Current Date

Search
Close this search box.
Search
Close this search box.

പത്തുരൂപാ നോട്ടിലെ ഗോഡ്‌സെ

ബ്രിട്ടീഷുകാര്‍ എഴുതിയ ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ അടിയന്തരമായി തിരുത്തി എഴുതണമെന്ന ‘കാലികപ്രസക്തമായ’ ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തു വന്നിരിക്കുകയാണ്. തന്റെ ആവശ്യത്തിന്റെ കാരണമായി അദ്ദേഹം പറഞ്ഞത് വസ്തുതകള്‍ മൊത്തം വളച്ചൊടിച്ചാണ് ബ്രിട്ടീഷുകാര്‍ എഴുതിപ്പിടിപ്പിച്ചതെന്നാണ്. മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ പോലുള്ളവരുടെ വിവരങ്ങളേക്കാള്‍ വിവരമുള്ളവര്‍ പഠിക്കേണ്ടത് ഹിന്ദു രാജാക്കന്മാരുടെ വീരചരിതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു വെച്ചു.

‘ബാബരി മസ്ജിന്റെ തകര്‍ച്ചക്ക് ശേഷം’ എന്ന വിഷയത്തില്‍ ഹൈദരാബാദിലെ മദീന എജുക്കേഷന്‍ സെന്ററില്‍ വെച്ച് 1993 മാര്‍ച്ച് 13 ന് സ്വാമി ഒരു പ്രഭാഷണം നടത്തിയിരുന്നു. പ്രസ്തുത പ്രഭാഷണം തൊട്ടടുത്ത മാസം തന്നെ ലേഖനരൂപത്തില്‍ മദീന പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആര്‍.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി എന്നിവയും അനുബന്ധ സംഘടനകളും ഹിന്ദുഅനുകൂല സംഘങ്ങളല്ലെന്നും മറിച്ച് ഇസ്‌ലാം വിരുദ്ധ സംഘടനകളാണെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. ‘ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം, നമ്മള്‍ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍, ജനങ്ങളുടെ മനസ്സുകളില്‍ നിന്നും തെറ്റിദ്ധാരണകള്‍ അകറ്റുകയാണ്. ആര്‍.എസ്.എസ് ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഹിറ്റ്‌ലര്‍ ചെയ്തതു പോലെ, ദേശീയതയുടെ പേരില്‍ അവര്‍ ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്’.

2011 ല്‍ സ്വാമി മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം വ്യക്തി നിയമം എടുത്തു കളയണമെന്നും, മുസ്‌ലിംകള്‍ വെറും രണ്ടാം കിട പൗരന്‍മാര്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ 1993 ലെ പ്രഭാഷണത്തില്‍ സ്വാമി പറഞ്ഞത് എന്താണെന്ന് നോക്കൂ. ‘ഹിന്ദുമതമല്ലാതെ മറ്റൊരു മതവും ഇവിടെ പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് ഹിന്ദുമതതത്വ സംഹിതകളില്‍ പറയുന്നുണ്ടോ? ന്യൂനപക്ഷങ്ങളോട് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സമീപനങ്ങള്‍ നമ്മള്‍ കാര്യമാക്കേണ്ടതില്ല. നമ്മളത് ഒരിക്കലും അനുകരിക്കരുത്. കാരണം നമ്മുടെ സമൂഹം അവരില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതാണ് നമ്മുടെ വിജയം’.

1993 ലെ പ്രഭാഷണത്തില്‍ സ്വാമി ഇതുകൂടി പറഞ്ഞു വെച്ചിരുന്നു ‘രാമ ക്ഷേത്രം പൊളിച്ചു മാറ്റുക തന്നെ വേണം, അതൊരു ക്ഷേത്രമല്ല, പാപത്തിന്റെയും വഞ്ചനയുടെയും മുകളിലാണ് അത് നിര്‍മിച്ചിരിക്കുന്നത്. ഹിന്ദു ശാസ്ത്ര നിയമങ്ങളനുസരിച്ചല്ല അത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്’. കൂടാതെ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മറ്റിക്ക് പൂര്‍ണ്ണ പിന്തുണ അര്‍പ്പിച്ച് അയോധ്യയില്‍ കുറച്ച് കാലം കറങ്ങിനടക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ആവശ്യം വരാണസിയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് പണികഴിപ്പിച്ച ഗ്യാന്‍വാപി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കി അവിടെ കാശി വിശ്വനാഥ് ക്ഷേത്രം പണിയണമെന്നാണ്. കൂടാതെ 300 മസ്ജിദുകള്‍ പൊള്ളിച്ച് അവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ പ്രശ്‌നം ഉയര്‍ത്തികാട്ടി കോടികള്‍ സമ്പാദിക്കാനുള്ള ശ്രമമാണ് ഹിന്ദുത്വ ശക്തികളുടേതെന്നായിരുന്നു 1993ല്‍ സ്വാമി പറഞ്ഞത്.

