Current Date

Search
Close this search box.
Search
Close this search box.

ത്വവാഫിന്റെ പൊരുള്‍, സഅ്‌യിന്റെ സന്ദേശം

ത്വവാഫാണ് കഅ്ബാലയത്തില്‍ എത്തുന്ന തീര്‍ഥാടകന്റെ പ്രഥമ കര്‍മ്മം. കഅ്ബയെ ഇടത്തുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍വ്വമുള്ള അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്.

എല്ലാ ഭിന്നതകള്‍ക്കുമധീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ് കര്‍മ്മം. ഇത് തുടങ്ങുന്നത് കറുത്ത ശിലയുടെ മുന്നില്‍ നിന്നാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ലിന് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്. ഒരു പാട് തലമുറകളുടെ ചുംബനവും സ്പര്‍ശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയ സാക്ഷി. ആര് എപ്പോള്‍ എവിടെ നിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവില്‍ നിന്ന് ആരംഭിക്കണം.

രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവില്‍ നിന്നാണ് തുടങ്ങുന്നത്. ഈ ബിന്ദുവില്‍ ലോകമുസ്‌ലിംകള്‍ ഒന്നിക്കുന്നു. തൗഹീദ് എന്നാല്‍ ഉദ്ഗ്രഥനവും ഏകീരകണവും കൂടിയാണെന്ന് തിരിച്ചറിയുന്ന ത്വവാഫ് മനസാവാചാ കര്‍മ്മണായുള്ള പ്രാര്‍ഥനയാണ്. ശാരീരകവും മാനസികവുമായ വിശുദ്ധിയോടെ നടത്തേണ്ട പ്രാര്‍ഥന. ഇത് ഏഴ് വട്ടമാണ്. ഈ എണ്ണം ചിന്തോദ്ദീപകമാണ്.
ത്വവാഫ് മാത്രമല്ല, സഅ്‌യും എറിയുന്ന കല്ലുമൊക്കെ ഏഴാണ്. ആകാശവും ഭൂമിയും ഏഴാണെന്നതില്‍ മനുഷ്യകുലം ഏകാഭിപ്രായക്കാരാണ്. ഇങ്ങിനെ പലതിന്റെയും എണ്ണം ഏഴാണ്. ഇടത്തോട്ട് ചുറ്റിക്കറങ്ങുന്ന രീതി പ്രപഞ്ചത്തില്‍ നടക്കുന്ന ഭ്രമണങ്ങളുടെ അനുകരണമാണ്. സൗരയൂഥത്തിലും ഗാലക്‌സികളിലും നിസ്സാരമായ അണുവിലുമൊക്കെ നടക്കുന്ന ചലനം ഭ്രമണം ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അര്‍ശിന്റെ ചുറ്റും മാലാഖമാര്‍ നിരന്തരം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ത്വവാഫ് ഇതേ ദിശയില്‍ തന്നെ. അങ്ങനെ അങ്ങോളമിങ്ങോളം സൃഷ്ടികര്‍ത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്.
വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം തമ്പുരാന്റെ പൊരുത്തത്തിന് മുമ്പില്‍ അടിയറവെച്ച് ‘റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി, ഞാന്‍ അതിനോട് ചേര്‍ന്നുനില്‍ക്കാന്‍ സദാ സന്നദ്ധനാണ്’ എന്ന പ്രാര്‍ഥനാപൂര്‍വ്വം ഏറ്റുപറയുന്ന കര്‍മ്മമാണ് ത്വവാഫ്. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവര്‍ പ്രപഞ്ചതാളത്തോട് പൊരുത്തപ്പെടാത്ത താളപ്പൊരുത്തമില്ലാത്ത രീതിയിലേക്കാണ് അധപതിക്കുന്നതെന്ന തിരിച്ചറിവ് ത്വവാഫ് നമുക്ക് നല്‍കുന്നുണ്ട്.

