Current Date

Search
Close this search box.
Search
Close this search box.

‘നാളെ’ എന്നത് ഞങ്ങള്‍ക്ക് ഏറെ വിദൂരത്താണ്

Aleppo-syria.jpg

ഞങ്ങളെല്ലാം മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. മഴ പെയ്താല്‍ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ല, അങ്ങനെ കുറച്ച് നേരത്തേക്കെങ്കിലും ബോംബാക്രമണം നിലക്കും. അലപ്പോയില്‍ കുടുങ്ങി കിടക്കുന്ന 150000 വരുന്ന സിവിലിയന്‍മാര്‍ക്ക് കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടാനായി ലോകശക്തികള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയും വിധം നീണ്ടു നില്‍ക്കുന്ന മഴയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അത്യന്തം നിരാശ നിറഞ്ഞതാണ് ഇവിടുത്തെ അവസ്ഥ. അഭയം തേടികൊണ്ട് ആളുകള്‍ ഒഴുകിയെത്തുകയാണ്, 10 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്ത് അവര്‍ നിറഞ്ഞ് കഴിഞ്ഞു. കൂട്ടത്തില്‍ ഒരുപാട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളും കളിപ്രായമെത്തിയ കുട്ടികളുമുണ്ട്. മൂന്നും നാലും കുഞ്ഞുങ്ങള്‍ ഓരോരുത്തരുടെയും കൈകളിലുണ്ട്. സര്‍ക്കാര്‍ സൈന്യത്തിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടു വരുന്നവരാണ് ഇവര്‍. കൈയ്യില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളും, കുട്ടികളെയും വഹിക്കാന്‍ ഉന്തുകസേരകളാണ് അവര്‍ ഉപയോഗിക്കുന്നത്.

കുറച്ച് ആഴച്ചകള്‍ക്ക് മുമ്പാണ് അലപ്പോയിലേക്ക് വരാന്‍ ഞാന്‍ തീരുമാനിച്ചത്. രണ്ട് സഹപ്രവര്‍ത്തകരുടെ കൂടെ കുറച്ച് ദിവസം ഇവിടെ ചെലവഴിക്കണമെന്ന് മാത്രമാണ് കരുതിയിരുന്നത്. ഇത്രയും കാലം ഇവിടെ കഴിയേണ്ടി വരുമെന്ന് നിനച്ചിരുന്നില്ല. പക്ഷെ ഇവിടെ എത്തിച്ചേരുന്നത് വളരെ അപകടകരമാണെന്ന് എനിക്കറിയാമായിരുന്നു.

സംഘര്‍ഷ മേഖലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ അപകടം പിടിച്ച പണിയാണ്. പക്ഷെ എന്താണ് സത്യമെന്നത് ലോകത്തെ അറിയിക്കുകയാണ് വളരെ പ്രധാനപ്പെട്ട കാര്യം. മറ്റൊരു വഴിയും ഇവിടെയുള്ള ഭൂരിഭാഗത്തിനും ഇല്ല. തങ്ങളുടെ ഇഷ്ടപ്രകാരമല്ല ഈ ദുസ്വപ്‌നസമാനമായ സാഹചര്യത്തില്‍ അവര്‍ കുടുങ്ങിപോയിട്ടുള്ളത്.

കൊടും തണുപ്പാണിവിടെ. ഞാന്‍ താമസിക്കുന്നിടത്ത് മതിയായ ചുവരുകള്‍ പോലുമില്ല. വ്യോമാക്രമണത്തില്‍ തുളവീണ ചുവരുകള്‍ ഞാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറക്കുകയും, പുതപ്പ് തിരുകി അടക്കുകയും ചെയ്തിട്ടുണ്ട്. പട്ടണത്തിലകപ്പെട്ട ഏക കറുത്ത വര്‍ഗക്കാരനും, മാധ്യമപ്രവര്‍ത്തകനുമായ എന്നോട് വിശാലമനസ്‌കതകയോടെയാണ് സിറിയക്കാര്‍ പെരുമാറിയത്. എന്റെ മൊബൈല്‍ ഫോണിലും, ലാപ്പ് ടോപ്പിലും ചാര്‍ജ്ജ് ഉണ്ടെങ്കില്‍ മാത്രമേ അവരുടെ കഥകള്‍ എനിക്ക് ലോകത്തെ അറിയിക്കാന്‍ കഴിയുകയുളളു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ആയതിനാല്‍ ജനറേറ്ററും, ഇന്ധനവും ഉള്ള വിരളമായ സ്ഥലങ്ങളില്‍ ഒന്നില്‍ എനിക്ക് ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം അവര്‍ ഒരുക്കി തന്നു.

അവശേഷിക്കുന്ന വളരെ കുറച്ച് ഭക്ഷണസാധനങ്ങളുടെ വില വളരെ കൂടുതലൊന്നുമല്ല. കാരണം അവസരം മുതലെടുക്കാന്‍ ആളുകള്‍ക്ക് ആഗ്രഹമില്ലായിരുന്നു. വില്‍പ്പന നടത്താന്‍ സാധനങ്ങള്‍ പക്ഷെ അധികമൊന്നുമില്ല. എല്ലാവരും ദുരിതമനുഭവിക്കുന്നവരാണ്.

