Current Date

Search
Close this search box.
Search
Close this search box.

തോക്കിന് പിന്നില്‍ നില്‍ക്കുമ്പോള്‍ മാത്രം വാര്‍ത്തയാകുന്ന മുസ്‌ലിം

ഷാര്‍ലി എബ്ദോ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു പോലിസ് ഓഫീസറുടെ ജീവിതം എന്തുകൊണ്ടാണ് വാര്‍ത്തകളുടെ തലക്കെട്ടായി മാറാതിരുന്നത്?

കഴിഞ്ഞ ബുധനാഴ്ച്ച ഷാര്‍ലി എബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിന് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 നിരപരാധികളില്‍ ആദ്യം അക്രമികളുടെ വെടിയുണ്ടക്ക് ഇരയായി ഈ ലോകത്തോട് വിടപറഞ്ഞത് അഹ്മദ് മെറാബത്ത് ആയിരുന്നു. ഷാര്‍ലി എബ്ദോയുടെ ഹെഡ്‌ക്വോട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പാരിസ് 11 തെരുവിന്റെ പാതയോരത്ത് വെച്ചാണ് ഈ 42 വയസ്സുകാരനായ ഫ്രഞ്ച് മുസ്‌ലിം പോലീസുകാരന്‍ വധിക്കപ്പെട്ടത്. ഷാര്‍ലി എബ്ദോയിലേക്ക് അതിക്രമിച്ചു കയറി മാഗസിന്റെ ചീഫ് എഡിറ്ററെയും മറ്റു പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളെയും അരുകൊലചെയ്യുന്നതിന്റെ തൊട്ടുമുമ്പാണ് മൂന്നു പേരടങ്ങുന്ന അക്രമിസംഘത്തിലെ ഒരാള്‍ പോയിന്റ് ബ്ലാങ്കില്‍ വെച്ച് മെറാബത്തിനെ തല വെടിവെച്ച് തകര്‍ത്തത്. ‘പാരീസ് വെടിവെപ്പി’ നെ കുറിച്ചുള്ള മീഡിയാ കവറേജൊക്കെ തന്നെ പ്രധാനമായും കേന്ദ്രീകരിച്ചത് ഷാര്‍ലി എബ്ദോയുടെ ബുദ്ധികേന്ദ്രങ്ങളും, അനിയന്ത്രിതമായി ആളുകളെ പ്രകോപിപ്പിക്കുന്ന മനസ്സുകള്‍ക്കുടമകളുമായ സ്റ്റീഫന്‍ ഷാര്‍ബോനീര്‍, ജോര്‍ജസ് വോളിന്‍സ്‌കി, ജീന്‍ കാബട്ട്, ബെര്‍നാഡ് വെല്‍ഹാക് എന്നിവരില്‍ മാത്രമായിരുന്നു. ആക്രമണത്തില്‍ ഫ്രാന്‍സിന് വേണ്ടി ഒന്നാമതായി ജീവന്‍ ബലിയര്‍പ്പിച്ച അഹ്മദ് മെറാബത്ത് വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ നിന്നും സമര്‍ഥമായി ഒഴിവാക്കപ്പെട്ടു. മെറാബത്തിന്റെ ഇര എന്ന പദവി ഉയര്‍ത്തികാട്ടിയാല്‍ അതിന് പിറകെ വരുന്ന രാഷ്ട്രീയവും സ്വത്വപരവുമായ പ്രശ്‌നസങ്കീര്‍ണതകളെ അവഗണിച്ച് തള്ളാന്‍ കഴിയില്ലല്ലോ. മുസ്‌ലിംകളെ ഭീകരവാദികള്‍, വരത്തന്‍മാര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ തീര്‍ത്തും സങ്കുചിതമായ രീതിയില്‍ വരച്ചു കാട്ടുന്നതും വ്യാപകമായി അവിടെ നിലനില്‍ക്കുന്നതുമായ ആഖ്യാനങ്ങളുടെ നിലനില്‍പ്പിനെയാണ് മെറാബത്ത് എന്ന ഇര പ്രാഥമികമായി ചോദ്യം ചെയ്യുകയും, സങ്കീര്‍ണതയിലകപ്പെടുത്തുകയും ചെയ്യുന്നത്.

രണ്ടാമതായി, നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതിന് പകരം, ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളാണ് ഫ്രാന്‍സിലെ മുസ്‌ലിംകള്‍ എന്ന തരത്തില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നടക്കുന്ന ആരോപണ പ്രചാരണങ്ങളെ മെറാബത്ത് എന്ന ഇര നിഷേധിക്കുന്നുണ്ട്.

ഫ്രാന്‍സും മുസ്‌ലിംകളും
തോക്കിന് പിറകില്‍ നിന്ന് കാഞ്ചിവലിക്കുന്നത് മുസ്‌ലിം നാമധാരി ആവുമ്പോള്‍ മാത്രമാണ് മുസ്‌ലിം എന്ന സ്വത്വത്തിന് പ്രധാന്യമേറുന്നതും, വാര്‍ത്തകള്‍ക്ക് വിഷയീഭവിക്കുകയും ചെയ്യുന്നത് എന്ന അടിസ്ഥാനരേഖയാണ് ഷാര്‍ലി എബ്ദോ കൂട്ടക്കൊലയിലൂടെ ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നത്. തോക്കുകള്‍ക്ക് മുന്നില്‍ ഇരകളാവാന്‍ വിധിക്കപ്പെടുന്ന മുസ്‌ലിംകളില്‍ ആര്‍ക്കും താല്‍പര്യമില്ല. ലോകത്തെല്ലായിടത്തും, പ്രത്യേകിച്ച് ഫ്രാന്‍സില്‍, ഇങ്ങനെയാണ് ആധുനിക ഇസ്‌ലാമോഫോബിയ നിര്‍മിക്കപ്പെടുന്നത്.

ഫ്രാന്‍സിന്റെ മൊത്തം ജനസംഖ്യയില്‍ നല്ലൊരു ശതമാനവും മുസ്‌ലിംകളാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ മതം ഇസ്‌ലാം തന്നെയാണ്. ഫ്രാന്‍സിലെ 660 ലക്ഷം ജനങ്ങളില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം മുസ്‌ലിംകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ വ്യാപകത്വം, അടിക്കടി വര്‍ധിച്ചു വരുന്ന അംഗസംഖ്യ എന്നിവയാണ് ഈ ആധുനിക യുഗത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ കൈക്കൊണ്ടിട്ടുള്ള തീര്‍ത്തും ക്രൂരവും അടിച്ചമര്‍ത്തുന്നതുമായ നയനിലപാടുകള്‍ക്ക് പിന്നിലുള്ള പ്രേരകങ്ങള്‍. 2004 ലെ ഹിജാബ് നിരോധനം, അതിനെതുടര്‍ന്ന് 2010-ല്‍ നിലവില്‍ വന്ന നിഖാബ് നിരോധനം എന്നിവ തീര്‍ത്തും ഇസ്‌ലാംഭീതിക്ക് സഹായകരമായി കൊണ്ട് മനഃപ്പൂര്‍വ്വം ദുരുദ്ദേശപരമായി നടപ്പാക്കിയ നിയമനിര്‍മാണങ്ങള്‍ തന്നെയായിരുന്നു. കൂടാതെ മറ്റൊരു കാര്യം, ഫ്രാന്‍സിലെ മുസ്‌ലിംകള്‍ കൂട്ടത്തില്‍ക്കൂട്ടാന്‍ പറ്റാത്തവരും, ഒറ്റപ്പെടുത്തപ്പെടേണ്ടവര്‍ തന്നെയാണെന്നുമുള്ള ഉറച്ച പ്രഖ്യാപനം തന്നെയാണ് ഈ നിയമനിര്‍മാണങ്ങളിലൂടെ ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍വഹിച്ചത്.

ഇസ്‌ലാംഭീതിയുളവാക്കുന്ന നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകാനാവശ്യമായ എല്ലാവിധ ഘടനാപരമായ പിന്തുണയും ഫ്രഞ്ച് മോഡല്‍ മതേതരത്വം നല്‍കുന്നുണ്ട്. സ്റ്റേറ്റ് സ്‌പോര്‍സര്‍ ചെയ്യുന്ന മതേതരത്വത്തിന്റെ തിരശ്ശീലയുടെ ആവരണത്തിന് കീഴിലാണ് ഇവയെല്ലാം നടക്കുന്നത്. പ്രതീക്ഷച്ചത് പോലെ തന്നെ മതചിഹ്നങ്ങള്‍ ആചരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഫ്രഞ്ച് മുസ്‌ലിംകളില്‍ അരക്ഷിതത്വം സൃഷ്ടിച്ചിരുന്നു. കൂടാതെ, മുസ്‌ലിം വ്യക്തിത്വത്തിന്റെ വാചികവും ശാരീരികവുമായ എല്ലാവിധ ആവിഷ്‌കാരങ്ങളെയും അവര്‍ മരവിപ്പിച്ചു. ‘ഇസ്‌ലാം അല്ലെങ്കില്‍ പടിഞ്ഞാറ്’, ‘മുസ്‌ലിം നാടുകള്‍ അല്ലെങ്കില്‍ ഫ്രാന്‍സ്’ എന്നിങ്ങനെ നിര്‍ണിതവും ക്രൂരവുമായ സാധ്യതകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയും, തീരുമാനമറിയിക്കാന്‍ അവസാന തിയ്യതി നിശ്ചയിക്കുകയും ചെയ്തു കൊണ്ടാണ് ഫ്രാന്‍സ് അതിന്റെ മുസ്‌ലിം പൗരന്‍മാരുടെ മേല്‍ നിര്‍ബന്ധപൂര്‍വ്വം മതേതരത്വം അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

രാഷ്ട്രത്തിന്റെ ഭാഗത്തുനിന്നും അവസാന തിയ്യതി ലഭിച്ചിരുന്നെങ്കിലും, ഈ സര്‍വ്വവ്യാപിയായ ഇസ്‌ലാം വിരുദ്ധതക്കിടയിലും ഫ്രാന്‍സിലെ ഭൂരിഭാഗം മുസ്‌ലിംകളും തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ മുറുകെപിടിച്ച് തന്നെ മുന്നോട്ട് പോയി. അതേസമയത്ത്, ഫ്രഞ്ച് പൗര/പൗരന്‍ എന്ന നിലയിലുള്ള തങ്ങളുടെ ദേശീയസ്വത്വം കൈവിടാന്‍ അവര്‍ തയ്യാറായിരുന്നുമില്ല. സ്റ്റേറ്റിനകത്ത് നിന്നും, ഫ്രഞ്ച് പൗരസമൂഹത്തില്‍ നിന്നും ഉയര്‍ന്ന് കേട്ട തീവ്രവാദങ്ങളൊക്കെ തന്നെ ഫ്രാന്‍സിലെ 3 മുതല്‍ 6 മില്യണ്‍ വരുന്ന മുസ്‌ലിംകളുടെ പ്രതിനിധികളായിട്ടാണ് ആക്രമണം നടത്തിയ മൂന്ന് ഭീകരവാദികളെ നോക്കിക്കണ്ടത്. സജീവമായി നിലനില്‍ക്കുന്ന ഇസ്‌ലാംഭീതിയുടെ സാംസ്‌കാരികതലത്തില്‍ നിന്നു കൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പാരിസ് ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഫ്രഞ്ച് മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ ആരോപണങ്ങളും, ആക്ഷേപങ്ങളും രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ സംഘടിതവും ഹിംസാത്മകവുമായ ആക്രമണം നടത്താന്‍ മതഭ്രാന്തന്‍മാരെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.

ഫ്രഞ്ച് ഇസ്‌ലാമോഫോബിയ
ബുധനാഴ്ച്ചത്തെ ആക്രമണത്തിന് മുമ്പ് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത രൂപത്തിലാണ് ഫ്രാന്‍സിലെ ഇസ്‌ലാംഭീതി പൊടുന്നനെ ഭീഭത്സരൂപം കൈവരിച്ചത്. ഭീകരരുടെ ചെയ്തികളെയും, ഫ്രാന്‍സിലെ മുസ്‌ലിം ജനസാമാന്യത്തെയും ചേര്‍ത്തുകൊണ്ടുള്ള വിവരണങ്ങള്‍ സംഭവത്തില്‍ മുസ്‌ലിംകള്‍ക്കും പങ്കുണ്ടെന്ന ധ്വനിയുണര്‍ത്താന്‍ സഹായകരമായി വര്‍ത്തിച്ചിട്ടുണ്ട്. ഒരു വിശ്വാസസംഹിതയുമായും, സംഭവത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ദശലക്ഷക്കണക്കിന് പൗരന്‍മാരുമായും ആ മൂന്ന് ഭീകരരെ ബന്ധിപ്പിക്കുന്നത് മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാനും ഇനിയും ഇരകളെ സൃഷ്ടിക്കാനും മാത്രമെ സഹായിക്കുകയുള്ളു.

വില്ലന്‍മാര്‍ക്ക് പകരം ആക്രമണത്തിന് ഇരയായ മുസ്‌ലിംകളെ ഉയര്‍ത്തികാട്ടുന്നത് ഒരുപരിധിവരെ അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറക്കാന്‍ സഹായിക്കും. കൂടാതെ, ആ മൂന്ന് ഭീകരരുടെ ക്രൂരകൃത്യങ്ങള്‍ക്ക പകരം, ധീരമായി ചെറുത്ത് നിന്ന് ജീവന്‍ ബലിയര്‍പ്പിച്ച മെറാബത്തിന്റെ സാഹസികകൃത്യത്തിന് പ്രാധാന്യം നല്‍കുന്ന ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നത് നിലനില്‍ക്കുന്ന പൊതുധാരണക്കെതിരെയുള്ള ശക്തമായ പ്രതിരോധം തന്നെയാണ്. ഫ്രാന്‍സിലെ മുസ്‌ലിംകളും സാധാരണ പൗരന്‍മാര്‍ തന്നെയാണ് : ജോലിചെയ്യുന്ന, കുടുംബങ്ങളുള്ള പൗരന്‍മാര്‍ തന്നെയാണവര്‍, ആക്രമണങ്ങളെ അപലപിക്കുന്നതും എതിര്‍ക്കുന്നതുമാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍, രാഷ്ട്രം സൃഷ്ടിച്ചു വെച്ചിട്ടുള്ള ഒരു വിശ്വാസസംഹിതയെ കുറിച്ചുള്ള വികലമായ ധാരണകള്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സത്തക്ക് നിരക്കാത്തതാണ് തുടങ്ങിയ നിലനില്‍ക്കുന്ന ഇസ്‌ലാം വിരുദ്ധ ആഖ്യാനങ്ങളെ ഏറ്റുമുട്ടി തോല്‍പ്പിക്കാന്‍ ശേഷിയുള്ള വസ്തുതകളിലാണ് നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.

ഒരു ഇര എന്നതിനേക്കാള്‍ കൂടുതലായി മറ്റു ചിലത് കൂടിയാണ് അഹ്മദ് മെറാബത്ത്. കേവലമൊരു മുസ്‌ലിം നാമധാരി എന്നതിനേക്കാള്‍ കൂടുതലാണ് അദ്ദേഹത്തിന്റെ പ്രസക്തി. ഫ്രാന്‍സിലെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ജനസാമാന്യത്തിന്റെ പ്രതീകമായി നിലകൊള്ളാന്‍ ജീവിതത്തിലും അതുപോലെത്തന്നെ മരണത്തിലും അദ്ദേഹത്തിന് സാധിച്ചു. നിയമങ്ങള്‍ അനുസരിച്ച് ജീവിച്ച വ്യക്തയെന്ന നിലക്ക്, തന്റെ മതം അനുശാസിക്കുന്ന വ്യക്തിത്വസവിശേഷതകളും, ഫ്രഞ്ച് പൗരനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങളും സമന്വയിപ്പിക്കാന്‍ തീര്‍ച്ചയായും മെറാബത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരേ സമയം ഒരു ഫ്രഞ്ചു പൗരനും ഇസ്‌ലാം മതവിശ്വാസിയുമായിരുന്നു. ഭീമാകാരരൂപം പൂണ്ട ഫ്രാന്‍സിലെ ഇസ്‌ലാമോഫോബിയക്ക് വ്യവഹാരങ്ങളാല്‍ യാഥാര്‍ഥ്യലോകത്തു നിന്നും പറിച്ചെറിയപ്പെട്ട, ആക്രമണത്തെ തുടര്‍ന്നുണ്ടായ മാധ്യമ കൊടുങ്കാറ്റില്‍ പെട്ട് അവഗണിക്കപ്പെടാന്‍ വിധിക്കപ്പെട്ട വൈവിധ്യങ്ങളുടെ സമന്വയത്തിന്റെ ആള്‍രൂപം കൂടിയായിരുന്നു മെറാബത്ത്.

അക്രമികളുടെ വെടിയുണ്ട ആദ്യമേറ്റത് മെറാബത്തിനായിരുന്നു. അതുപോലെ വാര്‍ത്തകളുടെ തലകെട്ടില്‍ നിന്നും ആദ്യമായി വെട്ടിമാറ്റപ്പെട്ടതും അഹ്മദ് മെറാബത്ത് എന്ന ആ ധീരരക്തസാക്ഷിയുടെ പേര് തന്നെയായിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാരീസ് ആക്രമണ വിവരണങ്ങളിലും മെറാബത്തിന്റെ മുഖം ആര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ല.

മൊഴിമാറ്റം: ഹുദ ശുഐബ്‌

Related Articles