Current Date

Search
Close this search box.
Search
Close this search box.

ദ്വിരാഷ്ട്ര പരിഹാരം മരിച്ചിരിക്കുന്നു

സമാധാനശ്രമങ്ങള്‍ക്ക് അന്ത്യമായെന്ന് അംഗീകരിക്കേണ്ട സമയമായി. ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരമെന്ന സാധ്യത ഇനിയില്ല. 2009-ലാണ് ഞാന്‍ ഈ വരികളെഴുതിയത്. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അസുഖകരമായ ഈ വസ്തുതയെ അംഗീകരിക്കാന്‍ പാശ്ചാത്യരായ മിക്ക ഇടത് ലിബറല്‍ ചിന്തകന്മാരും രാഷ്ട്രീയനിരീക്ഷകരും തയ്യാറല്ല. ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമഗ്രസമാധാനം ഇപ്പോഴും സാധ്യമാണെന്നാണ് ഈയിടെ ഞാനും പങ്കെടുത്ത അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ഒരു പരിപാടി ഉദ്ഘാടനം ചെയ്യവേ യുഎസ് ആഭ്യന്തരസുരക്ഷാ ഉപദേഷ്ടാവായ സൂസന്‍ റൈസ് പറഞ്ഞത്. ന്യായമായ ദ്വിരാഷ്ട്ര പരിഹാരമെന്ന സാധ്യത അംഗീകരിക്കുന്നതിന് പുതിയ ഇസ്രായേലി സര്‍ക്കാരിലേക്കാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത് എന്നും അവര്‍ കൂട്ടിചേര്‍ത്തു. സദസ്സിലെ ഏതാനും ചിലര്‍ അവരുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചെന്നതും ശ്രദ്ധേയമാണ്.

സമാധാനശ്രമങ്ങള്‍ ഒന്നും തന്നെയില്ല
സമാധാനശ്രമങ്ങള്‍ ചരമം പ്രാപിച്ചിരിക്കുന്നു. സമാധാനമില്ല, പ്രക്രിയകളുമില്ല. അതോടെ കൊട്ടിഘോഷിക്കപ്പെട്ട ദ്വിരാഷ്ട്ര പരിഹാരമെന്ന സാധ്യതയും കുഴിമൂടപ്പെട്ടിരിക്കുന്നു. എന്റെ വാക്കുകള്‍ അതുപോലെ സ്വീകരിക്കാന്‍ വരട്ടെ. ഇസ്രായേലിന്റെ പുതിയ നേതാക്കളുടെ കാഴ്ചപാടുകള്‍ കൂടി വായിക്കൂ. വളരെ സത്യസന്ധതയോടും, ജാള്യമേതുമില്ലാതെ, അന്ധമായി രണ്ട് ജനതക്ക് രണ്ട് രാഷ്ട്രമെന്ന അമേരിക്കന്‍ പരിഹാരത്തോടുള്ള തങ്ങളുടെ എക്കാലത്തുമുള്ള എതിര്‍പ്പുകള്‍ അവര്‍ അതിലൂടെ വ്യക്തമാക്കുന്നു. ആ അഭിപ്രായങ്ങള്‍ അവസാനത്തില്‍ കൊടുക്കുന്നുണ്ട്.

ദ്വിരാഷ്ട്ര പരിഹാരമെന്ന സാധ്യതയോട് പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് റൈസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നേര്‍വിപരീതമാണ് പുതിയ സര്‍ക്കാരിലെ പ്രധാനികള്‍ പറയുന്നത.് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭയില്‍ നിയമിതരായതിന് ശേഷവും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചവര്‍ അക്കൂട്ടത്തിലുണ്ട്.

ഈയടുത്ത് നടന്ന ഒരു പത്രസമ്മേളനത്തില്‍ ദ്വിരാഷ്ട്ര പരിഹാരം ഉറപ്പായും ഗുണകരമാവുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്. എന്നാല്‍ ആ രീതിയോട് ഒരു നിലക്കും യോജിക്കാത്ത ഏതാനും ചിലര്‍ പുതിയ ഇസ്രായേലി സര്‍ക്കാരിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതും ആരെങ്കിലും ശ്രദ്ധിച്ചോ ആവോ.

