Current Date

Search
Close this search box.
Search
Close this search box.

നിങ്ങളിലൂടെയാണവര്‍ ഇസ്‌ലാമിനെ വായിക്കുന്നത്

മുസ്‌ലിംകളായി അറിയപ്പെടുന്നവരെ ഇസ്‌ലാമിന്റെ ഔദ്യോഗിക വക്താക്കളായി കാണുന്ന വലിയ ഒരു സമൂഹം എല്ലായിടത്തുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടോ ഹദീസ് ഗ്രന്ഥങ്ങള്‍ മനസിലാക്കിയിട്ടോ അല്ല അവര്‍ ഇസ്‌ലാമിനെ മനസിലാക്കുന്നത്. ഇത് ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ മാത്രം പ്രത്യേകതയല്ല. ഏത് മതവും ദര്‍ശനവും ആദര്‍ശവും വായിക്കപ്പെടുന്നത് അതിനെ പിന്‍പറ്റുന്നവരിലൂടെയാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജീവിക്കുന്ന മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഹിന്ദു മതത്തെ കുറിച്ചുള്ള അവരുടെ അറിവ് രൂപപ്പെടുത്തിയത് രാമായണമോ മഹാഭാരതമോ അല്ലെങ്കില്‍ ഏതെങ്കിലും ഉപനിഷത്തുക്കളോ പഠിച്ചിട്ടല്ല. അപ്രകാരം കമ്മ്യൂണിസത്തെ കുറിച്ച് നാം മനസ്സിലാക്കിയത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍മാരുടെ രചനകളോ വായിച്ചു മനസിലാക്കിയിട്ടുമല്ല.

അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ കണ്ണുകളില്‍ ഇസ്‌ലാമിന്റെ ഔദ്യോഗിക വക്താക്കളായ നാം കുറച്ച് കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ മനസിലാക്കുന്ന ഒരു വലിയ വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഇസ്‌ലാമിനെ എത്തിക്കേണ്ട ബാധ്യതയും നമ്മെയാണ് പടച്ചവന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രസ്തുത ദൗത്യം നാം പലപ്പോഴും മറന്നു പോവുകയാണ് ചെയ്യുന്നത്. നാം മറന്നാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം അവര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഇസ്‌ലാമിന്റെ ഒരു രൂപമുണ്ട്. തെറ്റായ ഇസ്‌ലാമിന്റെ രൂപത്തെയാണ് നമ്മുടെ ജീവിതം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതെങ്കില്‍ ഗുരുതരമായ വീഴ്ച്ചയാണ് നമ്മില്‍ നിന്നും വന്നുപോകുന്നതെന്ന് നാം മനസിലാക്കണം. അതിന്റെ പേരില്‍ നാം വിചാരചെയ്യപ്പെടുമെന്നതില്‍ സംശയം വേണ്ട്. കാരണം ഞാന്‍, അല്ലെങ്കില്‍ നീ എന്ന ഒരു വ്യക്തിയെ അല്ല നമ്മള്‍ പ്രതിനിധീകരിക്കുന്നത്, മറിച്ച് ഒരു മുസ്‌ലിമിനെയാണ്. അതുകൊണ്ട് തന്നെ നമ്മില്‍ നിന്നും വരുന്ന ഒരു തെറ്റ് ഇസ്‌ലാമിന്റെ ഒരു തെറ്റായിട്ടാണ് അവര്‍ കാണുക.

മദ്യപിക്കുന്ന ഒരു മുസ്‌ലിം നാമധാരി തന്റെ അമുസ്‌ലിം സഹോദരന് നല്‍കുന്ന സന്ദേശം മദ്യപാനം ഇസ്‌ലാമില്‍ അത്ര വലിയ തെറ്റൊന്നുമല്ല എന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിന്റെ മോശമായ ഒരു ചിത്രം സമൂഹത്തില്‍ രൂപപ്പെടുന്നതിന് മുസ്‌ലിം പേരുള്ള കുറ്റവാളികള്‍ കാരണക്കാരായിട്ടുണ്ട്. ഇന്ന് പത്രം വായിക്കുന്ന ഒരാള്‍ക്ക് കുറ്റകൃത്യങ്ങളില്‍ സമുദായത്തിന്റെ സംവരണം ഉറപ്പുവരുത്തിയത് കണ്ടെത്താന്‍ വലിയ പ്രയാസമൊന്നും നേരിടേണ്ടി വരുന്നില്ല. കൊലപാതകമായാലും, മാഫിയകളായാലും സാമ്പത്തിക ക്രമക്കേടുകളാണെങ്കിലും സദാചാര പ്രശ്‌നങ്ങളാണെങ്കിലും മുസ്‌ലിം പേരുകള്‍ അവയിലെല്ലാം തെളിഞ്ഞു കാണാം. അതുവായിക്കുന്ന ഒരാള്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച മതിപ്പ് കുറയുന്നത് സ്വാഭാവികം. അതിന് ഉത്തരവാദികള്‍ നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തത്തെയും സമുദായത്തെ സംസ്‌കരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. നാം ഇസ്‌ലാമിന്റെ യഥാര്‍ഥ മാതൃകളാകുമ്പോള്‍ നമ്മെയും ഇസ്‌ലാമിനെയും ആദരിക്കുന്ന ഒരു ഒരു സമൂഹം നമുക്കു ചുറ്റുമുണ്ടാവും.

Related Articles