Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യ പ്രശ്‌നങ്ങള്‍ : കാരണങ്ങളും പ്രതിവിധികളും

വിവാഹത്തിന്റെ ആദ്യവര്‍ഷത്തിലാണ് മിക്ക വിയോജിപ്പികളും ജീവിതത്തില്‍ ഉണ്ടാകുന്നത്. വിവാഹമോചനവും വേര്‍പിരിയലുകളും കൂടുതലായി നടക്കുന്നതും ഈ കാലത്ത് തന്നെയാണ്. പ്രത്യേകിച്ചും അവര്‍ പ്രായോഗിക ജീവിതത്തിന്റെ പ്രാരംഭത്തിലാവുകയും ചെറിയ പ്രായത്തില്‍ വിവാഹ ജീവിതത്തില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍. ദമ്പതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും മാതൃക കാണിക്കാനും പ്രതിസന്ധി ഘട്ടങ്ങളില്‍ അവലംബവും സഹായവുമാകാനും പറ്റുന്ന രക്ഷിതാവിന്റെ അഭാവവും പ്രശ്‌നങ്ങളെ അധികരിപ്പിക്കുന്നു.

കാരണങ്ങള്‍
ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിലെ പ്രശ്‌നങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള പ്രധാന കാരണങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്:
– ദമ്പതികളിരുവരും പരസ്പരം മനസിലാക്കാത്തതാണ് വിയോജിപ്പിക്കുകള്‍ തുടങ്ങുന്നതിന് കാരണമാകുന്നത്. പരസ്പരം പ്രകൃവും സ്വഭാവവും വ്യക്തിത്വവും മനസിലാക്കിയില്ലെങ്കില്‍ അത് പ്രയാസങ്ങളുണ്ടാക്കുന്നു.
– ദാമ്പത്യത്തിന്റെ സംസ്‌കാരവും അതില്‍ സ്ത്രീ പുരുഷന്‍മാരുടെ ബാധ്യതകളെയും ഉത്തരവാദിത്വങ്ങളെയും പറ്റിയുള്ള അജ്ഞത.
– ഓരോരുത്തരും തന്റെ കുടുംബത്തിന് പങ്കാളിയേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.
– പ്രശ്‌ന പരിഹാരത്തിനും ബുദ്ധിപരവും യുക്തവുമായ തീരുമാനങ്ങളെടുക്കുന്നതിനും ജീവിതത്തിലെ പ്രയാസങ്ങളെ പ്രതിരോധിക്കുന്നതിലും വേണ്ടത്ര അവബോധമില്ലാതിരിക്കല്‍.
– അവിവാഹിതനായിരുന്ന അവസ്ഥയില്‍ നിന്നും പുതിയ ഘട്ടത്തിലേക്ക് വരുമ്പോള്‍ അധികരിക്കുന്ന ഉത്തരവാദിത്വങ്ങള്‍, വിവാഹജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതിരിക്കല്‍, പ്രസ്തുത ഉത്തരവാദിത്വങ്ങള്‍ എങ്ങനെ നിര്‍വഹിക്കുമെന്നതിനെ പറ്റിയുള്ള അജ്ഞത.
– വിവാഹന്വേഷണത്തിന്റെ ഘട്ടം പരസ്പരം മനസിലാക്കുന്നതിനും അടുക്കുന്നതിനും പ്രയോജനപ്പെടുത്താതിരിക്കല്‍.

പരിഹാരം
വിവാഹത്തിന് മുമ്പുള്ള ഘട്ടത്തിന് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ട്. നല്ല ഇണയെ തെരെഞ്ഞെടുക്കാനും വിവാഹാലോചനയുടെ ഘട്ടം പരസ്പരം മനസിലാക്കുന്നതിനും ഇണങ്ങുന്നതിനും ഉപയോഗപ്പെടുത്തണം. എല്ലാ സവിശേഷതകളും ന്യൂനതകളും മനസിലാക്കാന്‍ ശ്രമിക്കണം. വിവാഹത്തിന് ശേഷം ശരിയായിക്കൊള്ളും എന്ന ധാരണയില്‍ പ്രകടമായ ന്യൂനതകളെ അവഗണിക്കരുത്. പരസ്പരം മനസിലാക്കുന്നതിന് ചെറിയ പരീക്ഷകള്‍ നടത്തുന്നതിനും വിരോധമില്ല.
മധുവിധുവെന്നറിയപ്പെടുന്ന വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകള്‍ പരസ്പരം സ്‌നേഹിക്കുന്നതിനും ജീവിത പങ്കാളിയെ കൂടുതല്‍ അടുത്തറിയുന്നതിനും മനസിലാക്കുന്നതിനുമായി ഉപയോഗപ്പെടുത്തണം. വിവാഹത്തിന്റെ ആദ്യ വര്‍ഷം മുതല്‍ തന്നെ ഒരുമിച്ച് ഭാവി തീരുമാനങ്ങള്‍ എടുക്കണം. അവ നടപ്പാക്കുന്നതിന് പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും അവര്‍ നടത്തണം. ഏതൊരു മഹാ വ്യക്തിത്വത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടായിരിക്കുമെന്ന ഉദ്ധരണി വളരെ പ്രസിദ്ധമാണല്ലോ.

ജീവിതത്തിന്റെ കപ്പല്‍ ശക്തമായ കൊടുങ്കാറ്റില്‍ ആടിയുലയാതെയും മറിയാതെയും മുന്നോട്ട പോകാന്‍ കണ്ണടക്കാന്‍ കഴിയുന്ന നിസ്സാരമായ വീഴ്ചകളില്‍ ഊന്നല്‍ കൊടുക്കാതിരിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തിലെ എന്നെന്നും ഓര്‍ക്കുന്ന സുന്ദരമായ ഓര്‍മ്മകളും നിമിഷങ്ങളുമാകുന്ന ഈ ഘട്ടം സ്‌നേഹവും വാത്സല്യവും വളര്‍ത്തുന്നതിനാണ് പ്രയോജനപ്പെടുത്തേണ്ടത്. മുന്നില്‍ നീണ്ടു കിടക്കുന്ന ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയും സന്താനപരിപാലനം പോലുള്ള ഉത്തരവാദിത്വങ്ങള്‍ വരുന്നതിനും മുമ്പുള്ള കാലഘട്ടത്തില്‍ സന്തോഷം ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. അതിനെ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിയാതിരുന്നാല്‍ പിന്നീട് ഖേദിക്കുകയും ചെയ്യും.

വൈവാഹിക ജീവിതത്തെ പറ്റിയുള്ള പ്രായോഗികമായ അറിവ് ഇണക്ക് പകര്‍ന്ന് നല്‍കല്‍ ഭര്‍ത്താവിന്റെ കടമയാണ്. അവളുടെ പ്രയാസങ്ങള്‍ അകറ്റാനുള്ള മാര്‍ഗങ്ങള്‍, ആകസ്മികമായി സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംഭാഷണ ശൈലി തുടങ്ങിയവയെ കുറിച്ചൊക്കെ അവളെ ബോധവതിയാക്കണം. അപ്രകാരം തന്നെ തന്റെ ജോലിയെയും വരുമാനത്തെയും മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള പെരുമാറ്റ മര്യാദകളെയും കുറിച്ച് അവള്‍ക്ക് പറഞ്ഞു കൊടുക്കണം.

അധികാരത്തിനായുള്ള ശ്രമം
വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ സംഘട്ടങ്ങള്‍ കാണാറുണ്ട്. തന്റെ ഇണക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ രണ്ടുപേരും പരിശ്രമിക്കുമ്പോഴാണത് രൂപപ്പെടുക. ഓരോരുത്തരും തന്റെ വ്യക്തിത്വത്തെ സ്ഥാപിക്കാനാണ് ശ്രമിക്കുക. ഞാനാണ് മാതൃക മാറേണ്ടത് നിങ്ങളാണ് എന്നായിരിക്കും ഓരോരുത്തരുടെയും നിലപാട്. ഓരോരുത്തരും അപരന്റെ തെറ്റുകള്‍ അന്വേഷിക്കുകയും ന്യൂനതകള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്യും. എന്നാല്‍ അതേ സമയം ഗുണങ്ങള്‍ അംഗീകരിക്കുകയുമില്ല. പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നതിലും ഈ കുറവ് പ്രകടമായിരിക്കും. സ്‌നേഹ പ്രകടനം കിടപ്പറയുടെ അതിരുകള്‍ക്കിടയില്‍ മാത്രമൊതുങ്ങുന്ന ഒന്നായി മാറുകയും ചെയ്യും.

അതിനെല്ലാം കാരണം എപ്പോഴും പൂര്‍ണ്ണത അവകാശപ്പെടുകയും മറ്റുള്ളവരില്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നതാണ്. സ്വഭാവം, സൗന്ദര്യം, പെരുമാറ്റം തുടങ്ങി എല്ലാ ഗുണങ്ങളും പൂര്‍ത്തീകരിച്ച ഭാര്യയെയാണ് ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത്. ഭാര്യയും പ്രതീക്ഷിക്കുന്നത് എല്ലാം തികഞ്ഞ ഭര്‍ത്താവിനെയുമാണ്. അതുകൊണ്ട് തന്നെ അവര്‍ പരസ്പരം ആവലാതിപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ സന്തോഷവും ആനന്ദവും തകര്‍ക്കുന്നത് അവര്‍ തന്നെയാണ്. ദാമ്പത്യത്തിലെ എല്ലാ പ്രയാസത്തിലും ഒരേ നിലപാട് സ്വീകരിക്കുന്നവരാണ് ഇക്കൂട്ടര്‍. അതല്ലാത്ത മറ്റൊരു നിലപാട് അവര്‍ക്കറിയില്ല. അതിന് പരിഹാരം കാണാതിരിക്കുമ്പോള്‍ ദാമ്പത്യത്തെ തകര്‍ക്കുന്നതിലായിരിക്കും അവര്‍ എത്തുക. അതല്ലാതെ പ്രശ്‌നത്തിന് സുരക്ഷിതമായ ഒരു പരിഹാരം അവര്‍ മനസിലാക്കുകയില്ല. സംഘട്ടനത്തില്‍ ആര് ജയിക്കും എന്നതിനെ കുറിച്ചായിരിക്കും അവരുടെ ചിന്ത.

ദാമ്പത്യത്തിലെ തര്‍ക്കത്തില്‍ ചില ദമ്പതികള്‍ മക്കളെ ജയിക്കുന്നതിനുള്ള ആയുധമായി ഉപയോഗപ്പെടുത്താറുണ്ട്. ഓരോരുത്തരും മക്കളെ തന്നോടൊപ്പം അവര്‍ക്കെതിരെ നിര്‍ത്താനാണ് ശ്രമിക്കുക. ഇത് ഒരുമിച്ച് കഴിയുന്ന ദമ്പതികള്‍ക്കിടയിലും വേറിട്ട് ജീവിക്കുന്നവര്‍ക്കിടയിലും കാണാം. ഇത് മക്കളെ നശിപ്പിക്കുന്ന കാര്യമാണ്. അവരുടെ വ്യക്തിത്വത്തെ താളം തെറ്റിക്കുന്നതില്‍ അത് വലിയ സ്വാധീനമാണ് ചെലുത്തുക.

മക്കളുടെ മുന്നില്‍ വെച്ചുള്ള കലഹവും തര്‍ക്കവുമെല്ലാം അവരുടെ മാനസികാവസ്ഥയെ ദോഷകരമായിട്ടാണ് ബാധിക്കുക. മുലകുടി പ്രായത്തിലാണെങ്കില്‍ പോലും അത് അവരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. പിതാവിനോട് അല്ലെങ്കില്‍ മാതാവിനോടുള്ള ബന്ധത്തില്‍ അവര്‍ പരിഭ്രാന്തരായിരിക്കും. കുട്ടിയും ഒരാളെ മറ്റേയാള്‍ക്കെതിരെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി കാണും. മാത്രമല്ല ദാമ്പത്യത്തെ കുറിച്ച് ദോഷകരമായ ഒരു ചിന്തയുണ്ടാക്കുകയും അരക്ഷിത ബോധം അവരിലുണ്ടാക്കുകയും ചെയ്യും.

പരിഹാരം
ദാമ്പത്യം ക്രിയാത്മകമായി മുന്നോട്ടു പോകുന്നതിന് ദമ്പതികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യല്‍ നിര്‍ബന്ധമാണ്. വിട്ടുവീഴ്ച്ച തന്റെ ദൗര്‍ബല്യമായോ വിലകുറക്കുന്നതായോ അവര്‍ മനസിലാക്കരുത്. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും അനുരാഗവും ഊട്ടിയുറപ്പിക്കുന്നതിന് അത് വളരെ അടിസ്ഥാനപരമായ ഒന്നാണ്.
ഒരുമിച്ചുള്ള ജീവിതത്തില്‍ സമാധാനവും നിര്‍ഭയത്വവും നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ച വളരെ അനിവാര്യമായമാണ്. ‘നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയാണെങ്കില്‍ അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത്’ എന്നാണ് അല്ലാഹു തന്നെ പറയുന്നു. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങളില്‍ സ്വര്‍ഗാവകാശികളായ സ്ത്രീകള്‍ കൂടുതല്‍ സ്‌നേഹമുള്ളവരും പ്രസവിക്കുന്നവരും ഭര്‍ത്താവിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ്.’ അദ്ദേഹം കോപിച്ചാല്‍ അവള്‍ ചെല്ലുകയും അവളുടെ കൈ ഭര്‍ത്താവിന്റെ കയ്യില്‍ വെച്ച് നിങ്ങള്‍ തൃപ്തിപ്പെടുന്നത് വരെ ഞാന്‍ ഉറങ്ങുകയില്ലെന്ന് പറയും.

ഗൃഹപരിപാലനത്തില്‍ അവര്‍ യോജിപ്പിലെത്തല്‍ അനിവാര്യമാണ്. പ്രശ്‌നങ്ങള്‍ക്ക് സുരക്ഷിതവും പ്രയോജനപ്രദവുമായ പരിഹാരം കണ്ടെത്തുന്നതിനും അവര്‍ ഒരുമിച്ച് ശ്രമിക്കണം. ഇണകള്‍ക്കിടയിലെ വിയോജിപ്പിന്റെ മര്യാദകള്‍ സുപ്രധാനമാണ്. അതിന്റെ അഭാവത്തിലുണ്ടാകുന്ന നഷ്ടങ്ങളും ദോഷങ്ങളും വളരെ അപകടകരവുമാണ്. വിയോജിപ്പുകളുണ്ടാവുകയെന്നത് സ്വാഭാവികമാണ്. മനുഷ്യപ്രകൃതിയുടെ തന്നെ ഭാഗമാണത്. അതുകൊണ്ട് തന്നെ ദമ്പതികള്‍ക്കിടയിലും വിയോജിപ്പും അതിന്റെ ഫലമായി ഉണ്ടാകുന്ന പരസ്പര ദേഷ്യവുമെല്ലാം സ്വാഭാവികം തന്നെ. ലിംഗ വ്യത്യാസം പോലെ തന്നെ വീക്ഷണങ്ങളിലും അഭിരുചികളിലും വ്യത്യാസം പ്രകടമായിരിക്കും. അതിന് മൂര്‍ച്ച കൂടുമ്പോഴാണ് തര്‍ക്കത്തിലേക്കും ദേഷ്യത്തിലേക്കുമെല്ലാം എത്തുന്നത്.

ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും അഭിപ്രായ ഭിന്നതകളും പരിഹിക്കേണ്ടത് മക്കളെ മാറ്റിനിര്‍ത്തിയായിരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരിക്കലും സ്‌നേഹത്തെ കുറക്കുന്നില്ലെന്നാണ് അവരെ അറിയിക്കേണ്ടത്. പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണെന്നും അത് വൈവാഹിക ജീവിതത്തിലും ഉണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles