Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങള്‍ വേലിപ്പുറത്ത് നില്‍ക്കേണ്ടവരോ?

രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പരിശോധിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് നരേന്ദ്ര മോഡിയുടെ ഗുജറാത്ത് സര്‍ക്കാര്‍. സച്ചാര്‍ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുജറാത്ത് സര്‍ക്കാറിന്റെ പുതിയ കണ്ടെത്തല്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധമാകാത്ത ഗുജറാത്ത് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കുന്നത് ഇതര മതസ്ഥരായ വിദ്യാര്‍ഥികങ്ങള്‍ക്കിടയില്‍ വിവേചനത്തിന് ഇടയാക്കുമെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനത്തിലേറെ വരുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ദയനീയമായ സാമൂഹ്യസ്ഥിതി പുറത്തു കൊണ്ടുവന്ന പഠനമായിരുന്നു സച്ചാര്‍ സമിതി റിപ്പോര്‍ട്ട് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. കാലങ്ങളായി ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ഭരണകൂട വിവേചനവും അധികാരികളുടെ അശ്രദ്ധയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ പരിതാപകരമായ അവസ്ഥക്ക് കാരണമായതെന്ന് വ്യക്തം. എന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുസ്‌ലിംകളുടെ സാമൂഹിക പുരോഗതിക്ക് വേണ്ടി പദ്ധതികള്‍ നടപ്പിലാക്കാനാല്ല മറിച്ച് അത്തരം പദ്ധതികള്‍ക്ക് തുരങ്കം വെക്കാനാണ് ഇപ്പോള്‍ മോഡിയുടെ ഗുജറാത്ത് ശ്രമിക്കുന്നത്. അപര സംസ്‌കാരങ്ങളെയും മതവിഭാഗങ്ങളേയും കേള്‍ക്കാനും കാണാനുമുള്ള സാംസ്‌കാരികവും ജനാധിപത്യപരവുമായ വളര്‍ച്ചയില്ലാത്ത ഫാഷിസ്റ്റുകളില്‍ നിന്നും ഇത്രയൊക്കെ തന്നെയേ നമുക്ക് പ്രതീക്ഷിക്കാനൊക്കൂ.
എന്നാല്‍ മതേതര ഗാന്ധിയന്മാരുടെയും സമുദായത്തിന്റെ സ്വന്തം പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറും മോഡിയുടെ ഗുജറാത്തിനെ വെല്ലുന്ന പിന്നാക്ക-ന്യൂനപക്ഷ വിരുദ്ധ നിലപാടുമായി രംഗത്തു വരുമ്പോള്‍ അതിലെ അപകടം നാം കാണാതിരുന്നു കൂടാ. കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തോടെ ശക്തിപ്രാപിച്ച സാമുദായിക-വര്‍ഗീയ രാഷ്ട്രീയം അധികാര കേന്ദ്രങ്ങളില്‍ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ അപകടകരമായ വാര്‍ത്തകളാണ് അധികാര കേന്ദ്രങ്ങളുടെ ഇടനാഴികളില്‍ നിന്നും ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനുള്ള മെയിന്‍ ലിസ്റ്റില്‍ നിന്നും 13 പിന്നോക്ക വിഭാഗ ഉദ്യോഗാര്‍ഥികളെ ന്യായങ്ങളേതുമില്ലാതെ പുറത്താക്കിയതിലൂടെയും, ക്രീമിലിയര്‍ പരിധി ആറു ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടും കേരളത്തില്‍ അതു നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തതും നമ്മുടെ അധികാര കേന്ദ്രങ്ങളെയും ഉദ്യോഗസ്ഥ തലങ്ങളെയും ഗ്രസിച്ചിരിക്കുന്ന വര്‍ഗീയ ചിന്തയുടെ ആഴവും പരപ്പും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. സംസ്ഥാനത്ത് പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള പ്രോസ്പക്ടസ് തയ്യാറാക്കുന്ന വേളയില്‍ ക്രീമിലിയര്‍ പരിതി ഉയര്‍ത്തുന്നത് ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ ക്രീമിലിയര്‍ പരിധി ഉയര്‍ത്തി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നിയമ വകുപ്പ് അതിന് തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ സവര്‍ണ ലോബിയുടെ ഈ കുടില നീക്കത്തിലൂടെ അവസരം നഷ്ടപ്പെടുന്നത് ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കാണെന്ന് ഓര്‍ക്കണം. കേന്ദ്രത്തിന്റെ ഇന്ദിര ആവാസ് യോജന പദ്ധതിയോട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് യു.ഡി.എഫ് സര്‍ക്കാറിന്റെ ന്യൂനപക്ഷ പിന്നാക്ക വിരുദ്ധ നിലപാടുകളുടെ മറ്റൊരു ജീര്‍ണിച്ച ഉദാഹരണമാണ്. ഇന്ദിര ആവാസ് യോജന ഭവനപദ്ധതിയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും 47 ശതമാനം വീതം നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ മോഡിയുടെ ഫാഷിസ്റ്റ് ഗുജറാത്തിനെ പോലും പിന്നിലാക്കുന്ന അങ്ങേയറ്റം ന്യൂനപക്ഷ പിന്നാക്ക വിരുദ്ധ നിലപാടാണ് ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. ഇവിടത്തെ സവര്‍ണ ഭൂരിപക്ഷ സംഘടനകളുടെ ഭീഷണിക്കു മുന്നില്‍ തലകുനിച്ച് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ വിഹിതം 15 ശതമാനമായി വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി 17809 വീടുകളാണ് ദാരിദ്ര രേഖക്കു താഴെ കഴിയുന്ന മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നഷ്ടമാകുന്നത്. ഈ വിഷയത്തില്‍ മുസ്‌ലിം ക്രിസത്യന്‍ മത സംഘടനകള്‍ ഇപ്പോള്‍ സമര രംഗത്താണ്.
