Current Date

Search
Close this search box.
Search
Close this search box.

താജ് മഹലിന് നേര്‍ക്ക് എന്തിനാണീ കൊലവെറി!

Tajmahal333.jpg

മുഗളന്‍മാരെയും അവരുടെ സംഭാവനകളെയും കുറിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയുടെയും ബി.ജെ.പിയുടെ രാഷ്ട്രീയ നേതാവായ സംഗീത് സോമിന്റെയും വെറുപ്പ് കലര്‍ന്ന വര്‍ത്തമാനങ്ങള്‍ ഈയടുത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയുണ്ടായി. മുഗളന്‍മാര്‍ക്കെതിരെ വളരെ മോശമായ അത്തരം അഭിപ്രായപ്രകടനങ്ങള്‍ അവരില്‍ നിന്നുണ്ടാകാനുള്ള കാരണങ്ങള്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ. തങ്ങളുടെ വോട്ടുബോങ്ക് വര്‍ധിപ്പിക്കുന്നതിന് വേണ്ടി സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. എന്നാലിത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് വംശഹത്യയും നടന്ന 1992, 2002 വര്‍ഷങ്ങളല്ല. അതിനുശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മാധ്യമരംഗത്ത് നിരവധി കള്ളനാണയങ്ങള്‍ ഉണ്ടെങ്കിലും സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്. ദുര്‍ബലമായ നഗരഘടന, അധപതനം സംഭവിച്ച വിദ്യാഭ്യാസ വ്യവസ്ഥ, പ്രവര്‍ത്തനരഹിതമായ ആരോഗ്യസേവനങ്ങള്‍ എന്നീ പ്രായോഗിക പ്രശ്‌നങ്ങള്‍ക്കാണ് ജനങ്ങള്‍ക്ക് പരിഹാരം വേണ്ടത്. അതുപോലെ നോട്ടുനിരോധനം, ജി.എസ്ടി തുടങ്ങിയ സാമ്പത്തിക നയങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ക്കും അവര്‍ പരിഹാരം തേടുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ നിന്ന് യോഗി താജ്മഹലിനെ നീക്കം ചെയ്യുകയുണ്ടായി. സോം പറഞ്ഞത് ദേശദ്രോഹികളാണത് നിര്‍മ്മിച്ചത് എന്നാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ ഈ വിവാദവിഷയങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ആളുകള്‍ മറക്കുകയും ചെയ്യുമെന്നവര്‍ കണക്കുകൂട്ടുന്നുണ്ട്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് യാതൊരു താല്‍പര്യവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സംഗീത് സോമിന്റെയും യോഗി ആദിത്യനാഥിന്റെയും കൈകളില്‍ രക്തം പുരണ്ടിരിക്കുകയാണ്. മുസഫര്‍ നഗറില്‍ കലാപം സൃഷ്ടിച്ചതിന്റെ പേരിലായിരുന്നു സംഗീത് സോം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അറവുശാലകള്‍ നടത്തിയതിന്റെ പേരിലും അദ്ദേഹം കുപ്രസിന്ധനാണ്. അദ്ദേഹത്തിന്റെ അറവുശാലകളില്‍ നിന്ന് ഇറച്ചി കയറ്റുമതി ചെയ്യാറുണ്ടായിരുന്നു. ആദിത്യനാഥിനെതിരെ ഒരുപാട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ജനങ്ങളുടെ ശാപം അദ്ദേഹത്തിന്റെ മേലുണ്ടെന്നത് തീര്‍ച്ചയാണ്. കാരണം യുപിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിരവധി കുട്ടികളാണ് അധികൃതരുടെ അവഗണന മൂലം മരണപ്പെട്ടത്. നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

ഏഴ് ലോകാത്ഭുതങ്ങളിലൊന്നാണ് താജ്മഹല്‍. മാത്രമല്ല, ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ താജ്മഹലിനെ വിശേഷിപ്പിച്ചിട്ടുമുണ്ട്. അതിനാല്‍ തന്നെ ആഗ്ര നഗരത്തിന് ലോക ഭൂപടത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. മുഗള്‍ രാജാവായിരുന്ന ഷാജഹാനാണ് താജ്മഹലിന്റെ പണികഴിപ്പിച്ചത്. ഇന്ന് നാം കാണുന്ന പോലെയായിരുന്നില്ല ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ കാലത്ത് ഇന്ത്യയുടെ അവസ്ഥ. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ബര്‍മ്മ തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു. മാത്രമല്ല, ഇന്നത്തെ ഇറാനിന്റെ ചില ഭാഗങ്ങളും ഇന്ത്യക്കാര്‍ ഭരിച്ചിരുന്നതായി പറയപ്പെടുന്നു. അന്നത്തെ നിയമങ്ങളും ആചാരങ്ങളും ഇന്നത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു.

പുരാതന ലോകത്ത് രാജാക്കന്‍മാര്‍ ഭൂമികള്‍ പിടിച്ചടക്കുകയും എന്നിട്ടവിടങ്ങളില്‍ അവരുടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയുമാണ് ചെയ്തിരുന്നത്. തുടര്‍ന്ന് അവിടങ്ങളിലുണ്ടായിരുന്ന ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വിധം ഭരണം നടത്തുക എന്നതായിരുന്നു അവരുടെ രീതി. ഇന്ത്യന്‍ ദേശീയത എന്ന സങ്കല്‍പ്പം അന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ദക്ഷിണേന്ത്യയെ ഭരിച്ചിരുന്ന വോഡിയാറുകളെ (wodeyars) സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിലെ മറാത്തകളുടെ ഭരണം ഒരു വിഷയമേ ആയിരുന്നില്ല. രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന വ്യത്യസ്തങ്ങളായ പ്രവിശ്യകളെയെല്ലാം ഒരുമിച്ച് ചേര്‍ക്കുന്ന ഫെഡറല്‍ വ്യവസ്ഥയൊന്നും അന്നുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്ന പ്രവിശ്യകളെല്ലാം പരസ്പരം യുദ്ധങ്ങളിലും കലഹങ്ങളിലും ഏര്‍പ്പെടുകയായിരുന്നു ചെയ്തിരുന്നത്. ചോളന്‍മാര്‍, ചേരന്‍മാര്‍, പല്ലവകള്‍ (pallavas) തുടങ്ങിയ രാജവംശങ്ങളെല്ലാം തങ്ങളുടെ ഭരണാതിര്‍ത്തിയെ വികസിപ്പിക്കുന്നതിന് വേണ്ടി അന്യോന്യം യുദ്ധങ്ങളിലേര്‍പ്പെടാറുണ്ടായിരുന്നു. നന്ദ രാജവംശവും അതിനെ ഉന്‍മൂലനം ചെയ്ത മൗര്യന്‍ രാജവംശവും ഒരേ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. ഇന്ന് ഇന്ത്യക്കാര്‍ ഏറെ ആദരിക്കുന്ന അശോക ചക്രവര്‍ത്തി കലിംഗയില്‍ ഒരു ലക്ഷത്തോളം വരുന്ന ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്നും അത്രതന്നെ ഹിന്ദുക്കളെ യുദ്ധത്തടവുകാരാക്കിയെന്നും ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരുപാട് ഇന്ത്യക്കാരെ കൊലപ്പെടുത്തിയ അശോക ചക്രവര്‍ത്തി രാജ്യദ്രോഹിയായിരുന്നില്ലേ? അല്ല എന്നതാണ് വസ്തുത. കാരണം, കലിങ്ക യുദ്ധത്തിന് ശേഷം നാം കാണുന്നത് അശോക ചക്രവര്‍ത്തി ഇന്ത്യക്ക് വേണ്ടി ശ്രദ്ധേയമായ ഒരുപാട് സംഭാവനകള്‍ അര്‍പിക്കുന്നതാണ്.

അശോകചക്രം നമ്മുടെ ദേശീയപതാകയുടെ ഭാഗമാണ് എന്നതുതന്നെ അശോക ചക്രവര്‍ത്തിക്ക് നമ്മള്‍ നല്‍കുന്ന പ്രാധാന്യത്തിന് തെളിവാണ്. അപ്പോള്‍ പിന്നെ മുഗളന്‍മാരെ രാജ്യദ്രോഹികള്‍ എന്നാരോപിക്കുന്നത് വൈരുദ്ധ്യമാണ്. കാരണം അശോക ചക്രമുള്ള ദേശീയപതാകയെ നമ്മളേറെ ആദരിക്കുകയും മുഗളന്‍മാര്‍ നിര്‍മ്മിച്ച ചുവന്ന കോട്ടയില്‍ വെച്ച് അതുയര്‍ത്തുകയും ചെയ്യുന്നു. ഹിന്ദുക്കളെ കൊന്നു എന്ന ആരോപണത്തിന്റെ പേരില്‍ മുഗളന്‍മാരെയും അവരുടെ പാരമ്പര്യത്തെയും നിന്ദിക്കുന്നത് യുക്തിപരമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു ലക്ഷത്തോളം ഹിന്ദുക്കളെ കൊന്ന അശോകനെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും നമുക്ക് ആദരിക്കാന്‍ കഴിയുക? അത് വൈരുദ്ധ്യമല്ലേ?

പ്രാചീന ഇന്ത്യയിലെ രാജാക്കന്‍മാര്‍ യോഗിയും സോമും പറയുന്നത് പോലെ ഒരിക്കലും വര്‍ഗീയവാദികളായിരുന്നില്ല. ഇനി ചില ചരിത്രയാഥാര്‍ത്ഥ്യങ്ങളെ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

ബാബറിന്റെ പേരമകനായിരുന്ന അക്ബര്‍ എന്ന മുഗള്‍ രാജാവിന്റെ കമാന്റര്‍ ഇന്‍ ചീഫ് രാജ മന്‍സെന്‍ (Raja Mansen) ആയിരുന്നു. റാണ പ്രതാപ് സിംഗിന്റെ സൈന്യത്തിനെതിരെ നിലകൊണ്ട മന്‍സെന്‍ ഒരു ഹിന്ദുവായിരുന്നു. അക്ബറിന്റെ കൗണ്‍സിലില്‍ ബിര്‍ബല്‍, തോടര്‍മല്‍ (Todarmal) തുടങ്ങിയ ഹിന്ദു ഉപദേശകരുണ്ടായിരുന്നു. ഒരു മുസ്‌ലിം രാജാവായിരുന്ന അക്ബറിനെ അവര്‍ പിന്തുണക്കുകയും ചെയ്തിരുന്നു.

മൈസൂരിന്റെ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്റെ കീഴില്‍ ഹിന്ദുക്കളായ സൈനികരും ഉപദേശകരുമെല്ലാം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പണ്ഡിറ്റ് പൂര്‍ന്യാഹിന് (Pandit Poorniah) ‘മിര്‍ അസഫ്’ (Mir Asaf) എന്ന ഉന്നതസ്ഥാനമായിരുന്നു നല്‍കിയിരുന്നത്. ഹിന്ദുവായിരുന്ന കൃഷ്ണറാവു ആയിരുന്നു ടിപ്പുവിന്റെ ഖജനാവ് നോക്കിയിരുന്നത്. ഫ്രഞ്ച് സൈന്യവുമായും അടുത്ത ബന്ധമാണ് ടിപ്പുവിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു നെപ്പോളിയന്‍ ബോണപ്പാട്ട്. അദ്ദേഹമൊരു ക്രിസ്ത്യാനിയായിരുന്നു.

മറാത്ത ഭരണാധികാരിയായിരുന്ന ചത്രപതി ശിവജി മഹാരാജിന് കീഴില്‍ മുസ്‌ലിം ജനറലുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലുള്ള മിക്ക പദവികളും വഹിച്ചിരുന്നത് മുസ്‌ലിംകളായിരുന്നു. ഹൈദരാബാദ് നൈസാമിന്റെ നല്ലൊരു സുഹൃത്തായിരുന്നു ശിവജി. അവര്‍ രണ്ടു പേരും ചേര്‍ന്നാണ് ടിപ്പുസുല്‍ത്താനെ ആക്രമിച്ചത്. അഥവാ, ഹിന്ദു പെഷവകളുടെ (Peshwas) കൂടേ ചേര്‍ന്ന് ടിപ്പുസുല്‍ത്താനെ ആക്രമിച്ച മുസ്‌ലിം ഭരണാധികാരിയാണ് നൈസാം.

