Current Date

Search
Close this search box.
Search
Close this search box.

ദൈവിക ജീവിതവ്യവസ്ഥയുടെ ലംഘനം അസമാധാനത്തിന് കാരണം

സമകാലീന സമൂഹത്തെ ഇന്നു ഭീകരമാം വിധം അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണല്ലൊ അസമാധാനം നിറഞ്ഞ അന്തരീക്ഷം. മതത്തിന്റെ പേരിലും അല്ലാതെയും വിവിധ നാടുകളില്‍ നടക്കുന്ന അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇന്ന് പല രാജ്യങ്ങളിലും ഭരണകൂടത്തിന്റെയും രാജ്യ നിവാസികളുടെയും സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുന്നു. നാള്‍ക്കുനാള്‍ അക്രമസംഹാര പ്രവര്‍ത്തനങ്ങള്‍ അതിഭീകരമാം വിധം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പ്രവണതകള്‍ക്ക് എന്ത് കൊണ്ട് ആക്കം കൂടുന്നുവെന്ന ചര്‍ച്ച ലോകാടിസ്ഥാനത്തില്‍ തന്നെ ഗൗരവപൂര്‍വം നടക്കുകയും ശാശ്വതമായ പരിഹാരം കാണുകയും ചെയ്യേണ്ടുന്ന ഒരു വിഷയമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വികാസം മനുഷ്യനെ ഇന്ന് ഒരര്‍ഥത്തില്‍ കൂടുതല്‍ ദുരമൂത്തവനും അസ്വസ്ഥനുമാക്കി മാറ്റിയിരിക്കുന്നു. സാമ്പത്തികമായി മുമ്പത്തേക്കാള്‍ പുരോഗതിയും സ്വയം പര്യാപ്തതയും മനുഷ്യന്‍ കൈവരിച്ചിട്ടുണ്ടെങ്കിലും സ്വസ്ഥമായ ജീവിതം ഇന്നു പലര്‍ക്കും അന്യമായി കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ന്ന നിലവാരമുണ്ടെന്ന് നാം വിലയിരുത്തുന്ന അമേരിക്കയിലെയും യൂറോപ്പിലെയും ജനസമൂഹം മറ്റുള്ള ജനസമൂഹത്തെക്കാള്‍ കൂടുതല്‍ അസ്വസ്ഥരും ചകിതരുമാണെന്നതാണ് വസ്തുത. ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങള്‍ അവിടുത്തെ ജനതയുടെ ഉറക്കം കെടുത്തുന്ന അവസ്ഥ നാം കാണുന്നു. ഏറ്റവും നികൃഷ്ടമായ ആക്രമണങ്ങളില്‍ ലോക നേതാക്കള്‍ നടുക്കം രേഖപ്പെടുത്തിയതും അപലപിച്ചതും നാം അറിയുന്നു. തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ ഓരോ രാജ്യവും ചെയ്യുന്ന പ്രയത്‌നങ്ങള്‍ ഫലം കാണാതെ പോകുന്നതും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. തീവ്രവാദപരമായ പ്രവര്‍ത്തനങ്ങള്‍ എന്തിന്റെ പേരിലാണെങ്കിലും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന് പ്രത്യേകമായ സ്ഥിതിവിവരക്കണക്ക് ആവശ്യമില്ല.

മനുഷ്യന്റെ അസ്വസ്ഥതക്കും അസമാധാനത്തിനും നിമിത്തം അവന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സൃഷ്ടിജാലങ്ങളില്‍ വെച്ചേറ്റവും ഉത്തമനായ മനുഷ്യന്‍ അവന്റെ കരങ്ങള്‍കൊണ്ട് മോശമായി പ്രവര്‍ത്തിച്ചതിന്റെ അനന്തര ഫലമാണ് ഇന്ന് സമൂഹം അനുഭവിക്കുന്നത്. നന്മയും തിന്മയും വിവേചിച്ചറിയാനുള്ള ബുദ്ധിയും വിവേകവും മനുഷ്യനുണ്ട്. എന്നാല്‍ വ്യക്തിയെയും സമൂഹത്തെയും നന്നാക്കേണ്ട യുക്തിവൈവിധ്യം പലപ്പോഴും അസ്വസ്ഥതകള്‍ക്കും കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വഴി വെക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ ദൈവിക നിയമവ്യവസ്ഥയോട് എത്രത്തോളം ജാഗ്രത്താകുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമാണ് ജീവിത വിജയവും തീരുമാനിക്കുന്നത്. ദൈവിക വ്യവസ്ഥയെ ജീവിതത്തില്‍ മുഴുമേഖലകളില്‍ അംഗീകരിച്ചും പാലിച്ചും മനുഷ്യന്‍ ജീവിക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ സമാധാനവും സ്വസ്ഥതയും സമൂഹത്തില്‍ നില നില്‍ക്കുകയുള്ളൂ. വ്യവസ്ഥാപിതമായ ഒരു ജീവിതരീതിയും സാമൂഹ്യ വ്യവസ്ഥയും ലോകത്ത് നിലനിര്‍ത്തുക എന്ന മനുഷ്യന്റെ ധര്‍മം നടപ്പിലാക്കുന്നതില്‍ പരാജയം സംഭവിക്കുന്നുവെന്നതും പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന ഹേതുവാണ്. സ്വന്തം ഇംഗിതങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അടിപ്പെട്ട് സര്‍വതന്ത്ര സ്വതന്ത്രമായി വിഹരിക്കാനുള്ളതല്ല മനുഷ്യജീവിതം. ജീവിതം അനിയന്ത്രിതമായും ദിശാബോധവുമില്ലാതെ ആസ്വദിക്കാനുള്ളതാണ് എന്ന ചിന്തയാണ് സമൂഹത്തെ പലപ്പോഴും നാശത്തിലേക്ക് നയിക്കുന്നത്. ജീവിതത്തിലുടനീളം ദൈവീക ജീവിതവ്യവസ്ഥ അംഗീകരിക്കാന്‍ ബാധ്യസ്ഥരായ മനുഷ്യര്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്കും പൈശാചിക പ്രേരണകള്‍ക്കും വശംവദരായി അവ ലംഘനം നടത്തുമ്പോഴാണ് സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുന്നത്. സൃഷ്ടി ജാലങ്ങളില്‍ വെച്ചേറ്റവും ഉന്നതനായ മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാനും അതനുസരിച്ചു ജീവിക്കാനും സന്നദ്ധനാവുന്നുവെങ്കില്‍ മാത്രമേ ഇവിടെ സ്വസ്ഥതയും സമാധാനവും നിറഞ്ഞ ജീവിതം കാഴ്ചവെക്കാന്‍ സാധിക്കൂ.

Related Articles