Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ സഹോദരങ്ങളാണ് തണുപ്പേറ്റ് മരിച്ചു വീഴുന്നത്

മുസഫര്‍ നഗര്‍ കലാപത്തിന്റെ ശേഷിപ്പായ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ റിപോര്‍ട്ട് മനസാക്ഷിയുള്ളവരെ ഏറെ വേദനിപ്പിക്കുന്നതാണ്. ശൈത്യത്തിന്റെ കാഠിന്യത്തില്‍ നാല്‍പത് കുട്ടികളുടെ ജീവനാണ് ഉത്തര്‍പ്രദേശിലെ വിവിധ ക്യാമ്പുകളില്‍ പൊലിഞ്ഞത്. ജനിച്ച നാട്ടില്‍ ജീവിതം ദുസ്സഹമാകുകയും ജീവന് തന്നെ ഭീഷണി നേരിടുകയും ചെയ്ത സാഹചര്യം വന്നപ്പോഴാണ് എവിടെയെങ്കിലും ജീവിക്കാനൊരിടം എന്ന രീതിയില്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് അവര്‍ എറിയപ്പെട്ടിട്ടുള്ളത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങള്‍ പലതും വാഗ്ദാനങ്ങളിലൊതുങ്ങുകയോ ചുവപ്പു നാടകളില്‍ കുരുങ്ങി കിടക്കുകയോ ചെയ്തപ്പോള്‍ ജീവിക്കാനുള്ള അവരുടെ ആഗ്രഹമാണ് മങ്ങി പോവുന്നത്. ഇപ്പോഴത്തെ ഉത്തരേന്ത്യന്‍ കാലാവസ്ഥ ആ മങ്ങലിന് കൂടുതല്‍ ശക്തിയും പകര്‍ന്നു.

പറക്കമറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെ ഖബറടക്കി കണ്ണിരോടെ ടെന്റുകളിലേക്കു മടങ്ങുന്ന അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന റിപോര്‍ട്ടുകളാണ് അവിടെ നിന്നും വന്നുകൊണ്ടിരിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ വേണ്ടത്ര അവരുടെ പക്കലില്ല. സര്‍ക്കാര്‍ നല്‍കിയിരുന്ന റേഷനും നവംബര്‍ ആദ്യ വാരത്തോടെ നിര്‍ത്തിയത് അവരെ പട്ടിണിയിലാക്കിയിരിക്കുകയാണ്. സമൂഹത്തിലെ ഉദാരമതികളുടെ സഹായങ്ങള്‍ അവിടെ എത്തിയിട്ടുണ്ടെങ്കിലും അഭയാര്‍ഥികളുടെ ആധിക്യം അതിനെ കവച്ചു വെക്കുന്നതായിരുന്നു. പിറന്ന നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലാത്തവരല്ല അവിടെ കഴിയുന്നത്. തങ്ങളുടെ ഉറ്റവര്‍ കൊലചെയ്യപ്പെടുകയോ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയോ ചെയ്ത നാട്ടിലേക്ക് മടങ്ങാനുള്ള ഭയമാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ നമ്മുടെ സഹോദരീ-സഹോദരന്‍മാരാണെന്ന് തിരിച്ചറിഞ്ഞ് അടിയന്തരമായി നാം സഹായമെത്തിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം വലിയൊരു ദുരന്തത്തിനത് കാരണമായേക്കും. തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ടെന്റുകളും കമ്പിളി പുതപ്പുകളും ഭക്ഷണവുമാണ് ഇന്നവരുടെ പ്രധാന ആവശ്യം. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അപര്യാപ്തത മൂലം ഇനിയുമിവര്‍ മരിച്ചു വീഴുന്നത് ഇന്ത്യാ രാജ്യത്തെ ജനങ്ങള്‍ക്കും വിശിഷ്യാ മുസ്‌ലിംകള്‍ക്കും അപമാനമാണ്. വിശക്കുന്നവന് അന്നം നല്‍കാനും ഉടുതുണിയില്ലാത്തവന് വസ്ത്രം നല്‍കാനും കല്‍പ്പിച്ചിട്ടുള്ള ജീവിത ദര്‍ശനത്തിന്റെ വക്താക്കളാണ് നാം. മുസ്‌ലിംകള്‍ ജീവിക്കുന്ന ഒരു രാജ്യത്ത് ഒരാള്‍ വിശപ്പും തണുപ്പും കാരണം മരണപ്പെടുന്നുവെങ്കില്‍ അവിടത്തെ മുസ്‌ലിംകളുടെ വിശ്വാസത്തെയാണത് ചോദ്യം ചെയ്യുന്നത്. ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നവര്‍ (76:8) എന്നാണ് വിശ്വാസികളെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അയല്‍വാസി പട്ടിണി കിടക്കുന്നതറിഞ്ഞു കൊണ്ട് വയര്‍ നിറയെ ഭക്ഷണവും കഴിച്ച് ഉറങ്ങുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്. തണുപ്പും വിശപ്പും എന്തെന്നറിയാതെ നാം സൗഖ്യത്തോടെ ജീവിക്കുമ്പോള്‍ നമ്മുടെ സഹോദരങ്ങള്‍ അവയുടെ അഭാവത്തില്‍ മരിച്ചു വീഴുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരു വിശ്വാസിക്ക് സാധിക്കില്ല. നമ്മിലുള്ള വിശ്വാസം അതിന്റെ ശക്തി തെളിയിക്കേണ്ടത് അവിടെയാണ്. ഭരണകൂടവും പൊതുജനങ്ങളും ചേര്‍ന്ന് ഒറ്റക്കെട്ടായി എത്രയും വേഗം ഇതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

Related Articles