ഏതായാലും മതംമാറ്റം നിരോധിക്കണമെന്നാവശ്യപ്പെടുന്നത് പോലെ മനംമാറ്റം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടില്ലെന്നുറപ്പാണ്. അവനവന്റെ ബോധ്യത്തിനനുസരിച്ച് മനം മാറാനും മതം മാറാനുമുള്ള അവകാശം ഓരോ ഇന്ത്യന്‍ പൗരനും ഭരണഘടന വകവെച്ചു നല്‍കുന്നുണ്ട്. അതു കൊണ്ടു തന്നെ സ്വാമിയുടെ മനം മാറ്റത്തെ നമുക്കംഗീകരിച്ചു കൊടുക്കാവുന്നതാണ്. അതേ സമയം താന്‍ ഇപ്പോള്‍ മനസ്സു കൊണ്ട് അംഗീകരിക്കുന്ന ആശയാദര്‍ശത്തിന് മാത്രമേ ഇവിടെ നിലനില്‍ക്കാന്‍ അവകാശമുള്ളുവെന്ന അദ്ദേഹത്തിന്റെ വാദം ജനാധിപത്യമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, എല്ലാ മത-അഭിപ്രായ വൈവിധ്യങ്ങള്‍ക്കും തുല്ല്യ പരിഗണന കൊടുക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂഷണമല്ലെന്ന് 1993ലെ അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഉണര്‍ത്താന്‍ ആഗ്രഹിക്കുകയാണ്. എല്ലാ ചരിത്രവും തിരുത്തിയെഴുതണമെന്നാവശ്യപ്പെടുന്നതിന് പകരം ഇപ്പോള്‍ ഉള്ളതിന്റെ കൂടെ ചിലത് കൂടി ഉള്‍പ്പെടുത്തി കൊണ്ട് പഠിതാവിന് മുന്നില്‍ തെരഞ്ഞെടുപ്പിനുള്ള കുറച്ച് കൂടി വിശാലമായി തലം തുറന്നിടുക എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അത് നമുക്കറിഞ്ഞംഗീകരിക്കാന്‍ കഴിയുമായിരുന്നു.

സംഘ് പരിവാര്‍ അജണ്ടകള്‍ ഓരോന്നായി അതിന്റെ അണികളുടെ നാവിന്‍തുമ്പിലൂടെ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികള്‍ കൂടുതല്‍ കര്‍മോത്സുകരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെയാണ് ഇവയെ നോക്കികാണുന്നത്. പത്ത് രൂപാ നോട്ടില്‍ ഗോഡ്‌സെയുടെ ചിത്രം കൂടി നാം ചിലപ്പോള്‍ കണ്ടെന്ന് വരാം. ഇരയും വേട്ടക്കാരനും ഒരുമിച്ചിരുന്ന് പരസ്പരം നോക്കിച്ചിരിക്കുന്ന സമയം അധികം വിദൂരത്തല്ലെന്നാണ് സന്ദേഹികളുടെ നിരീക്ഷണം. കാരണം ആ സാധ്യതക്കു കൂടിയുള്ള ഒരു ശൂന്യത നമ്മുടെ ഭരണകര്‍ത്താക്കള്‍ പത്തുരൂപാ നോട്ടില്‍ അവശേഷിപ്പിച്ചിട്ടുണ്ടല്ലോ. നമ്മുടെ തന്നെ നിസ്സംഗതയുടെയും, മൗനത്തിന്റെയും താഴ്‌വരകളിലാണ് ഫാസിസം ആയുധപരിശീലനം നടത്തുന്നതെന്ന് മറക്കാതിരിക്കുക. നാം മറന്നിരിക്കുമ്പോഴാണ് ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ പോലും അവസരം നല്‍കാതെ അത് നമ്മുടെ ബോധ്യങ്ങള്‍ക്കു മേല്‍ അഴിഞ്ഞാടുക.

Related Articles