Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ തന്ത്രവും മധ്യേഷ്യയുടെ ദുരന്തവും

Untitled-1.jpg

ഗൂര്‍ക്കകള്‍ രാത്രി നടന്നു നാട്ടില്‍ കള്ളന്മാരുടെ ശല്യമുണ്ട് എന്ന് കാണിക്കാന്‍ ശ്രമിക്കും. എന്നാലേ അവര്‍ക്കു ജോലി കിട്ടൂ എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്.  സിറിയയില്‍ സൈന്യത്തെ നിര്‍ത്താന്‍ പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ പണം നല്‍കണമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ ആ പഴയ കഥയാണ് ഓര്‍മ വന്നത്.

സിറിയയില്‍ നിന്നും ഞങ്ങള്‍ പിന്മാറിയാല്‍ ഇറാന്‍ ശക്തിപ്പെടും. നിങ്ങള്‍ പണം തരാതെ ഒരാഴ്ച പോലും സൈന്യത്തെ നിര്‍ത്താന്‍ തയ്യാറല്ല എന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കേട്ട മാത്രയില്‍ സഊദി രംഗത്തു വന്നു. ‘അമേരിക്കന്‍ സൈന്യം പിന്മാറിയാല്‍ ഒരാഴ്ചയില്‍ കൂടുതല്‍ ഖത്തര്‍ പിടിച്ചു നില്‍ക്കില്ല. അതുകൊണ്ട് അമേരിക്കന്‍ സൈന്യം അവിടെ നിലനില്‍ക്കുക എന്നത് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് അവര്‍ക്കാണ്’.

ഐ എസിനെ തകര്‍ക്കുക എന്ന കാര്യം ഞങ്ങള്‍ പരമാവധി ചെയ്തിരിക്കുന്നു. ഇനി വിഷയം ഇറാനാണ്. അതിനു നിങ്ങള്‍ പണം നല്‍കണം- ട്രംപ് ഉള്ളത് തുറന്നു പറഞ്ഞു.
സിറിയയില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരാണ്. സുന്നി-ശിയാ എന്ന രാഷ്ട്രീയ വിഭജനം കൊണ്ട് എങ്ങിനെ കാര്യം നേടാം എന്ന് ഒരിക്കല്‍ കൂടി അമേരിക്ക കാണിച്ചു കൊടുക്കുന്നു. മുസ്ലിം രാജ്യങ്ങളുടെ സമ്പത്തു അവരെ തന്നെ പരസ്പരം ശത്രുക്കളാക്കി എങ്ങിനെ കൈയടക്കാം എന്നതും അവര്‍ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. സ്വതവേ ബുദ്ധി ഉപയോഗിക്കാത്ത ഭരണാധികാരികള്‍ ജീവിക്കാനുള്ള ആഗ്രഹം കാരണം ചോദിക്കുന്ന എന്തും കണ്ണടച്ച് നല്‍കുന്നു. കച്ചവടക്കാരെ പിഴിഞ്ഞ് ജീവിക്കുന്ന മാര്‍ക്കറ്റു ഗുണ്ടകളെയാണ് വന്‍ ശക്തികള്‍ ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്. കുറെ കാലമായി അവര്‍ ജീവിക്കുന്നത് മധ്യേഷ്യയിലെ ഈ യുദ്ധം കൊണ്ടാണ്. ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ നിന്നും തുടങ്ങി സിറിയ,യെമന്‍,ലിബിയ വരെ എത്തി നില്‍ക്കുന്നു. ഇത് ഇവര്‍ക്ക് വലിയ അനുഗ്രഹമാണ്.

യഥാര്‍ത്ഥ ശത്രുവിനെ ഇരുചേരിയില്‍ നില്‍ക്കുന്ന അമേരിക്കയും റഷ്യയും ഒന്നിച്ചു പിന്തുണക്കുന്നു. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നും സേവനത്തിനു പണം വാങ്ങുകയും ഇസ്രായേലിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക എന്നതും ആര്‍ക്കും മനസ്സിലാകാതെ പോകുന്നു. സുന്നി -ശിയാ എന്ന വിഷയത്തിലേക്കു മധ്യേഷ്യന്‍ വിഷയത്തെ ചുരുക്കി കാണിക്കാന്‍ അമേരിക്കക്കു കഴിയുന്നു. ഇറാനോ ഇസ്രായേലോ വലിയ ശത്രു എന്ന ചോദ്യത്തിന് ഇറാന്‍ എന്ന് മറുപടി പറയിപ്പിക്കാന്‍ സുന്നികള്‍ക്ക് കഴിയുന്നു എന്നതാണ് ആധുനിക മുസ്ലിം ലോകം എത്തിപ്പെട്ട വലിയ ദുരന്തം.  

സിറിയ ഒരു ജനാധിപത്യ,മാനുഷിക വിഷയമായി കാണാതെ ശിയാ എന്ന സങ്കുചിത വീക്ഷണത്തിലേക്കു ഇറാന്‍ വീണു പോയതും മറ്റൊരു ദുരന്തം. സുന്നി-ശിയാ എന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിഷയമാണ്. ഒരാളെ ലോകത്തു നിന്നും തുടച്ചു നീക്കലാണ് മറ്റേ വിഭാഗത്തിന്റെ മുഖ്യ അജണ്ട എന്നു വന്നാല്‍ ഈ ലോകം ഒന്നിച്ചു അവസാനിക്കലല്ലാതെ ഈ സമസ്യക്കു മറ്റൊരു പരിഹാരമില്ല. ആദര്‍ശത്തെ കുറിച്ച് ഭിന്നിപ്പും സംവാദവും നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് ഇരു കൂട്ടരും വന്നില്ലെങ്കില്‍ അടുത്ത ശത്രുവിനെ കാണിച്ചു ബാക്കിയുള്ള ധനം കൂടി അമേരിക്കയും കൂട്ടരും അടിച്ചു കൊണ്ട് പോകും തീര്‍ച്ച.

ഖത്തറിനെ ചൂണ്ടി കാണിച്ചു സായൂജ്യമടയുന്ന സഊദി മന്ത്രിയുടെ മാനസിക അവസ്ഥ ഉണ്ണിച്ചോറു വെച്ച് കളിക്കുന്ന കുട്ടികളുടെ മാനസിക നില സൂചിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

 

 

Related Articles