Current Date

Search
Close this search box.
Search
Close this search box.

തട്ടത്തില്‍ തട്ടിതടയുന്ന മതേതരത്വം

‘മോള് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ വിശ്വാസത്തിനെതിരാണ്. 360 ദിവസം ഒരു മിനുട്ടില്‍ പോലും മഫ്ത അഴിക്കാതെ ചുറ്റി നടക്കുന്ന പെണ്ണുങ്ങള്‍ എക്‌സാം എഴുതണ്ട. അവരെ കൊണ്ട് ഈ സമൂഹത്തിന് ഒരു ഗുണവും ഇല്ല. അതുറപ്പാ!’

ഹിജാബിനെ തന്റെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന എഴുത്തുകാരിയും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു സുഹൃത്തിനു ഈയിടെ ഫേസ്ബുക്കില്‍ വന്ന സന്ദേശമാണ് മുകളില്‍ കുറിച്ചത്.

മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം എന്നും അടിച്ചമര്‍ത്തലിന്റെയും പുരുഷ മേധാവിത്തത്തിന്റെയും പ്രതീകമായി കാണുന്ന മതേതര ദേശീയ പൊതു സമൂഹത്തിന്റെ മനോഭാവം എന്ത് എന്ന് വ്യക്തമാക്കാനാണ് ഈ വരികള്‍ കുറിച്ചത്. സി.ബി.എസ്.ഇയുടെ വിവാദ സര്‍ക്കുലറും തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ പരാമര്‍ശവും ഒരിക്കല്‍ കൂടി മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം അവര്‍ക്കുണ്ടാക്കുന്ന പാരതന്ത്ര്യവും പുകച്ചിലും പിന്നെയും ചര്‍ച്ചയാക്കിയിരിക്കുന്നു. മുകളില്‍ കുറിച്ച വാക്കുകള്‍ നല്‍കുന്ന സന്ദേശത്തില്‍ നിന്ന് ഒട്ടും ഭിന്നമല്ല ജുഡീഷ്യറിയുടെ ഉന്നത സ്ഥാനത്ത് വിരാജിക്കുന്നവരുടെ മനോഭാവവും എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈ വരിച്ച് കൊണ്ടിരിക്കുന്ന മുസ്‌ലിം സ്ത്രീയോട് നിന്റെ വിശ്വാസത്തെക്കാള്‍ സ്വാതന്ത്ര്യം ഞങ്ങളുടെ മതേതര ദേശീയതയില്‍ ഉണ്ടെന്ന കപട വാഗ്ദാനങ്ങള്‍ നല്‍കുകയും ഉള്ളാലെ ഇസ്‌ലാമോഫോബിയ കൊണ്ട് നടക്കുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. കോടതി പറഞ്ഞത് അന്തിമവിധിയാണെന്ന തരത്തില്‍, അത് പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്നും പറഞ്ഞ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍. കോടതി അത്തരം വിധികളൊന്നും നല്‍കിയിട്ടില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ നടത്തിയ പരാമര്‍ശം മാത്രമാണെന്നും അറിയാഞ്ഞിട്ടൊന്നുമല്ല ഇത്തരം വിടുവായിത്തങ്ങള്‍ വിളമ്പുന്നത്.

മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കാലങ്ങളായി കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഹിജാബും ഫുള്‍ സ്ലീവും ധരിച്ചതിന്റെ പേരില്‍ ആക്ഷേപങ്ങള്‍ക്ക് വിധേയമാകുകയും പുറത്താക്കപ്പെടുകയും ചെയ്തപ്പോള്‍ മൗനം അവലംബിച്ച, സി.ബി.എസ്.ഇയുടെ വിവാദ സര്‍ക്കുലരിനെതിരെ കേസിന് പോയ മുസ്‌ലിം സംഘടനയെ മതമൗലിക വാദികളെന്ന് ആക്ഷേപിക്കുകുയും ചെയ്യുന്ന മതേതര ദേശീയ സമൂഹം, സിസ്റ്റര്‍ സെബയെന്ന കന്യാസ്ത്രീക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയതോടെ ഭരണ ഘടന നല്‍കുന്ന മൗലികാവകാശത്തെ പറ്റി വാചാലമാവുകയും മീഡിയകള്‍ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. നമ്മുടെ പൊതു സമൂഹത്തില്‍ രൂഢമൂലമായി കൊണ്ടിരിക്കുന്ന സ്ഥാപനവല്‍കരിക്കപെട്ട ഇസ്‌ലാം പേടിയുടെ ആഴം എത്രത്തോളമാണെന്നിത് വ്യക്തമാക്കുന്നു. ഈ സന്ദര്‍ഭം ‘ഒരാളുടെ ഇഷ്ട പ്രകാരമാണെങ്കില്‍ ഒരു നിര്‍ബന്ധവും ഇല്ലാതെ മുഖമക്കനയോ പര്‍ദയോ ധരിക്കുന്നതിനെ ഇത്ര തരംകുറച്ചു കാണുകയും, എന്നാല്‍, ജീന്‍സോ ടീ ഷര്‍ട്ടോ ഇട്ടാല്‍ മോഡേണ്‍ ആയി കാണുകയും ചെയ്യുന്ന നിലപാടിനെ ന്യായീകരിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ഒന്ന് പ്രാകൃതവും മറ്റൊന്ന് ആധുനികവുമാവുന്നതെങ്ങനെ?

മുഖമക്കനയില്‍ നിന്നും ചിഹ്നങ്ങളിലേക്ക് വരാം. ഇന്ത്യയെന്ന മഹാ രാജ്യത്ത് പലതരം ഭാഷകളും സംസ്‌കാരങ്ങളും ഗോത്രങ്ങളും മത വിഭാഗങ്ങളും എല്ലാമായി ബന്ധപ്പെട്ട ഒട്ടനവധി ചിഹ്നങ്ങള്‍ നമുക്ക് സുപരിചിതമാണ്. പലപ്പോഴും സ്ത്രീകളിലാണ് ഈ ചിഹ്നങ്ങള്‍ കൂടുതലും. കല്യാണം കഴിച്ച സ്ത്രീ ഹിന്ദുവാണെങ്കില്‍ താലി അല്ലെങ്കില്‍ മംഗല്യസൂത്ര, സിന്ദൂരം, ക്രിസ്ത്യനിയാണെങ്കില്‍ കുരിശു തൂക്കിയ താലി, ബംഗാളിയാണെങ്കില്‍ ചുവന്ന ശംഖു വള, മറാത്തിയാണെങ്കില്‍ പച്ച കുപ്പിവള. അങ്ങനയങ്ങനെ ഒരുപാട് ചിഹ്നങ്ങള്‍ തിരിച്ചറിയപ്പെടാനുള്ള മാധ്യമമാവുന്നു. എന്നാല്‍ ഇവയോടൊന്നും തന്നെ ഒരുതരത്തിലുള്ള അവജ്ഞയും ഉണ്ടാവാറില്ലെന്ന് മാത്രമല്ല, സമൂഹം ബഹുമാനത്തോട് കൂടി മാത്രമെ അവയെ നോക്കി കാണാറുള്ളു. അതേസമയം ഈ ബഹുമാനം എന്ത് കൊണ്ട് ശിരോവസ്ത്രമടക്കമുള്ള മുസ്‌ലിം ചിഹ്നങ്ങള്‍ക്ക് നല്‍കാന്‍ തയാറാവുന്നില്ല?’ (/ഹിജാബ് എന്റെ ചോയ്‌സ് കൂടിയാണ്/കെ നൂര്‍ജഹാന്‍/മാധ്യമം ഓണ്‍ലൈന്‍) മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഭരണ ഘടന തങ്ങള്‍ക്ക് നല്കുന്ന മൗലിക അവകാശത്തിന് വേണ്ടി രാജ്യത്തിന്റെ ഉന്നത നീതി പീഠത്തെ സമീപിച്ചപ്പോള്‍ തിരിച്ചുണ്ടാകുന്ന ചോദ്യം രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ വിശ്വാസത്തോടുള്ള വെല്ലുവിളി കൂടിയായി മാറുന്നു. നിങ്ങളുടെ ഈഗോ ആണ് പ്രശ്‌നം, മൂന്ന് മണിക്കൂര്‍ ഹിജാബ് ഊരി വെച്ചാല്‍ തകരുന്നതാണോ വിശ്വാസം എന്ന നിസ്സാരമായി ചോദിക്കുന്നതിന് മുന്‍പ് ചീഫ് ജസ്റ്റിസ് മുന്‍പ് സുപ്രീം കോടതിയിലും കേരള ഹൈകോടതിയിലും മുന്‍പ് വന്നിട്ടുള്ള കേസുകള്‍ ഓര്‍ക്കേണ്ടതുണ്ടായിരുന്നു.

1986-ല്‍ ബിജോ ഇമ്മാനുവല്‍ കേസില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കൂടെ ആലപിക്കാത്തത്തിനു സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിക്കെതിരെ തങ്ങള്‍ യഹോവയെ മാത്രമേ പ്രകീര്‍ത്തികാരുള്ളൂ എന്നും ദേശീയ ഗാനം ആലപിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തിനു എതിരാണ് എന്ന് വാദിച്ച് ഹരജി ഫയല്‍ ചെയ്തപ്പോള്‍, നിങ്ങളുടെ ഈഗോയാണ് നിങ്ങളെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന് ചോദിക്കുകയല്ല സുപ്രീം കോടതി ചെയ്തത്. മറിച്ച് അവരുടെ വിശ്വാസത്തെ മാനിക്കുകയും ദേശീയ ഗാനം ആലപിക്കുമ്പോള്‍ മൗനം അവലംബിക്കാന്‍ അനുമതി നല്‍കുകയുമാണ് ചെയ്തത്. 2008-ല്‍ ശനിയാഴ്ച പുണ്യ ദിവസം ആയതിനാല്‍ തങ്ങള്‍ക്ക് പകല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും സമയ മാറ്റം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സെവന്‍ത് ഡേ അട്വന്റിസ്റ്റ് വിഭാഗകാര്‍ സമര്‍പ്പിച്ച ഹരജി സ്വീകരിച്ച കേരള ഹൈകോടതി അവരോടും ശനിയാഴ്ച പകല്‍ പരീക്ഷ എഴുതിയാല്‍ വിശ്വാസം തകരില്ലെന്നു പറയുകയല്ല ചെയ്തത് മറിച് അവരുടെ മതവിശ്വാസത്തെ മാനിക്കുകയും പ്രത്യേക സമയം അനുവദിക്കുകയും ചെയ്യുകയാണുണ്ടായത്. ഇപ്പോഴും ആ വിധി ഉപയോഗിച്ച് ആ വിഭാഗം രാത്രി പരീക്ഷ എഴുതുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍/ സംഘടന കേസ് കൊടുക്കുമ്പോള്‍ മാത്രം ഉയരുന്ന ഈ മതേതര ഈഗോയുടെ ഉള്ളില്‍ അടിസ്ഥാനപരമായി സവര്‍ണമായ പൊതുബോധം മറഞ്ഞിരിപ്പുണ്ട്.

