Current Date

Search
Close this search box.
Search
Close this search box.

ഡോ. കഫീല്‍ അഹ്മദ് ഖാന്‍ വില്ലനോ, നായകനോ?

Kafeel-Ahmed-Khan.jpg

കഫീല്‍ അഹ്മദ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്, അതുകൊണ്ട് അദ്ദേഹം എങ്ങനെ ഒരു ഹീറോയാവും? ഗോരഖ്പൂറിലെ ബാബാ രാഗവ് ദാസ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ ഹീറോയായി ഉയര്‍ത്തി കാണിക്കപ്പെട്ട കഫീല്‍ ഖാനെതിരെയുള്ള നിലക്കാത്ത ആക്രമണം ഇന്ത്യയുടെ ആത്മാവിനുള്ളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന വര്‍ഗീയഭ്രാന്തിന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്. ഒരു ദുരന്തത്തെ വര്‍ഗീയ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കുന്നു എന്നാണത് കാണിച്ചു തരുന്നത്. ഒരു ഇന്ത്യന്‍ മുസ്‌ലിം പ്രശംസിക്കപ്പെടുന്നത് ചിലരെ സംബന്ധിച്ചടത്തോളം ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ‘രാജ്യദ്രോഹി, കള്ളന്‍, കുറ്റവാളി’ എന്നെല്ലാം വിളിച്ച് ആ ബഹളത്തില്‍ അതിനെ മുക്കികളയുകയാണവര്‍.

ഖാനെതിരായ അടിസ്ഥാനരഹിത ആരോപണങ്ങളിലേക്കും കുറ്റങ്ങളിലേക്കും കടക്കും മുമ്പ് എന്തുകൊണ്ട് അദ്ദേഹം ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും പരസ്യമായി അവഹേളിക്കപ്പെടുകയും ചെയ്തുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ നല്ല പൗരന്‍മാരാവാന്‍ സാധിക്കില്ലെന്ന പ്രചാരണത്തെ നേരിടാന്‍ ഒന്നുതന്നെയില്ലെന്നാണത് വ്യക്തമാക്കുന്നത്. ചിലപ്പോഴെല്ലാം എന്തു ചെയ്യുന്നു എന്നതിനപ്പുറം ആര് ചെയ്യുന്നു എന്നതാണ് പ്രസക്തമായി മാറുന്നത്. ഹീറോയിസം കര്‍മം കൊണ്ടല്ല എന്നാണ് എഴുപതാം സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. മതസ്വത്വത്തിന്റെ പേരില്‍ അത് നിഷേധിക്കുന്നതാണ് നാം കണ്ടത്.

ഗോരഖ്പൂര്‍ ദുരന്തം ഇന്ത്യക്ക് മേലുള്ള ഒരു കറുത്തപുള്ളിയാണ്. ഓക്‌സിജന്‍ വിതരണം ചെയ്യാതെ ഉത്തര്‍പ്രദേശ് സര്‍ക്കാറും ബി.ആര്‍.ഡി മെഡിക്കല്‍ കോളേജും കാണിച്ച അനാസ്ഥയുടെ ഫലമായി ഒരാഴ്ച്ച കൊണ്ട് എഴുപതിലേറെ കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. മനസാക്ഷിയും ധാര്‍മികതയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന മറ്റേതെങ്കിലും രാജ്യത്തായിരുന്നു ഇതെങ്കില്‍ തീര്‍ച്ചായായും അതിനെ ഉത്തരവാദിത്വത്തില്‍ വീഴ്ച്ചവരുത്തിയതിനെ തുടര്‍ന്നുണ്ടായ കൊലപാതകമെന്ന് വിശേഷിപ്പിക്കുമായിരുന്നു. പ്രതാപ് ഭാനു മെഹ്ത പറയുന്നത് പോലെ പൊതുമര്യാദയോ അനുകമ്പയോ ഇല്ലാത്ത ജനതയായി നാം മാറിയിരിക്കുന്നു.

ഇതിന്നോടുള്ള സര്‍ക്കാറിന്റെ പ്രതികരണം ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. യൂറോപിലുണ്ടാകുന്ന ദുരന്തങ്ങളില്‍ പോലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസാധാരണമായ മൗനം പാലിക്കുകയാണ്. 2016 ഏപ്രിലില്‍ കൊല്ലത്ത് (പുറ്റിങ്ങല്‍) വെടിക്കെട്ടപകടമുണ്ടായപ്പോള്‍ പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം അവിടെയെത്തിയിരുന്നു. എന്നാല്‍ ഗോരഖ്പൂര്‍ സംഭവത്തില്‍ സഹാനുഭൂതി പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു ട്വീറ്റ് പോലും ഉണ്ടായില്ല. ഒരുപക്ഷേ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിനേക്കാള്‍ കൂടുതലായി മനസ്സില്‍ മറ്റൊന്നിനും ശ്രദ്ധകിട്ടാതു കൊണ്ടായിരിക്കാം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ വലിയ വിരോധാഭാസമാണ്. രണ്ട് പതിറ്റാണ്ടോളം കാലം അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂറിലെ ഈ മെഡിക്കല്‍ കോളേജ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സന്ദര്‍ശിച്ചത്. എന്നാല്‍ എന്തുകൊണ്ടോ ഈ ദുരന്തത്തെ കുറിച്ച് അദ്ദേഹം മനസ്സിലാക്കിയില്ല. മാധ്യമങ്ങള്‍ മരണ വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ ദുരന്തത്തിന്റെ കാരണം ഓക്‌സിജന്റെ കുറവാണെന്ന കാരണത്തെ ആദിത്യനാഥ് തള്ളിക്കളഞ്ഞു. പകരം അദ്ദേഹം പഴിചാരിയത് അവിടത്തെ വൃത്തിയില്ലായ്മയെയും ശൗച്യാലയങ്ങളുടെ അഭാവത്തെയുമാണ്. സ്വച്ഛ് ഭാരത് കാലത്ത് രണ്ട് പതിറ്റാണ്ടോളം തന്റെ സ്വന്തം മണ്ഡലമായ ഒരിടത്തെ കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്നത് തന്നെയാണ് മറ്റു ചിലരുടെ പ്രതികരണങ്ങള്‍. സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗിന്റെ വാദം ഇത്തരം മരണങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ സാധാരണയാണെന്നാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് എല്ലായിടത്തും നടക്കുന്നതാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്നുമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ന്യായീകരണം.

ഹിന്ദുത്വ നേതാക്കളുടെ വായടപ്പിക്കപ്പെട്ട കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഹീറോ ആയി ഉയര്‍ത്തപ്പെട്ട മുസ്‌ലിമിനെ ഉന്നം വെച്ച് ശ്രദ്ധ തെറ്റിക്കുക എന്നതിനേക്കാള്‍ നല്ല മാര്‍ഗമെന്താണുള്ളത്? ദുരന്തം നടന്ന ദിവസം ആശുപത്രിയിലെ കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുകയാണ് ഖാന്‍ ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം വിദ്വേഷത്തിന്റെ പ്രചാകരകര്‍ അദ്ദേഹത്തിനെതിരെ ട്വിറ്ററിലും വാട്‌സപ്പിലും കുപ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. അദ്ദേഹത്തിനെതിരെയുള്ള പ്രചാരണത്തിന്റെ കാമ്പ് ബലാല്‍സംഗ ആരോപണമായിരുന്നു. ഒരാളുടെ ധാര്‍മികതക്ക് നേരെയുള്ള ആരോപണമാണിത്. അതിന്റെ പേരില്‍ നിരവധി രാഷ്ട്രീയക്കാര്‍ പൊതുജീവിതത്തില്‍ നിന്ന് നീക്കംചെയ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും പല നേതാക്കളും കൊലപാതകം, ബലാല്‍സംഗം, അഴിമതി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവരാണ്. അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരും അക്കൂട്ടത്തിലുണ്ട്.

എന്നാല്‍ ഖാനെതിരെയുള്ള ബലാല്‍സംഗ ആരോപണം അടിസ്ഥാന രഹിതമാണെന്ന് 2015 ഏപ്രില്‍ മൂന്നിന് ഗോരഖ്പൂര്‍ പോലീസ് തന്നെ റിപോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. അദ്ദേഹത്തിനെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രസ്തുത ആരോപണം എന്നാണ് അതിന്റെ അന്വേഷണം വ്യക്തമാക്കിയത്. ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ നിന്നും ഓക്‌സിജന്‍ മോഷ്ടിച്ചു എന്നതാണ് ഖാനെതിരെയുള്ള പുതിയ ആരോപണം. എന്നാല്‍ എവിടെയാണതിന് തെളിവ്? എവിടെ പരാതി? അദ്ദേഹം ഒരു ഹീറോ ആയി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാത്രമാണോ ആശുപത്രി ഇക്കാര്യം കണ്ടെത്തുന്നത്? ആശുപത്രിയില്‍ പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന ലിക്വിഡ് ഓക്‌സിജന്‍ ഒരു ഡോക്ടര്‍ എങ്ങനെ മോഷ്ടിക്കും? കുപ്പിയില്‍ വെള്ളം നിറക്കുന്നത് പോലെ നിറച്ച് വീട്ടില്‍ കൊണ്ടു പോകാന്‍ സാധിക്കുന്ന ഒന്നാണോ അത്? അതല്ല, അദ്ദേഹം 15 കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ ക്ലിനിക്കിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടു പോവുകയായിരുന്നോ? ഇത്രയും വര്‍ഷങ്ങള്‍ ആരും ഇത് കണ്ടില്ലേ? ഈ സംഭവം നടന്നതിന് ശേഷമാണോ ഇക്കാര്യം പുറത്തറിയുന്നത്?

പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നു എന്നതാണ് ഖാനെതിരെയുള്ള മറ്റൊരു ആരോപണം. തീര്‍ത്തും പരിഹാസ്യമാണ് ഈ ആരോപണം. ഇന്ത്യയിലെ മിക്ക ഗവണ്‍മെന്റ് ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ്. രാജ്യത്തെ നിയമം അനുവദിക്കുന്ന കാര്യമാണത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് കുറ്റകൃത്യമല്ലെന്ന് 2011 ആഗസ്റ്റില്‍ സുപ്രീം കോടതി പ്രസ്താവിച്ചിട്ടുമുണ്ട്. അപ്പോള്‍ ഖാന്‍ സ്വകാര്യപ്രാക്ടീസ് ചെയ്തിരുന്നു എങ്കില്‍ തന്നെ എന്താണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം?

അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുമ്പും അവിശ്വസനീയമായ ആരോപണങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ആദിത്യനാഥ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം വര്‍ത്തിച്ചിട്ടുണ്ടെന്നത് അത്തരം വിചിത്രമായ ആരോപണങ്ങളില്‍ ഒന്നാണ്. വര്‍ഗീയഭ്രാന്തന്‍മാരുടെ ചിന്തയില്‍ നിന്ന് മാത്രമേ ഇത്ര നീചമായ കാര്യങ്ങള്‍ ഉത്ഭവിക്കുകയുള്ളൂ.

ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ഖാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ‘ന്യൂസ്18’ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യാന്‍ മതിയായ തെളിവാണത്. ഇന്ത്യയുടെ കേന്ദ്ര സായുധ സേനകളിലൊന്നായ സശാസ്ത്ര സീമ ബല് (SSB)ല്‍ നിന്നുള്ളതാണ് ഈ തെളിവ്. എസ്.എസ്.ബിയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഒ.പി പഹ്‌ലു പറയുന്നു: ”തീര്‍ത്തും അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയാണ് ആഗസ്റ്റ് 10ന് ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് ആശുപത്രിയില്‍ എത്തിക്കുന്നതിന് ഒരു ട്രക്ക് ആവശ്യപ്പെട്ടു കൊണ്ട് ഡോ. ഖാന്‍ എസ്.എസ്.ബി ഡി.ഐ.ജിയുടെ അടുത്ത് വന്നിരുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ മെഡിക്കല്‍ വിഭാഗത്തിലെ 11 ജവാന്‍മാരെ കൂടി ഡി.ഐ.ജി വിട്ടുകൊടുത്തു. മണിക്കൂറുകള്‍ കൊണ്ട് ഞങ്ങളുടെ ട്രക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും ഓക്‌സിജന്‍ ശേഖരിച്ചു. ഖലീലാബാദിലെ ഗോഡൗണില്‍ നിന്നടക്കം ഓക്‌സിജന്‍ എടുത്ത് ആശുപത്രിയിലെത്തിച്ചു.”

ഖാനെ താറടിച്ചു കാണിക്കുന്നതും അപമാനിക്കുന്നതും അദ്ദേഹത്തോട് കാണിക്കുന്ന നന്ദികേടാണ്. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു മാതൃക വ്യക്തിത്വമായി അദ്ദേഹം ആദരിക്കപ്പെടുമായിരുന്നു. എന്നാല്‍  തങ്ങളുടെ ഹീറോകളുടെ പരാജയം വിളിച്ചോതുന്ന യാഥാര്‍ഥ്യത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത ഹിന്ദുത്വ സൈബര്‍ പോരാളികള്‍ അദ്ദേഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പറയുന്നത് ഒരു മുസ്‌ലിം താന്‍ ഡോക്ടറാണെന്നും ഒന്നാമതായി ഇന്ത്യക്കാരനാണെന്നും തെളിയിക്കണമെന്നാണ്. കുട്ടികള്‍ക്കും ഹീറോകള്‍ക്കും നേരെയുള്ള സമീപനത്തിലൂടെ ഒരു സമൂഹം തങ്ങളുടെ ആദര്‍ശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുകയാണ്. അത്തരത്തിലുള്ള ഒരു കണ്ണാടിയാണ് ഗോരഖ്പൂര്‍.

മൊഴിമാറ്റം: നസീഫ്
അവലംബം: firstpost.com

Related Articles