Current Date

Search
Close this search box.
Search
Close this search box.

നിലനില്‍ക്കേണ്ടവയാണ് ആ അതിരുകള്‍

മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്റെയുള്ളില്‍ നന്മയും തിന്മയും വിവേചിച്ചറിയാനുള്ള ഒരു ബോധം കൂടി സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവരാണെങ്കില്‍ പോലും ആദ്യമായി ഒരു പാപം ചെയ്യുമ്പോള്‍ മനസാക്ഷികുത്ത് അനുഭവിക്കുന്നത് ആ ബോധത്തിന്റെ ഫലമാണ്. ഒരാള്‍ നിരന്തരമായി പാപങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ക്രമേണ അവന്റെ ഇച്ഛക്ക് മുമ്പില്‍ മനസാക്ഷി കീഴൊതുങ്ങുകയാണ് ചെയ്യുന്നത്. മനുഷ്യരിലെ സദാചാര ബോധവും അത്തരത്തില്‍ അവനില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഗുണമാണ്. ഇത്തരം ധാര്‍മിക ഗുണങ്ങള്‍ ബോധപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് ഇന്നത്തെ പല വിവാദങ്ങളും.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കലും തോളില്‍ കയ്യിട്ട് നടക്കലുമാണ് സ്വാതന്ത്ര്യവും സമത്വവും എന്നൊക്കെയുള്ള വാദങ്ങളും അതിന്റെ പേരിലുള്ള വിവാദങ്ങളും മുമ്പ് പറയപ്പെട്ട ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളായിട്ട് തന്നെയാണ് മനസ്സിലാക്കേണ്ടത്. സ്ത്രീക്കും പുരുഷനും ഇടയില്‍ ചില അതിരുകളും പരിധികളും വേണമെന്നത് നമ്മുടെ സമൂഹം മുമ്പേ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. മതദര്‍ശനങ്ങളും വിശ്വാസി സമൂഹങ്ങളോട് ആവശ്യപ്പെടുന്നത് അത്തരത്തിലുള്ള ചില നിയന്ത്രങ്ങള്‍ വേണമെന്നു തന്നെയാണ്. സമൂഹം കാലങ്ങളായി അംഗീകരിച്ചു വരുന്ന അത്തരം അതിരുകള്‍ ഇല്ലാതാവുന്നതോടെ വലിയ അരാജകത്വത്തിലേക്കായിരിക്കും സമൂഹം എത്തിപ്പെടുക. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അങ്ങേയറ്റം ഭീകരമായ ആ അരാജകത്വത്തിന്റെ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പാണ് നല്‍കുന്നത്. സമൂഹത്തില്‍ നടക്കുന്ന ആഭാസങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ‘സദാചാരവാദി’യായി മുദ്ര കുത്തി ഒതുക്കാനുള്ള ശ്രമത്തിലൂടെ സദാചാരമെന്നത് ഒരു അശ്ലീലപദമായി മാറിയിരിക്കുകയാണിന്ന്. ജീവിതനാനുഭവങ്ങളിലൂടെ സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് ബോധ്യമുള്ള മാതാപിതാക്കള്‍ മക്കളെ ഉപദേശിക്കുമ്പോള്‍ അവരെ ‘സദാചാര പോലീസ്’ എന്നു വിശേഷിപ്പിച്ചാല്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല.

സമൂഹത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്ന കാര്യം വലിയ വേവലാതിയോടെ പറയുന്നവര്‍ പോലും അതിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് എത്തുന്നില്ല. ഇസ്‌ലാം ഒരു പ്രവര്‍ത്തനത്തെ കുറ്റകൃത്യമായി പ്രഖ്യാപിക്കുമ്പോള്‍ ചെയ്തിട്ടുള്ള ഒന്നാണ് അതിലേക്കുള്ള വഴികള്‍ അടക്കുക എന്നുള്ളത്. തെറ്റുകള്‍ ചെയ്യുന്നതിനുള്ള പ്രേരണകളും അതിലേക്കുള്ള മാര്‍ഗങ്ങളും അടച്ചു കൊണ്ട് മാത്രമേ കുറ്റകൃത്യങ്ങളെ സമൂഹത്തില്‍ നിന്നു ഉച്ഛാടനം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്.

Related Articles