Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ഇനിയും മനുഷ്യനായിട്ടില്ലേ..!

ഗസ്സയില്‍ റെഡ്‌ക്രോസ് സംഘടിപ്പിച്ച ‘അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും’ എന്ന തലക്കെട്ടിലുള്ള വര്‍ക്‌ഷോപ്പില്‍ വെച്ച് ഒരാള്‍ ട്രെയ്‌നറോട് ചോദിച്ചു : നിങ്ങള്‍ പറഞ്ഞ മനുഷ്യാവകാശങ്ങള്‍ നേടുന്നതിന് എന്ത് യോഗ്യതയാണ് ഞങ്ങള്‍ നേടേണ്ടത്?’ കൂടുതലൊന്നും ആലോചിക്കാതെ ട്രെയ്‌നര്‍ മറുപടി നല്‍കി : ‘ഒന്നും വേണ്ടതില്ല, നിങ്ങള്‍ ഒരു മനുഷ്യനായിരിക്കണം, അത്രമാത്രം.’

എന്നാല്‍ ഞാനിപ്പോഴും ഒരു മനുഷ്യന്‍ എന്ന യോഗ്യത നേടിയിട്ടില്ലേ, എന്നതാണ് ഇപ്പോഴത്തെ ചോദ്യം. സാധാരണ മനുഷ്യരെ പോലെ തന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞാന്‍ സ്‌നേഹിക്കുന്നു, കലഹിക്കുന്നു, കരയുന്നു, ചിരിക്കുന്നു, അമളികള്‍ പറ്റുന്നു, പഠിക്കുന്നു, സ്വപ്‌നം കാണുന്നു, വേദനിക്കുന്നു. പിസ്സ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ടൈറ്റാനിക് സിനിമ ആറ് പ്രാവശ്യം കണ്ടിട്ടുണ്ട്. എനിക്ക് രോഗം വരാറുണ്ട്. ചിലപ്പോഴെല്ലാം ഞാന്‍ തമാശകള്‍ പറഞ്ഞ് ചിരിക്കാറുണ്ട്. അവസാനമായി ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നിര്‍ത്തി എന്നെ പരിശോധിച്ചപ്പോള്‍ ഒരു മനുഷ്യനെ പോലെയാണ് എനിക്ക് തോന്നിയത്.

എന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം വാദിച്ചു എവിടെ നിന്നോ കയറിവന്ന ഒരു അധിനിവേശ വിഭാഗം അവരുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന മണ്ണായിരുന്നു അതെന്ന് വാദിച്ചു. എന്റെ ആളുകളെ വംശീയ ഉന്മൂലനം നടത്താനും അവര്‍ ആരംഭിച്ചു. നഷ്ടപ്പെട്ട എന്റെ ഭൂമിക്കും എനിക്ക് പ്രിയപ്പെട്ട എല്ലാറ്റിനും വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്തു എന്നത് മാത്രമാണ് ഞാന്‍ ചെയ്ത ഏക അപരാധം.

ലോകം എന്നെ ഭീകരനായി മുദ്രകുത്തി. കാരണം ഒരു മൃഗത്തെപ്പോലെ കൊല്ലപ്പെടാന്‍ ഞാന്‍ നിന്നു കൊടുത്തില്ല. എന്നാല്‍ പലപ്പോഴും മൃഗങ്ങള്‍ പോലും അവയുടെ ജീവന് വേണ്ടി പൊരുതാറുണ്ട്.

ഞാന്‍ അമേരിക്കയെ അനുസരിക്കുകയും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. എന്റെ പ്രതീക്ഷക്കനുസരിച്ച് ഒരു പാര്‍ട്ടിക്ക് വോട്ടും നല്‍കി. എന്നാല്‍ അവര്‍ തന്നെ പഠിപ്പിച്ച ജനാധിപത്യം പിന്തുടര്‍ന്നപ്പോള്‍ എന്നെ ശിക്ഷിക്കുന്നു. ഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിക്കുന്ന പാര്‍ട്ടിയെയല്ല, അമേരിക്കയുടെ അംഗീകാരമുള്ള പാര്‍ട്ടിയെ തെരെഞ്ഞെടുക്കുക എന്നതാണോ ജനാധിപത്യത്തിന്റെ ആധുനിക വിശദീകരണം എന്നെനിക്കറിയില്ല.

അതിന്റെ ഫലമായി എനിക്ക് മേല്‍ നിരവധി ഉപരോധങ്ങള്‍ തീര്‍ക്കപ്പെടുകയും വ്യവസ്ഥാപിതമായി പട്ടിണിക്കിടപ്പെടുകയും ചെയ്തു. വര്‍ഷങ്ങളായി ഭൂമിയുടെ ഒരു ചെറിയ തുണ്ടില്‍ ഞങ്ങള്‍ അടക്കപ്പെട്ടിരിക്കുകയാണ്.

അക്കാലയളവിലാണ് ഞാന്‍ എന്റെ ഡിഗ്രീ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത്. മെഴുകുതിരി വെട്ടത്തില്‍ മുഴുവന്‍ റിസര്‍ച്ച് വര്‍ക്കുകളും എഴുതി തയ്യാറാക്കാനായിരുന്നു എന്റെ വിധി. പഠനകാലത്ത് പലപ്പോഴും വേണ്ടത്ര ഭക്ഷണം കഴിക്കാന്‍ പണമില്ലാതെയായിരുന്നു ജീവിതം. കാരണം എഞ്ചിനീയറായ എന്റെ പിതാവിന് അവിടെ ഒന്നും നിര്‍മിക്കാനില്ല.

സാഹസികമായ നാളുകള്‍ പിന്നിട്ട് വലിയ വലിയ സ്വപ്‌നങ്ങളുമായി ഞാന്‍ ഡിഗ്രീ നേടിയെടുത്തു. ദൗര്‍ഭാഗ്യവശാല്‍ എന്റെ യാഥാര്‍ഥ്യത്തിനും എത്രയോ അപ്പുറമായിരുന്നു അവയെല്ലാം. കഴിവുകള്‍ പലതുണ്ടായിട്ടും ഞാന്‍ തൊഴില്‍ രഹിതനായി അവശേഷിച്ചു.

എന്റെ അടിസ്ഥാന അവകാശങ്ങളായി ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ക്കായി ഞാന്‍ പോരാടി. എന്നെ മുഴുലോകവും അതിനെ ഭീകരത എന്ന് വിളിച്ചു. ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും കഴിയുന്ന എന്റെ ഗസ്സ ഒരു പതിറ്റാണ്ടിനിടയില്‍ ഇസ്രയേല്‍ അധിനിവേശക്കാരുടെ മൂന്ന് യുദ്ധത്തിനും ഇരയായി. അമേരിക്കന്‍ നികുതി ദായകര്‍ പണം മുടക്കി ഒരുക്കിയ കൂട്ടനശീകരണായുധങ്ങളാണ് അവരുടെ പക്കലുള്ളത്. അതിനെതിരെ കൈകൊണ്ട് നിര്‍മിച്ച നിസ്സാരമായ ആയുധങ്ങളുമായി ചെറുത്തു നില്‍ക്കുന്നതിനെയാണ് ലോകം വീണ്ടും വീണ്ടും ആക്ഷേപിക്കുന്നത്.

ഓരോ ദിവസവും എന്റെ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നു. എന്റെ ബാല്യവും കൗമാരവുമെല്ലാം വേദനയിലും ദുരിതത്തിലും കിടക്കുന്നത് ഞാന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ലോകം എനിക്ക് ചാര്‍ത്തുന്നത് ഭീകരമുദ്രയാണ്. ഞാന്‍ ഭീകരവാദിയാണ്. കാരണം ഞാന്‍ എന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നു. മറ്റുള്ളവര്‍ക്കെല്ലാം ഒരു തുള്ളി രക്തം പോലും ചിന്താതെയും അപമാനിക്കപ്പെടാതെയും ലഭിച്ചിട്ടുള്ളതാണത്.

എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വര്‍ഷങ്ങളായി ഞാന്‍ കണക്കാക്കിയതില്‍ നിന്നും 27 ദിവസങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു. ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് എനിക്ക് പ്രിയപ്പെട്ട ഓരോരുത്തരും കൊല്ലപ്പെടുന്നതാണ്. കാരണം ലോകത്തിന്റെ കണ്ണില്‍ അവര്‍ മനുഷ്യര്‍ ആയിട്ടില്ല. നല്ല ഒരു തൊഴില്‍ നേടി ജീവിതം നയിക്കുന്നതിന് പകരം ഇനിയും വര്‍ഷങ്ങളും ഞാന്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ പേറേണ്ടതുണ്ട്.

ഈ യുദ്ധത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചില്ലെങ്കില്‍ ഞാന്‍ ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ഞാനിതുവരെ ഒരു റോക്കറ്റ് കണ്ടിട്ടില്ല. എന്റെ വീട്ടില്‍ അത് ഒളിപ്പിച്ച് വെച്ചിട്ടുമില്ല. ഞാനൊരു മനുഷ്യകവചവുമല്ലെന്ന് ലോകം അറിയേണ്ടതുണ്ട്. ഞാനിത് എഴുതി കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കുക്കിംഗ് ഗ്യാസ് കഴിഞ്ഞിരിക്കുന്നു എന്ന് ഉമ്മ ഉപ്പയോട് പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. വെള്ളവും വൈദ്യുതിയും എന്നോ നിലച്ചിരിക്കുന്നു എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അവരിത് പറയുന്നത്. ഇത്തരത്തില്‍ ദുരിതം പേറാന്‍ എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്ന് എനിക്ക് കണ്ടെത്താനായിട്ടില്ല. ഒരു മനുഷ്യനായിരിക്കുക എന്നത് എന്താണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

(ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ മൈസം അബൂമുര്‍റ് ബ്ലോഗറും ബോഡി ലാംഗ്വേജ് ട്രെയ്‌നറുമാണ്.)

വിവ : നസീഫ്‌

Related Articles