Current Date

Search
Close this search box.
Search
Close this search box.

‘നല്ലവനായ’ അക്ബറിനും ഇന്ത്യയില്‍ ഇടമില്ല

akabar-emper.jpg

2015 ആഗസ്റ്റില്‍, ന്യൂഡല്‍ഹിയിലെ ‘ഔറംഗസേബ് റോഡ്’ ‘എ.പി.ജെ അബ്ദുല്‍ കലാം റോഡ്’ ആയി ഭാരതീയ ജനതാ പാര്‍ട്ടി പുനഃനാമകരണം ചെയ്യുകയുണ്ടായി. ഔറംഗസേബ് നല്ല ഒരു മനുഷ്യനല്ലാത്തതായിരുന്നത്രെ കാരണം. അഥവാ അങ്ങനെയാണ് നമ്മുടെ ഒട്ടുമിക്ക ജനകീയ ഇന്ത്യന്‍ ചരിത്രത്തിന്റെയും പോക്ക്. അമുസ്‌ലിംകള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിവേചനപരമായ നയങ്ങളും, ശുദ്ധമതത്തോടുള്ള അദ്ദേഹത്തിന്റെ അനുകൂല നിലപാടുമൊക്കെയാണ് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്. അമുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നികുതി, ക്ഷേത്ര ധ്വംസനം, സംഗീതം നിരോധിച്ച നടപടി തുടങ്ങിയവ ഉദാഹരണം. ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ ഔറംഗസേബിന്റെ ചിത്രം വളരെയധികം ഭയാനകം തന്നെയാണ്. ഹിന്ദുത്വ സൈദ്ധാന്തികര്‍ മാത്രമല്ല, മറിച്ച് ലിബറലുകളും, ചില ഇടതുപക്ഷക്കാരുമടക്കമുള്ളവര്‍ പോലും ഔറംഗസേബിന്റെ നാമം നീക്കം ചെയ്യുന്നതിനെ ശക്തമായി അനുകൂലിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍, ഔറംഗസേബിന് ശേഷം, ലൂട്ട്‌യന്‍സ് ഡല്‍ഹിയിലെ മറ്റൊരു തെരുവായ ‘അക്ബര്‍ റോഡ്’-ലാണ് ബി.ജെ.പി കണ്ണ് വെച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച, പ്രസ്തുത റോഡിന് ‘മഹാറാണാ പ്രതാപ് സിംഗ് റോഡ്’ എന്ന് പേരിടമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കൊണ്ട് വിദേശകാര്യ മന്ത്രി വി.കെ സിംഗ് രംഗത്ത് വന്നിരുന്നു. 1576-ലെ ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ മഹാറാണാ പ്രതാപ് സിംഗിനെ അക്ബറിന്റെ സൈന്യം കീഴടക്കിയിരുന്നു. വി.കെ സിംഗ് ഒറ്റക്കല്ല രംഗത്തുള്ളത്. ഹരിയാനയുടെ ബി.ജെ.പി മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍, പാര്‍ലമെന്റഗം സുബ്രമണ്യന്‍ സ്വാമി എന്നിവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ വക്താവ് ശൈന ചുഡാസമ പെട്ടെന്നുള്ള ആവേശത്താല്‍ അക്ബര്‍ ഹിറ്റലറിനെ പോലെയാണെന്ന് വരെ പ്രസ്താവിച്ച് കളഞ്ഞു.

മുഖ്യധാരാ മുഗള്‍ ചരിത്രത്തിലെ ഖാബീലും ഹാബീലുമാണ് ഔറംഗസേബും അദ്ദേഹത്തിന്റെ പിതാമഹന്‍ ജലാലുദ്ദീന്‍ അക്ബറും. ഔറംഗസേബ് അധിക്ഷേപത്തിന് ഇരയായപ്പോഴും, ഇന്ത്യ എന്ന ആശയത്തിന്റെ മൂര്‍ത്തരൂപമായി അക്ബര്‍ തിളങ്ങിനില്‍ക്കുന്നുണ്ട്: വിശാലമനസ്‌കനനായ, സര്‍വ്വസമ്മതനായ ആ ഭരണാധികാരി, ഉപഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗത്തെ ഒരു കൊടിക്കൂറക്ക് കീഴില്‍ ഐക്യത്തോടെ അണിനിരത്തി. കൂടാതെ അദ്ദേഹമൊരു മുസല്‍മാനും കൂടിയായിരുന്നു. എന്നാല്‍ ഇന്ന്, രാജ്യത്തിന്റെ ചരിത്ര പുരുഷന്‍മാരുടെ നിരയില്‍ ഒരു മുസല്‍മാന് തന്റെ സ്ഥാനം അവകാശപ്പെടാന്‍ പ്രായോഗികമായി കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. അതിനി നിങ്ങള്‍ ഈ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ചക്രവാര്‍ത്തിയായാല്‍ പോലും നടക്കാന്‍ പ്രയാസമാണ്.

