Current Date

Search
Close this search box.
Search
Close this search box.

തടവറയില്‍ നിന്നും കൊട്ടാരത്തിലേക്ക്

morsi.jpg

ഈജിപ്തിലെ കിഴക്കന്‍ പ്രവിശ്യയിലെ ഉദ്‌വ ഗ്രാമത്തിലായിരുന്നു മുര്‍സിയുടെ ജനനം. 1975-ല്‍ കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ഡിഗ്രി കരസ്ഥമാക്കി. എഞ്ചിനീയറിംഗില്‍ തന്നെയായിരുന്നു മാസ്‌റ്റേര്‍സും ഡോക്ടറേറ്റും. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു അവ നേടിയത്. പീന്നീട് കുറച്ച് കാലം അധ്യാപകനായും പ്രിന്‍സിപ്പലായും കൈറോ, കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റികളില്‍ ജോലി ചെയ്തു.
1979-ലാണ് മുര്‍സി ഇഖ്‌വാനില്‍ അണിചേരുന്നത്. 1995-ലും 2000-ലും പാര്‍ലിമെന്റിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പാര്‍ലിമെന്റില്‍ ഇഖ്‌വാന്റെ ഔദ്യോഗിക വക്താവായിരുന്നു. ആഗോളതലത്തില്‍  തന്നെ ഏറ്റവും നല്ല പാര്‍ലിമെന്റേറിയന്‍ എന്ന വിശേഷണമാണ് ആ വര്‍ഷം അദ്ദേഹത്തെ വരവേറ്റത്.
തല്‍ഫലമെന്നോണം 2005-ലെ ഇലക്ഷനില്‍ വളരെ വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. പക്ഷെ എന്നിട്ട് പോലും ഫലം അട്ടിമറിക്കുകയും പ്രതിയോഗി വിജയിച്ചതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ഇഖ്‌വാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് അദ്ദേഹം. 2010-ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് പാകപ്പെട്ട വിധത്തില്‍ ഇഖ്‌വാനെ ഒരുക്കിയെടുക്കുന്നതിന് അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
അക്രമ ഭരണത്തിനെതിരെ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഡോ. മുര്‍സി അക്കാരണം കൊണ്ട് തന്നെ ഒട്ടേറെ തവണ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. 2005-ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതിനെ തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം. അതിനെതുടര്‍ന്ന് 2006 മെയില്‍ മറ്റ് അഞ്ഞൂറോളം വരുന്ന ഇഖ്‌വാനികളോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു.
2011-ല്‍ ജനുവരി ഇരുപത്തഞ്ചിനാരംഭിച്ച വിപ്ലവത്തെതുടര്‍ന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇഖ്‌വാന്റെ മറ്റ് നേതാക്കളും ഉണ്ടായിരുന്നു കൂടെ. പക്ഷെ ഇത്തവണ പുറത്ത് വിട്ടിട്ടും ജയിലുപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചാനലുകളും, മറ്റ് മീഡിയകളുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയാലെ പുറത്തിറങ്ങൂ എന്ന് ശഠിച്ചു. അദ്ദേഹത്തോടുള്ള പക കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തും അക്രമ ഭരണ കൂടം പ്രകടിപ്പിച്ചു.
ഇഖ് വാന്റെ രാഷ്ട്രീയ പാര്‍ട്ടിയായി ഫ്രീഡം ആന്റ് ജസ്റ്റിസ് ജനുവരി വിപ്ലവത്തെതുടര്‍ന്ന് രംഗത്ത് വന്നപ്പോള്‍ അതിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ 235 സീറ്റ് പാര്‍ലിമെന്റില്‍ നേടി ശ്രദ്ധേയമായ മുന്നേറ്റമാണ് എഫ് ജെ പി കാഴ്ചവെച്ചത്.
ഇഖ് വാന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഖൈറത് ശാത്തിറിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് മുര്‍സിക്ക് നറുക്ക് വീണത്. ഈ തീരുമാനത്തെ പ്രതിയോഗികള്‍ പരിഹാസത്തോടും പുഛത്തോടുമാണ് എതിരേറ്റത്. ഇത്തരം ആക്ഷേപങ്ങളെ ഗൗനിക്കാതെ മത്സരരംഗത്ത് തുടരുകയാണ് അദ്ദേഹം ചെയ്തത്. ജനനിബിഢമായ എണ്ണമെറ്റ പൊതുസമ്മേളനങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു. മഹല്ലയിലെയും, ജീസയിലെയും, ഖിലാഫയിലെയും സമ്മേളനങ്ങള്‍ കണ്ട് ലോകം പോലും ഞെട്ടുകയാണ് ചെയ്തത്.
മുര്‍സി സമര്‍പ്പിച്ച വികസനസങ്കല്‍പത്തിന് തന്നെ ജനഹൃദയങ്ങളെ കീഴടക്കാന്‍ സാധിക്കുകയുണ്ടായി. ഇസ്‌ലാമിക മൂല്യങ്ങള്‍ നടപ്പിലാക്കി മാതൃകാപരമായ രാഷ്ട്രത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവുമെന്ന് ജനങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ തന്നെ രണ്ടാം ഘട്ട പോരാട്ടത്തില്‍ ഏകദേശം പന്ത്രണ്ടിലധികം പാര്‍ട്ടികള്‍ തങ്ങളുടെ വിയോജിപ്പുകള്‍ മാറ്റിവെച്ച് മുര്‍സിക്ക് വേണ്ടി രംഗത്ത് വന്നു. രാഷ്ട്രത്തിലെ ക്രൈസ്തവ ന്യൂനപക്ഷം പോലും പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തെ പിന്തുണച്ചു. അത് കൊണ്ടാണ് അഹ്മദ് ശഫീഖും, സൈനിക ഭരണവും, ആഗോള അമേരിക്കന്‍-ഇസ്രയേല്യന്‍ ദല്ലാളുമാരും രാപ്പകല്‍ കഠിനാധ്വാനം ചെയ്തിട്ടും വിജയം മുര്‍സിയുടെ കൂടെയായത്. ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റായി ഹസനുല്‍ ബന്നായുടെ പിന്‍ഗാമി സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ ചക്രവാളത്തില്‍ പുതിയ നക്ഷത്രമാണ് പിറക്കുന്നതെന്ന് തീര്‍ച്ച.

Related Articles