Current Date

Search
Close this search box.
Search
Close this search box.

നിരോധിക്കേണ്ടത് ഗോമാംസമോ പന്നിമാംസമോ?

സുന്ദരവും അദ്ഭുതവുമായ ഈ ഭൂമിയില്‍ സൃഷ്ടികള്‍ക്ക് ആവശ്യമായതും രുചിയിലും നിറത്തിലും ആകൃതിയിലുമെല്ലാം വൈവിധ്യം പുലര്‍ത്തുന്നതുമായ അന്നപാനീയങ്ങള്‍ സംവിധാനിച്ചത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. (ഖുര്‍ആന്‍-2:22, 15:19-21)
എന്നാല്‍, ദൈവം മനുഷ്യര്‍ക്ക് ഭക്ഷിക്കാനായി ഈ ലോകത്ത് നാനാജാതി കായ്കനികളെയും ജീവികളെയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവയെയെല്ലാം അവന്‍ ഭക്ഷ്യയോഗ്യമാക്കിയിട്ടില്ല. തന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന് അവന്റെ ആരോഗ്യത്തിനും ധാര്‍മികതക്കും കോട്ടമൊന്നും വരുത്താത്ത ഉത്തമവും ഗുണകരവുമായ വസ്തുക്കളും ജീവികളുമാണ് അനുവദനീയമാക്കിയിട്ടുള്ളത്. മാത്രവുമല്ല എന്തും തോന്നിയ പോലെ ഭക്ഷിക്കാമെന്ന മനുഷ്യന്റെ വ്യാമോഹത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്തു. ഓരോരുത്തര്‍ക്കും അവരുടെ ജീവിതവും ആരോഗ്യവും നിലനിര്‍ത്താനുതകുന്നതുമാത്രമേ ഭക്ഷിക്കാവൂ. അധികമാവുന്നത് മനുഷ്യനെ ആലസ്യത്തിലേക്കും മടിയിലേക്കും നയിക്കുമെന്നത് അനുഭവയാഥാര്‍ഥ്യമാണല്ലോ. ആവശ്യത്തിലും കൂടുതല്‍ ഭക്ഷിക്കല്‍ ഒരു സത്യവിശ്വാസിക്ക് ഉചിതമല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അത്തരക്കാര്‍ ദൈവകോപവും വെറുപ്പുമാണ് സമ്പാദിക്കുന്നത്.

പ്രവാചകന്റെ അധ്യാപനങ്ങളെ അന്വര്‍ഥമാക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നത് എന്നതിന്റെ മകുടോദാഹരണമാണ് പന്നിപ്പനി. ഒരുപാട് ആളുകളുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി ഇത്രക്കും പടര്‍ന്ന് പന്തലിച്ചതിന്റെ ഉത്തരവാദികള്‍ മനുഷ്യരായ നാമാണ്. ദൈവം അനുവദിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ നിരോധിക്കാനുള്ള തകൃതമായ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ നമുക്ക് ദോഷം ചെയ്യുന്ന പന്നിമാംസം വ്യപകമായി സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളാണ് മറ്റൊരിടത്ത് നടക്കുന്നത്. പന്നിയെ ദൈവം നമുക്ക് അശുദ്ധവും അതിന്റെ മാംസവും നെയ്യും തൊലിയുമെല്ലാം നിരോധിച്ചതിന്റെ പിന്നിലുള്ള രഹസ്യം അത് മനുഷ്യന് മാരകമായ അസുഖവും മരണവും സമ്മാനിക്കുന്ന എന്നതാണ്.

പലതരത്തില്‍ പന്നി മനുഷ്യന് ആരോഗ്യത്തിന് ഹാനികരമാണ്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ വളര്‍ത്തിയാലും അത് പ്രകൃത്യാ അശുദ്ധമാണ്. ജൈവികമായി നോക്കുകയാണെങ്കില്‍ ഉയര്‍ന്നതോതില്‍ ആന്റിബോഡിയും വളര്‍ച്ചാഹോര്‍മോണുകളും മറ്റേത് മൃഗത്തേക്കാളും മനുഷ്യരേക്കാളും പന്നി ഉല്‍പാദിപ്പിക്കുന്നു. ഇവ പന്നിയുടെ ശരീരത്തില്‍ സംഭരിച്ചുവെക്കുന്നതിനാല്‍ പന്നിമാംസം കഴിക്കുന്ന മനുഷ്യനില്‍ ഇവ വന്‍തോതിലുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചാ ഹോര്‍മോണുകളടങ്ങിയ പന്നിമാംസത്തില്‍ കൊളസ്‌ട്രോളും മനുഷ്യശരീരത്തിന് ഹാനികരമായ കൊഴുപ്പും വന്‍തോതിലാണുള്ളത്. ഇവ കഴിക്കുന്നതോടെ മനുഷ്യനെ അനിയന്ത്രിതമായ പൊണ്ണത്തടിയിലേക്കും ശാരീരിക അസ്വാസ്ത്യങ്ങളിലേക്കും എത്തിക്കുന്നു.