AIPMT പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്ന സ്‌കൂള്‍ അധികരികള്‍ക്കെതിരെ കേസിന് പോകുമെന്ന് പ്രഖ്യാപിച്ച സിസ്റ്റര്‍ സെബയുടെ ധീരതയെ അഭിനന്ദിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് അവര്‍ക്ക് കിട്ടുന്ന മാധ്യമ രാഷ്ട്രീയ പിന്തുണ വര്‍ഷങ്ങളായി നീതി നിഷേധത്തിന് ഇരയാകുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്ന ഗൗരവപെട്ട പ്രശ്‌നത്തെ നാം കാണാതെ പോകരുത്. ആര്‍എസ്എസ് ബന്ധമുള്ള നെയ്യാറ്റിന്‍കര ജി.ആര്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് കരുനാഗപ്പള്ളി സ്വദേശി ആലിയ ഫര്‍സാനയും AIPMT പരീക്ഷ എഴുതാതെ മടങ്ങിയത് പക്ഷെ നമ്മളാരും അറിഞ്ഞില്ല. വിശ്വാസം മുറുകെ പിടിച്ച കണ്ണീരോടെ മടങ്ങിയ ഫര്‍സാനയും ബാപ്പയും പക്ഷെ പരസ്യ പ്രതികരണത്തിന് തയ്യാറല്ല. നൂറു കണക്കിന് മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ഗത്യന്തരമില്ലാതെ ഹിജാബ് അഴിച്ചു. പ്രശ്‌നമുണ്ടാക്കിയ സ്ഥാപനങ്ങള്‍ എല്ലാം ക്രിസ്ത്യന്‍ സ്ഥാപനങ്ങളോ ആര്‍.എസ്.എസ് ബന്ധമുള്ള സ്ഥാപനങ്ങളോ ആയത് അവിചാരിതമല്ല. കേരളത്തില്‍ നിരന്തരമായി ഹിജാബിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടപടി സ്വീകരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ.മതേതര ദേശീയ സമൂഹം മുസ്‌ലിം സ്ത്രീയുടെ അവകാശത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് കാരണമാണ് ഫര്‍സാനമാര്‍ കണ്ണീരോടെ മൗനികള്‍ ആവുന്നത്. ധീരതയോടെ പ്രതികരിച്ച നബാലമാര്‍ക്ക്, ഷഹനാസ്മാര്‍ക്ക് ആരും ധീരതാ പട്ടം ചാര്‍ത്തി നല്‍കിയിരുന്നില്ല. അവരോടു നിങ്ങളുടെ ഹിജാബ് കണ്ടിട്ട് പിശാചിനെ പോലുണ്ട്, കണ്ടിട്ട് പേടിയാകുന്നു എന്ന് പറഞ്ഞത് തലമറച്ച സിസ്റ്റര്‍മാര്‍ ആയിരുന്നു എന്നുള്ളത് ഒറ്റപെട്ട അനുഭവമല്ല. (ജി.ഐ.ഒ പുറത്തിറക്കിയ ‘ഇന്‍ ദ നെയിം ഓഫ് സെകുലറിസം’ എന്ന ഡോകുമെന്ററി കാണുക)

മുഖ്യധാരാ സംവാദങ്ങളില്‍ മുസ്‌ലിം സ്ത്രിയുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് വളരെ ഏകപക്ഷീയമായ ചര്‍ച്ചകളാണ് നടക്കാറുള്ളത്. മുസ്‌ലിം സ്ത്രിയുടെ വസ്ത്രത്തെ മതമൗലിക വാദത്തിന്റെ അജണ്ടയാക്കി അവ ചുരുക്കുന്നു. ഇത് മുസ്‌ലിം സ്ത്രീ തന്നെ കുറിച്ചും തന്റെ വസ്ത്രത്തെകുരിച്ചും എന്ത് പറയുന്നുവന്നതിനെ പരിഗണിക്കാത്ത ഒരു സംവാദം ആണ്. ഈ സംവാദങ്ങളില്‍ മതെതര ആണ്‍പെണ്‍ ഫെമിന്‌സിറ്റുകളും മുസ്‌ലിം പുരുഷന്മാരും ‘മുസ്‌ലിം സ്ത്രീ’ എന്താണ് എന്നതിനെകുറിച്ച് തര്‍ക്കിക്കുകയാണ് പതിവ്. ഇതിലൂടെ ‘മുസ്‌ലിം സ്ത്രീ’ എന്ന മതപരവും സാമൂഹികപരവും ആയ ഒരു അസ്ഥിത്വം മറക്കപെടുകയും അദൃശ്യവല്‍കരിക്കപെടുകയും ചെയുന്നു. മുസ്‌ലിം സ്ത്രീ തന്നെ കുറിച്ച് എന്താണ് പറയുന്നതെന്ന് അന്വേഷിക്കുന്ന നിരവധി ഫില്‍ഡ് സ്റ്റഡികള്‍ നടന്നിട്ടുണ്ടെങ്കിലും അതിനു വേണ്ടത്ര പരിഗണന ലഭിക്കാറില്ല. പകരം മതേതര ഫെമിനിസവും മുസ്‌ലിം ആണുങ്ങളും പങ്ക് വെക്കുന്ന ആഗ്രഹ ചിന്തകളുടെ ഉല്‍പന്നം മാത്രമായി മുസ്‌ലിം സ്ത്രീ ഒതുങ്ങിപോകുന്നു. (ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം- ഉമ്മുല്‍ ഫായിസ, ഉത്തരകാലം) യഹോവ സാക്ഷികളും സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്കളും പാലിക്കേണ്ടതില്ലാത്ത മതേതരത്വവും ദേശീയതയും വിദ്യാര്‍ഥിനികള്‍ മാത്രം ഹിജാബ് അഴിച്ച് വെച്ച് കൊണ്ട് പുലര്‍ത്തണം എന്ന ആവശ്യം ഉയരുന്നത് എന്ത് കൊണ്ട്. സി.ബി.എസ്.ഇ പോലുള്ള ദേശീയ സ്ഥാപനങ്ങള്‍ക്ക് ഓരോതരുടെയും മതവും ജാതിയും നോക്കി പരീക്ഷ നടത്താനാവില്ല എന്നും അത്തരക്കാര്‍ പരീക്ഷ എഴുതേണ്ടതില്ല എന്നുമുള്ള ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച തരത്തിലുള്ള സെക്യുലര്‍ കല്‍പനകള്‍ ഇടതുപക്ഷ അനുഭാവികളില്‍ നിന്നാണ് ഉയരുന്നത് എന്നത് കേരളം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ ക്ലാസിക് ഉദാഹരണം കൂടിയാണ്.

മുമ്പ് ശാബാനു ബീഗം കേസില്‍, കേസുമായി ബന്ധമില്ലെങ്കില്‍ പോലും സുപ്രീം കോടതി ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന പരാമര്‍ശം നടത്തിയപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ് ഏകസിവില്‍ കോഡ് വിവാദം ഉണ്ടാവാന്‍ കാരണമായത്. ചര്‍ച്ചാ വിഷയം ‘മുസ്‌ലിം സ്ത്രീ’ആകുമ്പോള്‍ ഇടത് വലത് ലിബറല്‍ ഫെമിനിസ്റ്റ് യുക്തിവാദ ധാരകള്‍ എല്ലാം ഒന്നിച്ച് ചേരുന്ന അവിയല്‍ മുന്നണി രൂപപ്പെടുകയും അവളെ പുരോഗതിയിലേക്ക് ആനയിക്കാനും ശ്രമിക്കുന്ന അപൂര്‍വ കാഴ്ച നാം കാണുന്നു.

ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്തിട്ടുള്ള മതേതരത്വം എന്ത് എന്ന് ഈ സന്ദര്‍ഭത്തില്‍ ഗൗരവ പരിശോധന അര്‍ഹിക്കുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ മൂന്ന് മണിക്കൂര്‍ ഹിജാബ് അഴിച്ച് വെച്ചാല്‍ വിശ്വാസം തകരുമോയെന്നും ഇത് ഹരജിക്കാരുടെ ഈഗോ പ്രശ്‌നമായും ചെറിയ പ്രശ്‌നമായും കാണുന്ന സുപ്രീം കോടതി പരാമര്‍ശം ഒരു വശത്തിരിക്കെ, ഹൈന്ദവ ആചാരങ്ങള്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെനെതിരെ സമര്‍പ്പിച്ച ഹരജിയോടു ഗുജറാത്ത് ഹൈ കോടതി പുലര്‍ത്തിയ നിലപാട് പുതിയ കാലത്ത് അത്യന്തം പ്രാധാന്യം അര്‍ഹിക്കുന്നു. 2011 ല്‍ ഗുജറാത്തിലെ പുതിയ ഹൈകോടതി കെട്ടിടം തറകല്ലിടും മുന്‍പ് ഭൂമിപൂജയും മറ്റു പൂജ കര്‍മങ്ങളും നടത്തിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്ത രാജേഷ് സോളങ്കി വേര്‍സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, ഭൂമി പൂജയെ മതേതര വിരുദ്ധമായ കാര്യമായി കാണേണ്ടതില്ലെന്നും നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്ത മതേതരത്വം മതവിരുദ്ധതയല്ലെന്നുമാണ് കോടതി പറഞ്ഞത്. ഭൂമി പൂജ പോലുള്ള നല്ല ആചാരങ്ങളെ ഏതെങ്കിലും മതതിന്റെതായി ബ്രാന്‍ഡ് ചെയ്യരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്ത കോടതി, പൊതു താല്‍പര്യ ഹരജി നല്‍കിയ പരാതിക്കാരന്റെ ഉദേശശുദ്ധി സംശയാസ്പദം ആണെന്ന് പറഞ്ഞ് 20,000 രൂപ പിഴ കല്‍പിക്കുകയാണ് ചെയ്തത്. സമാനമായ വിധിയാണ് 1992 ലെ എതീസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ വേര്‍സസ് ഗവണ്മെന്റ് ഓഫ് ആന്ധ്രപ്രദേശ് കേസിലും പ്രസ്താവിക്കപ്പെട്ടത്. ഇത് പോലെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു സുപ്രധാന വിധിയാണ് സുപ്രീംകോടതി ജസ്റ്റിസ് ജെ.എസ് വര്‍മ പുറപ്പെടുവിച്ച കുപ്രസിദ്ധമായ 1996 ലെ ‘ഹിന്ദുത്വ വിധി’. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിന്ദുത്വത്തിന് വേണ്ടി വോട്ട് ചോദിക്കുന്നത് മതസ്പര്‍ധ വളര്‍ത്തല്‍ അല്ലെന്നും ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും തെറ്റായി സ്ഥാപിച്ച് കൊണ്ടുള്ള വിധി സംഘ പരിവാരങ്ങള്‍ ഇന്നും തങ്ങളുടെ മതേതരത്വത്തിനുള്ള തെളിവായി കൊണ്ട് നടക്കുന്നുണ്ട്. സുപ്രീം കോടതിയുടെയും വിവിധ ഹൈകോടതികളുടെയും ഹിന്ദുത്വ ചായ്‌വുള്ള ഇത്തരം വിധികളെ മുന്നില്‍ വെച്ച് കൊണ്ട് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളെ വിലയിരുത്തുമ്പോള്‍ അത്ര കണ്ട് നിസ്സാരവല്‍ക്കരിക്കേണ്ട ഒന്നല്ല ആ പരാമര്‍ശങ്ങള്‍ എന്ന് നാം മനസ്സിലാക്കുക. ‘ഹിജാബ്’ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്ന സ്ത്രീകളുടെ അവകാശമാണോ, അത്തരം ഒരു നിയമം മതത്തില്‍ അനുശാസിക്കുന്നുണ്ടോ തുടങ്ങിയ നിരവധി ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു വിഷയത്തെ ഇത്ര അവഹേളനപരമായ പരാമര്‍ശങ്ങളിലൂടെ നേരിട്ട കോടതി മറ്റു രാജ്യങ്ങളിലെ കോടതി വിധികളും നോക്കിയില്ല എന്നതാണ് ദുഖകരം. ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് ജോലി നിഷേധിച്ച കമ്പനിക്കെതിരെ യു.എസ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ഈയടുത്ത കാലത്താണ്. മറ്റെന്തൊക്കെ വിമര്‍ശനങ്ങള്‍ ആ രാജ്യത്തിന്റെ വിദേശ നയങ്ങളോട് ഉണ്ടെങ്കിലും ‘എന്തിനാണിത്ര പിടി വാശി, ആ ഹിജാബ് മാറ്റി വെച്ച് ജോലിക്ക് കേറി കൂടെ’ എന്ന് ചോദിക്കാന്‍. ഇസ്‌ലാമോഫോബിയ കൊടി കുത്തി വാഴുന്ന അമേരിക്കയിലെ സുപ്രീം കോടതിക്ക് പോലും തോന്നിയില്ല. ദേശക്കൂറും ആത്മാഭിമാനവും നിരന്തരം ചോദ്യം ചെയ്യപ്പെട്ടിട്ടും, നിരന്തര കലാപങ്ങളും തീവ്രവാദ ആരോപണങ്ങളും നേരിട്ടിട്ടും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വസിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിലെ പുതിയ തലമുറ, തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനു വേണ്ടി ഉന്നത നീതി പീഡത്തെ സമീപിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് അവഹേളിക്കുന്നത് ആ പദവിക്ക് ചേര്‍ന്നതാണോ എന്ന് ചീഫ് ജസ്റ്റിസ് സ്വയം ചിന്തികേണ്ടതുണ്ട്.

മുസ്‌ലിംകള്‍ തങ്ങളുടെ അവകാശം സ്ഥാപിച്ച് കിട്ടുന്നതിന് വേണ്ടി കോടതി കേറുമ്പോള്‍ കീറത്തുണിക്ക് വേണ്ടി കേസിന് പോകുന്നുവെന്ന് ആക്ഷേപിക്കുന്നവരോട്, കോടതി പരാമര്‍ശം അസ്വീകാര്യം ആയവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് പറയുന്നവരോട്, മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഒന്നേ പറയാനുള്ളൂ. അതെ ഈ കീറത്തുണി ഞങ്ങളുടെ അവകാശവും ആത്മാഭിമാവുമാണ്. നിങ്ങളുടെ ഔദാര്യമല്ല!

മുസ്‌ലിം സമുദായം പുതിയ കാലത്ത് നേരിടുന്ന പ്രശ്‌നങ്ങളെ മതേതര ദേശീയ സമൂഹത്തിന്റെ കല്‍പനകളെ അപ്പാടെ സ്വീകരിച്ച് (ഇപ്പോള്‍ ചിലര്‍ ചെയ്തത് പോലെ ഹിജാബ് അഴിച്ച് വെച്ച് കൊണ്ട്) വിശ്വാസത്തിന്റെ കാര്യത്തില്‍ സന്ധിയായി കൊണ്ട് മറികടക്കുകയല്ല, മറിച്ച് തങ്ങളുടെ വിശ്വാസം ആര്‍ജവത്തോടെ മുറുകെ പിടിച്ച് കൊണ്ട് യോജിച്ച് നിന്ന് പൊരുതുകയാണ് വേണ്ടത്. സമരമാണ് ജീവിതം എന്ന് മതിലെഴുത്തുകള്‍ കണ്ട് പുളകം കൊള്ളുക മാത്രമല്ല അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സമുദായം നേരിടുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും സാധിക്കേണ്ടതുണ്ട്. അത്തരം ക്രിയാത്മക പ്രതികരണങ്ങങ്ങളിലൂടെ മാത്രമേ അതിജീവനം സാധ്യമാവൂ.

Related Articles