Current Date

Search
Close this search box.
Search
Close this search box.

പരിധി വിടുന്നത് ന്യൂനപക്ഷ രാഷ്ട്രീയമോ?

സംസ്ഥാനത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സര്‍ക്കാര്‍ മേഖലകള്‍ ഓരോന്നായി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു എന്ന പ്രചണ്ഡമായ പ്രചരണമാണ് മാധ്യമങ്ങളും ചില ഭൂരിപക്ഷ സംഘടനകളും ചേര്‍ന്ന് കുറച്ച് കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷ രാഷ്ട്രീയം പരിധിവിടുന്നതായി എസ് എന്‍ ഡി പി സംസ്ഥാന വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പ്രസ്താവിച്ചതും ഈ പശ്ചാതലത്തിലാണ് വായിക്കേണ്ടത്.

സമുദായങ്ങളുടെ കണക്കുകള്‍ എടുത്തുകാട്ടി വര്‍ഗീയധ്രുവീകരണം നടത്താനും ന്യൂനപക്ഷങ്ങളുടെ ശാക്തീകരണശ്രമങ്ങള്‍ തടയിടാനുമുള്ള ഹീനമായ ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.  സംസ്ഥാനത്ത് ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിച്ചതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ് എന്നതാണ് ഏറ്റവും ഒടുവിലത്തെ മന്ത്രിസഭാ യോഗത്തില്‍ വരെ ഉയര്‍ത്തപ്പെട്ട വിവാദം. അതേ സമയം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തതാണ് ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെന്നും അതിനാല്‍ തന്നെ അതില്‍ മുസ്‌ലിം ന്യൂനപക്ഷത്തില്‍ പെട്ടവര്‍ കൂടുതലായി വന്നതില്‍ അസാംഗത്യമൊന്നുമില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെടുന്നു. മാത്രമല്ല, ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ എന്നു പറയുന്നത് വന്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥന്മാരൊന്നുമല്ല. കേവലം 4000 രൂപ ഓണറേറിയം നല്‍കി താല്‍ക്കാലികമായി നിശ്ചയിക്കുന്ന വളന്റിയര്‍മാര്‍ മാത്രമാണവര്‍. അപ്രകാരം മുസ്‌ലിം മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ പോലും മതം പരതാന്‍ മാധ്യമങ്ങളും സംഘടനകളും തയ്യാറാവുന്നതും സമീപകാല കാഴ്ചയാണ്. പിന്നോക്ക സമുദായങ്ങള്‍ക്ക് പൊതുവെയും മുസ്‌ലിംകള്‍ക്ക് വിശേഷിച്ചും ഏതെങ്കിലും രംഗത്ത് അല്‍പം പ്രാതിനിധ്യം വന്നു പോയാല്‍ അതിന്റെ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കാനും ആവര്‍ത്തിച്ചു പറയുവാനും ഇവര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സമുദായം തിരിച്ച കണക്ക് പഠിക്കാനും പ്രസിദ്ധീകരിക്കാനും സര്‍ക്കാര്‍ നിശ്ചയിച്ച നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഗൗരതരമായി എടുക്കുവാനോ അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ വേണ്ടി ശബ്ദിക്കാനോ ഇവര്‍ക്ക് താല്‍പര്യവുമില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച്  എന്‍ എസ് എസ് അര്‍ഹമായതില്‍ എത്രയോ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തതായി തെളിയിക്കപ്പെട്ടു. ഈഴവര്‍ക്ക് അര്‍ഹതപ്പെട്ടതില്‍ വെറും അഞ്ച് തസ്തികകള്‍ മാത്രമേ വിദ്യാഭ്യാസ വകുപ്പില്‍ നികത്തപ്പെടാതെ കിടക്കുന്നതെന്നും നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് 7000 സംവരണ നഷ്ടമാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ യാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ചുകൊണ്ട് ന്യൂനപക്ഷങ്ങള്‍ സംഘടിച്ചു അനര്‍ഹമായത് കയ്യടക്കുന്നു, സര്‍ക്കാറുകള്‍ അവര്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്നു എന്ന പ്രചരണം അഴിച്ചുവിടുന്നത് വര്‍ഗീയധ്രുവീകരണം ലക്ഷ്യം വെച്ചുളളതാണ്.  ഇതേ മിഥ്യാ പ്രചരണങ്ങളിന്മേലാണ് അഞ്ചാം മന്ത്രി വിവാദ കാലത്ത് ജാതി അയിത്തങ്ങള്‍ മറന്ന് വെള്ളാപ്പള്ളി എന്‍ എസ് എസുമായി ഐക്യത്തിനൊരുമ്പെട്ടത് എന്നതും ശ്രദ്ദേയമാണ്.

 സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ഉദ്യോഗങ്ങള്‍, വിവിധ സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ പ്രാതിനിധ്യം എന്നിവ സംബന്ധിച്ച ജാതിയും സമുദായവും തിരിച്ച കണക്കുകള്‍ പുറത്തുവിടണമെന്നത് പിന്നാക്ക സംഘടനകളുടെ ദീര്‍ഘകാല ആവശ്യമാണ്. പ്രചണ്ഡമായ ഈ പ്രൊപഗണ്ടയുടെ സത്യാവസ്ഥ ഒരു ധവളപത്രത്തിലൂടെ പുറത്തിറക്കാന്‍ തയ്യാറാകണമെന്നാണ് ന്യൂനപക്ഷങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാറുകളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി വ്യത്യസ്ത കാരണത്താല്‍ അരികുവല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ ശാക്തീകരണത്തിനും അവസരസമത്വത്തിനും വേണ്ടി പരിശ്രമിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഹീനമായ ശ്രമങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ന്യൂനപക്ഷങ്ങള്‍ അന്യായമായി പലതും നേടുന്നു എന്ന വര്‍ഗീയ പ്രചരണത്തിലൂടെ യഥാര്‍ഥത്തില്‍ പരിധിവിടുന്നത് ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്.

Related Articles