ഹിന്ദുക്കളായ രജപുത്രന്‍മാരുമായി അക്ബര്‍ സഖ്യത്തിലേര്‍പ്പെട്ടിരുന്നു. അവരായിരുന്നു അദ്ദേഹത്തിന്റെ സൈന്യത്തിന്റെ നെടുന്തൂണ്‍. ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ പോലും രജപുത്രനായ മാന്‍ സിംഗിനെയാണ് അക്ബര്‍ തന്റെ സൈന്യത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഈ മാന്‍ സിംഗിന്റെ പേരില്‍ ഡല്‍ഹിയില്‍ റോഡുണ്ട്. മതപരമായ മുന്‍ധാരണകള്‍ വളരെ ശക്തമായിരുന്ന സമയത്തും മതതത്വശാസ്ത്രപരമായ സംവാദങ്ങള്‍ അക്ബര്‍ ചക്രവര്‍ത്തി സംഘടിപ്പിച്ചിരുന്നു. ജാതിയുടെ പേരില്‍ പരസ്പരം തൊടാന്‍ പോലും ഭയപ്പെടുകയും, സഹജീവികളില്‍ ഭൂരിഭാഗവും പൂര്‍ണ്ണമനുഷ്യരല്ലെന്ന് ‘മേല്‍’ ജാതികള്‍ കരുതുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. ഔദ്യോഗിക ഇസ്‌ലാം മതം ഉപേക്ഷിച്ച്, ദീനെ ഇലാഹി എന്ന പേരില്‍ പുതിയൊരു മതം സ്ഥാപിച്ച ആളാണ് ജലാലുദ്ധീന്‍ അക്ബര്‍. ഇത് മുസ്‌ലിം പണ്ഡിതരെ ചൊടിപ്പിച്ചിരുന്നു. ഈ ഒരു രോഷം, യഥാസ്ഥിക മുസ്‌ലിംകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.

സ്വോച്ഛാധിപതി മുദ്ര ചാര്‍ത്തികൊടുത്തു കൊണ്ടാണ് ഔറംഗസേബിന്റെ പേര് നീക്കം ചെയ്യണമെന്ന് ആരവത്തോടെ കൊട്ടിഘോഷിക്കുന്നത്. പക്ഷെ, അത്രമേല്‍ ഉദാരവാദിയായിട്ട് പോലും, എന്തുകൊണ്ടാണ് ഇന്ന് അക്ബര്‍ വേട്ടയാടപ്പെടുന്നത്?

ഉത്തരം വളരെ ലളിതമാണ്: അക്ബര്‍ റോഡും ഇല്ലാതാക്കണമെന്ന ശക്തമായ ആവശ്യം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്, അതായത് ഔറംഗസേബിന്റെ പേര് നീക്കംചെയ്തതിന് പിന്നില്‍ ഔറംഗസേബിന്റെ സ്വഭാവസവിശേഷതക്ക് കാര്യമായ പങ്കൊന്നും തന്നെയില്ല. അക്ബറിനും ഔറംഗസേബിനും ഇടയില്‍ കൊളോണിയല്‍ ശക്തികള്‍ ഉണ്ടാക്കി വെച്ച ചരിത്രപരമായ തരംതിരിവുകള്‍ തെറ്റാണെന്ന് ആധുനിക പണ്ഡിതര്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രപുരുഷന്‍മാരുടെ കൂറ്റന്‍ കാര്‍ഡ്‌ബോര്‍ഡ് കട്ടൗട്ടുകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് അക്ബറും ഔറംഗസേബും ഒരു വിഷയമേ അല്ല; ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഒരു മുസ്‌ലിം ഭരണാധികാരിക്കും ജനകീയ ചരിത്ര സങ്കല്‍പ്പത്തില്‍ ഇടമില്ല.

