Current Date

Search
Close this search box.
Search
Close this search box.

തന്നോട് ചേര്‍ത്ത് വെച്ച് തീരുമാനിച്ചിരുന്നെങ്കില്‍

കാതിക്കൂടത്തെ നിറ്റാജലാറ്റിന്‍ കമ്പനി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവരെ പോലീസ് ക്രൂരമായി മര്‍ദ്ധിക്കുകയും തല്ലിച്ചതക്കുകയും ചെയ്തതില്‍ എണ്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും സമരക്കാരുടെ നൂറോളം ബൈക്കുകള്‍ തകര്‍ക്കുകയും ചെയ്തിരിക്കുന്നു.

ജലാറ്റിന്‍ കമ്പനിയുടെ മാലിന്യം തന്റെ വീടിന്റെ അടുത്തും താന്‍ ഉപയോഗിക്കുന്ന പുഴയിലുമാണ് ഒഴുക്കുന്നതെങ്കില്‍ മുഖ്യമന്ത്രി അതനുവദിക്കുമായിരുന്നോ? അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമായിരുന്നില്ലേ? ആഭ്യന്തര മന്ത്രിയുടെ വീടിനടുത്തായിരുന്നുവെങ്കില്‍ അദ്ദേഹം പോലീസിനെ ഉപയോഗിക്കുക സമരക്കാര്‍ക്കെതിരെയോ അതോ കമ്പനിക്കെതിരെയോ? പോലീസ് ഉദ്യോഗസ്ഥരും പ്രശ്‌നം തങ്ങളെ ബാധിക്കുന്നതായിരുന്നുവെങ്കില്‍ സമരക്കാരെ തല്ലിച്ചതക്കുമായിരുന്നോ?

റോഡ് വികസനത്തിനും കമ്പനി വരാനുമൊക്കെ ഭൂമി ഏറ്റെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണാധികാരികള്‍ കിടപ്പാടം നഷ്ടപ്പെടുന്നത് തങ്ങള്‍ക്കായിരുന്നുവെങ്കില്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും? എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായി കണ്ണുകാണാത്തവരായും വലിയ ഉടലും ചെറിയ തലയും ചെറിയ ഉടലും വലിയ തലയുമൊക്കെ ഉള്ളവരായും ജനിച്ച കുട്ടികള്‍ തങ്ങളുടേതായിരുന്നെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്ന നിലപാട് ഇന്ന് സ്വീകരിച്ചതു തന്നെയായിരിക്കുമോ?

എന്തു തീരുമാനമെടുക്കുമ്പോഴും നടപടി സ്വീകരിക്കുമ്പോഴും അതു ബാധിക്കുന്നത് തന്നെയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ച് നിലപാട് സ്വീകരിക്കുന്നവരാണ് യഥാര്‍ഥ ഭരണാധികാരികള്‍. ഭരണീയരെക്കുറിച്ച് ആലോചിക്കാതെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാലാണ് ഭരണകൂടം എപ്പോഴും ജനവിരുദ്ധമാകുന്നത്. യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍ കുട്ടി പട്ടിണി കിടന്നാല്‍ താനതിന് ദൈവത്തോട് ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തോടെ ഭരണം നടത്തിയ ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ആയിരം കാതമകലെയെങ്കിലും സഞ്ചരിക്കാന്‍ നമ്മുടെ രാജ്യത്തെ അധികാര നടത്തിപ്പുകാര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍!

ഭരണാധികാരികള്‍ മാത്രമല്ല; ഏതൊരാളും എന്തും ചെയ്യുന്നത് അത് ബാധിക്കുന്നത് തന്നെയാണെന്ന് ആലോചിച്ചു തീരുമാനിച്ചായിരുന്നുവെങ്കില്‍ കളവും ചതിയും അക്രമവും അനീതിയും സംഭവിക്കുമായിരുന്നില്ല. ബലാല്‍സംഗം ചെയ്യപ്പെടുന്നത് തന്റെ ഭാര്യയോ മകളോ ആണെങ്കില്‍ എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ആരെങ്കിലും ആ ഹീനവൃത്തിക്കും അതുപോലുള്ള കൊടും ക്രൂരതകള്‍ക്കും മുതിരുമോ?

ഈ ബോധമുണര്‍ത്താനാണ് പ്രവാചകന്‍ ശ്രമിച്ചത്. അതിലവിടുന്ന് വിജയിക്കുകയും ചെയ്തു.

പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു : എനിക്കു വ്യഭിചരിക്കാന്‍ അനുവാദം തരണം.

പ്രവാചകന്റെ പള്ളിയില്‍ വെച്ചാണ് പ്രവാചകനോട് ഇപ്രകാരം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞു. അവര്‍ പറഞ്ഞു : ‘മിണ്ടാതിരി’,

അപ്പോള്‍ അവിടുന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു, അടുത്തിരുത്തി, കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചോദിച്ചു: ‘താങ്കളുടെ മാതാവിനെ വ്യഭിചരിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?
‘ഇല്ല, അല്ലാഹുവാണ് സത്യം. ഞാനതംഗീകരിക്കില്ല, എന്നല്ല, ആരും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.’
‘താങ്കളുടെ മകളെ വ്യഭിചരിക്കുന്നതോ?’
‘അതും ഞാനനുവദിക്കില്ല’.
‘താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നതോ?’
‘അതും ഞാന്‍ ഇഷ്ടപ്പെടില്ല, ആരും തന്റെ സഹോദരിയെ വ്യഭിചരിക്കാന്‍ അനുവദിക്കില്ല.’
‘താങ്കളുടെ പിതൃസഹോദരിയെ വ്യഭിചരിച്ചാലോ?’
‘അതും ഞാനംഗീകരിക്കില്ല.’
‘മാതൃസഹോദരിയെ?’
‘ഇല്ല, ഒരിക്കലും ഇതൊന്നും ഞാനിഷ്ടപ്പെടുന്നില്ല, ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നുമില്ല.’

ഇതിലൂടെ ഫലത്തില്‍ നബി തിരുമേനി അയാളെ വ്യഭിചാരത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയായിരുന്നു. ആരും സ്വന്തം മാതാവിനെയോ മക്കളെയോ സഹോദരിയെയോ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ വ്യഭിചരിക്കാന്‍ ഇഷ്ടപ്പെടില്ലല്ലോ. ഏതൊരു സ്ത്രീയും ഇതില്‍ ആരെങ്കിലുമായിരിക്കുമെന്നതും തീര്‍ച്ച. നബിതിരുമേനി അയാളുടെ നെഞ്ച് തടവുകയും അയാള്‍ക്ക് വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ വ്യഭിചാരം അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട നീചകൃത്യമായി മാറി.

Related Articles