Current Date

Search
Close this search box.
Search
Close this search box.

ദിക്‌റും സ്വലാത്തും സമരവും ത്യാഗവും…

dikr.gif

ഒരു ഒഴിവു ദിനം വീട്ടിലിരുന്നപ്പോള്‍ കൂടുതല്‍ കേട്ടത് രണ്ടു സംഗതികളാണ്. ഒന്ന് ചീറിപ്പാഞ്ഞു പോകുന്ന ആംബുലന്‍സിന്റെ ശബ്ദം, മറ്റൊന്ന് ദിക്ര്‍ സമ്മേളനത്തിന്റെ വിളമ്പരവും. നാട്ടില്‍ ദുആ സമ്മേളനങ്ങളുടെ കാലമാണ്. ഒരു പഞ്ചായത്തില്‍ തന്നെ രണ്ടും മൂന്നും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. സ്വലാത് വാര്‍ഷികം എന്നും ഇതിനു പേരിട്ടു വിളിക്കുന്നു. ഒരു ആത്മീയ ഇസ്‌ലാമിന്റെ കടന്നു വരവാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പുതിയ ആത്മീയ കൂട്ടായ്മകള്‍ക്ക് തെളിവായി ദൈവ സ്മരണ  കൊണ്ടേ മനഃശാന്തി കൈവരൂ എന്ന ഖുര്‍ആന്‍ വചനവും അവര്‍ വിളംബര വാഹനത്തില്‍ നിന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ദിക്‌റും സ്വലാത്തും സമരവും ത്യാഗവും അര്‍പ്പണവും ചേര്‍ന്നതാണ് ഇസ്ലാം. എല്ലാത്തിനും അതിന്റേതായ സ്ഥാനം നല്‍കുന്നു എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത. ദിക്‌റുകളും സ്വലാത്തുകളും മനുഷ്യനെ സൃഷ്ട്ടാവുമായി അടുപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്. അതിലപ്പുറം മനുഷ്യനെ സംസ്‌കരിക്കാനുള്ളതും. ദൈവ സ്മരണ എന്നത് മനുഷ്യ മനസ്സില്‍ എപ്പോഴും  നിലനില്‍ക്കേണ്ട ഒന്നാണ്. അത് ദിക്ര്‍ ചൊല്ലുമ്പോള്‍ മാത്രം ഉണ്ടാകേണ്ട ഒന്നല്ല. ഏറ്റവും നല്ല നൂറ്റാണ്ടില്‍ ജീവിച്ച മനുഷ്യര്‍ ഇങ്ങിനെ യാന്ത്രികമായ ആത്മീയത ഉണ്ടാക്കിയതായി നമുക്കുറിയില്ല. ഇത്തരം ഒരു ആത്മീയ  ഇസ്‌ലാമിനെ കുറിച്ചും അവര്‍ക്കറിയില്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.  ഇത്തരം പ്രവണതകള്‍ കൊണ്ട് സംഭവിക്കുന്നത് സമുദായത്തില്‍ പുതിയ ‘ കള്‍ട്ടുകള്‍’ രൂപപ്പെട്ടു വരുന്നു എന്നതാണ്. ആ കള്‍ട്ടുകളിലൂടെ മതത്തെ പ്രൊമോട്ട് ചെയ്യാന്‍ മറ്റു പലരും ശ്രമിക്കുന്നു. മതത്തിന്റെ ആത്മീയ വശങ്ങളെ ഒരാളും എതിര്‍ക്കില്ല. മതത്തില്‍ ഇത്തരം പുതിയ രീതി ശാസ്ത്രങ്ങള്‍ ഉദയം ചെയ്യുന്നതും അവര്‍ക്കു സന്തോഷമാണ്. പള്ളിയിലെ മതവും ഇത്തരം കൂട്ടായ്മകളിലെ മതവും ആരെയും അലോസരപ്പെടുത്തില്ല എന്നും ഉറപ്പാണ്.

പുണ്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പുണ്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞ ചില കാര്യങ്ങളില്‍ മുഖ്യമായത് ചിലവഴിക്കലും നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലുമാണ്.  ദിക്ര്‍ സംഘാംങ്ങളുടെ ഒരു ഉദ്ദേശം അണികളില്‍ നിന്നും ലഭിക്കുന്ന സംഭാവന തന്നെ. നാട്ടില്‍ അടുത്ത് നടന്ന ഒരു ദിക്ര്‍ മാമാങ്കത്തില്‍ കുറെ പ്രമുഖരുടെ സാനിദ്യം കണ്ടു. ഒരു അടിമ സ്വന്തമായി ചെയ്യേണ്ട കാര്യമാണ് ദിക്ര്‍. അത് ചൊല്ലിക്കൊടുക്കാനും നേതൃത്വം നല്‍കാനും ഒരു രീതി ഇസ്ലാം നിര്‍ദ്ദേശിച്ചിട്ടില്ല. പക്ഷെ നമ്മുടെ പറയപ്പെടുന്ന ദിക്ര്‍ സദസ്സുകള്‍ രസകരമായ കാഴ്ചകള്‍ കൊണ്ട് സജീവമാണ്. മനുഷ്യനെ കേള്‍പ്പിക്കലല്ല ദിക്‌റിന്റെ ഉദ്ദേശം അത് അല്ലാഹുമായുള്ള അടിമയുടെ സ്വകാര്യതയാണ്. അതെ സമയം ഉച്ചത്തില്‍ മൈക്കിലൂടെ ആരെ കേള്‍പ്പിക്കാനാണ് ഈ കോപ്രായങ്ങള്‍ എന്ന് കൂടി ചിന്തിക്കണം. ഇസ്‌ലാം ഒരു സമ്പൂര്‍ണ മതമാണ്. രാത്രിയില്‍ അല്ലാഹുവിനോട് പാപമോചനം നടത്തിയിരുന്നവര്‍ പകല്‍ സമരത്തിന്റെ വഴിയിലായിരുന്നു എന്നാണു പ്രവാചക അനുചരന്മാരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്.  ഇന്നത്തെ  മതത്തില്‍ മനുഷ്യന്റെ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട ഒന്നുമില്ല എന്നതാണ് വസ്തുത. മതം കേവലം ആകാശത്തുള്ള കാര്യങ്ങള്‍ മാത്രം പറയുവാനുള്ളതായി മാറി. ഭൂമിയില്‍ മതം എങ്ങിനെയാണ് എന്നതിനേക്കാള്‍ പലര്‍ക്കും താല്പര്യം പരലോക സ്ത്രീകളുടെ അഴക് പറയാനാണ്.  

സാമൂഹിക നന്മയുടെ പ്രചാരണവും ശക്തിപ്പെടുത്തലുമാണ് മതം ആഗ്രഹിക്കുന്ന കാര്യങ്ങള്‍. വ്യക്തികള്‍ നന്നാവുകയും സമൂഹം മോശമാവുകയും ചെയ്യുക എന്നത് തെറ്റായ സമീപന രീതിയാണ്. ഇസ്‌ലാമിലെ ആരാധനകളുടെ ഉദ്ദേശങ്ങളില്‍ ഒന്ന് മൂല്യ ബോധമുള്ള മനുഷ്യന്‍ രൂപപ്പെടുക എന്നതാണ്. ആധ്യാത്മിക കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും സാമൂഹിക വിരുദ്ധത കടന്നു വരിക. അവിടേക്കു കടന്നു ചെല്ലാന്‍ നമ്മുടെ സര്‍ക്കാര്‍ മിഷിനറിക്ക് പലപ്പോഴും സാധ്യമായെന്നു വരില്ല. തങ്ങളുടെ അന്ധരായ അണികളുടെ ബലം ഇത്തരക്കാരെ പലപ്പോഴും രക്ഷപ്പെടുത്തും. കേരളത്തില്‍  രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം ആധ്യാത്മികതയും വലിയ അടുപ്പത്തിലാണ്. തങ്ങളുടെ കാര്യങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളും സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ഇടപെടില്ല എന്ന ഉറപ്പു അവര്‍ പരസ്പരം നേടിയിരിക്കുന്നു.

അടുത്തിടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന ഇത്തരം കൂട്ടായ്മകളെക്കുറിച്ചു ഒരു പഠനം ആവശ്യമാണ്. മതത്തെ ആരോ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സമൂഹത്തിലെ പ്രമാണിമാരും ഭരണകൂടവും  എന്നും പ്രവാചകരെ എതിര്‍ത്തു കൊണ്ടിരുന്നു എന്നാണു ചരിത്രം പറയുന്നത്. പ്രവാചകരുടെ അനന്തരഗാമികള്‍ എന്നതാണ് പണ്ഡിതന്മാര്‍ക്ക് ഇസ്ലാം നല്‍കുന്ന വിശേഷണം. സാമൂഹിക മാറ്റത്തിന് മതം എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. കേവലം വ്യക്തി എന്നത് ഇസ്ലാമിന്റെ രീതിയല്ല തന്നെ. പിന്നെ എങ്ങിനെയാണ് വ്യക്തി കടുംബം എന്നീ വിഷയങ്ങളില്‍ മാത്രമായി ഇസ്‌ലാം തളച്ചിടപ്പെട്ടു എന്ന് കൂടി ചിന്തിക്കാന്‍ പുതിയ ആംത്മീയ സംഗമങ്ങള്‍ അവസരം നല്‍കും.

അബ്ദു നാട്ടിലെ  റാത്തീബിന് ഭക്ഷണം വാങ്ങാന്‍ പോയതാണ്. സംഘാടകരും അബ്ദുവും കൂടി എന്തോ പറഞ്ഞു തെറ്റി. ഭക്ഷണം വാങ്ങാതെ അബ്ദു തിരിച്ചു പൊന്നു. അടുത്ത ദിവസം നാട്ടില്‍ മറ്റൊരു പുതിയ  റാത്തീബ് ബ്രാഞ്ച് കൂടി തുറന്നു. അത് കുറച്ചു കൂടി മതേതരര സ്വഭാവത്തിലായിരുന്നു. നാട്ടുകാര്‍ വലിയ അന്തോഷത്തിലാണ്. ഒരു ഭക്ഷണം കൂടി ലഭിക്കുന്നു എന്ന സന്തോഷം. ഇത്രയേയുള്ളൂ പല ആത്മീയ സദസ്സും.  നേരം ഇരുട്ടിയിട്ടും വിളംബര വാഹനങ്ങളുടെ വരവ് നിലച്ചിരുന്നില്ല

 

Related Articles