Current Date

Search
Close this search box.
Search
Close this search box.

നാം വിചാരണ ചെയ്യേണ്ടത് നമ്മെയാണ്

സല്‍കര്‍മങ്ങളും ഇബാദത്തുകളുമായി ദൈവമസാമീപ്യം തേടുന്ന മനുഷ്യരില്‍ അനിവാര്യമായും ഉണ്ടാകേണ്ട വിശേഷണമാണ് ആത്മവിചാരണ. ഐഹിക ലോകത്ത് ഇത്തരത്തില്‍ ആത്മവിചാരണയിലേക്ക് നടന്നടുക്കുന്നവര്‍ക്ക് പാരത്രിക ലോകത്ത് ലഘുവായ വിചാരണ മാത്രമേ അഭിമുഖീകരിക്കേണ്ടതുള്ളൂ. സത്യനിഷേധികളുടെ അവസ്ഥയെ ഖുര്‍ആന്‍ ചിത്രീകരിക്കുന്നു. ‘കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: ‘അയ്യോ, ഞങ്ങള്‍ക്കു നാശം! ഇതെന്തൊരു കര്‍മരേഖ! ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ. അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല.’ (അല്‍കഹ്ഫ്: 49). ‘അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.’ (അല്‍മുജാദല : 6)

ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നു: ഒരു അടിമ അവന്റെ കാഴ്ചയെയും കേള്‍വിയെയും ഹൃദയവിചാരങ്ങളെയും സംബന്ധിച്ച് ഉത്തരവാദിത്തം ബോധിപ്പിക്കേണ്ടവനാണെങ്കില്‍ (അല്‍ ഇസ്രാഅ് 36) അവന്‍ അനിവാര്യമായും യഥാര്‍ഥ വിചാരണ അഭിമുഖീകരിക്കുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തേണ്ടതുണ്ട്. ഇതിന് പ്രേരിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ നമുക്ക് കാണാം.’

അബൂബക്കര്‍(റ) വിവരിക്കുന്നു. അല്ലാഹുവിന്റെ വിഷയത്തില്‍ സ്വന്തത്തെ വെറുക്കുന്നവന് അല്ലാഹു അവന്റെ കോപത്തില്‍ നിന്ന് നിര്‍ഭയത്വം നല്‍കും’.
ഉമര്‍(റ) പറയുന്നു. ‘നിങ്ങള്‍ നിങ്ങളെ വിചാരണ ചെയ്യുക; യഥാര്‍ഥ വിചാരണക്ക് മുമ്പെ, നിങ്ങള്‍ സ്വന്തം കര്‍മങ്ങളെ അളന്നു നോക്കുക; യഥാര്‍ഥ കണക്കെടുപ്പിന് മുമ്പ്, ഐഹികലോകത്ത് സ്വയം വിചാരണയിലേര്‍പ്പെട്ടവനായിരിക്കും ഏറ്റവും ലഘുവായ വിചാരണ പാരത്രിക ലോകത്തുണ്ടാകുക.’
സഅദി വിവരിക്കുന്നു: നഫ്‌സുല്ലവ്വാമയെ പറ്റി അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു. മനുഷ്യവിജയത്തിന്റെ യഥാര്‍ഥ നിദാനം വിശ്വസമാണ്, മാത്രമല്ല അതില്‍ വരുന്ന ദൗര്‍ബല്യങ്ങളില്‍ നിരന്തരമായി തന്റെ ആത്മാവിനെ അവന്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.

ഒരു കച്ചവടക്കാരന്‍ ദിനേന വരവ് ചിലവുകള്‍ തിട്ടപ്പെടുത്തി കച്ചവടം വിജയകരമായി മുന്നോട്ട് പോകാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതായി കാണാം. പാരത്രിക വിജയം ലാഭകരമാകണമെങ്കില്‍ സത്യവിശ്വാസികള്‍ ഐഹിക വിജയത്തില്‍ തന്നെ ജീവിതത്തെ കണക്കുകൂട്ടി ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിന്റെ പ്രാധാന്യത്തെപറ്റി അല്ലാഹു വിശ്വാസികളെ ഉണര്‍ത്തുന്നതായി കാണാം. ‘വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കലാണത്. നിങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യലും. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. എങ്കില്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരും. താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും. സ്ഥിരജീവിതത്തിനായൊരുക്കിയ സ്വര്‍ഗീയാരാമങ്ങളിലെ വിശിഷ്ടമായ വാസസ്ഥലങ്ങളില്‍ അവന്‍ നിങ്ങളെ പ്രവേശിപ്പിക്കും. ഇതത്രെ അതിമഹത്തായ വിജയം'(അസ്വഫ്ഫ്: 12).

എല്ലാ കര്‍മങ്ങളിലും ഇഹ്‌സാന്‍ ഉണ്ടാകണമെന്നാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ വീക്ഷിക്കുന്നു എന്ന ബോധത്തോടെ ആത്മവിചാരണയിലൂന്നി കര്‍മങ്ങള്‍ അനുഷ്ടിക്കലാണ് ഇഹ്‌സാന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. അതിനാല്‍ തന്നെ ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് സത്യവിശ്വാസി തന്റെ കര്‍മങ്ങളെ കുറിച്ച് സൂക്ഷമമായി വിചാരണ ചെയ്യേണ്ടതുണ്ട്. വീഴ്ചകള്‍ പരിഹരിച്ച് ക്രിയാത്മകമായ ജീവിതം നയിക്കാന്‍ അത് സഹായകമാകും. ആത്മവിചാരണയിലൂടെ താന്‍പോരിമ, പൊങ്ങച്ചം തുടങ്ങിയ മനസ്സിന്റെ ന്യൂനതകള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles