Current Date

Search
Close this search box.
Search
Close this search box.

ദേശീയ വിദ്യാഭ്യാസ നയം; അഥവാ നവ മനുവാദം

students.jpg

അടിച്ചമര്‍ത്തപ്പെട്ട കീഴാള ദളിത് ജന വിഭാഗങ്ങള്‍ക്ക് അവരുടെ വിമോചനം സാധ്യമാവണമെങ്കില്‍ സാമൂഹിക മുന്നേറ്റം (Social Mobilization)അനിവാര്യമാണ്. സാമൂഹിക മുന്നേറ്റത്തെ പ്രധാനം ചെയ്യുന്ന മുഖ്യഘടകമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക ഉന്നതിയിലേക്ക് എത്തുന്നതിന് വേണ്ടിയാണ് നമ്മുടെ ഭരണഘടനാശില്‍പികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ശാലകളിലും സംവരണം ഏര്‍പെടുത്തിയത്. ദലിത് ആദിവാസി മറ്റ് പിന്നോക്ക ജനവിഭാഗങ്ങളെ വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നുള്ളത് ഒരു ജനാധിപത്യ സമൂഹത്തിന്റെ കടമയാണ്. അത് കൊണ്ട് തന്നെ രാജ്യത്തിലെ ഓരോ പൗരനും വിദ്യാഭ്യാസം നല്‍കുക എന്നുള്ളത് ഭരണകൂടത്തിന്റെ ബാധ്യതയായി തീരുന്നു. വിദ്യാഭ്യാസ അവകാശനിയമം (Right to education Act) കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റ് കൊണ്ടുവന്നത് തന്നെ ഈ അര്‍ഥത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസം എന്ന നയത്തിന്റെ ഭാഗമായിട്ടാണ്. പക്ഷെ ഇപ്പോള്‍ ഇവിടെ കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്.

മോദി ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ അവകാശത്തെ അപ്രസക്തമാക്കുന്നു. ആറ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും നിര്‍ബദ്ധമായും വിദ്യാഭ്യാസം നല്‍കുക എന്നതിന്റെ ഭാഗമായി കൊഴിഞ്ഞ് പോക്ക് തടയുന്നതിന് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന്‍ നല്‍കുന്ന N0 Retention policyഎട്ടാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തില്‍ അത് അഞ്ചാം ക്ലാസ് വരെ പരിമിതപ്പെടുത്തുകയാണ്. 2016 ലെ അസര്‍റിപ്പോര്‍ട്ട് പ്രകാരം ഇരുപത്തിയഞ്ച് ശതമാനം വിദ്യാര്‍ഥികള്‍ ആറാം ക്ലാസിനും എട്ടാം ക്ലാസിനുമിടയില്‍ കൊഴിഞ്ഞ് പോയിട്ടുണ്ട്. പുതിയ വ്യദ്യഭ്യാസ നയം ഈ കൊഴിഞ്ഞ് പോക്ക് വര്‍ധിപ്പിക്കുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. ഇത്തരത്തില്‍ കൊഴിഞ്ഞ് പോവുന്ന വിദ്യാര്‍ഥികളെ തിരികെ കൊണ്ട് വരുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പകരം ഒരു ജനതയെ വിദ്യാഭ്യാസത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല എ ലെവല്‍, ബി ലെവല്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ പത്താം ക്ലാസ്സ് പരീക്ഷ സംഘടിപ്പിക്കുകയും സയന്‍സ്, ടെക്‌നോളജി, മാത്ത്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ കഴിയുന്നവര്‍ മാത്രം എ ലെവല്‍ പരീക്ഷ എഴുതുകയും തുടര്‍പഠനത്തിന് അര്‍ഹത നേടുകയും ചെയ്യുന്നു. പ്രാന്തവല്‍കരിക്കപ്പെട്ട ജനവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സയന്‍സ്, മാത്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പിന്നോക്കമായിരിക്കും എന്നുള്ളത് ഒരു വസ്തുതയാണ്.അതിനാല്‍ അവര്‍ ബി ലെവല്‍ പരീക്ഷ എഴുതുകയും തുടര്‍പഠനത്തിന് അര്‍ഹത നേടുവാന്‍ കഴിയാതെ ഏതെങ്കിലും തൊഴില്‍ നൈപുണി കോഴ്‌സിന് ചേരുകയും ചെയ്യുന്നു. അഥവാ ഒരു ജനത അവര്‍ അറിയാതെ അവരുടെ വിദ്യാഭ്യാസത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും കോര്‍ണറൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തില്‍ തോട്ടി പണിക്കാരന്റെ മക്കള്‍ അവരുടെ കുലത്തൊഴിലായ തോട്ടി പണിയില്‍ വൈദഗ്ദ്യം നേടി ആ തൊഴില്‍ തുടര്‍ന്ന് കൊണ്ടു പോകണമെന്നര്‍ഥം. പഴയ ചാതുര്‍വര്‍ണ്യത്തിന്റെ കടന്ന് കയറ്റമായി പുതിയ വിദ്യാഭ്യാസ നയം എങ്ങിനെ മാറുന്നു എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്താം ക്ലാസിന് ശേഷം ഏര്‍പ്പെടുത്തുന്ന പ്രവേശന പരീക്ഷ. ഈ പരീക്ഷയില്‍ ഉയര്‍ന്ന കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ മാത്രമെ വിജയിച്ച് തുടര്‍പഠനത്തിന് അര്‍ഹത നേടുകയുള്ളൂ. സ്വതവെ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന അധകൃതവിഭാഗത്തെ കൈ പിടിച്ചുയര്‍ത്തി ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിന് സഹായകരമായ പദ്ധതികള്‍ ആവിശ്കരിക്കുന്നതിന് പകരം ഒരു തരത്തിലുള്ള ഒഴിവാക്കല്‍ പ്രക്രിയയിലൂടെ ഈ ജനവിഭാഗത്തെ വീണ്ടും പ്രാന്തവല്‍കരിക്കപ്പെടുന്നു.

അധീശ സവര്‍ണ വിഭാഗത്തിന് അവരുടെ ജീവിത സൗഖ്യത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയും കമ്പോളത്തിനാവശ്യമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും തൊഴില്‍ വൈദഗ്ദ്യമുള്ള ആളുകളെ പടച്ച് വിടാന്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ സംവിധാനമൊരുങ്ങുമ്പോള്‍ നവ മനുധര്‍മത്തിന്റെ പുനപ്രകാശനമായി മാത്രമെ ഇത്തരത്തിലുള്ള നീക്കങ്ങളെ കാണുവാന്‍ കഴിയുകയുള്ളൂ. അഥവാ അധകൃത ജനത എന്നും അധകൃത ജനതയാണെന്നും അവര്‍ ഒരിക്കലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വരാന്‍ പാടില്ല എന്നുള്ളതും സവര്‍ണ ബോധം കല്‍പിച്ചരുളിയതാണ്. മാനസികമായി വളര്‍ച്ചയില്ലാത്തതും സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാന്‍ ശേഷിയില്ലാത്തവരുമായ ഒരു സമൂഹത്തെ പടച്ച് വിടുന്നതിന് പുതിയ വിദ്യഭ്യാസ നയം വഴിയൊരുങ്ങുമ്പോള്‍ തന്നെയാണ് വിഭാഗീയതയും അന്ധവിശ്വാസവും നിറഞ്ഞ ചരിത്രത്തെ തിരുകി കയറ്റാനുള്ള ശ്രമവും നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ കണ്ടു പിടിത്തങ്ങളും വൈദിക കാലഘട്ടത്തില്‍ നടന്ന് കഴിഞ്ഞതായി വിശദീകരിക്കുന്ന അശാസ്ത്രീയവും അയുക്തികവുമായ കഥകള്‍ പാഠ പുസ്തകത്തില്‍ കുത്തി നിറക്കുമ്പോള്‍ തന്നെയാണ് വിദ്വേശത്തിന്റെയും വിഭാഗീയതയുടെയും പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി മനുഷ്യര്‍ക്കിടയില്‍ വിഭജനത്തിന്റെ മതില്‍ കെട്ടുകള്‍ ഉയര്‍ത്തുന്നത്.

സംസ്‌കൃത ഭാഷ നിര്‍ബദ്ധമാക്കി കൊണ്ട് സര്‍ക്കുലര്‍ ഇറങ്ങുകയും ഗുരുകുല വിദ്യാഭ്യാസ മാതൃകകള്‍ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ബ്രാഹ്മണ്യത്തിലേക്കുള്ള തിരിച്ച് പോക്ക് പൂര്‍ണമാവുന്നു. എല്ലാവരും തുല്യരാണെന്ന ബ്രാഹ്മണ്യത്തിന്റെ കപട വാഗ്ദാനത്തിലൂടെ ചാതുര്‍വര്‍ണ്യത്തിന്റെ പ്രത്യയശാസത്രം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (Inclusive education)ന് പകരം ഒരു തരത്തിലുള്ള നിശ്ശബ്ദമായ മാറ്റി നിര്‍ത്തല്‍ (Silent exclusion)നടക്കുകയാണ്. സവര്‍ണ അധീശ വര്‍ഗബോധത്തില്‍ അന്തര്‍ഭവിച്ച കീഴാള വിരുദ്ധതയെ മനസ്സിലാവാത്തവര്‍ക്ക് സാമൂഹിക പുരോഗതിക്കോ വിമോചനത്തിനോ പഴയ ചാതുര്‍വര്‍ണ്യത്തിലേക്കുള്ള തിരിച്ച് പോക്ക് തെറ്റാണെന്ന് അംഗീകരിക്കാനോ പ്രയാസമായിരിക്കും.

വിദ്യാഭ്യാസം ഒരു വ്യക്തിയെ സാമൂഹ്യമായ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയയാണ്. പക്ഷെ പലപ്പോഴും സംഭവിക്കുന്നത് വിദ്യാഭ്യാസം തന്നെ പ്രാന്തവല്‍കൃത ജനതയെ അന്യവല്‍ക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി തുടക്കം കുറിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ സംഭവിക്കാന്‍ പോവുന്നത്. സവര്‍ണ ആഢ്യ ബോധത്താല്‍ നിശബ്ദരാക്കപ്പെടുന്ന ദശലക്ഷക്കണക്കിന് വരുന്ന ദലിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക മുന്നേറ്റത്തിന്റെ ഉത്തോല കമായി വര്‍ത്തിക്കേണ്ട വിദ്യാഭ്യാസത്തില്‍ വമ്പിച്ച അട്ടിമറികള്‍ സംഭവിക്കുമ്പോള്‍ നിശ്ശബ്ദമായി നോക്കി നില്‍ക്കാന്‍ മാത്രമെ നമുക്ക് സാധിക്കുന്നുള്ളൂ. നിശ്ശബ്ദമായ കുടിയൊഴിപ്പിക്കലിന് വേദി ഒരുങ്ങുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ മൂലക്കിരുത്തപ്പെടുന്ന സാമൂഹ്യബോധം നഷ്ടപ്പെട്ട കീഴാള ജനത അവരുടെ കുല തൊഴിലില്‍ ഏര്‍പെട്ട് വര്‍ണാശ്രമത്തിന്റെ പുതിയ ഗീതം രചിക്കാന്‍ വിധിക്കപ്പെടുന്നു. ഏതെങ്കിലും ഒരു പ്രത്യേക തൊഴിലില്‍ വൈദഗ്ദ്യം നേടിയത് കൊണ്ട് മാത്രം ഒരു ജനത സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വരില്ല. അതിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ്. പക്ഷെ ഇവിടെ അഹിംസാത്മകമായ ഒരു തരത്തിലുള്ള വിദ്യാഭ്യാസ നിഷേധം സംഭവിക്കുകയാണ്. ഇത്തരം ദുരന്തങ്ങള്‍ ചരിത്രത്തില്‍ സഭവിച്ചത് കൊണ്ടാണ് അയ്യങ്കാളിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അന്ത്യത്തില്‍ എന്റെ സമുദായത്തില്‍ നിന്ന് പത്ത് ബി.എക്കാരെയെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹം പ്രകടിപ്പിക്കേണ്ടി വന്നത്. അരിച്ചു മാറ്റല്‍ പ്രക്രിയയിലൂടെ സംഭവിക്കുന്നത് പ്രാന്തവല്‍ക്കുതര്‍ വീണ്ടും ഓര പ്രദേശത്തേക്ക് മാറ്റി നിര്‍ത്തപ്പെടുക എന്നത് തന്നെയാണ്. മധ്യകാല അന്ധതയിലേക്ക് വലിച്ചുകൊണ്ടു പോകുവാന്‍ കോര്‍പറേറ്റിസവും സവര്‍ണതയും ഒന്നിച്ച് നിരാലംബരായ മനുഷ്യരുടെ മേല്‍ കടന്ന് കയറ്റം നടത്തുകയാണ്. മനുഷ്യനെ നഗ്‌നമായ വിവേചനത്തിന് വിധേയമാക്കുന്ന ഒരു തത്വശാസ്ത്രമാണ് ജാതീയത. ഈ പ്രപഞ്ചം തന്നെ ജാതിയിലധിഷ്ഠിതമാണ് എന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, ജാതിയാണ് യഥാര്‍ഥ മനുഷ്യപ്രതിനിധാനം നടത്തുന്നത് എന്ന് വാദിക്കുന്ന മനു ധര്‍മത്തിലേക്ക് ഒരു വിദ്യാഭ്യാസ വ്യവസ്ഥയെ തള്ളിവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ ഉയര്‍ന്ന് വരുന്നില്ല എന്നുള്ളത് നമ്മള്‍ എത്തിപ്പെട്ട ദൈന്യതയുടെ ആഴമാണ് വിളിച്ച് പറയുന്നത്.

Related Articles