Current Date

Search
Close this search box.
Search
Close this search box.

തിരുവനന്തപുരത്തെ അഭയകേന്ദ്രം

Abhaya-Kendram.jpg

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു പോയപ്പോള്‍ ജനസേവനത്തിന്റെ മഹിത മാതൃകയായി സ്ഥാപിതമായ അഭയ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. കൂടെ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എന്‍. എം. അന്‍സാരി സാഹിബുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നാലഞ്ചു മിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ അഭയയിലേക്ക്. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, റീജനല്‍ കാന്‍സര്‍ സെന്റര്‍(ആര്‍ സി സി) മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെത്തുന്ന പരമ ദരിദ്രരായ രോഗികള്‍ക്കു വേണ്ടി സജ്ജമാക്കിയ സ്ഥാപനമാണിത്. രോഗികള്‍ക്കും കൂടെ ഒരു സഹായിക്കും താമസ സൗകര്യവും ഭക്ഷണവും പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുന്നത്. നല്ല വൃത്തിയും വിശാലതയുമുണ്ട്. രോഗികള്‍ക്കാവശ്യമായ മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിലും  സ്ഥാപന നടത്തിപ്പുകാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നു. ശ്രീ ചിത്രയിലും ആര്‍ സി സിയിലുമെത്തുന്ന രോഗികളില്‍ മഹാഭൂരിഭാഗവും ദൂരദിക്കുകളില്‍ നിന്നുള്ളവരായതിനാല്‍ അഭയ പരമദരിദ്രരെ സംബന്ധിച്ചിടത്തോളം പേരിനെ പൂര്‍ണ്ണമായും അന്വര്‍ത്ഥമാക്കുന്നതാണ്.

ഇതിന്റെ തൊട്ടടുത്തു തന്നെയാണ് ഇ. ടി. മുഹമ്മദ് ബഷീര്‍ സാഹിബ് നേതൃത്വം നല്‍കുന്ന സി എച്ച് സെന്റര്‍. രണ്ടു സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു മാതൃക കേരളത്തിലുടനീളമുണ്ടായിരുന്നെങ്കില്‍ എന്ന് ഏതു സുമനസ്സുകളും ആഗ്രഹിച്ചു പോകും.

രോഗികളെ സന്ദര്‍ശിക്കുന്നത് അല്ലാഹുവിനെ സന്ദര്‍ശിക്കുന്നതു പോലെ മഹത്തരവും പുണ്യകരവുമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. അപ്പോള്‍ രോഗിയെ ശുശ്രൂഷിക്കുന്നതോ ? രോഗികള്‍ക്ക് അഭയം നല്‍കുന്നതോ ? അതിരുകളില്ലാത്ത പുണ്യം നേടാവുന്ന മഹദ് കൃത്യമത്രെ. അഞ്ചു നേരത്തെ നമസ്‌ക്കാരമുള്‍പ്പടെ എല്ലാ ആരാധനാ കര്‍മ്മങ്ങളും നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് അല്ലാഹു ഖുര്‍ആനിലൂടെ അടിയാളര്‍ക്കും അഗതികള്‍ക്കും അനാഥര്‍ക്കും വേണ്ടി സംസാരിച്ചതെന്ന കാര്യം മറക്കാവതല്ല. (76 : 89, 90 :12-16, 89 : 17-19, 107 : 1-3, 30 : 38)

അഗതികള്‍ക്കുള്ള അവകാശനിഷേധം അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുന്നതു പോലെ ഗുരുതരമായ കുറ്റമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (69 : 25-37)
അഗതികള്‍ക്ക് അന്നം നല്‍കാതിരിക്കല്‍ നമസ്‌ക്കരിക്കാതിരിക്കുന്നതു പോലെത്തന്നെയുള്ള തെറ്റാണെന്നും അത് ഉണര്‍ത്തുന്നു. (74 : 42-44)

അതുകൊണ്ട് തന്നെ അഭയ പോലുള്ള സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഇസ്‌ലാമിക ബാധ്യതകളുടെ പൂര്‍ത്തീകരണമത്രെ. ഇത്തരം മഹദ് സംരംഭങ്ങള്‍ വന്‍ നഗരങ്ങളിലെ ആശുപത്രികളോടനുബന്ധിച്ച് ധാരാളമായി ഉണ്ടാവേണ്ടിയിരിക്കുന്നു.

Related Articles