Current Date

Search
Close this search box.
Search
Close this search box.

നേതൃത്വത്തിനായി നന്മകള്‍ ബലികഴിക്കരുത്

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യ ലോകജനതയുടെ ഹൃദയത്തില്‍ ഏറ്റവും പഴയ മാനവസംസ്‌കൃതിയുള്ള രാജ്യമെന്ന നിലയില്‍ ആദരിക്കപ്പെട്ടു പോന്നിരുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിലുമായി ഇന്ത്യയില്‍ പിറന്ന് ലോകജനതയുടെ അത്യാദരവിനും സ്‌നേഹത്തിനും പാത്രീഭൂതരായ മഹാന്മാര്‍ ഈ നാട്ടിന്റെ ഏറ്റവും വലിയ അഭിമാനഭാജനങ്ങളായി ഇവിടെ ജീവിച്ചിരുന്നു. ദിവ്യപരിവേഷമുള്ള തപസ്വികളും, ദീര്‍ഘവീക്ഷണമുള്ള രാജ്യതന്ത്രജ്ഞന്മാരും, മഹാകവികളും, ശാസ്ത്രജ്ഞന്മാരും, പണ്ഡിതന്മാരും ഇവിടെ ഉണ്ടായിരുന്നു. പാകിസ്താന്‍ മഹമ്മദ് ഇഖ്ബാലിന്റെ സ്വപ്നമായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ അത് ഇങ്ങിനെ രൂപംകൊള്ളുമെന്ന് ആരും അന്ന് സ്വപനം കണ്ടിരുന്നില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യമെമ്പാടും ക്രിസ്ത്യന്‍ മിഷിനറിമാര്‍ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും, തൊഴില്‍പരിശീലനകേന്ദ്രങ്ങളും ഉണ്ടാക്കിയപ്പോള്‍ അവരെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളായിട്ടേ ഇന്ത്യ ആദരിച്ചിട്ടുള്ളു. ഏകദേശം എണ്ണൂറ്വര്‍ഷത്തോളം മുഗള്‍ സാമ്രാജ്യം ഉള്‍പ്പെടെയുള്ള ഇസ്‌ലാമികഭരണം മൈസൂര്‍മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ വ്യാപകമായി ഉണ്ടായിരുന്നപ്പോഴാണ് ഹൈന്ദവസംസ്‌കാരവും ഇസ്‌ലാമികസംസ്‌കാരവും രാജ്യവാസികളുടെ പൊതുസംസ്‌കാരമായി വളര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഇന്ത്യയെ ഒരു സമാധാനരാജ്യമായി എന്നും നിലനിറുത്തിയിരുന്ന സ്‌നേഹമഹിമകളും ത്യാഗശീലവും നമ്രതയും എല്ലാം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ചവുട്ടിത്തേച്ച്  അധപ്പതിച്ചവരുടെ രാജ്യം എന്ന ദുഷ്‌കീര്‍ത്തി ഉണ്ടാക്കിയിരിക്കുന്നു.

വി.എസ്. നയ്‌പോളിനെപ്പോലുള്ളവര്‍ ഇന്ത്യയെ ‘ഒരു ഇരുണ്ടരാജ്യ’മെന്നും, ‘മുറിവേറ്റ സംസ്‌കൃതി’യെന്നും മറ്റും വിശേഷിപ്പിച്ചുകൊണ്ട് എഴുതിയിട്ടുള്ള പഠനങ്ങളില്‍ ഒരു വരിപോലും അസത്യമാണെന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഒരു സമാന്തരസര്‍ക്കാര്‍ ഉണ്ടാക്കാതെയും നിലവിലിരിക്കുന്ന നേതാക്കന്മാരേയും രാഷ്ട്രീയപ്പാര്‍ട്ടികളേയും അവഗണിച്ച് തള്ളിക്കളയാതെയും നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും കൂടുതല്‍ കൂടുതല്‍ പ്രകാശമുള്ള തിരികള്‍ കത്തിച്ചുവച്ച് നാടിനും നാട്ടുകാര്‍ക്കും ഒരു പ്രത്യാശയുണ്ടാക്കുവാന്‍ നാം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റി മെമ്പറും യോഗവും കോറവും പണപ്പിരിവും സഹായ വാഗ്ദാനങ്ങളുമുള്ള സംഘടനകളുണ്ടാക്കാന്‍ നാം മുതിര്‍ന്നാല്‍ ഇപ്പോള്‍ നാറിക്കൊണ്ടിരുക്കുന്ന സാമൂഹിക പ്രവണതകളില്‍ നമ്മളും ചെന്നുവീഴും. ഒരു പ്രവാചകനും സ്വന്തം ദേശത്ത് ആദരിക്കപ്പെടുന്നില്ല എന്ന ഒരു ചൊല്ലുണ്ട്. എന്നാല്‍ പ്രവാചകന്മാരല്ലാത്ത നമ്മള്‍ സാധാരണക്കാര്‍ ഇപ്പോഴും സ്വന്തം നാട്ടില്‍ ചീത്തപ്പേരില്ലാതെ ജീവിക്കുന്നവരാണ്. നമ്മളില്‍ അയല്‍ക്കാര്‍ക്കുള്ള വിശ്വാസം ഇപ്പോഴും നഷ്ടപ്പോട്ടുപോയിട്ടില്ല. നമുക്ക് എണ്ണമറ്റ സുഹൃത്തുക്കളും സഹായികളുമുണ്ട്. അതെല്ലാം താന്‍പോരിമയെ പെരുപ്പിച്ചുകൊണ്ട് നേതൃത്വത്തിനായി ബലികഴിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്.

സമ്പാ: മുനഫര്‍ കൊയിലാണ്ടി

Related Articles