നിരന്തരമായി ന്യൂനപക്ഷ പിന്നാക്ക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കാനും അതിന്റെ ചെയര്‍മാന് കാബിനറ്റ് പദവി നല്‍കാനും തീരുമാനമെടുത്തത്. നേരത്തെ തന്നെ മുന്നോക്കമായ ഒരു വിഭാഗത്തിന്റെ വികസനത്തിന് വേണ്ടി ഒരു വികസ കോര്‍പ്പറേഷന്‍! ഇന്ത്യയില്‍ ഒരിടത്തും കേട്ടു കേള്‍വി ഇല്ലാത്ത അങ്ങേയറ്റം വൈരുധ്യാത്മക നിലപാടാണിതെന്ന് പറയാതിരിക്കാനാവില്ല. എന്നുമാത്രമല്ല, മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് ഇവിടെയുള്ള ന്യൂനപക്ഷ പിന്നാക്ക കമ്മീഷനുകള്‍ക്കൊന്നുമില്ലാത്ത കാബിനറ്റ് പദവിയും പതിച്ചു നല്‍കിയിരിക്കുന്നു. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ അറിയപ്പെട്ട സമുദായിക സംഘടയുടെ നേതാവും. ഭരണാധികാരികള്‍ക്കു മേല്‍ പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും വര്‍ഗീയ പ്രചാരങ്ങള്‍ സൃഷ്ടിച്ചും ഭരണകൂടത്തെ ബന്ദിയാക്കി എന്‍.എസ്.എസിനെ പോലുള്ള ഭൂരിപക്ഷ സമുദായ സംഘടനകള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാറുകള്‍ അതിനു വശംവതരാകുന്നതിന്റെ തെളിവുകളാണിതെല്ലാം. ഇക്കാര്യത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ രക്ഷാകര്‍ത്വത്തമേറ്റെടുത്ത് സെമിനാര്‍ നടത്തുകയും മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തവര്‍ അക്ഷന്തവ്യമായ മൗനമാണ് തുടരുന്നതെന്നത് ഇടതുപക്ഷത്തിന്റെ കാപട്യമാണ് വെളിപ്പെടുത്തുന്നത്.
ഭൂരിപക്ഷ സമുദായംഗങ്ങളുടെ അവകാശങ്ങള്‍ അപഹരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കണമെന്ന് ഇവിടെ ആരും ആവശ്യപ്പെടുന്നില്ല. മറിച്ച്, ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായത് വകവെച്ചു നല്‍കാനും ന്യൂനപക്ഷ പദ്ധതികള്‍ക്ക് തടയിടാനും അനാവശ്യമായി വൈകിപ്പിക്കാനും ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ, അഞ്ചാം മന്ത്രി വിവാദത്തോടെ അകന്ന ഭൂരിപക്ഷ സമുദായിക സംഘടനകളെ സര്‍ക്കാറുമായി അടുപ്പിക്കാനും അവരുടെ വോട്ടുകളില്‍ കണ്ണു വെച്ചും ന്യൂനപക്ഷ പിന്നാക്ക വിരുദ്ധ നിലാപാടുമായി മുന്നോട്ട് പോകാനും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും തന്നെയാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ അതിനു വലിയ രാഷ്ട്രീയ വില നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍.

Related Articles