അപ്പോഴത്തെ സൗകര്യത്തിന് ‘ഏതാനും ചിലര്‍’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് കുറച്ച് പറയുകയായിരുന്നു. നേര്‍ക്കുനേരെ പറയാം:  ഇവര്‍ ദുര്‍ബലരല്ല. തീവ്രവാദികളായ ന്യൂനപക്ഷമല്ല. ഇവര്‍ എളിയവിഭാഗമല്ല. കൈയ്യിലൊതുങ്ങുന്ന ഒരുകൂട്ടം കുട്ടിതേവാങ്കുകളുമല്ല. ഇസ്രായേലിന്റെ 34ാമത് സര്‍ക്കാരിന്റെ മന്ത്രിമാരില്‍ ഭൂരിഭാഗത്തിനും, പ്രധാനമന്ത്രി തൊട്ട് താഴോട്ടുള്ള മിക്കവരും, ദ്വിരാഷ്ട്ര പരിഹാരത്തില്‍ വിശ്വസിക്കുന്നില്ല, അത് ആഗ്രഹിക്കുന്നില്ല, അങ്ങനെയൊന്നു സംഭവിക്കുമെന്ന് കരുതുന്നത് പോലുമില്ല.

അപ്പോള്‍ പിന്നെ ബാക്കിയുള്ള നമുക്ക് അത്തരം നാട്യങ്ങള്‍ ദയവ് ചെയ്ത അവസാനിപ്പിക്കരുതോ?
അവര്‍ തന്നെ പറയുന്നു:
1. ബെഞ്ചമിന്‍ നെതന്യാഹു, പ്രധാനമന്ത്രി, ലികുഡ് പാര്‍ട്ടി: ഫലസ്തീന്റെ സ്വയം നിര്‍ണയാവകാശത്തെ എതിര്‍ക്കുന്നതില്‍ ദീര്‍ഘനാളത്തെ ചരിത്രമുള്ള ബെഞ്ചമിന്‍ നെതന്യാഹു, 2009ല്‍ ബാര്‍ ഇലാന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിരായുധരായ ഫലസ്തീനെ അംഗീകരിക്കുമെന്ന പറഞ്ഞ അതേ ആള്‍ തന്നെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു പ്രചരണപരിപാടിയില്‍ പറഞ്ഞത് തന്റെ കണ്ണിനുതാഴെ സ്വതന്ത്രഫലസ്തീന്‍ എന്നൊരു രാഷ്ട്രമുണ്ടായിരിക്കില്ലെന്നാണ്.
‘താന്‍ പ്രധാനമന്ത്രിയായിരിക്കെ ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും രൂപീകൃതമാവാന്‍ പോകുന്നില്ലെന്ന് താങ്കള്‍ പറഞ്ഞുവെന്നത് ശരിയാണോ എന്ന ഇസ്രായേലി സൈറ്റ് എന്‍ആര്‍ജിയുടെ റിപ്പോര്‍ട്ടറോട് നെതന്യാഹു പറഞ്ഞു, ‘തീര്‍ച്ചയായും’, എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറ്റ്ഹൗസിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് തന്റെ പ്രസ്താവനയില്‍ നിന്ന് പിന്തിരിയാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും, ‘വിട്ടുപോകുന്ന ഏതൊരു പ്രദേശവും ഇസ്‌ലാമിക തീവ്രവാദികളുടെയും ഇറാന്‍ പിന്തുണക്കുന്ന ഭീകരസംഘടനകളുടെയും കൈകളിലകപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരുതരത്തിലുമുള്ള പിന്‍വാങ്ങലിനും തയാറല്ല, അതെല്ലാം അപ്രസക്തമാണ്’ എന്നാണ് അദ്ദേഹത്തിന്റെ പേരില്‍ പ്രചരണസമയത്ത് പാര്‍ട്ടി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞത്.