ബി.ജെ.പിയുടെ കുറച്ച് നേതാക്കള്‍ ചേര്‍ന്ന് ഇപ്പോള്‍ ഉണ്ടാക്കിയ ഒന്നല്ല അക്ബറിന് നേര്‍ക്കുള്ള വെറുപ്പ് എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. യഥാര്‍ത്ഥത്തില്‍ വളരെ വ്യാപകമായുള്ള ഒന്നാണത്. മുസ്‌ലിംകളെ അന്യരായി കാണുന്ന സവര്‍ക്കറൈറ്റ് ഹിന്ദുത്വ ദേശീയതയുടെ വളര്‍ച്ചക്കനുസരിച്ചാണ് അത് വ്യാപിക്കുന്നത്. ചരിത്രപരമായ തെളിവുകള്‍ക്ക് വിരുദ്ധമായി, അക്ബറിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമായ ആഖ്യാനങ്ങളില്‍ ഭൂരിഭാഗവും അക്ബര്‍ ഒരു മതാന്തനായ സ്വോച്ഛാധിപതി ആയിരുന്നു എന്നാണ് പറഞ്ഞു വെക്കുന്നത്. ഇതിനേക്കാള്‍ കഷ്ടമെന്താണെന്നാല്‍, ഹിന്ദി സംസാരിക്കുന്നവര്‍ക്കിടയിലെ പ്രമുഖ കഥപറച്ചിലുകാരി ഏക്താ കപൂര്‍ അവതരിപ്പിച്ചിരുന്ന ഒരു ടെലിവിഷന്‍ ഷോയില്‍ അക്ബറിനെ വളരെ മോശമായാണ് ചിത്രീകരിച്ചിരുന്നത്.

1947 മുതല്‍ക്ക് ഇന്ത്യയില്‍ രാഷ്ട്രീയമായി അസ്പൃശ്യനാണ് അക്ബര്‍. അത്രത്തോളം ശക്തനായിരുന്നിട്ട് കൂടി അക്ബറിനെ അധികമൊന്നും ഇന്ത്യന്‍ തെരുവുകള്‍ക്ക് അറിയില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെടുന്നവക്കെല്ലാം ശിവാജി, റാണാ പ്രതാപ് മുതലായ ഹിന്ദു ഭരണാധികാരികളുടെ പേരിടാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. ഇവരേക്കാള്‍ എത്രയോ മടങ്ങ് ശക്തനായിരുന്ന അക്ബറിന്റെ അസാന്നിധ്യം സംശയമുണര്‍ത്തുന്നത് തന്നെയാണ്. അക്ബറിന്റെ പേര് വെച്ച ഒരു റോഡോ, റൗണ്ട്എബൗട്ടോ, എയര്‍പ്പോര്‍ട്ടോ, മ്യൂസിയമോ ഇന്ത്യയില്‍ കാണാന്‍ കഴിയില്ല. തന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു പരമാധികാര രാഷ്ട്രം കെട്ടിപടുത്ത ആ മനുഷ്യന്റെ ഒരു അശ്വാരൂഢ പ്രതിമ പോലും ഇന്ത്യയില്‍ എവിടെയും കാണാന്‍ കഴിയില്ല. (ഈ ചര്‍ച്ചയുടെ കേന്ദ്ര വിഷയമായ ‘അക്ബര്‍ റോഡ്’ എന്ന നാമം ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ഏഴ് നഗരങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാവണം പുതിയ തലസ്ഥാന നഗരിയെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നു.)

മഹാറാണ പ്രതാപ് വളരെ നല്ല രീതിയില്‍ തന്നെ ഓര്‍മിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ കോല്‍ക്കത്തയില്‍ ഒരു പാര്‍ക്കുണ്ട്, മുംബൈയില്‍ ഒരു ചൗക്കുണ്ട്, ലക്‌നൗവില്‍ ഒരു റോഡുമുണ്ട്. ഉദയ്പൂരിലെ വിമാനത്താവളത്തിനും, ദല്‍ഹിയിലെ അന്തര്‍സംസ്ഥാന ബസ് ടര്‍മിനലിനും റാണ പ്രതാപിന്റെ പേരാണ് ഇട്ടിരിക്കുന്നത്. ഇന്ത്യയില്‍ അങ്ങിങ്ങായി പ്രതാപിന്റെ അശ്വാരൂഢ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് മധ്യകാല ഭരണാധികാരികളുടെ അശ്വാരൂഢ പ്രതിമകളില്‍ ഒന്ന് മഹാറാണ പ്രതാപിന്റേതാണ്. രഞ്ജിത്ത് സിംഗ്, ശിവാജി എന്നിവരാണ് മറ്റു രണ്ടു പേര്‍. ഒരു ചെറിയ ഭൂപ്രദേശത്തിന്റെ ഭരണാധികാരിയായി മഹാറാണ പ്രതാപ് വാഴുന്ന സമയത്താണ് അദ്ദേഹത്തെ അക്ബര്‍ നിഷ്പ്രയാസം കീഴടക്കിയത്. മുഗളന്‍മാരിലും, ബ്രിട്ടീഷ് രാജിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ജലാലുദ്ധീന്‍ അക്ബര്‍ എന്ന ശക്തനായ ഭരണാധികാരിയുടെ സാമ്രാജ്യത്തിന്റെ സ്വാധീനം, മറിച്ച് ആധുനിക ഇന്ത്യയെ അത് മൊത്തത്തില്‍ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്.

തെറ്റുകളുടെ പേരില്‍ അക്ബറും ഔറംഗസേബും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍, (ആധുനിക മൂല്യങ്ങളും, മധ്യകാല മൂല്യങ്ങളും വളരെ വ്യത്യസ്തമാണെന്ന കാര്യം ഓര്‍ക്കുക) മഹാറാണ പ്രതാപിനെ കുറിച്ച് ആരുമൊന്നും മിണ്ടാറില്ല. ക്ഷേത്ര ധ്വംസനം ചൂടുള്ള ചര്‍ച്ചാ വിഷയമാകുമ്പോള്‍, തൊട്ടുകൂടായ്മയും, ജാതീയമായ ഉച്ചനീചത്വങ്ങളും നിശ്ബ്ദമായി വിസ്മരിക്കപ്പെടുന്നു. ഹിന്ദുക്കളെ മുഗളന്‍മാര്‍ കൈകാര്യം ചെയ്തിരുന്ന രീതിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ വാഗ്വാദങ്ങള്‍ നടത്തുന്നവര്‍, ദളിതുകളെ രജപുത്രന്‍മാര്‍ കൈകാര്യം ചെയ്തിരുന്ന രീതിയെ കുറിച്ച് ഒരക്ഷരം മിണ്ടാറില്ല. 21-ാം നൂറ്റാണ്ടിലെ മൂല്യങ്ങള്‍ ഉപയോഗിച്ച്, 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരണാധികാരികളുടെ ചെയ്തികള്‍ക്ക് വിധി പറഞ്ഞാല്‍, നല്ലവരായി അവരില്‍ ആരും തന്നെ ഉണ്ടാവില്ല.

ഇന്ത്യ തെരഞ്ഞെടുത്ത പ്രതിരൂപങ്ങളുടെ വ്യക്തിഗുണങ്ങള്‍ അപ്രസക്തമാണ് – അവരുടെ മതം തന്നെയാണ് അതില്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. പാകിസ്ഥാന്റെ ഒരു പ്രതിബിംബമായി മാറുന്ന തരത്തിലേക്കാണ് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നത്. ജനകീയ ചരിത്രപുരുഷന്‍മാരുടെ നിരയില്‍ അമുസ്‌ലിംകള്‍ക്ക് ഇടം നല്‍കാന്‍ പാകിസ്ഥാന്റെ മുസ്‌ലിം ദേശീയത ഒരുക്കമല്ല. സിന്ധിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം മുതല്‍ക്കാണ് ആ രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അതിന് മുമ്പ് ലാഹോറിലെ രഞ്ജിത്ത് സിംഗിനെ പോലുള്ള ഭരണാധികാരികള്‍ അവിടം ഭരിച്ചിരുന്നു, അതുപോലെ ഇസ്‌ലാമിന് മുമ്പ് സമ്പന്നമായ ഒരു ബുദ്ധപാരമ്പര്യം ആ പ്രദേശത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രഭൂമികയില്‍ വളരെ വലിയ സ്ഥാനമുള്ള ഒരാളാണ് ശഹീദ് ഭഗത് സിംഗ്. അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി അദ്ദേഹം സ്വജീവന്‍ വെടിഞ്ഞത് പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചായിരുന്നു. അവിടുത്തെ ഒരു തെരുവിന് പോലും അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടില്ല.

പാകിസ്ഥാന്‍ ഭഗത് സിംഗിനെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഇന്ത്യ അക്ബറിനെ കൈകാര്യം ചെയ്യുന്നത്. മറ്റൊരു മതവിഭാഗത്തില്‍ ജനിച്ചു പോയി എന്ന കാരണത്താല്‍ ആരാലും ഓര്‍മിക്കപ്പെടാതെ, മറവിയുടെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ ചെന്ന് പതിക്കാനാണ് ഈ ചരിത്രപുരുഷന്‍മാരുടെ വിധി.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles