Current Date

Search
Close this search box.
Search
Close this search box.

ദലിത് മുസ്‌ലിം ഐക്യവും മാറ്റിനിര്‍ത്തലിന്റെ രാഷ്ട്രീയവും

dalith-muslim.jpg

ദലിത് മുസ്‌ലിം ഐക്യമെന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മണ്ഡല്‍ കമ്മീഷനാന്തര ഘട്ടത്തില്‍, അഥവാ 90കള്‍ക്ക് ശേഷം മുതലാണ് ദലിത് മുസ്‌ലിം ഐക്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത്. 80കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലുമായി ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങിയ തീവ്ര വലതുപക്ഷ നിലപാടുകള്‍ക്കെതിരായ ചെറുത്ത് നില്‍പ്പുകളുടെ ഭാഗമായിട്ടുകൂടിയായിരുന്നു ദലിത് മുസ്‌ലിം ഐക്യം സാധ്യമാക്കണമെന്ന ചിന്തക്ക് ആക്കം കൂട്ടിയത്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയപരമായ അരികുവത്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ദലിതുകളും മുസ്‌ലിംകളും ഏറെക്കുറെ ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണ്. കേരളം ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ ദലിതരേക്കാളും പിന്നിലാണെന്ന് സച്ചാര്‍ കമ്മറ്റി റിപ്പേര്‍ട്ട് അടക്കം സാക്ഷ്യപ്പെടുത്തുന്നു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാനന്തരം ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങിയ തീവ്ര വലതുപക്ഷ സംഘം രാഷ്ട്രീയപരമായി അതിന്റെ പാരമ്യത്തിലെത്തിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നുത്. സാമൂഹികാധീശ്വത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും സംഘ്പരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്നും ഒരു പോലെ നടന്നുകൊണ്ടിരിക്കുന്നു എന്നത് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. മുത്വലാഖ്, ഏക സിവില്‍കോഡ് പോലുള്ള വിഷയങ്ങള്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാമൂഹിക പരിതസ്ഥിതിയെ അട്ടിമറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളും ഇതേ അജണ്ട മുന്‍നിറുത്തിയുള്ളതാണ്. ഇവിടെ മുസ്‌ലിം ദലിത് ന്യൂനപക്ഷങ്ങളോടുള്ള സംഘ്പരിവാറിന്റെ നിലപാടുകള്‍ ഏറെക്കുറെ സമാനമാണ്. ഒന്നുകില്‍ അധികാരവും അതിന്റെ സംവിധാനങ്ങളും ഉപയോഗിച്ച് സര്‍വിധത്തിലും അടിച്ചമര്‍ത്തുക അല്ലെങ്കില്‍ അവര്‍ക്ക് സ്വാധീനമുള്ളവരെ നഅവരുടെ ചൊല്‍പ്പെടിക്ക് കീഴില്‍ കൊണ്ടുവരിക. ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം രാജ്യത്തെമ്പാടും സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ഇതേ സമയം തന്നെയാണ് രാജ്യത്തെമ്പാടും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ദലിത് മുസ്‌ലിം ഐക്യത്തെപ്പറ്റി വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും കേന്ദ്ര സര്‍വകലാശാലകളില്‍ ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ദലിത് മുസ്‌ലിം ഉണര്‍വുകള്‍ ഈ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ദലിത് മുസലിം തുടങ്ങിയ സംജ്ഞകള്‍ വളരെ വ്യാപകമയി ഉപയോഗിക്കുമ്പോഴും ഇൗ രണ്ട് സംജ്ഞകളും ഏകകമായിട്ടുള്ളതല്ല എന്നതാണ് വസ്തുത. ഇരു വിഭാഗങ്ങള്‍ക്കിടയിലും വളരെയധികം ചിന്താധാരകള്‍ ഉണ്ട്. തീവ്രവലതു പക്ഷത്തോട് ഐക്യപ്പെടുന്ന ധാരകള്‍ മുതല്‍ രാഷ്ടീയ നിലപാടുകള്‍ ഒന്നുമില്ലാത്ത ധാരകള്‍ വരെ ഇവക്കകത്ത് ഉണ്ട്. അതുകൊണ്ടാണ് ഏത് ദലിത് മുസ്‌ലിം ഐക്യത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നതു പോലെയുള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. (തെളിച്ചം മാസിക ഒക്ടോബര്‍ 2016).

ദലിത് മുസ്‌ലിം ഐക്യത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം മുഖ്യധാര പ്രതിനിധാനമായ സുന്നി സമൂഹത്തെ മാറ്റി നിര്‍ത്തുന്നതിനെയാണ് ലേഖനം പ്രധാനമായും വിമര്‍ശിക്കുന്നത്. യഥാര്‍ഥത്തില്‍ മുസ്‌ലിം ദലിത് ഐക്യം എന്നതു പോലെത്തെന്നെ വളരെ പ്രധാനമാണ് ഇന്ന് അതത് സമുദായങ്ങള്‍ക്കിടയിലെ ഐക്യമെന്നതും. അഥവാ ദലിത് സമുദായങ്ങള്‍ക്കിടയില്‍ എല്ലാ വിയോജിപ്പുകള്‍ക്കിടയിലും അവര്‍ അനുഭവിക്കുന്ന പൊതു വിഷയങ്ങളില്‍ ഐക്യം അവര്‍ക്ക് സാധ്യമാകേണ്ടതായിരുന്നു. ഇതു പോലെ മുസ്‌ലിംകള്‍ക്കിടയില്‍ എല്ലാ കര്‍മ്മശാസ്ത്ര ഭിന്നതകള്‍ക്കുമപ്പുറം സമുദായമെന്ന നിലയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഐക്യമുണ്ടാകേണ്ടതുണ്ട്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇത് ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ ദലിത് മുസ്‌ലിം ഐക്യം ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് ധാര സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി ഹൈജാക്ക് ചെയ്തതായി ലേഖനം ആരോപിക്കിന്നു. യഥാര്‍ഥത്തില്‍ ലേഖനത്തില്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത് പോലെ അബ്ദുന്നാസര്‍ മഅ്ദനിയായിരുന്നു ദലിത് മുസ്‌ലിം ഐക്യമെന്നതിന്റെ ഏറ്റവും മനോഹരമായ രാഷ്ട്രീയ നിലപാട് ഈ അടുത്ത് പ്രായോഗികവത്കരിച്ചത്. എന്നാല്‍ ഭരണകൂട വേട്ടക്ക് അദ്ദേഹം ഇരയായതോടെ ഇതിന് തുടര്‍ച്ച നല്‍കാനായില്ല. ഇവിടെ ഈ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സുന്നി പാരമ്പര്യമുള്ള ധാരകളൊന്നും തന്നെ മുന്നോട്ട് വരികയുണ്ടായില്ല എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ ഇതിന് തുടര്‍ച്ച ഉണ്ടാക്കാനുള്ള ശ്രമം മാത്രമായിരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതില്‍ തന്നെ ലേഖകന്‍ ആരോപിക്കുന്നത് പോലെ ആരെയങ്കിലും ബോധപൂര്‍വ്വം തഴയുക എന്നതായിരുന്നില്ല ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാട്. മറിച്ച് ദലിത് മുസ്‌ലിം ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന അതേ അളവില്‍ ഇതേ സമയം തന്നെ ഇസ്‌ലാമിക പ്രസ്ഥാനം മുസ്‌ലിം സംഘടനകളുടെ ഐക്യത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. യോജിക്കാനും ഒരുമിക്കാനും പറ്റുന്ന ഓരോ അവസരവും ഇസ്‌ലാമിക പ്രസ്ഥാനം അതിനായി ഉപയോഗിച്ചു.

എന്നാല്‍ മറുഭാഗത്തു നിന്നും ഇതിനോടുളള നിലപാട് അത്ര ആശാവഹമായിരുന്നില്ല എന്ന് നമുക്ക് കാണാന്‍ കഴിയും. ഒരേ വേദിയില്‍ പല വിഷയങ്ങളും ഒന്നിച്ച് ചര്‍ച്ച ചെയ്ത ഇറങ്ങി വന്ന ശേഷം പലപ്പോഴും തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി അപരര്‍ക്കെതിരെ ശത്രുക്കള്‍ പോലും ഉയര്‍ത്താത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഇത്തരം സംഭവങ്ങളായിരുന്നു യഥാര്‍ഥത്തില്‍ മുസ്‌ലിം ഐക്യത്തിന് തടസ്സമായി വര്‍ത്തിക്കുന്നത്. ഇതിനെ അഭിമുഖീകരിക്കാതെ ദലിത് മുസ്‌ലിം ഐക്യത്തില്‍ നിന്നും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നു എന്ന അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

Related Articles