Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയിലെ അട്ടിമറിശ്രമം നല്‍കുന്ന പാഠങ്ങള്‍

turkish-people.jpg

അര്‍ധരാത്രി കാറെടുത്ത് പുറത്തിറങ്ങി അട്ടിമറിക്കാരുടെ ടാങ്കുകളുടെ പ്രയാണത്തിന് തടയിട്ട തുര്‍ക്കി കാഴ്ച്ച മറക്കാനാവാത്തതാണ്. ടാങ്കുകളുടെ മുന്നോട്ട് പോക്കിന് തടസ്സം സൃഷ്ടിച്ച ജനക്കൂട്ടത്തെയും ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും ചുറ്റും ഒരുമിച്ചു കൂടുകയും അവക്ക് മുകളില്‍ കയറി തുര്‍ക്കി പതാക വീശുകയും അട്ടിമറിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജനത്തെയും മറക്കാനാവില്ല. കിടപ്പറയിലെ വസ്ത്രങ്ങളുമണിഞ്ഞ് തെരുവികളിലേക്കും മൈതാനങ്ങളിലേക്കും ഇറങ്ങിപ്പുറപ്പെട്ട ജനക്കൂട്ടം അത്യപൂര്‍വമായ ജനജാഗ്രതയാണ് പ്രകടിപ്പിച്ചത്. അട്ടിമറിക്കാരെ പോലും അത് ഞെട്ടിപ്പിക്കുകയും അവരുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.

അട്ടിമറി ശ്രമത്തെ എതിര്‍ത്ത രാഷ്ട്രീയ കക്ഷികളെ പരിശോധിക്കുമ്പോള്‍ ഉര്‍ദുഗാന്റെ കടുത്ത എതിരാളികളും പാര്‍ലമെന്റില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുമായി പോരടിക്കുന്നവരുമായ കക്ഷികള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതെല്ലാം ഉര്‍ദുഗാന്റെ ജനകീയതയെയാണ് വ്യക്തമാക്കുന്നതെന്ന് പറഞ്ഞാല്‍ മതിയാവില്ല. ജനാധിപത്യം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കക്ഷികളുടെ അതിയായ താല്‍പര്യവും അതിന് പിന്നിലുണ്ട്. തുര്‍ക്കി ജനതയുടെ പശ്ചാത്തലമാണ് ഇത്തരമൊരു ജനജാഗ്രതക്കും രാഷ്ട്രീയ കക്ഷികളുടെ അട്ടിമറി വിരുദ്ധ നിലപാടിനും കാരണമെന്ന് ഞാന്‍ പറയും. കാരണം എത്രയോ സൈനിക അട്ടിമറികളും അവരുടെ ഭരണവും പരിചയിച്ച ജനതയാണ് അവിടെയുള്ളത്.

1960ലായിരുന്നു ആദ്യ അട്ടിമറി. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്ന് അട്ടിമറികളുണ്ടായി. (1971, 1980, 1997 വര്‍ഷങ്ങളിലെ അട്ടിമറികള്‍ക്ക് പുറമെ നജ്മുദ്ദീന്‍ അര്‍ബകാനെ പുറത്താക്കിയ ഭാഗികമായ അട്ടിമറിയും നടന്നു.) സൈനിക അട്ടിമറികള്‍ നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്നും അതിലൂടെ രാഷ്ട്രം സ്വേച്ഛാധിപതികളുടെ പിടിയിലമരുകയാണ് ചെയ്യുകയെന്നും തിരിച്ചറിഞ്ഞവരാണവര്‍. ഉദാഹരണത്തിന് ജനറല്‍ കന്‍ആന്‍ എഫ്‌റിന്‍ നടത്തിയ 1980ലെ അട്ടിമറി പരിശോധിക്കാം. ആറര ലക്ഷത്തോളം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു, 517 പേര്‍ക്ക് വധശിക്ഷ വിധിക്കപ്പെടുകയും അതില്‍ 50 പേരുടേത് നടപ്പാക്കുകയും ചെയ്തു, മുപ്പതിനായിരത്തോളം ആളുകളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. 14,000 പേരുടെ തുര്‍ക്കി പൗരത്വം റദ്ദാക്കി, 30,000 ആളുകളെ നാടുകടത്തി, നൂറുകണക്കിനാളുകള്‍ പീഡനത്തിന് ഇരയായി മരണപ്പെട്ടു, നിരവധി പേര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടു, മാധ്യമ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടു.

തുര്‍ക്കി സമൂഹത്തില്‍ സൈന്യത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളതെന്ന് അതിന്റെ ആധുനിക ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം. പ്രവാചകനിലേക്ക് ചേര്‍ത്ത് ജെയ്ശു മുഹമ്മദ് എന്നു വരെ അതിനെ വിശേഷിപ്പിക്കുന്നവരാണവര്‍. രാഷ്ട്രത്തെ തകര്‍ച്ചയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് ഉയര്‍ത്തി കൊണ്ടുവരുന്നതിലും അതിന് വേണ്ടിയുള്ള പ്രതിരോധത്തിലും സൈന്യം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രത്തിന് വേണ്ടി അത് കൈവരിച്ച നേട്ടങ്ങള്‍ രാഷ്ട്രീയത്തിലും ഭരണകാര്യങ്ങളിലും സ്വാധീനം ഉണ്ടാക്കി. എന്നാല്‍ ഉര്‍ദുഗാന്‍ സൈന്യത്തെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് അകറ്റി നിര്‍ത്തി ഭരണകൂടത്തിന്റെ കീഴില്‍ വരുന്ന വിധം അതിന്റേതായ സ്ഥാനത്ത് നിര്‍ത്തുകയാണ് ചെയ്തത്.

തുര്‍ക്കിയില്‍ രാഷ്ട്രീയത്തിന് അതിന്റെ ശരിയായ അര്‍ഥം വീണ്ടെടുത്തു നല്‍കുകയും സൈന്യത്തെ അതിര്‍ത്തി കാക്കുന്ന ചുമതലയിലേക്ക് തിരിച്ചു വിടുകയും ചെയ്ത പ്രസിഡന്റായി ഉര്‍ദുഗാന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തിന് എതിരാളികളും ഉണ്ടായിരുന്നു. ഈയടുത്ത കാലത്ത് ആ വൃന്ദം കൂടുതല്‍ ശക്തിപ്പെട്ടിരുന്നു എന്നാണ് അട്ടിമറി ശ്രമം എടുത്തു കാണിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ (ജൂലൈ 15) അട്ടിമറിക്കെതിരെ രംഗത്ത് വന്നവരില്‍ അദ്ദേഹത്തിന്റെ വിമര്‍ശകരും എതിരാളികളുമുണ്ടായിരുന്നു. അവിടെ നടന്ന പ്രകടനങ്ങളെല്ലാം ഉര്‍ദുഗാന് പിന്തുണയര്‍പ്പിച്ചു കൊണ്ടുള്ളതായിരുന്നു എന്നു പറഞ്ഞാല്‍ സൂക്ഷ്മായ വിലയിരുത്തലാവില്ല അത്. അദ്ദേഹത്തിനെതിരായ പ്രകടനങ്ങളും നടന്നിരുന്നു. എന്നാല്‍ അതും സൈനിക ഭരണത്തെ എതിര്‍ത്ത് ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു. കാരണം, സൈന്യത്തിന് അധികാരം വിട്ടുകൊടുക്കുന്നത് ഒരു പരിഹാരമല്ലെന്ന് അദ്ദേഹത്തോട് വിയോജിക്കുന്നവര്‍ മനസ്സിലാക്കിയിരുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ അദ്ദേഹം ജനാധിപത്യത്തിലൂടെയല്ലാതെ പുറത്തു പോകരുതെന്ന നിര്‍ബന്ധ ബുദ്ധിയാണവര്‍ കാണിച്ചത്. മോശപ്പെട്ട രാഷ്ട്രീയ സാഹചര്യത്തെ അതിലേറെ മോശപ്പെട്ട മറ്റൊന്ന് കൊണ്ട് ചികിത്സിക്കരുതെന്ന് കഴിഞ്ഞ എഴുപത് വര്‍ഷത്തെ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുള്ളവരാണവര്‍. അവരെ സംബന്ധിച്ചടത്തോളം സൈനിക ഭരണം മോശപ്പെട്ട ഒന്നാണെന്ന് മറ്റൊരാള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല. പൂര്‍ണ അന്ധതയേക്കാള്‍ നല്ലത് കോങ്കണ്ണെങ്കിലും ഉണ്ടാവുകയാണെന്ന തിരിച്ചറിവാണവര്‍ പ്രകടിപ്പിച്ചത്. തുര്‍ക്കിയിലെ സംഭവം നല്‍കുന്ന പ്രധാന സന്ദേശം ഇതാണ്.

സംഭവിച്ചതിന്റെ പിന്നാമ്പുറം അറിയാത്തതിനാല്‍ കൃത്യമായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നില്ലെങ്കിലും പ്രകടമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ചില നിരീക്ഷണങ്ങളാണ് ചുവടെ കൊടുക്കുന്നത്:
– 1960 മുതല്‍ക്ക് തുര്‍ക്കിയില്‍ അരങ്ങേറിയ അട്ടിമറികള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒന്നാണ് അവിടെ അട്ടിറിക്കുള്ള വിജയസാധ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നുള്ളത്. പത്ത് വര്‍ഷത്തെ ഇടവേളകളില്‍ നടന്ന മൂന്ന് അട്ടിമറികള്‍ (1960, 1971, 1980) വിജയിച്ചുവെങ്കില്‍ 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്ന നാലാമത്തേത് (1997) ഭാഗികമായ അട്ടിമറിയായിരുന്നു. ഒരാളും അതില്‍ കൊല്ലപ്പെട്ടിട്ടില്ല. സൈന്യം രാജിവെക്കാന്‍ നജ്മുദ്ദീന്‍ അര്‍ബകാനെ നിര്‍ബന്ധിക്കുകയാണ് ചെയ്ത്. പിന്നീട് സൈന്യം ചില അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പിന്നീട് അഞ്ചാമതായി നടന്ന അവസാനത്തെ ഈ അട്ടിമറി പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു.

– ജനാധിപത്യ തുര്‍ക്കിക്കെതിരെയുള്ള ഗൂഢാലോചനകള്‍ അവസാനിച്ചില്ലെന്നാണിത് വ്യക്തമാക്കുന്നത്. ജനാധിപത്യത്തെ അല്ലെങ്കില്‍ രാജ്യത്തെ ഇസ്‌ലാമിക സ്വത്വത്തെ അക്രമിക്കാന്‍ പതിയിരിക്കുന്ന ശക്തികള്‍ ഇപ്പോഴും അവിടെ മറഞ്ഞിരിക്കുന്നുണ്ട്. അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഈ ശ്രമത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് തെളിയിക്കാന്‍ മതിയായ തെളിവുകളൊന്നും നമ്മുടെ പക്കലില്ല. തുര്‍ക്കിയെ പോലുള്ള ഒരു വലിയ രാഷ്ട്രത്തിന്റെ ശക്തമായ ഭരണകൂടത്തിനെതിരെ അട്ടിമറി നടത്താന്‍ അകത്തും പുറത്തുമുള്ള കക്ഷികളുടെ പങ്കാളിത്വത്തോടെയുള്ള ശക്തമായ ആസൂത്രണം അനിവാര്യമാണ്. അല്ലാത്ത പക്ഷം വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനമായിട്ടാണത് മാറുക.

– തുര്‍ക്കിയിലെ രാഷ്ട്രീയ കക്ഷികള്‍ ശക്തമായ സാന്നിദ്ധ്യവും അട്ടിമറിയോട് ശരിയായി നിലപാടുമാണ് പ്രകടിപ്പിച്ചത്. മാനിക്കപ്പെടേണ്ട നിലപാടാണത്. പ്രസിഡന്റ് ഉര്‍ദുഗാനോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുമുള്ള എതിര്‍പ്പ് മാറ്റിവെച്ച് ജനാധിപത്യത്തോടുള്ള കൂറും രാജ്യത്തിന്റെ നന്മയിലുള്ള താല്‍പര്യവുമാണവര്‍ പ്രകടിപ്പിച്ചത്.

– തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നു എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്റെ എതിരാളികള്‍ തന്നെ മുട്ടുകുത്തിക്കാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയയെ തന്നെയായിരുന്നു കൂട്ടുപിടിച്ചത്. അട്ടിമറിക്കാര്‍ ഔദ്യോഗിക ടെലിവിഷന്‍ അവരുടെ നിയന്ത്രണത്തിലാക്കിയപ്പോള്‍ ‘ഫേസ്‌ടൈം’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഉര്‍ദുഗാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്.

– അട്ടിമറി ശ്രമത്തിന്റെ തുടക്കത്തില്‍ തന്നെ ജനാധിപത്യത്തോട് ചായ്‌വുള്ള നിലപാടാണ് യൂറോപ് സ്വീകരിച്ചത്. അതേസമയം തുടക്കത്തില്‍ അയഞ്ഞ നിലപാട് സ്വീകരിച്ച അമേരിക്ക അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ ജനാധിപത്യത്തോടുള്ള ചായ്‌വ് പ്രകടിപ്പിക്കുകയാണ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഒന്നാമത്തേത് അറബ് ലോകവുമായി ബന്ധപ്പെട്ടതാണെങ്കില്‍ രണ്ടാമത്തേത് തുര്‍ക്കിയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ്. അറബ് ലോകത്ത് അട്ടിമറിയുടെ പ്രതിധ്വനി അവയുടെ ചില രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രതിവിപ്ലവ ശക്തികളും ജനാധിപത്യത്തിന്റെയും അറബ് വസന്തത്തിന്റെയും എതിരാളികളും സൈന്യം അധികാരം പിടിച്ചെടുക്കുന്നതിനെ കുറിച്ച് വാചാലരാവുകയും അട്ടിമറിയുടെ വിജയത്തെ കുറിച്ച് സന്തോഷവാര്‍ത്തയറിയിക്കുകയും ചെയ്തു. അങ്ങേയറ്റം ദുഖകരമായ നിലപാടാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മൊത്തത്തില്‍ സ്വീകരിച്ചത്. ചില ചാനല്‍ അവതാരകര്‍ അട്ടിമറിയിലുള്ള തങ്ങളുടെ സന്തോഷം മറച്ചുവെക്കുക പോലും ചെയ്തില്ല. അവരില്‍ ഒരാള്‍ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്തയറിയിച്ചു കൊണ്ട് അതിനെ വിപ്ലവമെന്നാണ് വിശേഷിപ്പിച്ചത്. മിക്ക പത്രങ്ങളുടെയും ഉപശീര്‍ഷകം സൈന്യം ഉര്‍ദുഗാനെ പുറത്താക്കി എന്നായിരുന്നു. അല്‍അഹ്‌റാം, മിസ്‌രി അല്‍യൗം, അല്‍വത്വന്‍ തുടങ്ങിയ പത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. തുര്‍ക്കി പ്രസിഡന്റ് ജര്‍മനിയില്‍ അഭയം തേടിയെന്ന് വരെ ഒരു പത്രം തലക്കെട്ട് നല്‍കി. ‘അശ്ശുറൂഖ്’ പത്രം മാത്രമാണ് മാധ്യമ നീതി കാണിച്ച് വാര്‍ത്ത കൊടുത്തത്. ‘തുര്‍ക്കിയില്‍ അട്ടിമറി ശ്രമം; പരാജയപ്പെടുത്തിയെന്ന് ഉര്‍ദുഗാന്‍’ എന്ന തലക്കെട്ടാണത് സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ക്കും ചില അറബ് ചാനലുകള്‍ക്കും ഉര്‍ദുഗാന്‍ വിരോധമുണ്ടെന്നതിന്റെ സൂചനകളാണിത്.

അട്ടിമറിക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ അവരെ വിചാരണ ചെയ്യുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുറിവേറ്റ സിംഹത്തിന് പകരം, ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം പെരുമാറട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രതിയോഗികളോടുള്ള പ്രതികാരത്തിന് പകരം നിയമവ്യവസ്ഥകളും മനുഷ്യാവാകാശ അടിസ്ഥാനങ്ങളും പാലിച്ച് അവരെ നിയമത്തിന് വിട്ടുകൊടുക്കട്ടെ. അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഫത്ഹുല്ല ഗുലന്റെ പങ്കിനെ കുറിച്ച് സംശയങ്ങളുണ്ടെങ്കിലും തെളിവോ അന്വേഷണമോ നടത്താതെ അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ത്തിയത് ആശ്വാസ്യകരമായി തോന്നുന്നില്ല. അട്ടിമറിയോടുള്ള നിലപാടില്‍ സംശയിച്ച് 2700 ജഡ്ജിമാരെ പിരിച്ചുവിട്ടത് എന്നില്‍ ആശങ്കയുണ്ടാക്കുന്നു. ജനാധിപത്യത്തിന്റെ മൂല്യത്തെ കുറിച്ച അവബോധമാണ് അട്ടിമറി പരാജയപ്പെടുത്തിയതിലെ പ്രധാന പ്രേരകം. ഈ അനുഭവത്തില്‍ നിന്ന് ഉര്‍ദുഗാന്‍ കൂടുതല്‍ ശക്തികൈവരിച്ചു എന്നു പറയുന്നവരോടൊപ്പമാണ് ഞാന്‍. അതോടൊപ്പം കൂടുതല്‍ ജനാധിപത്യപരമായി മുന്നോട്ടു പോകാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

സംഗ്രഹം: നസീഫ്‌

Related Articles