Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ ജന്മദിനമാഘോഷിക്കുന്ന ഹിന്ദുസേന

trump-birthday.jpg

ഹൈന്ദവ വിശ്വാസമനുസരിച്ച് ദൈവത്തിന് നിരവധി അവതാരങ്ങളുണ്ട്. ഇപ്പോഴിതാ ഹിന്ദുസേന പുതുതായി ഒരു അവതാരത്തെ കൂടി പരിചയപ്പെടുത്തുന്നു. അങ്ങനെയാണ് കാര്യങ്ങള്‍. മാന്യമഹാ ജനങ്ങളെ, ഞങ്ങളിതാ അവതരിപ്പിക്കുന്നു, ഡൊണാള്‍ഡ് ട്രംപ് – ‘ഇസ്‌ലാമിക ഭീകരവാദത്തിനെതിരെയുള്ള മിശിഹ.’ തീവ്രവലതുപക്ഷ സംഘടനയായ ഹിന്ദുസേനക്ക് ലഭിച്ചിരിക്കുന്ന പുതിയ അവതാരമാണ് ഡൊണാള്‍ഡ് ട്രംപ്.

വളരെ കാലമായുള്ള ‘ഹിന്ദു-നവനാസി ഭായി ഭായി’ കളിയുടെ അരികില്‍ നിന്ന് കളിക്കുന്ന ഹിന്ദു സേന തങ്ങളുടെ പുതിയ ദൈവത്തിന്റെ ജന്മദിനം ആഘോഷം പൂര്‍വം തന്നെ കൊണ്ടാടുകയുണ്ടായി. അമേരിക്കയില്‍ ബഹുസ്വര വിരുദ്ധ വിഷം വമിക്കുന്ന പ്രചാരണ കാമ്പയിന് തുടക്കമിട്ട റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മൂന്ന് തട്ടുള്ള ബഹുവര്‍ണ്ണ കേക്കാണ് ഹിന്ദുസേനക്കാര്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ വെച്ച് മുറിച്ചത്. എല്ലാ രാഷ്ട്രീയ സങ്കീര്‍ണ്ണതകളും അറിഞ്ഞുകൊണ്ടു തന്നെയാണ് ഹിന്ദു സേനക്കാര്‍ ജന്ദര്‍ മന്ദര്‍ ജന്മദിനാഘോഷത്തിന് വേണ്ടി തെരഞ്ഞെടുത്തത്.

ഹിന്ദു സേന ചീഫ് വിഷ്ണു ഗുപ്തയാണ് ആഘോഷപരിപാടികള്‍ വേണ്ട എല്ലാ പദ്ധതിയും ഒരുക്കിയത്. വേദി ബലൂണുകളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരുന്നു. തോക്ക് പിടിച്ച് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഒരു പൂര്‍ണ്ണകായ കട്ട് ഔട്ട് ട്രംപിനെ ‘മനുഷ്യരാശിയുടെ രക്ഷകന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്‌ലാമിക കടന്ന് കയറ്റത്തിന്റെ ദുഷിച്ച കരങ്ങളില്‍ നിന്നും അമേരിക്കയെയും ഇന്ത്യയേയും മോചിപ്പിക്കാന്‍ അവതരിച്ച വ്യക്തിയാണ് അദ്ദേഹമെന്ന സന്ദേശം വളരെ വ്യക്തമായിരുന്നു.

ഇന്ത്യന്‍ സ്വര്‍ഗത്തിലേക്കുള്ള ട്രംപിന്റെ ഉയര്‍ച്ച പൂര്‍ത്തിയായിരിക്കുന്നു എന്നാണ് തോന്നുന്നത്. ഇത്രയും കാലം നരേന്ദ്രമോദിക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന ആ സിംഹാസനത്തിലേക്കാണ് ട്രംപ് വളരെ സന്തോഷത്തോടെ തള്ളിക്കയറുന്നത്.

പക്ഷെ, രാഷ്ട്രതന്ത്രജ്ഞന്റേതിന് സമാനമായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അത്യാശകള്‍ വിമാനം കയറി പറക്കുമ്പോള്‍, മണ്ണില്‍ നിന്ന് കളിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സമീപനരീതികളിലാണ് ഹിന്ദു സേന വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് മെക്‌സിക്കന്‍ പൗരന്‍മാരുടെ പ്രവേശനം തടയുന്നതിന് വേണ്ടി മതില്‍ പണിയുമെന്ന് വാഗ്ദാനം നല്‍കിയ, അതിനുള്ള പണം മെക്‌സിക്കന്‍ ജനതയില്‍ നിന്നു തന്നെ ഈടാക്കുമെന്ന് പറഞ്ഞ, മുസ്‌ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമെന്നും, ഒറ്റ മുസ്‌ലിമിനും അമേരിക്കയിലേക്ക് പ്രവേശനം നല്‍കില്ലെന്നും പറഞ്ഞ ട്രംപിലാണ് ഹിന്ദു സേനക്ക് വിശ്വാസം.

കടുത്ത സ്വവര്‍ഗാനുരാഗ വിരുദ്ധരാണ് ഹിന്ദു സേനയെങ്കിലും, ഒര്‍ലാണ്ടോ കൂട്ടക്കൊലയുടെ ഇരകള്‍ക്ക് വേണ്ടി ഒരു മിനുട്ട് മൗനമാചരിച്ച് നില്‍ക്കാന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഓര്‍ലാണ്ടോ ഇരകളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യ സന്ദര്‍ശിക്കുകയും, ഏതെങ്കിലും ഹിന്ദു സംഘികളുമായി സംസാരിക്കുകയും ചെയ്തിരുന്നെങ്കില്‍, സംഘികള്‍ വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ തനിനിറം കാണിച്ചിട്ടുണ്ടാകുമെന്നത് വേറെ കാര്യം. ഡൊണാള്‍ഡ് ട്രംപ് മൂക്ക്മുട്ടെ ബീഫ് കഴിക്കുന്ന ആളാണെന്ന കാര്യം ഹിന്ദു സേനക്കാര്‍ക്ക് അറിവുണ്ടായിരിക്കില്ലെന്നും, അത് അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ട്രംപിന്റെ ജന്മദിനം ആഘോഷിക്കില്ലെന്നുമാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

‘ഡൊണാള്‍ഡ് ട്രംപ് ആയേഗാ, ഇസ്‌ലാമിക് ആതംഘ് വാദ് ഖതം ഹോഗാ’ എന്ന് ഹിന്ദു സേനാ അണികള്‍ മുദ്രാവാക്യം മുഴക്കി. അതെ, ഡൊണാള്‍ഡ് ട്രംപ് വരും, ഇസ്‌ലാമിക ഭീകരത അവസാനിക്കും. അതേസമയം ബി.ജെ.പി കുറിച്ചുള്ള ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ‘ഇസ്‌ലാമിക ഭീകരതക്കെതിരെ ബി.ജെ.പി മുമ്പൊക്കെ സംസാരിച്ചിരുന്നു. പക്ഷെ അധികാരത്തില്‍ കയറിയതിന് ശേഷം ബി.ജെ.പിയും ഒരു ‘മതേതര പാര്‍ട്ടി’യായി മാറുകയാണ് ഉണ്ടായത്.’

Related Articles