Current Date

Search
Close this search box.
Search
Close this search box.

നീതിയായിരിക്കണം ഭരണത്തിന്റെ അടിസ്ഥാനം

justice.jpg

നീതിമാനായ ഭരണാധികാരി എന്ന വിശേഷണമാണ് ചരിത്രം ഖലീഫ ഉമറിന് നല്‍കുന്നത്. നീതിയെന്ന രണ്ടക്ഷരത്തില്‍ അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആകെത്തുക ചുരുക്കി വിവരിക്കാം. ആ അടിസ്ഥാന തത്വത്തില്‍ ഊന്നിയ അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും ദുര്‍ബലന്റെ അവകാശങ്ങളെ കാണാതിരിക്കാനായില്ല. മിണ്ടാപ്രാണികളുടെ വിശപ്പിന് പോലും താന്‍ മറുപടി പറയേണ്ടിവരുമെന്ന ബോധമായിരുന്നു ആ ഭരണാധികാരിയെ നയിച്ചത്. ഏതൊരു ജനതയ്ക്കും ഏതൊരു മതക്കാര്‍ക്കും ഏതുകാലത്തും സ്വീകരിക്കാവുന്ന ഉന്നതമായ ഒരു മൂല്യത്തിന്റെ പ്രായോഗിക സാക്ഷാത്കാരമാണ് ആ ഭരണത്തെ സവിശേഷമാക്കുന്നത്.

ദൈവത്തിന്റെ സവിശേഷ ഗുണങ്ങളിലൊന്നാണ് നീതി. അക്രമിക്കും വിശ്വാസിക്കും അവിശ്വാസിക്കും ഭൂമിയില്‍ വിഭവങ്ങള്‍ നല്‍കുന്ന നീതിമാനായ അല്ലാഹു. നീതി ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം മൂല്യസങ്കല്‍പ്പമല്ല. ഏതെങ്കിലും ജനതയുടെയോ കാലഘട്ടത്തിന്റേതോ മാത്രവുമല്ല. സാര്‍വകാലികവും സാര്‍വദേശീയവും സാര്‍വജനീനവുമായ ഒരു മൂല്യമാണത്. പ്രവാചകന്‍ മുഹമ്മദ്(സ) പുതുതായികൊണ്ടുവന്ന മൂല്യമല്ല നീതി. മുന്‍പ്രവാചകന്‍മാരും വേദങ്ങളും ജനതകളും അതിനെ മഹത്തരമായി കണ്ടു. പ്രവാചകന്‍മാരുടെ നിയോഗ ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ നീതിയുടെ സംസ്ഥാപനവും ഖുര്‍ആന്‍ എണ്ണിയിട്ടുണ്ട്. ‘തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനവുമായി നാം നമ്മുടെ ദൂതന്‍മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍.’ (ഖുര്‍ആന്‍ 57: 25)
 
പ്രവാചകന്‍ മുഹമ്മദും സതീര്‍ത്ഥ്യരും ഭൂമിയില്‍ അതിന്റെ ഏറ്റവും ഉദാത്തമായ സാക്ഷാത്കാരം നിര്‍വഹിച്ചു. അല്ലാഹു കല്‍പിക്കുന്നത് കാണുക: ”അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍.ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.” (അല്‍മാഇദ: 8)
നീതിയുടെ ആളുകളാകാന്‍ ആഹ്വാനം ചെയ്യുന്ന വേറെയും സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. സുലൈമാന്‍ നബിയുടെ ഭരണാധികാരത്തെ കുറിച്ച് വിശദീകരിക്കുന്ന ഖുര്‍ആന്‍ (അല്‍അമ്പിയാഅ്: 78) അദ്ദേഹത്തിന്റെ നീതിബോധത്തെ പ്രശംസിക്കുന്നുണ്ട്.

പൗരാണിക പണ്ഡിതന്‍മാര്‍ ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നി സംസാരിച്ചിട്ടുണ്ട്.  നീതി എന്ന മൂല്യത്തിന്റെ സമഗ്രമായ താല്‍പര്യം മറ്റു പല ഗുണങ്ങളും ചേരുതാണ്. പരസ്പര സ്‌നേഹം, കാരുണ്യം, രാജ്യപുരോഗതി, സാമ്പത്തിക വളര്‍ച്ച, പൗരന്‍മാര്‍ക്കും സന്താനങ്ങള്‍ക്കും നല്ല ശിക്ഷണം, ജനങ്ങളുടെ സുരക്ഷിതത്വം, സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം വിശാലാര്‍ത്ഥത്തിലുള്ള നീതിയുടെ താല്‍പര്യങ്ങളാണെന്ന് പ്രമുഖ പണ്ഡിതനായ മാവറദി അഭിപ്രായപ്പെടുന്നു. (അദബ് 1955, പേജ് 125.)