ഔറംഗസേബും ആദില്‍ ഷായും സമകാലികരായിരുന്നു. മാത്രമല്ല, അവര്‍ പരസ്പരം എതിരാളികളുമായിരുന്നു. ഔറംഗസേബിന്റെ സൈന്യത്തില്‍ ഹിന്ദു രജ്പുത്കളുണ്ടായിരുന്നു (Hindu Rajput). ഹിന്ദു മറാത്തകള്‍ക്കെതിരെ അവര്‍ പോരാടുകയും ചെയ്തിട്ടുണ്ട്. അതായിരുന്നു നമ്മുടെ പ്രാചീന ഇന്ത്യ. രാജാക്കന്‍മാര്‍ അവരുടെ പ്രവിശ്യകളില്‍ ഭരണം നടത്തുകയും ഇതര രാജാക്കന്‍മാരുമായി സമാധാന സന്ധികളിലേര്‍പ്പെടുകയും തങ്ങളുടെ രാജവംശങ്ങള്‍ക്ക് സുരക്ഷാഭീഷണിയുയര്‍ത്തുന്നവരെ നേരിടുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ ഇന്ന് നാം കാണുന്ന ഇന്ത്യ അന്ന് ഭരിച്ചിരുന്നത് നൂറ് കണക്കിന് വരുന്ന സ്വതന്ത്ര രാജവംശങ്ങളായിരുന്നു.

യോഗിക്കും സോമിനും ഒരിക്കലും മായ്ച്ച് കളയാനാകാത്ത മറ്റൊരു ചരിത്രവസ്തുതയെയും ഈയവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്: 1857ല്‍ ശിപ്പായി ലഹളയുടെ കാലത്താണ് ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് ചേര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടുന്നത്. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ശേഷം ഹിന്ദുക്കളും മുസ്‌ലിംകളും ബഹദൂര്‍ ഷാ സഫറിനെ തങ്ങളുടെ ഭരണാധികാരിയായി സ്വീകരിക്കുകയുണ്ടായി. മുഗള്‍ ഭരണാധികാരികള്‍ തങ്ങളുടെ ഭരണസമീപനങ്ങളില്‍ വര്‍ഗീയമായിരുന്നില്ല എന്നാണ് അവര്‍ക്ക് ലഭിച്ചിരുന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഒരുപോലെയുള്ള പിന്തുണ തെളിയിക്കുന്നത്.

മുഗളന്‍മാരോട് വെറുപ്പ് വെച്ചുപുലര്‍ത്തുന്നവര്‍ ഒരു ചരിത്രവസ്തുതയെക്കൂടി ഓര്‍ക്കേണ്ടതുണ്ട്. മുഗളന്‍മാര്‍ യഥാര്‍ത്ഥത്തില്‍ മംഗോളുകളായിരുന്നു (mongols) എന്നതാണത്. 1200 കളില്‍ ബഗ്ദാദിലെ മുസ്‌ലിം പ്രദേശങ്ങള്‍ കൈയ്യേറുകയും മുസ്‌ലിംകളെ കൊള്ളയടിക്കുകയും ചെയ്ത പ്രാചീന മംഗോളിയന്‍ സംഘത്തിന്റെ പിന്‍മുറക്കാരാണ് മുഗളന്‍മാര്‍. മംഗോളിയന്‍മാര്‍ മുസ്‌ലിംകളായിരുന്നില്ല. ചെങ്കിസ്ഘാന്റെ നേതൃത്വത്തിലുള്ള മംഗോളുകളാണ് അബ്ബാസിയാ ഖിലാഫത്ത് നാമാവശേഷമാക്കിയത്. എന്നാല്‍ പിന്നീട് മിക്ക മംഗോളുകളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ഒരു രാജ്യത്തെ കീഴടക്കയിവര്‍ തന്നെ ആ രാജ്യത്തെ മതം സ്വീകരിക്കുക എന്നത് ചരിത്രത്തില്‍ വളരെ അപൂര്‍വ്വമാണ്. മംഗോളിയന്‍മാര്‍ അതിന് മുമ്പ് പ്രകൃതിയെയാണ് ആരാധിച്ചിരുന്നത്. ഇസ്‌ലാം മതം സ്വീകരിച്ച മംഗോളിയന്‍മാര്‍ മുഗളന്‍മാരായിക്കൊണ്ടാണ് പാനിപ്പത്തില്‍ പ്രവേശിച്ചത്. അങ്ങനെ ഒരുകാലത്ത് മുസ്‌ലിംകളെ കൊള്ളയടിച്ചവര്‍ ഇന്ത്യയില്‍ വന്ന് മുസ്‌ലിം രാഷ്ട്രം നിര്‍മ്മിക്കുകയായിരുന്നു.

ഇനി നമുക്ക് താജ്മഹലിലേക്കും ഷാജഹാനിലേക്കും മടങ്ങിവരാം. ഷാജഹാനൊരു മാലാഖയായിരുന്നുവെന്ന് ഞാന്‍ പറയില്ല. ഏതൊരു ഭരണാധികാരിയെയും പോലെ അദ്ദേഹത്തിനും ഒരുപാട് പരിമിതികളുണ്ടായിരുന്നു. ഒരുപാട് അബദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ തന്റെ ഭാര്യയുടെ ഓര്‍മ്മക്കായി അദ്ദേഹം പണിത താജ്മഹല്‍ ഒരു ദേശീയ അവശിഷ്ടമാണ് (National waste). അതിന് പകരം അദ്ദേഹത്തിന് യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിക്കാമായിരുന്നു. ജനങ്ങള്‍ക്കത് ഉപകാരപ്പെട്ടേനെ. ആഗ്ര സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും താജ്മഹലിന്റെ സൗന്ദര്യവും നഗരത്തിലെ ചേരികളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ബോധ്യപ്പെടും.  വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ വികസനത്തിലൂടെയും രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ മുഗളന്‍മാര്‍ അലംഭാവം കാണിച്ചിട്ടുണ്ട്. ഗവേഷണത്തിനും വികസനത്തിനും വേണ്ടി അവര്‍ സമയവും അധ്വാനവും ചെലവഴിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാലാണ് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള വിജ്ഞാനമുപയോഗിച്ച് മുഗള്‍ രാജവംശത്തെ അധീനപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചത്.

പോസിറ്റീവായ സമീപനവും ശരിയായ പരിപ്രേക്ഷ്യവുമാണ് ചരിത്രത്തോട് നാം സ്വീകരിക്കേണ്ടത്. നന്‍മയെയാണ് നാം സ്വീകരിക്കേണ്ടത്. തെറ്റ് ആര് ചെയ്താലും നാം അപലപിക്കേണ്ടതുണ്ട്. ചരിത്രപരമായ തെറ്റുകള്‍ ഒരു വിഭാഗം ആളുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ പ്രതിനിധീകരിക്കുന്ന മതത്തെ പിന്തുടരുന്നവരോട് ഒരിക്കലും അതിന്റെ പേരില്‍ പ്രതികാരം ചെയ്യാന്‍ പാടുള്ളതല്ല. ചെറിയൊരുദാഹരണത്തിലൂടെ ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. ഒരു പാപി നട്ട മരത്തിനടുത്തേക്ക് നിങ്ങള്‍ പോകുകയാണെങ്കില്‍ ഒരിക്കലും ആ പാപിയുടെ പേരില്‍ മരം മുറിക്കുക എന്നത് യുക്തിപരമല്ല. മറിച്ച്, ആ മരം തരുന്ന ഗുണം അനുഭവിക്കുകയാണ് നാം ചെയ്യേണ്ടത്. അതാണ് യഥാര്‍ത്ഥത്തില്‍ ധര്‍മ്മ (ഉവമൃാമ). നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും തുല്യമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷുകാരോടുള്ള വെറുപ്പിന്റെ പേരില്‍ അവര്‍ നിര്‍മ്മിച്ച റെയില്‍പ്പാളങ്ങളും റോഡുകളും  നമ്മള്‍ നശിപ്പിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ശിക്ഷിക്കുന്നത് ബ്രിട്ടീഷുകാരെയല്ല; മറിച്ച്, നമ്മെത്തന്നെയാണ്. അതിനാല്‍ താജ്മഹലിനെ വിട്ടേക്കുക. കാരണം വര്‍ഷം തോറും 25 കോടിയാണ് നമ്മുടെ രാഷ്ട്രത്തിന് അത് നല്‍കിക്കൊണ്ടിരിക്കുന്നത്. ഹിന്ദുവിനെയും മുസ്‌ലിമിനെയും പരസ്പരം വിഭജിപ്പിക്കുന്ന രാഷ്ട്രീയം ഇന്ത്യയില്‍ വിജയിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. രാഷ്ട്രീയപ്രവര്‍ത്തകര്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാത്തപക്ഷം ജനങ്ങള്‍ തന്നെ അവരെ തൂത്തെറിയുമെന്നത് തീര്‍ച്ചയാണ്.

വിവ: സഅദ് സല്‍മി

Related Articles