വ്യോമാക്രമണത്തില്‍ തകര്‍ന്ന പോയ ഫര്‍ണീച്ചര്‍ കഷ്ണങ്ങളാണ് ആളുകള്‍ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത്. തകര്‍ക്കപ്പെട്ട കെട്ടിടാവിഷ്ടങ്ങളില്‍ നിന്നുള്ള കല്ലുകള്‍ കൊണ്ട് അടുപ്പ് ഉണ്ടാക്കും. ഭക്ഷണസാധനങ്ങളുടെ പട്ടിക വളരെ പരിമിതമാണ്: ബ്രെഡ്, ഈന്തപ്പഴം, ‘പാവങ്ങളുടെ അരി’ എന്നറിയപ്പെടുന്ന പൊടി ഗോതമ്പ് എന്നിവ മാത്രമാണ് കഴിക്കാനുള്ളത്. ചില സന്നദ്ധസംഘടനകള്‍ അത് ശേഖരിച്ച് വെച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും തികയില്ല. ഭൂരിഭാഗം ആളുകള്‍ക്കും ശുദ്ധജലം ഒരു വിദൂരസ്വപ്‌നം മാത്രമാണ്.

പാചകം പോലും വളരെ രഹസ്യമായി മാത്രം ചെയ്യേണ്ട ഒരു കാര്യമായി മാറികഴിഞ്ഞു. തീകത്തുന്നത് ബശ്ശാറുല്‍ അസദിന്റെ കൊലയാളി വിമാനങ്ങളെ ആകര്‍ഷിക്കുമെന്ന ഭയം ഒരു വശത്തും, സ്വന്തമായി ആഹാരസാധനങ്ങളില്ലാതെ വിശന്ന് വലയുന്ന മനുഷ്യര്‍ മറുഭാഗത്തും.

വ്യോമാക്രമണത്തിന് പ്രത്യേകിച്ച് ഇടവേളകളൊന്നുമില്ല. വ്യോമാക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെ സഹായിക്കാന്‍ ഓടിയെത്തുന്നവരെ കൂടി കൊന്ന് തള്ളുന്ന തരത്തിലാണ് സര്‍ക്കാര്‍ വ്യോമസേന ആക്രമണം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരിക്കല്‍ ബോംബാക്രമണം നടത്തിയതിന് ശേഷം അവര്‍ കുറച്ച് നേരം കാത്തിരിക്കും; ശേഷം, തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും, മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ആളുകള്‍ ഒത്തുകൂടുമ്പോള്‍ അവര്‍ വീണ്ടും ആക്രമണം നടത്തും.

രാത്രികാലങ്ങളില്‍ തെരുവുകള്‍ ശൂന്യമാണ്. കാരണം അന്നേരം താഴ്ന്ന് പറക്കുന്ന യുദ്ധവിമാനങ്ങള്‍ തെരുവില്‍ എന്തെങ്കിമൊന്ന് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി തീതുപ്പും. ഇനി നിങ്ങള്‍ക്ക് അത്യാവശ്യമായി പുറത്തേക്ക് പോകേണ്ടതുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. യുദ്ധവിമാനങ്ങളുടെ മുരള്‍ച്ച അകന്ന് പോയെന്ന് ഉറപ്പ് വരുത്തിയിട്ട് വേണം സ്വന്തം ജീവനും കൊണ്ട് ഒരു ബ്ലോക്കില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് കെട്ടിടങ്ങളുടെ നിഴല്‍പ്പറ്റി ഓടാന്‍.

പരിക്കേറ്റവരുടെ കാര്യം മഹാകഷ്ടമാണ്. കിഴക്കന്‍ അലപ്പോയിലെ എല്ലാ ആശുപത്രികളും ബോംബാക്രമണത്തില്‍ തകര്‍ന്ന് കഴിഞ്ഞു. രണ്ട് ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ അവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിട്ടുണ്ട്. ഭൂഗര്‍ഭ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ക്ലിനിക്കുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഈ ക്ലിനിക്കുകളില്‍ എത്തിച്ചേരുകയെന്നത് വളരെ പ്രയാസകരമാണ്. ധീരരായ വൈറ്റ് ഹെല്‍മെറ്റ് സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല; ഇന്ധനമില്ലാത്ത് കൊണ്ടും, ബോംബാക്രമണത്തിന് ഇരയാകുമോ എന്ന ഭയം കാരണവും അവരുടെ ആംബുലന്‍സുകള്‍ ഇപ്പോള്‍ ഓടുന്നില്ല. വാഹനങ്ങളില്‍ ഇന്ധനം കുറച്ചെങ്കിലും അവശേഷിക്കുന്ന ആളുകള്‍ ജീവന്‍ പണയം വെച്ച് പരിക്കേറ്റവരെ ക്ലിനിക്കുകളില്‍ എത്തിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ തങ്ങളുടെ പ്രിയപ്പെട്ടവരെ അറബാനകളില്‍ ഇരുത്തി ക്ലിനിക്കില്‍ എത്തിക്കുന്നവരെയും എനിക്ക് കാണാന്‍ കഴിഞ്ഞു.

ഇനി നിങ്ങള്‍ക്ക് ഈ ‘ക്ലിനിക്കുകളില്‍’ ഏതെങ്കിലുമൊന്നില്‍ എത്തിച്ചേരാന്‍ സാധിച്ചാല്‍ തന്നെ, ഒരു പുതിയ ദുസ്വപ്‌നമാണ് അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുക. പരിക്കേറ്റ ആളുകളെ കൊണ്ട് അവിടെ നിറഞ്ഞിട്ടുണ്ടാകും. രക്തം തളംകെട്ടിയ നിലത്ത് അങ്ങിങ്ങായി അവര്‍ ചിതറിക്കിടക്കുന്നുണ്ടാവും. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വണ്ണം ഭയാനകമാണ് ആ കാഴ്ച്ച. രക്തത്തില്‍ തെന്നിവീഴാതിരിക്കാന്‍ ബൂട്ടുകള്‍ അണിഞ്ഞാണ് ഡോക്ടര്‍മാരും നഴ്‌സുമാരും നടക്കുന്നത്.

അടിയന്തിര ശുശ്രൂഷ, മുറിവ് തുന്നിക്കെട്ടല്‍, അടിയന്തിര സര്‍ജ്ജറി എന്നിവക്കപ്പുറത്തേക്ക് ഈ ക്ലിനിക്കുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. രക്തം വാര്‍ന്ന് പോകുന്നത് തടയുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിലപ്പുറമൊന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. ഡോക്ടര്‍ മുറിവ് തുന്നിക്കെട്ടുന്നതോടെ രോഗി ഉടന്‍ സ്ഥലം വിടണം. വളരെയധികം അപകടങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ക്ലിനിക്കുകള്‍. ഒരുസ്ഥലത്ത് ഒരുപാട് ആളുകള്‍ ഒരുമിച്ച് കൂടുന്നത്, ആ സ്ഥലം ആക്രമിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആളുകള്‍ക്ക് സ്വയം കീഴടങ്ങാനുള്ള ഒരു അവസരം സിറിയന്‍ സര്‍ക്കാര്‍ തുറന്ന് കൊടുത്തിരുന്നു. ഇങ്ങനെ 50000 മുതല്‍ 60000 വരെ ആളുകള്‍ സ്വയമേവ സര്‍ക്കാര്‍ സൈന്യത്തിന്റെ അടുത്തെത്തിയിട്ടുണ്ടാകും. സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ബന്ധം ചെലുത്തുമ്പോഴും ആളുകള്‍ ഞങ്ങളുടെ അവശേഷിക്കുന്ന തുരുത്തിലേക്ക് ഇപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സൈന്യത്തിന്റെ കൈകളിലകപ്പെട്ട് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാകുന്നിനേക്കാള്‍ ബോംബുകളെയും, കഠിന സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ തന്നെയാണ് പ്രദേശവാസികളുടെ തീരുമാനം. ഇപ്പോള്‍ തന്നെ അഞ്ച് ലക്ഷത്തിലധികം സ്വന്തം പൗരന്‍മാരെ സിറിയന്‍ സൈന്യം കൊന്ന് തള്ളിയിട്ടുണ്ട് എന്ന വസ്തുതയാണ് ജനങ്ങളെ സര്‍ക്കാര്‍ സൈന്യത്തില്‍ നിന്നും അകറ്റുന്ന പ്രധാനഘടകം.

ഒരുവശത്ത് നൂറ് കണക്കിന് ആളുകളെ കാണാതാകുന്നതിന്റെയും, മറുവശത്ത് ആളുകളെ വരിനിര്‍ത്തി വിചാരണ കൂടാതെ കൂട്ടവധശിക്ഷ നടപ്പാക്കുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ നാമിന്ന് കേള്‍ക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ സൈന്യത്തെ കുറിച്ച ആളുകളിലെ ഭയമേറ്റുക മാത്രമാണ് ചെയ്യുന്നത്.

എല്ലായിടത്തും നിരാശ തളംകെട്ടി നില്‍ക്കുകയാണ്. മഴ അടുത്ത് തന്നെ നില്‍ക്കും. കൂട്ടകശാപ്പ് വീണ്ടും ആരംഭിക്കും. രക്ഷപ്പെടാനുള്ള ഒരു വഴി ഇന്നു തന്നെ തുറക്കേണ്ടതുണ്ട്. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം ‘നാളെ’ എന്നത് വളരെ വിദൂരമായ ഒന്നാണ്.

കടപ്പാട്: aljazeera
മൊഴിമാറ്റം: irshad shariathi

Related Articles