Current Date

Search
Close this search box.
Search
Close this search box.

നായ, വെള്ളം, ശവപ്പെട്ടി; ലോകമറിയാത്ത ബ്രിട്ടീഷ് ക്രൂരത

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക നടത്തിവരുന്ന കിരാത നടപടികളും വാട്ടര്‍ ബോഡിംഗ് സമ്പ്രദായമടക്കമുള്ള ചോദ്യംചെയ്യല്‍ മുറകളും മറനീക്കിപുറത്തുവന്നത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിരിയിക്കുകയാണ്. കുറ്റമാരോപിക്കപ്പെടുന്നവരെ മരത്തടികളില്‍ കെട്ടി തലകീഴായി വെള്ളത്തില്‍ മുക്കി പീഢിപ്പിക്കുന്ന പീഢന രീതികളെയും സമാനമായ, വായും മൂക്കുമടക്കം നനഞ്ഞ തുണികൊണ്ട് മൂടിക്കെട്ടി തലകീഴായി കിടത്തി, ഒരാളെ വെള്ളത്തില്‍ മുക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന അതേ അവസ്ഥയിലുള്ള പീഢനം ഏല്‍പ്പിക്കുന്ന ‘വാട്ടര്‍ബോഡിംഗ്’ സമ്പ്രദായങ്ങളെയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അടക്കമുള്ളവര്‍ നേരത്തെ തന്നെ അപലപിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഗവണ്‍മെന്റ് എപ്പോഴും പൊതുജനങ്ങളില്‍ നിന്നും തങ്ങള്‍ ഇത്തരം പീഢനമുറകളില്‍ നിന്നും എപ്പോഴും അകലം പാലിക്കുന്നവരാണ് എന്നാണ് വരുത്തിത്തീര്‍ത്തിരുന്നത്. ബ്രിട്ടീഷ് മന്ത്രിസഭ വാട്ടര്‍ബോഡിംഗ് സമ്പ്രദായമടക്കമുള്ള ചോദ്യംചെയ്യല്‍ മുറകളെ പീഢനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും ഇത്തരം കിരാത നടപടികളില്‍ പങ്കാളികളാണ് എന്ന വെളിപ്പടുത്തലകളാണ് ഇറാഖില്‍ നിന്ന് 2004 ല്‍ പിടിക്കപ്പെട്ട് പത്ത് വര്‍ഷത്തോളം വിചാരപോലും ഇല്ലാതെ തടങ്കലുകളില്‍ കഴിയേണ്ടി വന്ന പാകിസ്ഥാനി ബിസിനസുകാരനായ യൂനുസ് റഹ്മത്തുല്ല, യു.കെ കോടതിയില്‍ ഫയല്‍ചെയ്ത രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ‘Reprive’ എന്ന സംഘടന ‘The rendeition project’ ന് കൈമാറിയ കോടതി രേഖകളില്‍ റഹ്മത്തുല്ലയെ ഇറാഖില്‍വെച്ച് ബ്രിട്ടീഷ് പട്ടാളം പിടികൂടുകയും വാട്ടര്‍ബോഡിംഗ് സമ്പ്രദായമടക്കമുള്ള കഠിന പീഢനമുറകള്‍ക്ക് നിരവധി തവണ വിധേയനാക്കുകയും ബോധരഹിതനാകുവോളം കഠിനമര്‍ദ്ധനങ്ങള്‍ക്ക് വിധേയനാക്കിയെന്നും വ്യക്തമാണ്. പ്രസ്തുത സംഭവം നടക്കുന്നത് ബാഗ്ദാദ് ഇന്റര്‍നാഷണല്‍ ഏയര്‍പ്പോര്‍ട്ടിനടുത്ത് CIA ഒഫീഷ്യലുകളും ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്റ് എന്ന സൈനിക സംഘത്തന്റെയും മേല്‍നോട്ടത്തില്‍ അതീവ രഹസ്യ സ്വഭാവത്തില്‍ നടത്തപ്പെടുന്ന ‘നാമാ’ ക്യാമ്പില്‍വെച്ചാണെന്നാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും ബ്രിട്ടീഷ് പട്ടാളത്തിന് അവിടെ സുരക്ഷ ഗതാഗത സഹായങ്ങളൊരുക്കുക എന്ന ചുമതല മാത്രമാണുള്ളതെന്നും അമേരിക്കന്‍ പട്ടാളത്തിന്റെ പീഢനമുറകള്‍ക്ക് ബ്രിട്ടീഷ് പട്ടാളം വെറും ദൃക്‌സാക്ഷികള്‍ മാത്രമാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അടച്ചിട്ട ചേമ്പറുകള്‍
‘തടവുകാരെ പട്ടിക്കൂട് കണക്കെയുള്ള തുറുങ്കുകളിലാണ് പാര്‍പ്പിച്ചിരുന്നത്. അവര്‍ക്ക് ഇടക്കിടെ ഷോക്ക് നല്‍കി പീഢിപ്പിക്കാറുണ്ട്. ശബ്ദം അകത്ത് കടക്കാത്ത രീതിയിലുള്ള പ്രത്യേക കപ്പല്‍ കണ്ടെയ്‌നറുകളില്‍ വെച്ചാണ് ഇവരെ ചോദ്യം ചെയ്തിരുന്നതെന്ന് സംശയത്തിന്റെ പേരില്‍ പിടികൂടുന്ന കുറ്റവാളികളെ നാമാ ക്യാമ്പിലേക്ക് പിടികൂടി ഏല്‍പ്പിക്കാന്‍ ചുമതലപ്പെട്ട യുകെ-യു.എസ് സംയുക്ത ഫോഴ്‌സിലുണ്ടായിരുന്ന പട്ടാളക്കാരന്‍ വെളിപ്പെടുത്തുന്നു. ബാഗ്ദാദിന്റെ ഹൃദയഭാഗത്ത് നടത്തപ്പെടുന്ന ഈ പീഢനകേന്ദ്രത്തിന്റെ നടത്തിപ്പിന് ബ്രിട്ടനും പങ്കുണ്ടെന്ന വാര്‍ത്ത തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. എന്നാല്‍ കേവലം കാഴ്ചക്കാരന്‍ എന്നതിലപ്പുറം ഈ പീഢന പര്‍വങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഗുരുതരമായ പങ്കിനെക്കുറിച്ചാണ് റഹ്മത്തുല്ലയുടെ സംഭവങ്ങള്‍ നമ്മോട് പറയുന്നത്.

2004 ലാണ് റഹ്മത്തുല്ലയും അദ്ദേഹത്തിന്റെ ബിസിനസ് പാര്‍ട്ണര്‍ അമാനത്തുല്ല അലിയും ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലകപ്പെടുന്നത്. ആ നിമിഷം മുതല്‍ തന്നെ ബ്രിട്ടീഷ് ഒഫീഷ്യലുകളാല്‍ നിരവധി തവണ മര്‍ദിക്കപ്പെട്ടു. പിടികൂടി ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ അതിദാരുണമായി മര്‍ദിക്കപ്പെടുകയും ഒരു ജീവച്ഛവം കണക്കെയാണ് ക്യാമ്പിലേക്ക് എത്തിപ്പെട്ടതെന്നും അദ്ദേഹം ഓര്‍ക്കുന്നു. നാമാ ക്യാമ്പില്‍ വെച്ചുള്ള ഭീതിജനകമായ പീഢനമുറകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ബ്രിട്ടീഷ് ഒഫീഷ്യലുകളായിരുന്നുവെന്ന് റഹ്മത്തുള്ള കൃത്യമായി ഓര്‍ക്കുന്നു. അവശനാകുവോളം മര്‍ദിച്ച ശേഷം ഒരു ട്രക്കിന്റെ പിന്നില്‍ കെട്ടി ക്യാമ്പിലൂടെ വലിച്ചിഴക്കുകയും ശേഷം വലിയ ഇനം നായ്ക്കളുള്ള ഒരു കൂട്ടിലേക്ക് എറിയപ്പെടുകയും ചെയ്തു. ഇരുപത് മിനിറ്റോളം അവക്ക് കടിച്ചുപറിക്കാന്‍ വിട്ടുകൊടുത്തു. പിന്നീട് അവയെ കെട്ടിയിട്ട് പട്ടാളക്കാര്‍ വന്ന് ക്രൂരമായി മര്‍ദിച്ചു. ഇത് മണിക്കൂറുകളോളം നിരവധി തവണ തുടര്‍ന്നു. ഈ പരാക്രമങ്ങള്‍ക്ക് ശേഷവും ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ ഓരോ മീറ്റര്‍ വീതിയും നീളവുമുള്ള കൂടുകളില്‍ നഗ്നനാക്കി അടച്ചു, കൈകള്‍ തലക്കുപിന്നില്‍ കെട്ടിയിട്ട് ശക്തിയായി മര്‍ദ്ധിക്കപ്പെട്ടു. പട്ടാളക്കാര്‍ ഇടക്കിടെ തണുത്ത വെള്ളം കൊണ്ടുവന്ന് ഒഴിക്കുകയും തണുത്തു മരവിക്കുന്നതു വരെ ശീതീകരിച്ച മുറികളില്‍ പിടിച്ചിടുകയും ചെയ്തു.

ചോദ്യ വിസ്താര വേളകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ബ്രിട്ടീഷ് ഒഫീഷ്യലുകളാണ് എന്ന് സ്വയം വെളിപ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ പലപ്പോഴും ബോധരഹിതനാകുവോളം മര്‍ദിക്കപ്പെട്ടു. പലപ്പോഴും റഹ്മത്തുള്ള വാട്ടര്‍ബോഡിംഗിന് വിധേയനായി. അദ്ദേഹത്തിന്റെ കൈ പിന്നീലേക്ക് ബന്ധിച്ച് വെള്ളം നനച്ച തുണികൊണ്ട് വായും മൂക്കുമടക്കം മൂടിക്കെട്ടി. ശ്വാസം മുട്ടി വിഭ്രാന്തിയിലകപ്പെടുവോളം ഇത് തുടര്‍ന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പട്ടാളം മര്‍ദനങ്ങള്‍ അവസാനിപ്പിച്ച് റഹ്മത്തുള്ളയെ യു.എസ് പട്ടാളത്തിന് കൈമാറി. അവര്‍ അദ്ദേഹത്തെ നിയമവിരുദ്ധമായി ഇറാഖില്‍ നിന്ന് കടത്തുന്നതിന് മുമ്പ് കിരാതമായ ‘അബൂഗുറൈബ്’ ജയിലിലേക്കാണ് മാറ്റിയത്. ആദ്യം പിടിക്കപ്പെട്ടപ്പോള്‍ റഹ്മത്തുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് ഒരു അമേരിക്കന്‍ ഒഫീഷ്യല്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹത്തോട് വെളിപ്പെടുത്തി. തുടര്‍ന്ന് പത്തുവര്‍ഷത്തോളം വിചാരണയോ അഭിഭാഷകരോ ഇല്ലാതെ അഫ്ഗാനിലെ അമേരിക്കയുടെ ‘ബഗ്‌റം’ തുറുങ്കിലായിരുന്നു.
 
സത്യം കുഴിച്ചുമൂടപ്പെടുന്നു
മനസ്സിനെ വേദനിപ്പിക്കുന്നതിനേക്കാള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ് റഹ്മത്തുല്ലയുടെ ഈ അനുഭവം. സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച അഭിഭാഷകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഇടപെടലുകളോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വീകരിച്ച സമീപനം. ഇന്ന് നിയമത്തിന്റെ നൂലാമാലകളില്‍ കെട്ടിയിടലും തെറ്റായ വിവരങ്ങള്‍ കൈമാറലുകളുമാണ് ബ്യൂറോക്രസിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടാതെ നില്‍ക്കുന്ന ദേശസുരക്ഷാസംബന്ധിയായ ചില ഭാഗങ്ങളുണ്ട്. ഈ നിയമവശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തരം രേഖകള്‍ പുറത്തുവിടുന്നത് ഗവണ്‍മന്റ് തടയുന്നത്. റഹ്മത്തുല്ലയുടെ കേസ് സംബന്ധിയായ രേഖകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളും ഭരണകൂടത്തില്‍ കാര്യമായി നടന്നെങ്കിലും റഹ്മത്തുല്ലയുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് അദ്ദേഹത്തിനേല്‍ക്കേണ്ടിവന്ന പീഢനങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റും പങ്കാളികളാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞു.

2014 നവംബറില്‍ ബ്രിട്ടീഷ് ഹൈക്കോടതി ജസ്റ്റിസ് ജസ്റ്റിസ് ലഗ്ഗാട്ട് വിധി പുറപ്പിടുവിച്ചു കൊണ്ട് പ്രസ്താവിക്കുന്നു: ‘വിവരാവകാശം രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന കാരണം പറഞ്ഞ് ഇത്തരം ഒരു കേസ് പരിഗണിക്കാതിരിക്കുന്നതിലൂടെ ഭരണഘടനാപരമായ ബാധ്യതകളില്‍ നിന്ന് പിന്‍വാങ്ങുകയാണ് യു.കെ ഹൈക്കോടതി ചെയ്യുന്നത്.’ മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ കേസില്‍ വാദം കേള്‍ക്കുകയാണെങ്കില്‍ അത് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കും എന്ന വാദം അനുവദിക്കാന്‍ കഴിയാത്തതാണ്. മറിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് ചെയ്യേണ്ടത് ആ കേസില്‍ ഒരു ഹരജിയെക്കുറിച്ച് ആലോചിക്കലാണ്.

ഈ വിധിയോട് പ്രതികരിച്ചുകൊണ്ട് റഹ്മത്തുല്ലയുടെ വക്കീലും ‘Riprive’ ന്റെ ലീഗല്‍ ഡയറക്ടറുമായ കാറ്റ് ക്രൈഗ് പറയുന്നു: ‘ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറ്റു ഇരകളെപ്പോലെത്തന്നെ റഹ്മത്തുല്ലയുടെ കേസിലും സത്യം ഒരു ദിവസം മറനീക്കി പുറത്തുവരുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. അതുതന്നെയാണ് നീതിയുടെ താല്‍പര്യം. അദ്ദേഹത്തിന്റെ വേദനാജനകമായ ഈ കഥ വെളിച്ചം കാണുന്നത് തടയാനും അദ്ദേഹത്തെ നിശബ്ദനാക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ യു.കെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.’

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ വാട്ടര്‍ബോഡിംഗ് അടക്കമുള്ള പേക്കൂത്തുകളെ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുതുടങ്ങും തോറും തങ്ങള്‍ ഈ സംഭവങ്ങളില്‍ ഞെട്ടിപ്പോയി എന്നതരത്തിലുള്ള അവകാശവാദങ്ങളാണ് ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നുവന്നത്. ഇത് അവരുടെ ഇരട്ടമുഖം വ്യക്തമാക്കുകയാണ് ചെയ്തത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ കെനിയ മുതല്‍ നോര്‍ത്ത് ഐലന്റ് വരെയുള്ള ഭാഗങ്ങളിലുടനീളം അരങ്ങേറിയ സംഘര്‍ഷങ്ങളില്‍, പീഢനങ്ങളിലും മര്‍ദനങ്ങളിലും മുഴുകിക്കൊണ്ടിരുന്ന ബ്രിട്ടന്‍, തങ്ങളിതൊക്കെ ചെയ്യുന്നത് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരിലാണെന്ന ധാരണ സൃഷ്ടിച്ച് കൊണ്ടിരുന്നു.

കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിധ്വനികള്‍ മറനീക്കി പുറത്തുവരുന്നതിനെ തടയാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുഴുകിക്കൊണ്ടിരിക്കുന്നത്. സത്യം കണ്ടെത്തുമെന്ന് തീരുമാനിച്ചുറപ്പിച്ച മനസ്സും ചരിത്രത്തില്‍ കള്ളം ചേര്‍ക്കാന്‍ സമ്മതിക്കുകയില്ല എന്ന ശാഠ്യവുണ്ടെങ്കില്‍ മാത്രമേ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ നടത്തപ്പെടുന്ന ഇത്തരം വിധ്വസംക പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളൂ.

മൊഴിമാറ്റം: അസ്ഹര്‍ എ.കെ

Related Articles