ത്വവാഫിന് ശേഷമുള്ള സുന്നത്ത് നമസ്‌കാരത്തില്‍ ഹ്രസ്വമായ രണ്ട് ഖുര്‍ആന്‍ അധ്യായങ്ങങ്ങളാണ് (അല്‍ കാഫിറൂനും അല്‍ ഇഖ്‌ലാസും) ഓതേണ്ടത്. ദീര്‍ഘമായി നമസ്‌കരിക്കരുത്. എല്ലാവരെയും പരിഗണിക്കുന്ന സാമൂഹിക ബോധമാണ് ഇതിന്റെ പൊരുള്‍. ‘ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍ പോലും ഞങ്ങളെ നേര്‍വഴി നടത്തേണമേ’ എന്ന് പതിവായി ഉള്ളുരുകി പ്രാര്‍ഥിക്കുന്ന വിശ്വാസി പുലര്‍ത്തേണ്ട സാമൂഹിക ബോധവും പരസൃഷ്ടി ക്ഷേമ തല്‍പരതുമാണിവിടെ പുലരേണ്ടത്.
സത്യശുദ്ധവും സമഗ്ര സമ്പൂര്‍ണ്ണവുമായ ഏകദൈവ വിശ്വാസത്തിന്റെ രണ്ട് വശങ്ങള്‍ (നെഗറ്റീവും പോസിറ്റീവും) ഉള്‍ക്കൊള്ളുന്നതാണ് മേല്‍പറഞ്ഞ രണ്ട് സൂറകള്‍. പിന്നെ നാം പാനം ചെയ്യുന്ന സംസം ‘ആയത്തുകള്‍’ (ദൃഷ്ടാന്തങ്ങള്‍) എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍പെട്ട അത്ഭുത നീരുറവയാണ്. സഫ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ സഅ്‌യ് എന്ന നടത്തം നിര്‍വ്വഹിക്കുന്നു.
സഅ്‌യ് എന്നതിന്റെ പൊരുള്‍ ‘പ്രയത്‌നം’ എന്നാണ്. പ്രാര്‍ഥനക്കൊപ്പം പ്രയത്‌നവും വേണമെന്നാണിതിന്റെ സന്ദേശം. സന്താനഭാഗ്യത്തിന് പ്രാര്‍ഥിക്കുന്നവര്‍ വിവാഹം കഴിക്കാതെ, ദാമ്പത്യമനുഷ്ടിക്കാതെ ബ്രഹ്മചാരിയായി നടക്കരുത്. പ്രാര്‍ഥനയുടെ പ്രമേയത്തോട് നീതി പുലര്‍ത്തിക്കൊണ്ട് പ്രയത്‌നിക്കണം. നമ്മളാകുന്ന പാത്രത്തെ കമിഴ്ത്തി വെച്ച് അനുഗ്രഹം തേടരുത്. അനുഗ്രഹ വര്‍ഷത്തിന് അര്‍ഹനാകും വിധം നാം നമ്മെ തയ്യാറാക്കി മലര്‍ത്തി വെക്കണം.
ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന് ദാഹജലം തേടി നെട്ടോട്ടമോടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട് പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്‌കര്‍മ്മ നിലപാട് സ്വീകരിക്കരുത്. ഏതു ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്‌നം പ്രാര്‍ഥനക്കൊപ്പം നാം നടത്തണം. അല്ലാഹുവിന്റെ ദാനമാണ് നാം അനുഭവിക്കുന്ന സര്‍വവും. അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമായ നാം അവന്‍ തന്നതെന്തും അവന്റെ ഇംഗിതം മാനിച്ച്, അവന്റെ പ്രീതികാംക്ഷിച്ച് ത്യജിക്കാന്‍ തയ്യാറാണെന്ന ത്യാഗസന്നദ്ധതയുടെ വിളംബരമാണ് തലമുണ്ഡനം.
കഅ്ബാലത്തിന്റെ പരിസരത്ത് ആത്മീയ നിര്‍വൃതി പൂണ്ട് ആരാധനയില്‍ അമഗ്‌നനായ വിശ്വാസിയോട് ദുല്‍ഹജ്ജ് എട്ടിന് പടച്ചവന്‍ ഇങ്ങിനെ അരുളുന്നു: പിടക്കോഴി തന്റെ മുട്ടക്ക് അടയിരിക്കും പോലെ ചടഞ്ഞു കൂടലല്ല യഥാര്‍ഥ ആരാധന. മറിച്ച് കര്‍മഭൂമിയിലേക്ക് ഊര്‍ജ്ജസ്വലതയോടെ ഇറങ്ങല്‍ കൂടി ഇബാദത്താണ്. ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ ആറുനാള്‍ മിന അറഫ മുസ്ദലിഫ മിന എന്നിവിടങ്ങളില്‍ മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ സംസ്‌കരിക്കാലാണ് ഹജ്ജിന്റെ മുഖ്യപരിപാടി. ശരാശരി അനുകമ്പ (sympathy) എന്ന കേവല അവസ്ഥയില്‍ നിന്ന് തന്മയീഭാവം (empathy) എന്ന വലിയ വളര്‍ച്ചയാണ് ഇതിലൂടെ ലാക്കാക്കുന്നത്.
തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാര്‍ഥിയുടെ ജീവിതം അനുഭവിച്ചറിയുകയാണിവിടെ. ‘അറഫ’ എന്നത് പകലുകളില്‍ വെച്ചേറ്റവും ശ്രേഷഠമായ പകലാണ്. അവിടുത്തെ കര്‍മ്മം സ്വയം വിചാരണയും പശ്ചാത്തപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ തിരുത്തിനും പരിഹാരപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധമാവണം, പ്രതിജ്ഞയെടുക്കണം. അറഫാ നാളില്‍ പിശാച് വെകിളി പിടിച്ചോടും. പിശാച് ഉണ്ടാക്കിയെടുത്ത പലതും പശ്ചാത്താപത്തിന്റെ ചുടുകണ്ണീരില്‍ ഒലിച്ചു പോകുന്ന വേവലാതിയാല്‍ ഇബ്‌ലീസ് വളരെ അസ്വസ്ഥനാണ് അന്ന്. അല്ലാഹു ധാരാളമായി മാപ്പ് തരുന്ന സുദിനം.

Related Articles