Current Date

Search
Close this search box.
Search
Close this search box.

ദമസ്‌കസിന്റെ സന്തോഷം എത്ര നാള്‍…

ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പരാജയപ്പെടുത്താനും കൊബാനിയിലെ അവരുടെ ആധിപത്യം പൂര്‍ണമായി ഇല്ലാതാക്കാനും എത്രത്തോളെ സൈന്യത്തെ വേണമെന്ന് നമുക്കറിയില്ല. അവരുടെ മുന്നേറ്റം ഇല്ലാതാക്കുന്നതിന് ഇനിയും എത്ര യുദ്ധ വിമാനങ്ങള്‍ ആവശ്യമായി വരും? കുറച്ച് സൈനിക വാഹനങ്ങളും ശേഷികുറഞ്ഞ ആയുധങ്ങളും മാത്രമുള്ള ഏതാനും ആയിരം മാത്രം വരുന്ന പോരാളികളെയാണ് അവിടെ നേരിടുന്നത്.

ഇസ്‌ലാമിക് സ്‌റ്റേറ്റിനെ നേരിടാന്‍ എല്ലാ പ്രദേശത്ത് നിന്നും അവിടേക്ക് ഒഴുകുന്ന സൈന്യങ്ങളെ കുറിച്ചല്ലാതെ ഈയടുത്ത നാളുകളില്‍ നാം കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്നില്ല. കുര്‍ദുകളുടെ പെഷ്മര്‍ഗ സൈന്യത്തില്‍ നിന്നും ഇരുന്നൂറ് പേര്‍ കൊബാനിയിലേക്ക് കടന്നതായി കഴിഞ്ഞ വ്യാഴാഴ്ച്ച ഉര്‍ദുഗാന്‍ വ്യക്തമാക്കി. കൊബാനിക്ക് വേണ്ടി പോരാടുന്ന കുര്‍ദ് ജനതയെ സംരക്ഷിക്കാന്‍ 1300 ഫ്രീ സിറിയന്‍ ആര്‍മി സൈനികര്‍ തുര്‍ക്കി അതിര്‍ത്ത് കടക്കുമെന്ന് വെള്ളിയാഴ്ച്ച ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ബാള്‍ട്ടിക് പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയയുടെ തലസ്ഥാനമായ താലിനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുര്‍ദുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചു വരുന്ന സൈന്യം – അവര്‍ കുര്‍ദുകളാവട്ടെ അല്ലാത്തവരാവട്ടെ – തന്റെ രാഷ്ട്രത്തിന്റെ അതിര്‍ത്തി കടക്കുന്നതിനെ ശക്തമായി എതിര്‍ത്ത ആളാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. സിറിയയിലെ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയെ (PYD)യെ കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ട്ടിയുടെ (PKK) ഭാഗമായിട്ടാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചിരുന്നത്. ഉര്‍ദുഗാന്റെ ഈ പ്രസ്താവനകളില്‍ PYD വക്താവ് നവാഫ് ഖലീല്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. കൊബാനിയിലെക്ക് പ്രവേശിക്കാിന്‍ ഉദ്ദേശിക്കുന്ന ഫ്രീ സിറിയന്‍ ആര്‍മി എന്തുകൊണ്ട് അവിടേക്ക് തിരിക്കുന്നില്ല എന്നാണ് നവാഫ് ചോദിക്കുന്നത്. ഈ നീക്കത്തില്‍ ഫ്രീ സിറിയന്‍ ആര്‍മിക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യമാണെന്ന് നവാഫിന് അറിയില്ലേ. കൊബാനില്‍ പോരാടുന്നതിന് തുര്‍ക്കി പ്രഥമമായി പരിഗണിക്കുക ഫ്രീ സിറിയന്‍ ആര്‍മിയെയാണെന്നും പെഷ്മര്‍ഗ പോരാളികള്‍ക്ക് രണ്ടാം സ്ഥാനമേ കല്‍പിക്കൂന്നുള്ളൂവെന്നും ഉര്‍ദുഗാന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുമുണ്ട്.

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രീ സിറിയന്‍ ആര്‍മിക്ക് നല്‍കിയ പങ്കാളിത്തം ഒരുപക്ഷേ പുതിയ മേഖലകളിലേക്ക് വാതില്‍ തുറക്കാനുള്ള ശ്രമത്തിലെ ആദ്യ കാല്‍വെപ്പായിരിക്കാം. ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള അമേരിക്കന്‍ സൈനിക ഇടപെടലിനെ അപലപിക്കുന്ന നിരവധി ഗ്രൂപ്പുകളും സംഘങ്ങളും റിഖയിലും ദേര്‍സൂറിലുമുണ്ട്. ഈ സഖ്യത്തെ സയണിസ്റ്റ്-അമേരിക്കന്‍ സഖ്യം എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത് പോലും.

പ്രധാനമായും രണ്ട് സായുധ സംഘങ്ങളായി വേര്‍തിരിഞ്ഞ സിറിയന്‍ പ്രതിപക്ഷത്തിനിടയിലെ വിഘടനത്തിന് മുന്നിലാണ് നാമുള്ളത്. തീവ്രആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ്, ജബ്ഹത്തുന്നുസ്‌റ, അഹ്‌റാറുശ്ശാം, ലിവാഉശ്ശാം, തുടങ്ങിയ സംഘങ്ങളോടൊപ്പെ ചേര്‍ന്ന അമേരിക്കന്‍ ഇടപെടലിനെ എതിര്‍ക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഫ്രീ സിറിയന്‍ ആര്‍മി നേതൃത്വം നല്‍കുന്നതാണ് രണ്ടാമത്തെ സംഘം.

അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യത്തിന് ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നതാണ് കൊബാനിയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ നല്‍കുന്ന സൂചന. വളരെ വേഗത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ശക്തി ക്ഷയിപ്പിക്കാനും അതിന്റെ കഥ കഴിക്കലുമാണ് സഖ്യത്തിന്റെ ആവശ്യം. 35000-ല്‍ കവിയാത്ത എണ്ണം ജനസംഖ്യയുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു നഗരത്തിന് വേണ്ടിയുള്ള പോരാട്ടം ഒരു മാസത്തിലേറെയായിരിക്കുന്നു. അപ്പോള്‍ മൗസില്‍, റിഖ, ദേര്‍സൂര്‍, ഫല്ലൂജ പോലുള്ള നഗരങ്ങളുടെ കാര്യത്തില്‍ എന്തായിരിക്കും അവസ്ഥ?

ദമസ്‌കസിലുള്ള സിറിയന്‍ നേതൃത്വം ഇന്ന് കൈകൊട്ടി ചിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടിയിരുന്നവര്‍ പരസ്പരം പോരടിക്കുന്ന കാഴ്ച്ചയാണ് അവര്‍ കാണുന്നത്. അതിന്റെ ക്രെഡിറ്റ് മടങ്ങുന്നത് അമേരിക്കന്‍ സഖ്യത്തിനും ഇസ്‌ലാമിക് സ്‌റ്റേറ്റിനുമാണ്. ഈ സന്തോഷം എത്രത്തോളം നീളുമെന്നറിയില്ല. സിറിയയിലെയും ഇറാഖിലെയും പോരാട്ട ഭൂമികളിലെ ദ്രുതവേഗത്തിലുള്ള മാറ്റങ്ങള്‍ കാരണം അതിന് ഖണ്ഡിതമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുകയില്ല.

Related Articles