Current Date

Search
Close this search box.
Search
Close this search box.

തൗഹീദും സാമൂഹിക ഇടപെടലുകളും

ഇസ്‌ലാമിക പ്രബോധകര്‍ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്കല്ല ഊന്നല്‍ കൊടുക്കേണ്ടത് തൗഹീദീ(ഏകദൈവത്വം) പ്രബോധനത്തിനും ശിര്‍ക്കിന്റെ (ബഹുദൈവത്വം) വിഭാടനത്തിനുമായിരിക്കണം. മനുഷ്യാവകാശങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കുന്നതിന് ഇവിടെ ആരെല്ലാമുണ്ട്? നമുക്ക് പറയേണ്ടത് തൗഹീദ് മാത്രമാണ്. ശിര്‍ക്കില്ലാതെയായിട്ടേ മറ്റെന്തു തിന്മക്കെതിരെ ശബ്ദിച്ചിട്ടും കാര്യമുള്ളൂ. സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രബോധന ചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു വാദമാണിത്.

ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതിശാസ്ത്രങ്ങളിലൊന്നായ ആശയസംവാദത്തില്‍ വിശ്വാസികളുടെ മാതൃക ഖുര്‍ആനും പ്രവാചകന്മാരുടെ പ്രബോധന രീതികളുമാണ്. പ്രവാചകന്മാരുടെ പ്രബോധനത്തില്‍ കാണുന്ന മുന്‍ഗണനകളിലുള്ള മാറ്റം അതത് കാലഘട്ടങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ പരിഗണിച്ചാണെന്നും മനസ്സിലാക്കാം. അടിസ്ഥാന ലക്ഷ്യം ഒന്നായിരിക്കെ തന്നെ ശൈലിയും  ഊന്നലുകളും വ്യത്യാസമാവുന്നതിന് തടസ്സമില്ലെന്നര്‍ഥം.

സകല പ്രവാചകന്മാരും പ്രബോധനത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് ഏകദൈവവിശ്വാസത്തിലേക്കുള്ള ക്ഷണം (തൗഹീദ്) തന്നെയായിരുന്നു. ‘ഞാനല്ലാതെ ഒരു ഇലാഹില്ലെന്നും അതിനാല്‍ എനിക്ക് ഇബാദത്ത് ചെയ്യണമെന്നും ബോധനം നല്‍കിയിട്ടല്ലാതെ താങ്കള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (ഖുര്‍ആന്‍: 21:25)

പ്രവാചകന്മാര്‍ ജനകീയ സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു എന്നതും വസ്തുതയാണ്. എങ്കില്‍ അത്തരം ഇടപെടലുകളും തൗഹീദിന്റെ അനിവാര്യമായ താല്പര്യങ്ങളായിരിക്കണം. അഥവാ ആത്മീയ ആരാധാനാ മേഖലകള്‍ക്കപ്പുറം സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലും തൗഹീദിന്റെ ഇടപെടലുകളുണ്ടാവണം. ജനജീവിതത്തിന്റെ ഏത് മേഖലയിലാണോ തൗഹീദിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി താഗൂത്തൂം ജാഹിലിയ്യത്തും പിടിമുറുക്കിയിരിക്കുന്നത് അവയുടെ നിരാകരണമായിരുന്നു പ്രവാചകന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രാഥമികമായ ഊന്നല്‍. അത് പലപ്പോഴും വിഗ്രഹ പൂജയും ബഹുദൈവാരാധനയും തന്നെയായിരുന്നു. ദേഹേച്ഛയും അഹങ്കാരവും താന്‍പോരിമയുമായിരുന്നു മറ്റു ചിലപ്പോള്‍. സ്വേച്ഛാധിപത്യ ഭരണക്രമങ്ങളും സമ്പന്നരുടെ ഗര്‍വ്വും പൊങ്ങച്ചപ്രകടനങ്ങളുമെല്ലാമാവും മറ്റവസരങ്ങളില്‍. സാമൂഹിക തിന്മകളും സാംസ്‌കാരികമായ ജീര്‍ണതകളും ഒരു സമൂഹത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനായിരിക്കും അവര്‍ മുന്‍ഗണന നല്‍കുക. ജനങ്ങളെ ദൈവമാര്‍ഗത്തില്‍ നിന്നും തടയുന്ന ഏറ്റവും വലിയ തിന്മയേതോ അതിനെതിരെയായിരുന്നു പ്രവാചകന്മാരുടെ മുഖ്യപോരാട്ടം.

എല്ലാ കാലത്തും ഒരേ തരത്തിലുള്ള ശിര്‍ക്കും ജാഹിലിയ്യത്തുമായിരുന്നില്ല നിലനിന്നിരുന്നത്. അതു കൊണ്ടുതന്നെ പൊതുവായ മുന്‍ഗണനാക്രമം നിശ്ചയിക്കാനാവില്ല. അത് നിര്‍ണ്ണയിച്ചിരുന്നത് സാഹചര്യങ്ങളുടെ തേട്ടങ്ങളാണ്. പക്ഷെ അടിസ്ഥാനം എപ്പോഴും തൗഹീദ് തന്നെയായിരുന്നു.

