Current Date

Search
Close this search box.
Search
Close this search box.

ടോള്‍ഫ്രീ നമ്പറുകള്‍ സ്ത്രീയുടെ മാനം കാക്കുമോ?

2012 ഡിസംബര്‍ 16-ന് ഡല്‍ഹി തെരുവില്‍ വെച്ച് ഒരു സാധു പെണ്‍കുട്ടിയെ മാനം പിച്ചിചീന്താന്‍ വേട്ടക്കാര്‍ക്ക് പ്രേരണയായത് അവരുടെ മസ്തിഷ്‌കത്തെ അന്നേരം ഭരിച്ചിരുന്ന ലഹരിയായിരുന്നു എന്നാണ് നാമൊക്കെ ഇതുവരെ കരുതിയിരുന്നത്. ബലാത്സംഗം ചെയ്യുന്ന സമയത്ത് പ്രതികളില്‍ ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്ന പഠനങ്ങളും പുറത്തുവന്നു. അതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ നാം സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള പഴുതടച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നമ്മുടെ അന്നേരത്തെ ധാര്‍മികരോഷത്തെ തുടര്‍ന്ന് സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ വിളിക്കേണ്ട ഒരു ടെലിഫോണ്‍ കണക്ഷനും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അന്നത്തെ സര്‍ക്കാര്‍ നമുക്ക് അനുവദിച്ചു തന്നു.

പുരുഷന്‍ കടന്നാക്രമണം നടത്തുമ്പോള്‍ വിളിക്കാന്‍ സ്ത്രീക്കൊരു ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടല്ലോ എന്ന അസുരക്ഷിതമായ സുരക്ഷാ ധാരണയെ തകര്‍ക്കുന്നത് തന്നെയായിരുന്നു ലെസ്ലി ഉദ്‌വിന്‍ നിര്‍മിച്ച് ബി.ബി.സി സംപ്രേഷണം ചെയ്ത ‘ ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററി. ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന യൂടൂബ് പ്രസ്തുത ഡോക്യൂമെന്റി തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും, വിലക്കിനെ വകവെക്കാതെ ബി.ബി.സി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു.

ബി.ബി.സി ഇന്ത്യന്‍ നിയമത്തെ വെല്ലുവിളിച്ചുവെന്നതും, ആഗോള സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ മഹത്തായ ‘ആര്‍ഷ ഭാരത സംസ്‌കാര’ത്തെ ( ഇതിന് ‘ആഭാസം’ എന്നൊരു ചുരുക്കപ്പേര് ഒരു ഫേസ്ബുക്ക് സുഹൃത്ത് നല്‍കുകയുണ്ടായി) അവഹേളിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഒരു അന്യനാട്ടുകാരി പ്രസ്തുത ഡോക്യുമെന്ററി നിര്‍മിച്ചത് എന്നൊക്കെയുള്ള വാദങ്ങള്‍ സ്വതന്ത്രമായ മറ്റു തലക്കെട്ടുകളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

ബലാത്സംഗം ചെയ്ത പ്രതികളില്‍ ഒരാളായ മുകേഷും, മുകേഷിന് വേണ്ടി കേസ് വാദിക്കുന്ന അഡ്വ. എം.എല്‍ ശര്‍മയും ഡോക്യുമെന്ററിയില്‍ ക്യാമറക്ക് മുന്നില്‍ പങ്കുവെച്ച അവരുടെ ചില ധാരണകള്‍ ഏതൊരു മനുഷ്യ സ്‌നേഹിയെയും ഉള്‍കിടിലം കൊള്ളിക്കുന്നതാണ്. ബലാത്സംഗം ചെയ്യുന്ന സമയത്ത് ഇര ഉച്ചത്തില്‍ നിലവിളിച്ചതു കൊണ്ടാണ് അവളെ കൊന്നു കളഞ്ഞത് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ഇന്ത്യന്‍ സംസ്‌കാരം ഏറ്റവും മികച്ചതാണെന്നും അതില്‍ സ്ത്രീക്ക് സ്ഥാനമില്ലെന്നും പറയാന്‍ അഡ്വ. എം.എല്‍ ശര്‍മക്ക് താനിട്ട വക്കീല്‍ കുപ്പായത്തിന്റെ മഹത്വം തടസ്സമാകുന്നില്ല. കൂടാതെ പലഹാരങ്ങള്‍ തെരുവില്‍ തുറന്നുവെച്ചാല്‍ അവ നായ്ക്കള്‍ തിന്നുക സ്വാഭാവികമാണെന്ന ഒരു വെല്ലുവിളി നിറഞ്ഞ പ്രസ്താവനയും അദ്ദേഹത്തിന്റെ അഴുക്കുചാലിനേക്കാള്‍ വൃത്തികെട്ട വായില്‍ നിന്നും പുറത്തുവരികയുണ്ടായി.

പ്രശ്‌നം ഒരു ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയത് കൊണ്ടോ, സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള ബില്‍ പാസാക്കിയത് കൊണ്ടോ അവസാനിക്കാന്‍ പോകുന്നില്ലെന്ന ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. വ്യവസ്ഥയുടെ പിടിപ്പു കേട് വിളിച്ചു പറഞ്ഞ ഒരു ഡോക്യുമെന്റി നിരോധിച്ച് മുഖം മിനുക്കാനല്ല ഭരണകൂടം ശ്രമിക്കേണ്ടത്. ഡോക്യുമെന്ററി എന്ന കലാവിഷ്‌കാരം ഒരു കണ്ണാടി ആയാണ് ഇവിടെ വര്‍ത്തിച്ചത്. സ്വന്തം മുഖം ആണ് ഭരണകൂടം അതില്‍ കണ്ടത്. സ്വന്തം മുഖം വൃത്തികേടായതിന്റെ പേരില്‍ അത് പ്രതിഫലിപ്പിച്ച കണ്ണാടി എറിഞ്ഞുടച്ചിട്ട് എന്തു ഫലം.

ഇനിയും ഒലിച്ചു പോകാതെ അടിഞ്ഞ് കിടക്കുന്ന സ്ത്രീവിരുദ്ധമായ പുരുഷമേധാവിത്വ മാലിന്യങ്ങളുടെ പ്രതിനിധിയാണ് അഡ്വ. എം.എല്‍ ശര്‍മ. ശര്‍മാജി ആ മാലിന്യം തന്റെ വരും തലമുറക്ക് കൈമാറാതിരിക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. ആ ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കുമാണ് ഭരണകൂടം മുന്നിട്ടിറങ്ങേണ്ടത്. അല്ലാത്തപക്ഷം വര്‍ഷാവര്‍ഷം കടന്നു വരുന്ന വനിതാ ദിനങ്ങളില്‍ നമുക്ക് കൂടിയിരുന്ന് അനുസ്മരിക്കാനുള്ള ദാരുണ സംഭവങ്ങളുടെ എണ്ണം ഇങ്ങനെ കൂടികൊണ്ടിരിക്കും എന്നല്ലാതെ മറ്റൊന്നും തന്നെ സംഭവിക്കില്ല.

Related Articles