടായ ഡോ.പി.എ. ഫസല്‍ ഗഫൂറാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  പര്‍ദ ധരിക്കല്‍ ഏതെങ്കിലും മതവിശ്വാസത്തിന്റെ ഭാഗമല്ലെന്നും അറേബ്യല്‍ വല്‍ക്കരണമാണ് ഇപ്പോള്‍ സമുദായത്തില്‍ കണ്ടു വരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ചില വിഭാഗങ്ങള്‍ ഉയര്‍ന്നു വരുന്നതും, വിഷയം പത്രങ്ങളിലും, ചാനലുകളിലും ചൂടേറിയ ചര്‍ച്ചയാവുന്നതുമാണ് പിന്നീട് കേരളം കണ്ടത്. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു. വിഷയത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: ഫസല്‍ഗഫൂറിന് നോട്ടീസയച്ചിരിക്കുകയാണ്.

‘പര്‍ദ്ദക്ക് ഞാന്‍ എതിരല്ല, എന്നാല്‍ മുഖം മൂടുന്ന പര്‍ദയെ ഞാന്‍ ഒരിക്കലും അംഗീകരിക്കുകയില്ല’ തന്റെ പ്രസ്താവനക്കുള്ള വിശദീകരണമായി അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല, മുന്‍കാല മുസ്‌ലിം സ്ത്രീകള്‍ പര്‍ദ്ദയല്ലാത്ത പലതരം വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും പര്‍ദ്ദ അറബ് വല്‍ക്കരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.. മാതൃഭൂമി ദിനപത്രത്തിലും, സമകാലിക മലയാളം വാരികയിലുമൊക്കെ വിഷയത്തെക്കുറിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം ചൂടേറിയ ചര്‍ച്ചകള്‍ മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തേക്കുറിച്ച ചില സംശയങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്.

ഇസ്‌ലാമിക അധ്യാപനങ്ങള്‍ പരിശോധിക്കുമ്പോള്‍ ‘പര്‍ദ ധരിക്കല്‍ ഏതെങ്കിലും മതവിശ്വാസത്തിന്റെ ഭാഗമല്ല’ എന്ന അഭിപ്രായത്തില്‍ തെറ്റില്ല എന്നു നമുക്ക് മനസ്സിലാക്കാം. ഇന്നത്തെ പര്‍ദാസംസ്‌കാരവും അതിന് തെളിവാണ്. ദീന്‍ നിഷ്‌കര്‍ശിക്കുന്ന ശരീരഭാഗങ്ങള്‍ മറയുന്ന മാന്യമായ ഏത് വസ്ത്രം ധരിച്ചാലും അത് ഇസ്‌ലാമിക വസ്ത്രസംസ്‌കാരത്തിന്റെ ഭാഗമായിത്തീരുന്നു എന്നതാണ് ശരിയായ കാഴ്ചപ്പാട്. പര്‍ദ്ദമാത്രമാണ് ഇസ്‌ലാമിക വസ്ത്രം എന്ന ധാരണ തികച്ചും തെറ്റാണ്.  ഈ തെറ്റായ ധാരണമൂലം ഇന്ന് പര്‍ദ്ദ ചൂഷണോപാധിയായി മാറിയിരിക്കുകയാണ്. ഇന്ന് വിപണിയിലുള്ള നല്ലൊരു ശതമാനം പര്‍ദ്ദ മോഡലുകളും ഇസ്‌ലാമിക വസ്ത്ര സങ്കല്‍ങ്ങള്‍ക്ക് വിരുദ്ധമാണെന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീയുടെ ശരീരഭാഗങ്ങള്‍ മുഴച്ചു കാണിക്കുന്ന മോഡലുകളുള്‍പ്പെടേയുള്ളവ ഇസ്‌ലാമിലെ വസ്ത്രധാരണ ലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ ഫലങ്ങളാണുണ്ടാക്കുന്നത്.

മുഖവും മുന്‍ കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കുന്ന മാന്യമായ വസ്ത്രം (ചില കൂട്ടര്‍ മുഴുവന്‍ ശരീരഭാഗവും മറക്കണമെന്ന് പറയുന്നു) ധരിക്കണമെന്നേയുള്ളൂ. അത് പര്‍ദ്ദ തന്നെയാകണമെന്ന് ആരാണ് പറഞ്ഞത്? ഇനി അഥവാ ഒരുവള്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാത്ത പര്‍ദ്ദ ധരിച്ചാല്‍ അവളുടെ വസ്ത്രം അനിസ്‌ലാമികമാണെന്നതില്‍ ആര്‍ക്കാണ് സംശയവുമുള്ളത്? ഇത്തരം പര്‍ദാവാദികളോട് ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ : മുസ്‌ലിംകള്‍ പര്‍ദ ധരിക്കാത്ത, എന്നാല്‍ ദീന്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മാന്യമായ മറ്റു വസ്ത്രങ്ങള്‍ ധരിക്കുന്ന പല നാടുകളും നമുക്ക് കാണാന്‍ സാധിക്കും. കുറച്ചു കാലം മുമ്പുവരെ നമ്മുടെ നാട്ടിലും ഇതായിരുന്നു അവസ്ഥ. ഇന്ന് ചുരിദാര്‍ ധാരിണികളും കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരം ആളുകള്‍ ദീനിന്റെ പരിധിക്ക് പുറത്താണെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്?. പര്‍ദ്ദ യഥാര്‍ത്ഥത്തില്‍ അറേബ്യന്‍ വസ്ത്രമാണ്. ഗള്‍ഫ് കുടിയേറ്റവും, മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളും മൂലം നമ്മുടെ നാട്ടിലും അത് പ്രചരിക്കുകയായിരുന്നു എന്നു മാത്രം. ഇന്നത്തെ മുസ്‌ല്യാക്കന്മാര്‍ ധരിക്കുന്ന വസ്ത്രം അറബ് പുരുഷന്മാരുടെ വസ്ത്രമായതു പോലെ. ലളിതമായ ദീനിനെ കുടുസ്സാക്കിത്തീര്‍ക്കുന്ന ഇത്തരം പര്‍ദാ വാദങ്ങള്‍ ഉപേക്ഷിക്കുന്നതാകും നമുക്ക് നല്ലത്.

Related Articles