2. സില്‍വന്‍ ശാലോം, ആഭ്യന്തര മന്ത്രി, ലികുഡ് പാര്‍ട്ടി: ഫലസ്തീനികളുമായുള്ള ഇടനിലക്കാരിയായി നെതന്യാഹു നിയമിച്ചത് സില്‍വന്‍ ശാലോമിനെയാണ്. എന്നാല്‍ ലികുഡ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു മീറ്റിങ്ങില്‍ വെച്ച് അവര്‍ പറഞ്ഞത് ഹാരറ്റസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു: ഫലസ്തീന്‍ രാഷ്ട്രത്തിന് നമ്മളെല്ലാവരുമെതിരാണ്. അതില്‍ ഇനിയൊരു സംശയത്തിനുമിടമില്ല. അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ബുള്ളറ്റ് പ്രൂഫ് കവചമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

3. സിപി ഹോതൊവ്‌ലി, വിദേശകാര്യ സഹമന്ത്രി, ലികുഡ് പാര്‍ട്ടി: സഹമന്ത്രിയെങ്കിലും പുതിയ സര്‍ക്കാരിലെ വിദേശകാര്യ വകുപിന്റെ നിയന്ത്രണം സിപി ഹോതൊവ്‌ലി ആയിരിക്കും നിര്‍വ്വഹിക്കുക. അതുകൊണ്ട് തന്നെ പുറംലോകത്തേക്കുള്ള ഇസ്രായേലിന്റെ ദൂതയായിരിക്കുമവര്‍. ഫലസ്തീന്‍ രാഷ്ട്രത്തെ താന്‍ എതിര്‍ക്കുന്നതായി 2012ല്‍ തന്നെ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമി ഞങ്ങളുടേതാണ്. ഇതെല്ലാം നമ്മുടേതാണ്. പ്രായശ്ചിത്തം ചെയ്യാനല്ല നാമിവിടെ വന്നിട്ടുള്ളത്. ജൂതന്മാര്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തെവിടെയും കുടിയേറി പാര്‍ക്കാനുള്ള അവകാശം ലോകം അംഗീകരിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

4. മോശെ യാലോണ്‍, പ്രതിരോധ മന്ത്രി, ലികുഡ് പാര്‍ട്ടി: ഓസ്‌ലോ സമാധാന ശ്രമങ്ങളെ പിന്താങ്ങിയിരുന്ന കാന്‍സര്‍ പോലെ പടരുന്ന ഫലസ്തീന്‍ ഭീഷണിക്കെതിരെ കീമോതെറാപ്പി നടത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് യാലോണ്‍. 2014ല്‍ ചാര്‍ലി റോസിനോട് അദ്ദേഹം പറഞ്ഞത്: നമ്മള്‍ മറ്റുവഴികള്‍ ആരായണം. 1967ലെ രേഖയെ കുറിച്ചും ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ചും പറഞ്ഞിരുന്നാല്‍ പോരാ.

5. നഫ്തലി ബെന്നറ്റ്: വിദ്യാഭ്യാസമന്ത്രി (ജ്യൂയിഷ് ഹോം): ഫലസ്തീനികളെ നിരന്തരം കുരങ്ങന്മാരോട് ഉപമിക്കുന്ന ബെന്നറ്റ് ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിന് വേണ്ടി നിലകൊള്ളുന്ന യേശാ കൗണ്‍സിലിന്റെ മുന്‍ മേധാവിയാണ്. അവര്‍ക്കൊരു രാഷ്ട്രം ലഭിക്കാതിരിക്കാന്‍ എന്റെ അധികാരത്താല്‍ സാധ്യമായതെന്തും ഞാന്‍ ചെയ്യുമെന്നാണ് 2013ല്‍ ന്യൂയോര്‍കര്‍ പത്രത്തോട് പറഞ്ഞത്. അതേ വര്‍ഷം ഗാര്‍ഡിയന്‍ പത്രത്തോട് അദ്ദേഹം പറഞ്ഞു: ഫലസ്തീന്‍ രാഷ്ട്രമുണ്ടാകാന്‍ പോകുന്നില്ല, അങ്ങനെയൊന്നുണ്ടാകാന്‍ തന്നെ പോകുന്നില്ല.

