Current Date

Search
Close this search box.
Search
Close this search box.

ദത്ത് സമ്പ്രദായവും ഇസ്‌ലാമും

ദത്തെടുക്കലും കൊടുക്കലും മൗലികാവകാശമല്ലെന്ന വിധി പ്രസ്താവനത്തോടൊപ്പം സുപ്രീം കോടതി രാജ്യത്തെ ഏത് മതക്കാരനും നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ദത്തെടുക്കാന്‍ അവകാശമുണ്ടെന്നും ഏതെങ്കിലും വ്യക്തിനിയമം ഇതിനെതിരാകില്ലെന്നും പറഞ്ഞിരിക്കുന്നു. മുസ്‌ലിം വ്യക്തിനിയമത്തിലെ മൂന്നാം വകുപ്പിലാണ് ദത്തിനെക്കുറിച്ചു പരാമര്‍ശമുള്ളത്. ദത്തിനെ സംബന്ധിച്ച ഇസ്‌ലാമിക വിധി പാലിക്കാനാണ് അതാവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ 33ാം അദ്ധ്യായത്തിലെ നാല്, അഞ്ച് സൂക്തങ്ങളിലാണ് ദത്ത് സമ്പ്രദായം പരാമര്‍ശിക്കുന്നത്. അത് ഇവ്വിധമാണ്: ‘നിങ്ങളിലേക്ക് ചേര്‍ത്തു വിളിക്കുന്ന ദത്തുപുത്രന്മാരെ നിങ്ങളുടെ മക്കളാക്കിയിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വെറും വാക്കുകളാണ്. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍ വഴിയില്‍ നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കന്മാര്‍ ആരെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റ പേരില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്’ (33 : 4,5)
ഖുര്‍ആന്റെ അവതരണകാലത്ത് അറേബ്യയില്‍ ദത്ത് സമ്പ്രദായം നിലനിന്നിരുന്നു. ദത്ത്പുത്രന്മാരെ സ്വന്തം മക്കളെപ്പോലെയാണ് കരുതിയിരുന്നത്. അവര്‍ക്ക് മക്കളെപ്പോലെ സ്വത്തവകാശം ലഭിച്ചിരുന്നു. അയാളുടെ മക്കളോട് സ്വന്തം സഹോദരീ സഹോദന്മാരോടെന്നപോലെയുമാണ് സഹവസിച്ചിരുന്നത്. ദത്തെടുത്ത ആളുടെ മക്കളുമായി ദത്തെടുക്കപ്പെട്ടയാള്‍ക്ക് വിവാഹം വിലക്കപ്പെട്ടിരുന്നു. ദത്ത് പുത്രന്‍ വിവാഹം ചെയ്ത സ്ത്രീയെ അയാള്‍ വിവാഹമോചനം ചെയ്താല്‍ ദത്തെടുത്ത ആള്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അഥവാ ദത്ത് പുത്രന്റെ ഭാര്യയെ സ്വന്തം മകന്റെ ഭാര്യയെപ്പോലെയാണ് കണക്കാക്കിയിരുന്നത്. ഇസ്‌ലാം ഈ കൃത്രിമങ്ങളെയെല്ലാം അവസാനിപ്പിച്ചു. വിവാഹ വ്യവസ്ഥയെയും അനന്തരാവകാശ നിയമങ്ങളെയും സദാചാര മൂല്യങ്ങളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഈ സമ്പ്രദായം പൂര്‍ണ്ണമായി നിര്‍ത്തലാക്കി. ദത്ത് പുത്രന്‍ സ്വന്തം മകനെപ്പോലെയല്ലെന്ന് വിധിച്ചു. ദത്തെടുക്കുന്ന ആളുടെ ഭാര്യയും മക്കളും സ്വന്തം മാതാവിനെപ്പോലെയോ സഹോദരീ സഹോദന്മാരെപ്പോലെയോ അല്ലെന്ന് വിധിച്ചു. ദത്തുപുത്രന്റെ ഭാര്യയെ അയാള്‍ വിവാഹമോചനം ചെയ്താല്‍ വിവാഹം കഴിക്കാമെന്ന് വിധിച്ചു. പ്രവാചകനിലൂടെത്തന്നെ ഇത് പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്തു.
എന്നാല്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളെ സംരക്ഷണത്തിനായി ഏറ്റെടുക്കാവുന്നതാണ്. അപ്പോഴും സ്വത്തവകാശത്തിലും വിവാഹകാര്യത്തിലും സദാചാര നിയമത്തിലും അവര്‍ സ്വന്തം മക്കളെപ്പോലെയാവുകയില്ല. അതിനാല്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ ആണ്‍കുട്ടിയാണെങ്കില്‍ ഭാര്യയുടെ ഏറ്റവും അടുത്ത ബന്ധുവും പെണ്‍കുട്ടിയാണെങ്കില്‍ പുരുഷന്റെ ഏറ്റവും അടുത്ത ബന്ധവുമായിരിക്കുന്നതാണ് നല്ലത്. അപ്പോഴും അനന്തരാവകാശമുണ്ടാവുകയില്ല. എന്നാല്‍ സ്വത്തിന്റെ മുന്നിലൊന്നുവരെ വസ്വിയ്യത്തായി നല്‍കാവുന്നതാണ്. ദത്തെടുക്കപ്പെടുന്ന കുട്ടിയെ ദത്തെടുത്ത ആളുടെ മകനോ മകളോ ആയി ചേര്‍ത്തുപറയാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പ്രവാചകന്റെ ദത്തുപുത്രനായിരുന്ന സൈദിനെ സൈദുബ്‌നു മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. ഖുര്‍ആന്‍ അത് വിലക്കിയതോടെ സ്വന്തം പിതാവിലേക്ക് ചേര്‍ത്ത് സൈദുബ്‌നു ഹാരിസ എന്ന് വിളിക്കാന്‍ തുടങ്ങി.
ഇസ്‌ലാമിനെ അംഗീകരിക്കാത്തവരും അതിന്റെ നിയമം പാലിക്കാന്‍ തയ്യാറാകാത്തവരും ദത്ത് സമ്പ്രദായത്തില്‍ മാത്രം അത് പാലിക്കണമെന്ന് പറയുന്നതിനര്‍ത്ഥമില്ല.

 

Related Articles