Current Date

Search
Close this search box.
Search
Close this search box.

നാദാപുരത്തെ രോദനങ്ങള്‍ ഉണര്‍ത്തുന്ന ചിന്ത

നാദാപുരം സന്ദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴുണ്ടായിരുന്ന ധാരണയെ തിരുത്തിക്കുറിക്കുന്നതായിരുന്നു അവിടെ കണ്ട കാര്യങ്ങള്‍. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഭീകരവും ദൈന്യവുമായ നിമിഷങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി അമീര്‍ ആരിഫലി സാഹിബിന്റെ നേതൃത്വത്തിലുളഅള ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന അഡ്വക്കറ്റ് പി.എ പൗരനും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയും പി.കെ. ഗോപിയും ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും ബി.എം സുഹറയും കെ.ടി. സൂപ്പിയും മുജീബുറഹ്മാന്‍ സാഹിബും എന്‍.എം അബ്ദുറഹ്മാനും ഖാലിദ് മൂസാ നദ്‌വിയും സമദ് കുന്നക്കാവും ശിഹാബ് പൂക്കോട്ടൂരും സഫിയ അലിയും റുക്‌സാനയുമെല്ലാം പല ദൃശ്യങ്ങളുടെയും മുന്നില്‍ പകച്ചും വിറങ്ങലിച്ചും നില്‍ക്കുകയുണ്ടായി. മുപ്പതിലേറെ വീടുകളും അവയിലുള്ളതുമെല്ലാം പൂര്‍ണമായും നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. നാല്‍പതിലേറെ വീടുകള്‍ ഭാഗികമായും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാം നടന്നത് പകല്‍സമയത്താണ്. പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും തിരിഞ്ഞു നോക്കിയതും പോലുമില്ല. രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും നിരന്തരം വിളിച്ചുവെങ്കിലും ഒരു ഫലവുമുണ്ടായില്ല. കേരളത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളുമുള്ള പോലീസ് സ്‌റ്റേഷനാണ് നാദാപുരത്തേത്. എല്ലാം നടക്കട്ടെ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. നേരില്‍ കാണാനാവാത്ത ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത വിധം ഭീകരമാണ് സംഭവം.

ഇതിന്റെ പിന്നിലെ കാരണങ്ങള്‍ ഇവയാണ്:
1) അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുറ്റവാളികളെ രക്ഷിക്കുന്നതാണ് പ്രശ്‌നങ്ങളുടെ മര്‍മം. ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിരവധി കേസിലെ പ്രതിയാണ്. ഗുണ്ടാലിസ്റ്റിലുള്ളവനാണ്. അയാളെ രക്ഷപ്പെടുത്താന്‍ എപ്പോഴും മുന്നില്‍ നിന്ന മുസ്‌ലിം ലീഗാണ് ഈ സംഭവങ്ങളുടെ മുഖ്യ കാരണം. ഇനിയും പ്രതികളെ രക്ഷപ്പെടുത്താന്‍ സാമൂഹ്യദ്രോഹികള്‍ രംഗത്ത് വരാനാണ് സാധ്യത.
2) അണികളെ തീര്‍ത്തും വര്‍ഗീയ വല്‍കരിക്കുകയും ഏത് നിമിഷവും കൊള്ളക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ഹിംസക്കും ആവശ്യമായ സകലതും ഒരുക്കിവെക്കുകയും പൈശാചികമായും ക്രൂരമായും ധാര്‍ഷ്ട്യത്തോടെയും അത് ഉപയോഗപ്പെടുത്തി കൊള്ളയും കൊള്ളിവെപ്പും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തിയ സി.പി.എം ആണ് മാപ്പര്‍ഹിക്കാത്ത ഹീനവൃത്തികള്‍ സംഘടിപ്പിച്ചത്.
3) എല്ലാറ്റിലുമുപരി ഇതിനൊക്കെ വഴിയൊരുക്കിയ പോലീസും സര്‍ക്കാറുമാണ് മുഖ്യപ്രതി. ജനങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വും നല്‍കേണ്ട ഭരണകൂടവും നിയമപാലകരും എല്ലാം നോക്കിനില്‍ക്കുകയായിരുന്നു.

ഇതിന് എന്നേക്കുമായി അറുതിവരുത്താന്‍ ചെയ്യേണ്ട അനിവാര്യമായ ചില കാര്യങ്ങള്‍:
1) കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുക. ഒത്തുതീര്‍പ്പിന്റെ പേരില്‍ കേസുകള്‍ പിന്‍വലിക്കുകയോ നിര്‍ജീവമാക്കുകയോ കുറ്റവാളികളെ രക്ഷിക്കാന്‍ വഴിയൊരുക്കുകയോ അരുത്. ഒത്തുതീര്‍പ്പ് കുറ്റവാളികളെ കഠിനമായി ശിക്ഷിക്കാനായിരിക്കണം.
2) ഷിബിന്റെ കുടുംബത്തിനും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക.
3) സ്ഥിരം സൗഹൃദവേദി ഉണ്ടാക്കുക. എല്ലാ പാര്‍ട്ടികളിലെയും മതസംഘടനകളിലെയും മനുഷ്യത്വമുള്ളവര്‍ നേതൃത്വം നല്‍കുന്നതായിരിക്കണം ഇത്. നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ നിരന്തര ശ്രമത്തിലേര്‍പ്പെടുക. പ്രശ്‌ന സാധ്യതകള്‍ മണത്തറിഞ്ഞ് അതുണ്ടാവാതിരിക്കാന്‍ നേതൃത്വം നല്‍കുക. ഇടക്കിടെ സൗഹൃദ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് പരസ്പര ബന്ധം മെച്ചപ്പെടുത്തുക.
4) വളരുന്ന തലമുറയില്‍ സൗഹാര്‍ദവും സഹിഷ്ണുതയും വളര്‍ത്താന്‍ സ്‌കൂളുകളില്‍ മതനേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ ശ്രമങ്ങള്‍ സംഘടിപ്പിക്കുക.

ഗള്‍ഫ് മലയാളികളോട് വിനയപൂര്‍വം..
1) നിങ്ങളുടെ ആശ്രിതരെയും കുടുംബങ്ങളെയും നിങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കുമെന്ന് പറഞ്ഞ് പിരിവിന് വരുന്നവരുടെയും നിങ്ങളെ സംഘടിപ്പിക്കാനെത്തുന്നവരുടെയും നേരെ വാതില്‍ കൊട്ടിയടക്കുക. ഒരു പൈസയും അത്തരക്കാര്‍ക്ക് കൊടുക്കാതിരിക്കുക. ആരും നിങ്ങളെ സംരക്ഷിക്കുകയില്ലെന്നതിന് നാദാപുരം സാക്ഷി.
2) റിലീഫ് പ്രവര്‍ത്തനത്തിന് സഹായം ചോദിച്ചു വരുന്നവരോട് സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ പറയുക.
3) ഇതും ഇതുപോലുള്ളവയും സമ്പാദ്യമാര്‍ഗമാക്കുന്ന ആര്‍ക്കും സഹായം നല്‍കാതിരിക്കുക. നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ അത് നേര്‍ക്കുനേരെ എത്തിക്കുക. അല്ലെങ്കില്‍ വിശ്വസ്ഥരെ മാത്രം ഏല്‍പ്പിക്കുക.
4) മയ്യിത്തിന്റെ കഫന്‍ പുടവ അഴിച്ചെടുക്കുന്ന ഹീനജന്തുക്കളെ പോലെ കലാപങ്ങളെ നോട്ടും വോട്ടുമാക്കി മാറ്റുന്നവരെ മാറ്റിനിര്‍ത്തുക.

Related Articles