പ്രവാചകന്മാരുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാവുന്നതാണ്. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് അവരുടെ ആത്മീയാഭിനിവേശങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിന്റെ തേര്‍വാഴ്ചയായിരുന്നു മിക്ക ചരിത്രഘട്ടങ്ങളിലും. ജനം അന്ധവിശ്വാസങ്ങളിലും കപട ആത്മീയതകളിലും ഒതുങ്ങിക്കൂടേണ്ടത് ഭരണ വരേണ്യവര്‍ഗത്തിന്റെ ആവശ്യമായിരുന്നു.

ഈ ആത്മീയ ഭരണ സഖ്യത്തിനെതിരായിരുന്നു പ്രവാചകനായ ഇബ്രാഹിം (അ) ശബ്ദിച്ചത്. ബിംബാരാധനയെ എതിര്‍ത്തപ്പോഴും വിഗ്രഹങ്ങള്‍ തച്ചുടച്ചപ്പോഴും നംറൂദിനെ ചൊടിപ്പിച്ചതും അതു തന്നെ. ഇതേ കൂട്ടുകെട്ട് ഫറോവ ഭരണത്തിലും കാണാം. മൂസാനബി(അ)ക്കെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ ഫറോവ എടുത്തിട്ട തുറുപ്പുചീട്ടും അതായിരുന്നു (ഖുര്‍ആന്‍ 7:127). ഇവന്‍ നമ്മുടെ ദൈവങ്ങളെയെല്ലാം തള്ളിപ്പറയുന്നുവെന്നാണ് ഫറോവ പറഞ്ഞത്.

ഭൗതികമായ ജീവിത പ്രയാസങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കലല്ല, നരകശിക്ഷയില്‍ നിന്ന് അവരെ മോചിപ്പിക്കലാണ് പ്രധാനമെന്നും അതുകഴിഞ്ഞിട്ടേ മറ്റെന്തു സാമൂഹികസേവനങ്ങള്‍ക്കും പ്രസക്തിയുള്ളൂ എന്നുള്ള വാദങ്ങളാണ് ചിലര്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍ ബഹുദൈവാരാധനയില്‍ നിന്നും ഇസ്രായേല്‍ സമൂഹത്തെ മുക്തമാക്കുന്നതിന് മുമ്പായിരുന്നു ഫറോവയുടെ മര്‍ദ്ദനങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഫിര്‍ഔനിന്റെ അടുക്കലേക്ക് കയറിച്ചെന്ന് മൂസ ആദ്യമായി പ്രഖ്യാപിച്ചതും തന്റെ ജനതയുടെ സാമൂഹിക രാഷ്ട്രീയ വിമോചനമായിരുന്നു.

ചുരുക്കത്തില്‍ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്കെല്ലാം ഊന്നലുകളില്‍ വൈവിധ്യമുണ്ടായിരുന്നു. ഇബ്രാഹിം നബിയുടെ പ്രബോധനത്തിലെ പ്രഥമ പരിഗണന ആരാധാനാശിര്‍ക്കും (28: 69 …89) മൂസാനബിയുടെ പ്രബോധനത്തിലെ ആദ്യപരിഗണന അധികാരശിര്‍ക്കും (79:18) ആയിരുന്നു. ആദ്യം സംസാരിക്കേണ്ടത് ആരാധനാ ശിര്‍ക്കിനെതിരെയല്ലേ എന്ന് മൂസാ നബി അല്ലാഹുവിനോട് ചോദിച്ചില്ല. കാരണം അവിടുത്തെ ആരാധനാ മൂര്‍ത്തികളേക്കാള്‍ ജനജീവിതം നിര്‍ണ്ണയിച്ചിരുന്നത് അധികാരതാഗൂത്തായിരുന്നുവെന്ന് മൂസാ നബിക്കും അല്ലാഹുവിനും നന്നായറിയാം. (ഖുര്‍ആന്‍ 43: 51)

സ്വവര്‍ഗരതിയെന്ന ജാഹിലിയ്യത്തായിരുന്നു ലൂത്ത് നബിയുടെ സമൂഹത്തെ കാര്‍ന്നു തിന്നിരുന്ന മാരകവിപത്ത്. തൗഹീദിനെന്നല്ല മാനവികതക്ക് പോലും നിരക്കാത്ത തിന്മയായിരുന്നു അവരുടേത്. ഇതിലെവിടെയാണ് ശിര്‍ക്കും തൗഹീദുമെല്ലാം എന്ന് ചോദിച്ച് ലൂത്ത് നബി അല്ലാഹുമായി തര്‍ക്കിച്ചില്ല. അത്തരം ജീര്‍ണതയില്‍ നിന്ന് കരകയറിയാലേ ഏകദൈവാരാധന പോലും അവരിലേശുകയുള്ളൂ. അതുകൊണ്ട് അല്ലാഹുവെ സൂക്ഷിക്കാനും മ്ലേഛവൃത്തിവെടിയാനുമാണ് ലൂത്ത് അവരോടാവശ്യപ്പെട്ടത്. (7: 80…84)