മാരകമായ രണ്ടാമത്തെ പ്രശ്‌നം പന്നയുടെ ശരീരത്തിലെ ‘Trichina’ (മനുഷ്യന് വളരെ അപകടം വരുത്തിത്തീര്‍ക്കുന്ന പരാദമാണ് ഇത്. ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് Rheumatism and Muscular Pain.  ഒരു തരത്തിലുള്ള പ്രതിരോധമാര്‍ഗവും ഇതിനില്ല. ചിലര്‍ പതിയെ മരണത്തിന് കീഴടങ്ങുകയും മറ്റു ചിലര്‍ രോഗത്തിന്റെ കഷ്ടതകള്‍ വര്‍ഷങ്ങളോളം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു) എന്ന അണുവാണ്. പന്നിമാംസം കഴിക്കുന്നതോടെ ഇത് മനുഷ്യശരീത്തില്‍ പ്രവേശിക്കുകയും അത് ഹൃദയപേശികളില്‍ കുടികൊള്ളുകയും ഹൃദയപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും വലിയ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. വന്‍തോതിലുള്ള യൂറിക് ആസിഡ് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ മനുഷ്യശരീരത്തിലെ യൂറിക് ആസിഡ് കിഡ്‌നിയിലൂടെ രക്തം ശുദ്ധീകരിച്ച് മലമൂത്രവിസര്‍ജനത്തിലൂടെ പുറംതള്ളാറാണ് പതിവ്. എന്നാല്‍ പന്നിശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. അവയുടെ വിസര്‍ജ്യത്തിലൂടെ രണ്ട് ശതമാനം മാത്രമാണ് പുറം തള്ളപ്പെടുന്നത്. ബാക്കി 98 ശതമാനവും അതിന്റെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നു. മാത്രവുമല്ല, പന്നി സ്വന്തം വിസര്‍ജ്യം ഭക്ഷിക്കുന്നതിനാല്‍ നഷ്ടപ്പെട്ട രണ്ട് ശതമാനം യൂറിക് ആസിഡ് വീണ്ടും അതിന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഈ വന്‍തോതിലുള്ള യൂറിക് ആസിഡ് പന്നിമാംസം കഴിക്കുന്നവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതു മൂലം കിഡ്‌നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തേണ്ടി വരികയും ക്രമേണ കിഡ്‌നി അതിവേഗം തകരാറിലാവുകയും ചെയ്യുന്നു.

പന്നിയില്‍ നിന്ന് 450-ല്‍ പരം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നുണ്ടെന്ന് ആധുനിക ശാസ്ത്രം ശരിവെക്കുന്നു. പന്നിയുടെ കുഞ്ഞുങ്ങളില്‍ നിന്ന് തന്നെ 57-ല്‍ പരം രോഗങ്ങള്‍ പകരുന്നു. അവയില്‍ ചിലത് വളരെ വലിയ അപകടകാരിയും ജീവന് ഭീഷണിയുമാണ്. 27-ല്‍ പരം പകര്‍ച്ച വ്യാധികള്‍ മനഷ്യരിലേക്ക് പകര്‍ത്തുന്ന ഒരേയൊരു ജീവിയാണ് പന്നി. ഇതര ജീവികളിലും ഇതുപോലെ കാണപ്പെടാറുണ്ടെങ്കിലും പന്നിയാണ് ഇതില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത്.

പന്നിയില്‍ നിന്നും രോഗം പകരുന്ന മൂന്ന് രീതികള്‍
1. വളര്‍ത്തുമ്പോഴുണ്ടാകുന്ന ഇടപഴകലിലൂടെ. 32-ഓളം രോഗങ്ങള്‍ ഇതിലൂടെ പകരും. തൊഴിത്തിലും അറവുശാലകളിലും ജോലി ചെയ്യുന്നവര്‍ക്കും രോഗങ്ങള്‍ പകരും. ശരീരത്തില്‍ വിള്ളലുകളും മുറിവുകളും ഉണ്ടാകുന്നു. ജപ്പാന്‍ ജ്വരം ഇപ്രകാരം പകരുന്ന രോഗമാണ്.
2. പന്നിസ്പര്‍ശമേറ്റ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ. 28-ല്‍ കുറയാത്ത രോഗങ്ങള്‍ ഇപ്രകാരം ഉണ്ടാകുന്നു. കരള്‍ വീക്കം ഉദാഹരണം.
3. മാംസം, നെയ്യ് തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ.  പതിനാറില്‍പരം രോഗങ്ങള്‍ ഇതുമുഖേന അഭിമുഖീകരിക്കേണ്ടിവരും.

ഇങ്ങനെ ഒട്ടനവധി അസുഖങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പന്നിയിറച്ചി രാജ്യത്ത് സുലഭമായിരിക്കെ അതിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് ഗോവധ നിരോധനത്തിനായി മുറവിളി കൂട്ടുന്നത്. ദൈവം അനുവദിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ സ്വതാല്‍പര്യങ്ങള്‍ക്ക് വേണ്ടി നിരോധിക്കുകയും ദൈവം നിരോധിച്ച ഭക്ഷണം കഴിക്കുന്നതിന് പ്രത്സാഹനം നല്‍കുകയും ചെയ്തതിന്റെ പരിണിതിയാണ് ഇപ്പോള്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കുക. അതുകൊണ്ട് നാമൊന്ന് ആലോചിച്ചു നോക്കുക, നിരോധിക്കേണ്ടത് പന്നിയിറച്ചിയോ ഗോമാംസമോ?

Related Articles