6. അയലറ്റ് ശാകിദ്, നിയമ മന്ത്രി, ജ്യൂയിഷ് ഹോം: 2014ല്‍ ഗസ്സ ആക്രമണം നടക്കുമ്പോള്‍ ഫലസ്തീന്‍ കുട്ടികളെ പാമ്പിന്‍ കുഞ്ഞുങ്ങളെന്ന വിശേഷിപ്പിച്ച ഇവര്‍ ഫെബ്രുവരിയില്‍ നടന്ന ഇലക്ഷന്‍ പ്രചരണത്തില്‍ പറഞ്ഞത്: ഭൂമിയുടെ ഒരു സെന്റിമീറ്റര്‍ നാം വിട്ടുകൊടുക്കില്ല. അതാണ് ശരിയെന്ന് മാത്രമല്ല, മറ്റേതൊരു ബദലിനേക്കാളും നല്ലത് അതുതന്നെയാണ്.

7. യുറി ഏരിയല്‍, കൃഷി മന്ത്രി, ജ്യൂയിഷ് ഹോം: ഏരിയല്‍ 2013ല്‍ പറഞ്ഞത്: ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഫലസ്തീന്‍ എന്നൊരു രാഷ്ട്രമുണ്ടായിരിക്കില്ലെന്ന് വ്യക്തമായി തന്നെ നാം പറയണം.

8. യിസ്രയേല്‍ കേറ്റ്‌സ്, ഗതാഗതവകുപ്, ലികുഡ്: ‘ഫലസ്തീന്‍ രാഷ്ട്രത്തെ ഞാനെതിര്‍ക്കുന്നു. അത് സ്വീകാര്യമല്ല. ഈ ഭൂമി ഞങ്ങളുടെ അവകാശമാണെന്നതു തന്നെ അതിന് കാരണം.’ 2013ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

9. ഹൈം കേറ്റ്‌സ്, ക്ഷേമമന്ത്രി, ലികുഡ്: 2013ലെ ഫലസ്തീനുനേര്‍ക്കുള്ള അതിക്രമത്തെ കുറിച്ച് പറഞ്ഞത്: ഇതിന്റെ ചുരുക്കമിത്രയാണ്. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കരുത്. അത്തരമൊരു രാഷ്ട്രം തെല്‍അവീവിന് പുറത്ത് ഒരു ഭീകരരാഷ്ട്രമാകും.

10. ഡാനി ഡാനണ്‍, ശാസ്ത്രസാങ്കേതിക മന്ത്രി, ലികുഡ്: 2012ല്‍ ഒരു അഭിമുഖത്തില്‍ റേഡിയോ അഭിമുഖത്തില്‍ ഡാനണ്‍ പറഞ്ഞത്: ഓസ്‌ലോ സമാധാനശ്രമങ്ങള്‍ അവസാനിച്ചു. രണ്ട് രാഷ്ട്രങ്ങളെന്ന പരിഹാരം ഇനിയും വേണ്ട. ജൂദിയയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെ സമരിയയിലെയും ജൂത സമൂഹത്തിനുമേല്‍ ഇസ്രായേലിന്റെ പരമാധികാരം സ്ഥാപിക്കുകയാണ് വേണ്ടത്.

11. സീവ് എല്‍കിന്‍, കുടിയേറ്റ വകുപ്, ലികുഡ്: നിരായുധ ഫലസ്തീന്‍ എന്നൊരു സാധ്യതക്ക് നെതന്യാഹു അവസരം നല്‍കരുതായിരുന്നെന്ന് കുറ്റപ്പെടുത്തിയ ആള്‍. 2013ല്‍ ഇയാള്‍ പറഞ്ഞത്: ഫലസ്തീന്‍ രാഷ്ട്രത്തിന് ഒരവസരവുമില്ല. ഇപ്പോഴത്തെ താല്‍ക്കാലിക അതിര്‍ത്തിയിലും മറ്റു പദ്ധതികളിലും അതില്ല.