ഹൂദ് നബിയും സ്വാലിഹ് നബിയും ശുഐബ് നബിയും അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ലെന്നും അവന് മാത്രമേ നിങ്ങള്‍ ഇബാദത്ത് ചെയ്യാവൂ എന്നും (7:65,73,85) ആദ്യമായി പ്രഖ്യാപിച്ചു. അവനെ സൂക്ഷിച്ച് ജീവിക്കാനും പ്രവാചന്മാരായ തങ്ങളെ അനുസരിക്കാനും കല്പിച്ചു. പ്രഥമ പരിഗണന ആരാധനാ ശിര്‍ക്കിന് തന്നെ. എന്നാല്‍ അതേ പ്രവാചകന്മാര്‍ തന്നെ, പാറകള്‍ തുരന്ന് വീടുണ്ടാക്കിയതിനെതിരെയും പൊങ്ങച്ചത്തിനെതിരെയും കച്ചവട കൃത്രിമത്വത്തിനെതിരെയുമെല്ലാം ശബ്ദിച്ച് സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടത് എല്ലാവരും ഏകദൈവാരാധന തുടങ്ങിയതിന് ശേഷമായിരുന്നോ? എല്ലാ തിന്മകളുടെയും മൂലഹേതു ബിംബാരാധനയായിരുന്നെങ്കില്‍ അതിനെതിരെ മാത്രം ശബ്ദിച്ചാല്‍ പോരായിരുന്നോ? ജീവിതം മുഴുവന്‍ സംസ്‌കരിക്കുന്ന ആദര്‍ശവും ജീവിത ദര്‍ശനവുമായി അന്ത്യപ്രവാചകന്‍ കടന്നുവന്നപ്പോഴും സമൂഹത്തിലെ എല്ലാതരം തിന്മകള്‍ക്കുമെതിരെ ശക്തമായി രംഗത്ത് വന്നു.

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പ്രബോധനമാതൃകയും വ്യത്യസ്തമായിരുന്നില്ല. പ്രവാചക പ്രബോധനത്തിന്റെ ഭാഗം തന്നെയായിരുന്നു സാമൂഹിക സേവനങ്ങളും. നമസ്‌കാരവും നോമ്പും നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ അഗതികളുടെയും അനാഥകളുടെയും അടിമകളുടെയും കാര്യത്തില്‍ ഖുര്‍ആന്‍ വാക്യങ്ങളിറങ്ങിയതും(90: 11…16) കഅ്ബയില്‍ 360-ല്‍ പരം വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടു കൊണ്ടിരിക്കെയായിരുന്നു കച്ചവടരംഗത്തെ കൃത്രിമത്വത്തിനെതിരെ രംഗത്ത് വന്നതും (83:1…3). സമൂഹം ശിര്‍ക്ക് ഒഴിവാക്കുന്നതിന് മുമ്പ് തന്നെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി (81:89) ശബ്ദമുയര്‍ത്തിയതും ഈയടിസ്ഥാനത്തില്‍ തന്നെയായിരുന്നു.

ബഹുദൈവാരാധന ജനജീവിത്തെ സ്വാധീനിച്ചിരുന്ന കാലത്തു തന്നെ പ്രവാചകന്മാര്‍ ഗൗരവമായി ഇതര പ്രശ്‌നങ്ങളിലിടപെട്ടു. ഇന്നാവട്ടെ മനുഷ്യരെ ദൈവിക മാര്‍ഗത്തില്‍ നിന്നും തടയുന്ന ഘടകങ്ങള്‍ അനേകമാണ്. സ്വാഭാവികമായും പ്രബോധകന് അതും വിഷയമാവേണ്ടതുണ്ട്.

മുതലാളിത്തത്തിന്റെ ദുരന്തഫലമെന്നോണം ഇന്ന് സാമ്പത്തികാസമത്വങ്ങളും സാമ്പത്തിക ചൂഷണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് സമൂഹത്തിന്റെ നല്ലൊരു ഭാഗം അവഗണിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് വിശ്വാസിയായ പ്രബോധകന്റെ ബാധ്യതയാണ്.

ഇസ്‌ലാമിന്റെ മഹത്വം നന്നായി മനസ്സിലാക്കിയ പ്രവാചകന്മാര്‍ തന്നെയാണ് സാമൂഹിക സേവനരംഗത്തും വിശ്വാസികള്‍ക്കുള്ള മാതൃക. ഒരാള്‍ സാമൂഹിക സേവനരംഗത്ത് സജീവമായി നിറഞ്ഞുനില്‍ക്കുന്നത് ഇസ്‌ലാമിന്റെ സമഗ്രത പ്രകാശിപ്പിച്ചാണ്. സത്യമതം അവതരിപ്പിച്ച സര്‍വ്വശക്തന്‍ തന്നെയാണ് സമസൃഷ്ടികളോടുള്ള ബാധ്യതകള്‍ കല്‍പിച്ചതും.

Related Articles