Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്ക് അങ്കാറ ആവാന്‍ സാധിക്കുമോ?

ankara1.jpg

ടര്‍ക്കിഷ് തലസ്ഥാനമായ അങ്കാറയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വംശജനായ ജെയിംസ് ടെയ്‌ലര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. പാരീസിനു വേണ്ടിയും ചാര്‍ലി എബ്ദോക്ക് വേണ്ടിയും പോസ്റ്റുകള്‍ ഇടുകയും പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയും ചെയ്തവരോട് നിങ്ങള്‍ക്ക് അങ്കാറയാവാന്‍ സാധിക്കുമോ എന്ന് ടെയ്‌ലര്‍ ചോദിക്കുന്നു. ടെയ്‌ലറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദരൂപം ചുവടെ:

”തുര്‍ക്കിയെ അറിയാത്തവരുടെയും അല്ലെങ്കില്‍ അവിടെ നടക്കുന്ന ആക്രമണങ്ങള്‍ക്കു നേരെ മനപ്പൂര്‍വം കണ്ണുകള്‍ അടക്കുന്നവരുടെയും കണ്ണു തുറപ്പിക്കുന്നതാകട്ടെ ഈ ദുരന്തം. പട്ടണത്തിലെ തിരക്കേറിയ ഭാഗത്താണ് ആ ആക്രമണം നടന്നത്. വൈകുന്നേരം വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്നവരെയും രാത്രി സവാരിക്കിറങ്ങിയവരെയും പാര്‍ക്കില്‍ വിശ്രമിച്ചിരുന്നവരെയുമെല്ലാം ആ ദുരന്തം ഇല്ലാതാക്കി. നോര്‍ത്താംപ്റ്റണിലോ ബെര്‍മിംഗ്ഹാമിലോ ലണ്ടനിലോ ആണ് ഇത് സംഭവിച്ചിരുന്നതെങ്കിലോ? നിങ്ങള്‍ ആ സമയത്ത് അവിടെയുള്ളതായി ഒന്ന് സങ്കല്‍പിക്കാനാവുമോ? എല്ലാ ദിവസവും നിങ്ങള്‍ നടന്നുപോകുന്ന സ്ഥലവും ബസ് കാത്തുനില്‍ക്കുന്ന ബസ്സ്‌റ്റോപും മുറിച്ചു കടക്കുന്ന ആ റോഡുകളുമെല്ലാം മാഞ്ഞുപോയിരിക്കുന്നു. അതിലെ ഇരകളെ ഒന്ന് സങ്കല്‍പിച്ചു നോക്കൂ. വീട്ടിലേക്ക് തിരിക്കാനായി ബസ് കാത്തുനിന്ന കൗമാരക്കാരും, പട്ടണത്തിലൂടെ നടന്നുനീങ്ങിയ വൃദ്ധ ദമ്പതിമാരും, ടാക്‌സി കാത്തുനിന്ന പാര്‍ക്ക് സന്ദര്‍ശകരും.

അവരൊക്കെ ഇംഗ്ലീഷുകാര്‍ ആയിരുന്നുവെങ്കില്‍ ഒന്ന് സങ്കല്‍പിച്ചു നോക്കൂ. ഈ ആക്രമണം നടന്നത് ഇംഗ്ലണ്ടിലുമായിരുന്നെങ്കിലോ? അതിലെ ഇരകള്‍ നിങ്ങള്‍ സ്ഥിരമായി കാണുന്ന ആളുകളും നിങ്ങളുടെ സഹപ്രവര്‍ത്തകരും ആയിരുന്നെങ്കിലോ? നിങ്ങളെ പോലെ ചിരിച്ചും സന്തോഷിച്ചും നടന്ന ആളുകള്‍. കുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍, കലാകാരന്മാര്‍, പോലീസുകാര്‍. ചിലപ്പോള്‍ നിങ്ങളുടെ അടുത്ത കൂട്ടുകാരും അതിലുണ്ടാകാം. ഇതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാകും. എന്നാല്‍ അവരൊക്കെ തുര്‍ക്കി നിവാസികളായിരുന്നു എന്നതാണ് പ്രശ്‌നം.  

തുര്‍ക്കി ഒരു പശ്ചിമേഷ്യന്‍ രാജ്യമല്ല. അങ്കാറ ഒരു യുദ്ധമേഖലയുമല്ല. മറ്റേത് യൂറോപ്യന്‍ നഗരത്തേയും പോലെ തിരക്കേറിയ ടര്‍ക്കിഷ് നഗരം. ലണ്ടനിലും ന്യൂയോര്‍ക്കിലും പാരീസിലുമൊക്കെ ഭീകരാക്രമണങ്ങള്‍ നടന്നാല്‍ അതില്‍ ദുഖിക്കാനും ഇരകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനും എന്തെളുപ്പം സാധിക്കുന്നു. എന്നാല്‍ അങ്കാറയില്‍ സംഭവിക്കുമ്പോള്‍ മാത്രം എന്തേ ഈ മൗനം? തുര്‍ക്കി ഒരു മുസ്‌ലിം രാഷ്ട്രമായത് കൊണ്ടോ? പാരീസിലും ലണ്ടനിലും ആക്രമണങ്ങള്‍ നടന്നപ്പോള്‍ ഉണ്ടായ വേദന അങ്കാറയോട് നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ ആരോടും സഹതാപം പ്രകടിപ്പിക്കേണ്ടതില്ല. വളരെ നല്ല മനുഷ്യരുള്ള മഹത്തായ രാഷ്ട്രമാണ് തുര്‍ക്കി. ഇവിടെ ലഭിക്കുന്ന സുരക്ഷിതത്വും ആനന്ദവും മറ്റെവിടെ നിന്നും എനിക്ക് അനുഭവിക്കാനും കഴിഞ്ഞിട്ടില്ല.

അങ്കാറ എന്റെ വീടാണ്. കഴിഞ്ഞ 18 മാസമായി അത് അങ്ങനെയാണ്. ഇനിയും അത് അങ്ങനെ തന്നെ തുടരും. നിങ്ങള്‍ പാരീസ് ആയിരുന്നു, ചാര്‍ലി ആയിരുന്നു, അങ്കാറയാവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?”

വിവ: അനസ് പടന്ന

Related Articles