ഇമാം ഇബ്‌നു തൈമിയ പറയുന്നു: ‘എല്ലാവരോടും എല്ലാകാര്യങ്ങളിലും നീതിയില്‍ വര്‍ത്തിക്കുക എന്നത് ഏവരുടെയും ബാധ്യതയാണ്. ഏതൊരാളോടും ഒരുകാര്യത്തിലും അനീതി പ്രവര്‍ത്തിക്കാവതല്ല. മുസ്‌ലിമിനോടാണെങ്കിലും അമുസ്‌ലിമിനോടാണെങ്കിലും ഒരു ന്യായരഹിതനായ മനുഷ്യനോടാണെങ്കില്‍ പോലും അനീതിപ്രവര്‍ത്തിക്കരുത്…’ ഒരു രാജ്യം ഭരിക്കുന്നത് അവിശ്വാസിയാണെങ്കിലും അല്ലാഹു ആ രാജ്യത്തെ നിലനിര്‍ത്തും; അദ്ദേഹം നീതിമാന്‍ ആണെങ്കില്‍. എന്നാല്‍ ഒരുരാജ്യം ഭരിക്കുന്നത് വിശ്വാസിയാണെങ്കിലും നീതിരഹിതമായിട്ടാണെങ്കില്‍ ആ ഭരണകൂടത്തെ അല്ലാഹു നിലനിര്‍ത്തുകയില്ല. (മജ്മൂഅഃ ഫതാവാവാള്യം 8, പേജ് 166)

അനേകം നാഗരികതകളുടെ ഉത്ഥാനപതനത്തിന്റെ കാരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തിയ ഇബ്‌നു ഖല്‍ദൂന്‍ അഭിപ്രായപ്പെടുന്നത് നീതിയില്‍ അധിഷ്ടിതമല്ലെങ്കില്‍ ഒരു രാജ്യത്തിനും പുരോഗതിയിലേക്കു കുതിക്കാനാകില്ല എന്നാണ്. (മുഖദ്ദിമ: പേജ് 287) രാജ്യപുരോഗതി സാമൂഹ്യനീതിയിലാണ് എന്ന് ചുരുക്കം. സമൂഹത്തിലെ ചിലര്‍ മാത്രം ഏറെ വികസിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുന്നതിനെ ആ രാജ്യത്തിന്റെ സമൃദ്ധിയായോ പുരോഗതിയായോ കാണാന്‍ കഴിയില്ല.

ചുരുക്കത്തില്‍ ഭരണ നിര്‍വഹണത്തിന്റെ അടിസ്ഥാന തത്വമാണ് നീതി. സമത്വവും സ്വാതന്ത്ര്യം, വികസനം, സത്യസന്ധത, കൃത്യനിഷ്ഠ, സുതാര്യത, സഹിഷ്ണുത, സ്വാശ്രയത്വം എല്ലാം ഈ അടിസ്ഥാന സങ്കല്‍പ്പത്തിന്റെ ഉപഘടകങ്ങളാണ്. ഈ ഗുണങ്ങള്‍ ചേര്‍ന്നു വന്നപ്പോഴാണ് ഉമര്‍ നീതിമാനായ ഉമര്‍ എന്ന ചരിത്രത്തിലെ തുല്യതയില്ലാത്ത മികച്ച ഭരണാധികാരിയായി മാറിയത്. നീതിയെന്ന അടിസ്ഥാന മൂല്യം ആരിലാണോ കൂടുതല്‍ കാണുത്, അവരുടെ മതവും ജാതിയും നിറവും ഏതാവട്ടെ അവരാണ് ഭരണാധിപനാകാന്‍ ഏറ്റവും അര്‍ഹന്‍. ഭരണനിര്‍വഹണം എന്ന വിശാലവും ഭാരിച്ചതുമായ ഉത്തരവാദിത്വത്തെ വികസനം എന്ന സംജ്ഞയില്‍ മാത്രം സമകാലിക രാഷ്ട്രീയപാര്‍ട്ടികള്‍ ചുരുക്കിയിരിക്കുന്ന ഇക്കാലത്ത് ഉമറിന്റെ ഭരണ മാതൃകക്ക് ഏറെ പ്രസക്തിയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ആകെ ചെയ്യാനുള്ളത് വികസനം മാത്രമാണെന്നു തോന്നും രാഷ്ട്രീയപാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും പ്രകടനം കാണുമ്പോള്‍. ഭരണത്തിന്റെ മറ്റു ഉത്തരവാദിത്വങ്ങളെ കുറിച്ച് ഭരണവര്‍ഗ്ഗവും ഭരണീയരും ഏറെക്കുറെ നിശബ്ദരാണ്.

നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങളക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്തവരാണ് നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ നമ്മുടെ ഭരണാധികാരികളില്‍ അധികവും. അത് നല്‍കേണ്ടവര്‍ തന്നെ അതു കവരുന്ന സന്ദര്‍ഭങ്ങളും കുറവല്ല. ജനങ്ങളുടെ ജീവനും സ്വത്തും വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഭരണകൂടം അത് കവര്‍ന്നെടുക്കുന്നു. മനുഷ്യന്റെ ജീവന്‍ തന്നെ അപകടത്തിലാണെങ്കില്‍ പിന്നെ വികസനത്തിന് എന്ത് പ്രസക്തിയാണുള്ളത്?

Related Articles