Current Date

Search
Close this search box.
Search
Close this search box.

തുരങ്കങ്ങളാണ് ഗസ്സയുടെ ജീവനാഡി

gaza-tunnel.jpg

ഗസ്സയുടെ വടക്കുകിഴക്കുള്ള ജബലിയ്യയിലെ അന്നത്തെ രാത്രിക്ക് ചൂട് കൂടുതലായിരുന്നു. അബൂ സൈനും അദ്ദേഹത്തിന്റെ ഭാര്യയും അന്ന് നേരത്തെ ഉറങ്ങിയിരുന്നു. പെട്ടെന്ന് കട്ടില്‍ കാലുകള്‍ ഇളകാന്‍ തുടങ്ങി, ഭൂമികുലുക്കമാണെന്നാണ് ദമ്പതികള്‍ ആദ്യം കരുതിയത്. ചാടിപിടഞ്ഞെഴുന്നേറ്റ് വീടിന് പുറത്തേക്കോടി. പക്ഷെ വീടിന് പുറത്ത് സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ആരെയും പുറത്ത് കാണുന്നില്ല. കെട്ടിടങ്ങളെല്ലാം പഴയപടി തന്നെ.

പെട്ടെന്ന് ഇരുട്ടില്‍ നിന്നും രണ്ട് പട്ടാളവേഷധാരികള്‍ പ്രത്യക്ഷപ്പെട്ടു. ഹമാസിന്റെ സായുധവിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ പോരാളികളായിരുന്നു അവര്‍. എന്താണ് സംഭവിച്ചതെന്ന് അവര്‍ ദമ്പതികളോട് ആരാഞ്ഞു. അബൂ സൈന്‍ (സുരക്ഷാകാരണങ്ങളാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പുറത്ത് വിടാന്‍ കഴിയില്ല) കാര്യങ്ങള്‍ വിശദീകരിച്ചു. വീടിന് സംഭവിക്കുന്ന എന്ത് കേടുപാടുകളും ശരിയാക്കി തരുമെന്ന് പോരാളികള്‍ ദമ്പതികള്‍ക്ക് വാക്കു കൊടുത്തു. അടുത്ത ദിവസം, വീടിന്റെ നിലത്തിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ക്കാനായി ഒരാള്‍ വന്നു. കേടുവന്ന ഫര്‍ണീച്ചറുകള്‍ക്ക് പകരം നഷ്ടപരിഹാരമായി പണം നല്‍കുകയും ചെയ്തു.

ഗസ്സയിലെ ഫലസ്തീനിയന്‍ ചെറുത്ത് നില്‍പ്പ് പോരാട്ട സംഘങ്ങളെല്ലാം തന്നെ തങ്ങളുടെ സൈനിക തന്ത്രത്തിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ ഭൂഗര്‍ഭതുരങ്കങ്ങള്‍ വളരെകാലമായി ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞകാല ചരിത്രമാണ് അവരുടെ പാഠപുസ്തകം. അമേരിക്കന്‍ സൈന്യത്തിനെതിരെയുള്ള യുദ്ധത്തില്‍ വിയറ്റ്‌നാംകാര്‍ വലിയ തുരങ്കശൃംഖലകള്‍ നിര്‍മിച്ചു. അമേരിക്കന്‍ സൈന്യം അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കാഴ്ച്ചയാണ് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുക. 2006-ല്‍ ലബനാനിലെ ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കാന്‍ ലബനീസ് ഇസ്‌ലാമിക പോരാട്ട സംഘടനയായ ഹിസ്ബുള്ളയും ഭൂഗര്‍ഭതുരങ്കങ്ങളെയാണ് ആശ്രയിച്ചത്.

ഫലസ്തീനിയന്‍ പോരാട്ട സംഘങ്ങളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സിന് തുരങ്കങ്ങള്‍ കൊണ്ട് ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ചരക്ക്കടത്ത് മുതല്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരം വരെ തുരങ്കങ്ങളിലൂടെയാണ് നടക്കുന്നത്. ഇസ്രായേല്‍ വ്യോമസേനയുടെ ആക്രമണത്തില്‍ നിന്നും, ആകാശത്തിലെ ചാരകണ്ണുകളില്‍ നിന്നും തുരങ്കങ്ങളാണ് അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. അതുപോലെ ഇസ്രായേല്‍ സൈന്യത്തിനെതിരെയുള്ള പ്രത്യാക്രമണത്തിനും തുരങ്കങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. 2004-ല്‍ റഫ അതിര്‍ത്തിയിലെ ഇസ്രായേലി സൈനിക നിരീക്ഷണ കേന്ദ്രം ആക്രമിക്കുകയും അഞ്ച് ഇസ്രായേലി സൈനികരെ വധിച്ചതുമാണ് അതില്‍ ഏറ്റവും പ്രധാനം. 2006-ല്‍ ഇസ്രായേലി സൈനികന്‍ ഗിലാദ് ശാലിത്തിനെ ജീവനോടെ പിടികൂടി ബന്ദിയാക്കിയത് തുരങ്കങ്ങളുടെ സഹായത്തോടെയാണ്.

ഭൂഗര്‍ഭ അടരുകള്‍ കൊണ്ടാണ് ഇന്നത്തെ ഗസ്സ നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ് അബൂസൈനിന്റെ കഥ. ജനങ്ങളില്‍ ഭൂരിഭാഗവും ഭൂമിക്ക് മുകളില്‍ തന്നെയാണ് ജീവിക്കുന്നതും, ജോലി ചെയ്യുന്നതും. പക്ഷെ ഭൂമിക്കടിയിലാണ്, സൈനിക പ്രവര്‍ത്തനമടക്കമുള്ള, മറ്റു പല ബിസിനസ്സുകളും നടക്കുന്നത്. 2015-ല്‍ അല്‍ജസീറക്ക് വേണ്ടി വാഇല്‍ ദഹ്ദൂഹ് ചെയ്ത ഡോക്യൂമെന്റി ഗസ്സയുടെ തുരങ്ക വിശേഷങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്.

ദഹ്ദൂഹിന്റെ ഡോക്യുമെന്റി കണ്ണുതുറപ്പിക്കുന്നത് തന്നെയാണ്. വാര്‍ത്തകളില്‍ നാം സാധാരണ കാണുന്നത് പോലെയുള്ള ഇടുങ്ങിയതും, ഭയപ്പെടുത്തുന്നതും, ഇഴഞ്ഞ് നീങ്ങാന്‍ മാത്രം കഴിയുന്ന രൂപത്തിലുള്ള തുരങ്കങ്ങള്‍ അത് നമുക്ക് കാണാന്‍ കഴിയും. അതുപോലെ തന്നെ സ്‌റ്റോറേജ് റൂമുകള്‍, ബെഡ്‌റൂമുകള്‍, അടുക്കള, ബാത്ത്‌റൂമുകള്‍ എന്നിവ അടക്കമുള്ള വിശാലമായ സ്ഥലസൗകര്യങ്ങളുള്ള തുരങ്കങ്ങളിലേക്കും ദഹ്ദൂഹിന്റെ ക്യാമറ നമ്മെ കൊണ്ടുപോകുന്നുണ്ട്.

വളരെ അപകടം പിടിച്ച പണിയാണ് തുരങ്ക നിര്‍മാണം. കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നാണ് ഒരു തുരങ്കം രൂപപ്പെട്ടു വരുന്നത്. പരന്ന മേല്‍ക്കൂര എളുപ്പം തകരുമെന്നതിനാല്‍, തുരങ്കത്തിന്റെ മേല്‍ക്കൂര വളച്ചാണ് നിര്‍മിക്കുകയെന്ന് അല്‍ജസീറയോട് അല്‍ഖസ്സാം അംഗം വിശദീകരിക്കുന്നുണ്ട്. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന് തുരങ്കങ്ങളുടെ ഉപയോഗം വളരെയധികം തന്ത്രപ്രധാനമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ ആവര്‍ത്തിച്ചുള്ള നിഷ്ഠൂരമായ ആക്രമണങ്ങളെ പ്രതിരോധിച്ച് നില്‍ക്കാനുള്ള അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ ശേഷിക്ക് പിന്നില്‍ തുരങ്കങ്ങളാണെന്ന് വിരമിച്ച ഫല്‌സതീന്‍ അതോറിറ്റി മേജര്‍ ജനറല്‍ യൂസുഫ് അല്‍ശര്‍ഖാവി പറഞ്ഞു.

‘പോരാളികളുടെ രക്ഷാകേന്ദ്രമാണ് തുരങ്കങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം അത് ഉറപ്പ് വരുത്തുന്നു, ശുത്രുക്കളെ അമ്പരിപ്പിക്കാനുള്ള കഴിവ് അതിനുണ്ട്, ചില സമയങ്ങളില്‍ ഇസ്രായേലി സൈനികരെ ബന്ദികളാക്കി പിടികൂടാനും തുരങ്കങ്ങള്‍ മുഖേന സാധിക്കുന്നുണ്ട്’ ശര്‍ഖാവി പറഞ്ഞു.

തുരങ്കങ്ങള്‍ നിര്‍മിക്കുന്നത് അത്യാധുനിക ഉപകരണങ്ങളാണ് ഗസ്സയിലെ എഞ്ചിനീയര്‍മാര്‍ ഉപയോഗിക്കുന്നത് എന്ന് അല്‍ജസീറ ഡോക്യുമെന്റി നമുക്ക് കാണിച്ച് തരുന്നുണ്ട്. കൂടാതെ ഓരോ തുരങ്കത്തിനും സ്വന്തമായ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും ഉണ്ട്. പോരാളികള്‍ക്ക് തടസ്സം കൂടാതെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ഇത് സഹായിക്കും.

അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ ഒരു സംഘം തുരങ്ക നിര്‍മാതാക്കളെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍, അവരുടെ ജോലിയെ കുറിച്ച് ചോദിച്ചറിയാന്‍ ഈയുള്ളവന് അവസരം ലഭിക്കുകയുണ്ടായി. കണക്കുകളില്‍ നേരിയ വ്യത്യാസം വരാമെങ്കിലും, ഏകദേശം 4000 ആളുകള്‍ തുരങ്ക നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 200 ഡോളറിനും 400 ഡോളറിനും ഇടയിലാണ് അവരുടെ മാസശമ്പളം.

രാത്രിയും പകലും ജോലിയുണ്ടാവും, കഠിനവും, വളരെ അപകടം പിടിച്ചതുമാണ് തുരങ്ക നിര്‍മാണം.

‘ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഭൂമിക്കടിയിലെ വായു അത്ര നല്ലതല്ല. പക്ഷെ ഞങ്ങള്‍ക്കിതൊരു ശീലമായി മാറി.’ പരുക്കന്‍ ശബ്ദത്തില്‍ ഒരാള്‍ പറഞ്ഞു. എല്ലാവരും മാസ്‌ക് അണിഞ്ഞിരുന്നു.

ഉറച്ച ദൈവവിശ്വാസത്തിലൂടെയാണ് ജോലിക്കിടയില്‍ തുരങ്കം പൊളിഞ്ഞു വീഴുമോ എന്ന ഭയം മറികടക്കുന്നതെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു.

‘എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുന്നു. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ, രക്തസാക്ഷികളാകുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനം മാത്രമേ ഉള്ളൂ’

സംഘം പെട്ടെന്ന് തന്നെ പിരിഞ്ഞ് പോയി. അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ യൂണിഫോം അണിഞ്ഞ് നില്‍ക്കുന്ന അവസരങ്ങളില്‍, സുരക്ഷ കണക്കിലെടുത്ത് തുറന്ന സ്ഥലങ്ങളില്‍ അധികനേരം ചിലവഴിക്കാന്‍ അവര്‍ക്ക് അനുവാദമില്ല.

തുരങ്ക നിര്‍മാണത്തിലെ സാങ്കേതിക മികവും, പകരംവെക്കാന്‍ കഴിയാത്ത ധീരതയുമെല്ലാം പ്രശംസനീയമാണെങ്കില്‍ കൂടിയും, തുരങ്ക നിര്‍മാണത്തിനിടയില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ ഗസ്സയിലെ ഒരു സ്ഥിരം സംഭവമാണ്. ജനുവരിയില്‍, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു തുരങ്കം തകര്‍ന്ന് വീണ സംഭവത്തില്‍ ഏഴ് യുവാക്കള്‍ മരണപ്പെട്ടിരുന്നു.

അപകടം പതിയിരിപ്പുണ്ടെങ്കിലും, തുരങ്കങ്ങളുടെ തന്ത്രപരമായ പ്രാധാന്യം വിളമ്പരം ചെയ്യുന്ന കാര്യത്തില്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഉത്സാഹം കാണിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഈ വര്‍ഷം തുടക്കത്തില്‍, തുരങ്കങ്ങളുമായി ബന്ധപ്പെട്ട ‘മുഖ്യ നേട്ടങ്ങള്‍’ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, തുരങ്കങ്ങളിലൂടെ നടത്തിയ 13 സൈനിക നീക്കങ്ങളിലൂടെ 70 ഇസ്രായേലി സൈനികരെ വധിച്ചു, 129 ഇസ്രായേലി സൈനികര്‍ക്ക് മാരകമായ പരിക്കേല്‍പ്പിച്ചു, രണ്ട് ഇസ്രായേലി സൈനികരെ പിടികൂടി; 2006-ല്‍ ശാലിത്തിനെയും, 2014-ല്‍ ശോല്‍ ആരോണിനെയും.

തുരങ്കങ്ങളെ വളരെയധികം ഗൗരവത്തോടെ തന്നെയാണ് ഇസ്രായേല്‍ സൈന്യം കാണുന്നത്. തുടര്‍ച്ചയായി ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന് തരിപ്പണമായ മലിനജല പൈപ്പുകള്‍ മുതല്‍ വീടുകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിനായുള്ള സിമന്റും മരവും അടക്കമുള്ള നിര്‍മാണസാമഗ്രികള്‍ വഹിച്ചു വരുന്ന ട്രക്കുകളെ ഗസ്സയിലേക്ക് കടത്തി വിടാതെ അതിര്‍ത്തില്‍ തടഞ്ഞ് വെക്കുന്ന ഇസ്രായേല്‍ അധികൃതരുടെ നടപടിയുടെ കാരണങ്ങളില്‍ ഒന്ന് ഈ തുരങ്കങ്ങളാണ്.

തുരങ്കങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് കോടികളാണ് ഇസ്രായേല്‍ മിലിറ്ററി ചെലവഴിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍, 30 മീറ്റര്‍ നീളമുള്ള ഒരു തുരങ്കം കണ്ടെത്തിയതായി സൈന്യം അവകാശപ്പെട്ടിരുന്നു. 120 ദശലക്ഷം ഡോളറാണ് ഇതിന് വേണ്ടി അമേരിക്ക ഇസ്രായേലിന് നല്‍കിയിരിക്കുന്നത്.

ഇതിനൊന്നും തന്നെ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ മുന്നോട്ട് പോക്കിനെ തടയാന്‍ കഴിയില്ല. ‘ഞങ്ങളുടെ ടണല്‍ ഓപ്പറേഷനുകളെ ആര്‍ക്കും തടയാന്‍ കഴിയില്ല… ഗസ്സയിലേക്കുള്ള സാധനസാമഗ്രികള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് കൊണ്ടാണ് ഇസ്രായേല്‍ അവരുടെ പരാജയം മറച്ച് വെക്കാന്‍ ശ്രമിക്കുന്നത്.’ ഒരു മധ്യസ്ഥന്‍ വഴി ഈയുള്ളവന് നല്‍കിയ എഴുതിതയ്യാറാക്കിയ മറുപടിയില്‍ ഉന്നതപദവിയിലിരിക്കുന്ന ഒരു പോരാളി പറഞ്ഞു.

‘ഇസ്രായേലിന്റെ കൈവശമുള്ള സാങ്കേതിക പുരോഗതി, കഠിന പ്രയത്‌നവും, ദൃഢനിശ്ചയവും കൊണ്ട് മാത്രമേ ഫലസ്തീനികള്‍ക്ക് കൈവരിക്കാന്‍ സാധിക്കുകയുള്ളു. പ്രത്യാക്രമണത്തിന് ഉപയോഗിക്കാനായി 50 മീറ്റര്‍ ആഴമുള്ള തുരങ്കങ്ങളുടെ നിര്‍മാണം അല്‍ഖസ്സാം ബ്രിഗേഡ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചതായി ഒരു ഉന്നതതലവൃത്തം എന്നോട് പറയുകയുണ്ടായി’ ഗസ്സയിലെ അല്‍അഖ്‌സ യൂണിവേഴ്‌സിറ്റി പ്രൊഫസറും, രാഷ്ട്രീയ നിരീക്ഷകനുമായ ഫായിസ് അബൂ ശമാല തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ച വാക്കുകളാണിത്.

തുരങ്കങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നു 2014-ല്‍ ഇസ്രായേല്‍ നടത്തിയ കരയിലൂടെയുള്ള സൈനിക നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തുരങ്കങ്ങള്‍ അതേപടി ഇന്നും നിലനില്‍ക്കുന്നത് ബെന്യമിന്‍ നെതന്യാഹു സര്‍ക്കാറിന് ഒരു നാണക്കേട് തന്നെയാണ്. ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഗസ്സയുടെ മേല്‍ മറ്റൊരു ആക്രമണം ഉണ്ടാവുന്നതിന് അതൊരു കാരണമായി ഭവിക്കാന്‍ ഇടയുണ്ട്. 2200-ലധികം ആളുകള്‍ കൊല്ലപ്പെട്ട 2014-ലെ ആക്രമണത്തേക്കാള്‍ പതിന്മടങ്ങ് ശക്തിയില്‍ ആക്രമിക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ നെതന്യാഹു ഗസ്സന്‍ ജനതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഗസ്സയെ ‘പൂര്‍ണ്ണമായും തുടച്ച് നീക്കുമെന്ന്’ മുമ്പ് ഭീഷണിപ്പെടുത്തിയ അവിഗ്‌ദോര്‍ ലിബര്‍മാന്‍ കഴിഞ്ഞ മാസം പ്രതിരോധ മന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ ശക്തമായ ഒരു ആക്രമണം ഗസ്സയുടെ മേല്‍ ഇസ്രായേല്‍ നടത്താനുള്ള സാധ്യതകളെ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ കൂടിയാണ് ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് നേതാക്കള്‍ തുരങ്കങ്ങളെ ഉപയോഗിക്കുന്നത്. തന്ത്രപരമായ അതിന്റെ പ്രാധാന്യം പോലെ തന്നെയാണ് അതിന് വേണ്ടി ചിലവഴിക്കുന്ന തുകയും. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം കണ്ടെത്തി നശിപ്പിച്ച ഒരു തുരങ്കത്തിന് ഏകദേശം 4 ദശലക്ഷം ഡോളര്‍ നിര്‍മാണ ചെലവ് വരുമെന്നാണ് ബ്രിഗേഡ്‌സിന്റെ വക്താവ് പറഞ്ഞത്. ഒരു ശരാശരി തുരങ്കം കുഴിക്കാന്‍ 2 ദശലക്ഷം ഡോളര്‍ ചെലവ് വരും.

‘തുരങ്കങ്ങളുടെ സൈനിക പ്രാധാന്യം പരിഗണിക്കുമ്പോള്‍ അതിന് വേണ്ടി ചെലവഴിക്കുന്ന പണം ഒന്നും തന്നെയല്ല. ഇസ്രായേലിന് മുന്നില്‍ ഒരു വെല്ലുവിളിയായി അവ ഇന്നും നിലനില്‍ക്കുന്നു’

(ഗസ്സയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് ഹംസ അബുല്‍ ത്വറാബീശ്)

Related Articles