12. യാരിവ് ലെവിന്‍, വിനോദസഞ്ചാര വകുപ്, ലികുഡ്: 2014ല്‍ കുടിയേറ്റക്കാരോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്: സമാധാനഭൂമി, രണ്ട് ജനതക്ക് രണ്ട് രാഷ്ട്രം തുടങ്ങിയ പഴഞ്ചന്‍ മുദ്രാവാക്യങ്ങളെല്ലാം നാമിനി ഉപേക്ഷിക്കണം. ദ്വിരാഷ്ട്ര പരിഹാരം ഒരു പരിഹാരമേയല്ല എന്നതേ്രത അതിന് കാരണം.
ഒരു വര്‍ഷം മുമ്പ് ഇയാള്‍ പറഞ്ഞത്: കുടിയേറ്റത്തിന്‍ വലയം നാം പതുക്കെ, എന്നാല്‍ തീര്‍ച്ചയായും, വ്്യാപിപ്പിക്കും. അതിന്റെ അവസാനം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഭാഗിയാവുന്നത് ഒരു തുണ്ട് അവശിഷ്ടം മാത്രമായിരിക്കും.

13. ഒഫിര്‍ അകുനിസ്, വകുപില്ലാ മന്ത്രി, ലികുഡ്: ‘പറിച്ചെറിയാനാവാത്ത, സനാതനമായ അവകാശമാണ് നമുക്ക് ഈ ഭൂമിയുടെ മേലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ എതിര്‍ക്കുന്നത്. ഇസ്രായേലിന്റെ ഭൂമി ജൂതരുടെ സ്വത്താണ്. ലോകത്ത് ഒരു ജനതയും തങ്ങളുടെ മാതൃരാജ്യം അടിയറവെക്കുകയില്ല’ എന്നാണ് സോവറിനിറ്റി ജേണലിന്റെ 2015 മാര്‍ച്ച് ലക്കത്തില്‍ പറഞ്ഞത്.

14. മിരി റെഗവ്, സാംസ്‌കാരിക-കായിക മന്ത്രി, ലികുഡ്: മിരി റെഗവ് ജോര്‍ദാന്‍ താഴ്‌വരകള്‍ പിടിച്ചെടുക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടയാളാണ്. അതുവഴി സ്വതന്ത്ര ഫലസ്തീനായുള്ള നീക്കത്തിന് തടയിടാനാകുമെന്ന് അദ്ദേഹം കണക്ക്കൂട്ടുന്നു.

15. ഗില ഗമിലേല്‍, ലിംഗസമത്വം, ന്യൂനപക്ഷം, മുതിര്‍ന്നപൗരന്മാര്‍ എന്നീ വകുപുകള്‍, ലികുഡ്: 2005ലെ ഗസ ആക്രമണത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറിയതിനെ വിമര്‍ശിച്ചയാള്‍. അധിനിവേശമെന്ന് ഇസ്രയേല്‍ നടപടികളെ വിശേഷിപ്പിക്കുന്നതിനെ ഗില എതിര്‍ക്കുന്നു. ഫലസ്തീനികളെ ഈജിപ്തിലേക്കും, ജോര്‍ദാനിലേക്കും മറ്റുള്ള രാഷ്ട്രങ്ങളിലേക്കും പറഞ്ഞയച്ച് ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് 2013ല്‍ അല്‍മോണിറ്ററുമായുള്ള അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞിരുന്നു.

16. ഗിലാദ് എര്‍ദാന്‍, പൊതുസുരക്ഷ, നയതന്ത്രം, പൊതുസമ്പര്‍ക്കം: 2014ലെ ഒരു ഭീകരവിരുദ്ധ സമ്മേളനത്തില്‍ എര്‍ദാന്‍ പറഞ്ഞത്: പതിനഞ്ചും ഇരുപതും വര്‍ഷവും മുമ്പ് സംസാരിച്ച ആത്മവിശ്വാസത്തോടെ ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ കുറിച്ച് ഇപ്പോഴും പറയുന്നത് നിരുത്തരവാദിത്വപരമാണ്.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles