Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ അഹ്മദ്, ‘ഷാര്‍ലി’ ആവാന്‍ എനിക്ക് മനസ്സില്ല

ഞാനും നിങ്ങളും ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ ഇഷ്ടപ്പെടാത്തവരാണ്. സെപ്റ്റംബര്‍ 11-ന് ശേഷം അദ്ദേഹം നടത്തിയ ബുദ്ധിശൂന്യമായ പ്രഖ്യാപനം ഓര്‍ക്കുന്നുണ്ടോ ‘ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ പക്ഷത്ത് അല്ലെങ്കില്‍ നിങ്ങള്‍ ഭീകരവാദികളുടെ കൂടെ’? ഇപ്പോഴാകട്ടെ, അങ്ങേയറ്റം ഭീകരമായ മറ്റൊരു ആക്രമണം നടന്നതിന് ശേഷമുള്ള ഈ അവസരത്തില്‍, ദുബ്‌യയുടെ മുദ്രാവാക്യമാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് : ഒന്നുകില്‍ നിങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവ്…. അല്ലെങ്കില്‍ അതിന്റെ ശത്രു. ഒന്നുകില്‍ നിങ്ങള്‍ ഷാര്‍ലി എബ്ദോ അല്ലെങ്കില്‍ നിങ്ങളൊരു അഭിപ്രായ സ്വാതന്ത്ര്യ ഘാതകനായ മതഭാന്ത്രന്‍.

നിങ്ങളോട് ചെറിയൊരു അഭ്യര്‍ത്ഥന നടത്തുന്നതിന് വേണ്ടിയാണ് ഞാനിത് എഴുതുന്നത് : ദയവു ചെയ്ത് നിര്‍ത്തൂ. ഇതിലൂടെ ഭീകരവാദികളെ അപലപിക്കുകയാണെന്നാണ് നിങ്ങള്‍ കരുതുന്നത്. അതേസമയം യഥാര്‍ഥത്തില്‍, അവരുടെ രക്തക്കറ പുരണ്ട കൈകള്‍ ഉപയോഗിച്ച് സമൂഹത്തെ വിഭജിക്കുകയും ചിലരെ ഭീകരവല്‍ക്കരിക്കുകയുമാണ് നിങ്ങള്‍ ചെയ്യുന്നത്. ഞങ്ങളും അവരും. നവോത്ഥാന മൂല്യങ്ങളുടെ അപോസ്തലന്‍മാരായ ഉദാരവല്‍കൃത പാശ്ചാത്യ ലോകവും, പിന്നോക്കക്കാരും ബാര്‍ബേറിയന്‍മാരുമായ മുസ്‌ലിംകളും തമ്മിലുള്ള സംഘട്ടനം. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് ജനുവരി ഏഴിന് പാരീസില്‍ നടന്നതെന്നാണ് നിങ്ങള്‍ ഞങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റും യാഥാസ്ഥിക വിഭാഗത്തിന്റെ നേതാക്കളിലൊരാളുമായ നിക്കോളാസ് സര്‍ക്കോസി ഇതിനോട് യോജിക്കുന്നുണ്ട്. ‘നാഗരികതയുടെ മേലുള്ള യുദ്ധ പ്രഖ്യാപനം’ എന്നാണ് അദ്ദേഹം ആക്രമണത്തെ വിശേഷിപ്പിച്ചത്. ‘നാഗരികതകളുടെ സംഘട്ടനം’ എന്ന് ട്വീറ്റ് ചെയ്ത ഉദാര ഇടതുപക്ഷ സഹയാത്രികന്‍ ജോണ്‍ സ്‌നോവും ഒട്ടും പിറകിലായിരുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുളള യൂറോപ്പിന്റെ വിശ്വസത്തെ അദ്ദേഹം അടിവരയിട്ടു.

പാരീസാനന്തര അനുശോചനങ്ങള്‍ക്കിടയില്‍, ശുദ്ധകപടന്മാരും അമിതഭാവാഭിനയക്കാരും രംഗത്ത് സജീവമായി തന്നെയുണ്ടായിരുന്നു. തീര്‍ച്ചയായും വാക്കുകള്‍ക്കൊണ്ട് വിശേഷിപ്പിക്കാന്‍ സാധ്യമല്ലാത്തത്ര ക്രൂരമായ നടപടി തന്നെയാണ് പാരീസില്‍ നടന്ന ആക്രമണം. നിരപരാധികളെ അരുംകൊല ചെയ്തത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതും മാപ്പര്‍ഹിക്കാത്തതും തന്നെയാണ്. പക്ഷെ, ഐടിവിയിലെ മാര്‍ക്ക് ഓസ്റ്റിന്‍ ചൂണ്ടികാട്ടിയത് പോലെ, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടന്ന ആക്രമണമായിരുന്നോ വാസ്തവത്തില്‍ അന്ന് പാരീസില്‍ നടന്നത്, ‘സ്വതന്ത്ര ചിന്ത’ യെ കുറിച്ചുള്ള നമ്മുടെ ആശയങ്ങളെ അശുദ്ധമാക്കാനായിരുന്നോ യഥാര്‍ഥത്തില്‍ അവര്‍ നിറയൊഴിച്ചത്? അതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. പരുക്കന്‍മാരായ യുവാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു കുറ്റകൃത്യമായിരുന്നു അത്; 2006, 2011 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രവാചകന്റെ ചിത്രങ്ങളല്ല അവരെ മൗലികവാദികളാക്കിയത്. മറിച്ച്, 2004-ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ മനുഷ്യത്വരഹിതമായ അങ്ങേയറ്റം ക്രൂരമായ പീഢനപരമ്പരകളുടെ നേര്‍ചിത്രങ്ങളാണ് അവരെ മൗലികവാദികളാക്കി മാറ്റാന്‍ ഇടയാക്കിയത്.

അനിയന്ത്രിതമായ അഭിപ്രായ/ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നമ്മളാരും വിശ്വസിക്കുന്നില്ല. നിയമവും വ്യവസ്ഥയും സ്ഥാപിക്കുന്നതിന്റെ ഭാഗമായി ലംഘിക്കാന്‍ കഴിയാത്ത രേഖകള്‍ വേണമെന്ന കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. അതുപോലെ മാന്യതയുടെയും അന്തസിന്റെയും പരിധികള്‍ ഒരിക്കലും അതിക്രമിച്ചു കടക്കരുതെന്ന കാര്യത്തിലും നാം ഏകാഭിപ്രായക്കാരാണ്. ഈ പരിധികളും പരിധികളെ കുറിക്കുന്ന രേഖകളും എവിടെ വരക്കണം എന്ന കാര്യത്തില്‍ മാത്രമാണ് നമ്മള്‍ പരസ്പരം വ്യത്യസ്ത വെച്ചുപുലര്‍ത്തുന്നത്.

ഉദാഹരണത്തിന്, ഹോളോകോസ്റ്റിനെ കളിയാക്കി കൊണ്ട് നിങ്ങളുടെ പ്രസിദ്ധീകരണം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ല? 9/11 സംഭവത്തില്‍ ഇരട്ട കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് വീഴുന്ന നിസ്സഹായരുടെ കാര്‍ട്ടൂണുകള്‍ വരച്ചാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരിക്കലും ഉണ്ടാകില്ലെന്ന് തന്നെയാണ് എന്റെ ഉറച്ച് വിശ്വാസം. അത്തരം അനിഷ്ടസംഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലായെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് ഫിലോസഫര്‍ ബ്രിയാന്‍ ക്ലഗിന്റെ ചില ‘ചിന്താ പരീക്ഷണങ്ങള്‍’ പരിഗണിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം എഴുതുന്നു, ‘ഞാന്‍ ഷരീഫ്’ (ഷാര്‍ലി എബ്ദോ ആക്രമണകാരികളില്‍ ഒരാളാണ് ഷരീഫ്) എന്ന ബാഡ്ജ് ധരിച്ചു കൊണ്ട് ജനുവരി 11-ന് പാരീസില്‍ നടന്ന ‘ഐക്യ റാലി’യില്‍ ഒരാള്‍ പങ്കെടുത്തുവെന്ന് സങ്കല്‍പ്പിക്കുക. കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും കളിയാക്കി കൊണ്ടും നിന്ദിച്ചു കൊണ്ടുമുള്ള കാര്‍ട്ടൂണുകള്‍ ഒട്ടിച്ച പ്ലക്കാര്‍ഡും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്ന് കരുതുക. ‘എങ്ങനെയായിരിക്കും ആ ജനകൂട്ടം പ്രതികരിക്കുക?………. ഒറ്റപ്പെട്ട് നില്‍ക്കുന്ന ഈ വ്യക്തിയെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി എഴുന്നേറ്റ് നിന്ന ധീരനെന്ന നിലയില്‍ അവര്‍ വാഴ്ത്തുമോ? മറിച്ച് തങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെട്ടതായിട്ടാണോ അവര്‍ക്ക് അനുഭവപ്പെടുക? പ്രക്ഷുബ്ദമായി നില്‍ക്കുന്ന ആ ജനകൂട്ടത്തില്‍ നിന്നും ജീവനോടെ പുറത്ത് വരാന്‍ ആ മനുഷ്യന് ഭാഗ്യമുണ്ടാകുമോ?

വിശദമായി പറഞ്ഞാല്‍: കാര്‍ട്ടൂണിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും വെടിവെച്ച് കൊന്നത് ആരുതന്നെയാണെങ്കിലും ശരി, അതിനെ ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന കാര്യത്തോട് ഞാന്‍ യോജിക്കുന്നു. അതേസമയം, മറ്റൊരാളുടെ വികാരത്തെ വ്രണപ്പെടുത്താനുള്ള അവകാശത്തിനൊപ്പം തതുല്ല്യമായ ഉത്തരവാദിത്വങ്ങളൊന്നും നമുക്കില്ലായെന്ന നിങ്ങളുടെ കാഴ്ച്ചപാടിനോട് ഞാന്‍ വിയോജിക്കുന്നു.

‘ഞാന്‍ ഷാര്‍ലി’ യെന്ന് പറയുന്നതിലൂടെ, കറുത്ത വര്‍ഗക്കാരനായ ഫ്രഞ്ച് നീതിന്യായമന്ത്രി ക്രിസ്ത്യന്‍ തൗബിറയെ കുരങ്ങനാക്കി ചിത്രീകരിച്ചു കൊണ്ട് കാര്‍ട്ടൂണ്‍ വരച്ച ഷാര്‍ലി എബ്ദോക്കുള്ള അംഗീകാരമാണോ നിങ്ങള്‍ നല്‍കുന്നത്? ഖബറില്‍ കിടക്കുന്ന എഡ്വേര്‍ഡ് സെയ്ദ് പോലും മുഖം തിരിച്ചു കളയുന്ന തരത്തില്‍ അറബികളുടെ അറപ്പുളവാക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ച ഷാര്‍ലിയുടെ പേരില്‍ അഭിമാനം കൊള്ളുകയാണോ നിങ്ങള്‍?

അങ്ങേയറ്റം അരോചകമായ വംശീയാധിക്ഷേപ ചിത്രങ്ങള്‍ പുനഃനിര്‍മിക്കുന്നത് തികച്ചും വ്യക്തമായ പരിഹാസതന്ത്രം തന്നെയാണ്. കൂടാതെ, മുമ്പ് ഷാര്‍ലി എബ്ദോയില്‍ ജോലിചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഒലീവര്‍ ക്രയാന്‍ 2013 പറഞ്ഞതെന്താണെന്ന് നോക്കൂ ‘9/11 ശേഷം ഘട്ടംഘട്ടമായി ഇസ്‌ലാമോഫോബിയ നിരന്തരമായി ഉല്‍പാദിപ്പിക്കുന്ന മനഃസ്ഥിതി മാഗസിനെ പിടികൂടിയിരുന്നു. ഈ മനഃസ്ഥിതി പിന്നീട് രാജ്യത്തെ അധികാര വര്‍ഗത്തിന്റെ അശ്രദ്ധയില്‍ കഴിയാന്‍ വിധിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ അതിക്രൂരമായി തന്നെ വേട്ടയാടുന്നതിലേക്ക് വികസിക്കുകയാണുണ്ടായത്’.

ഇക്കാരണങ്ങള്‍ കൊണ്ടാണ് എനിക്ക് ഷാര്‍ലിയായി മാറാന്‍ സാധിക്കാത്തത്, ഞാനത് ആഗ്രഹിക്കുന്നുമില്ല. ഇനി എന്തെങ്കിലും ആവുന്നുണ്ടെങ്കില്‍ തന്നെ, ഷാര്‍ലി എബ്ദോ എന്ന മാഗസിന്റെ നിലനില്‍ക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനിടെ നെഞ്ചില്‍ വെടിയുണ്ട തറച്ച് ധീരരക്തസാക്ഷിത്വം വരിച്ച മുസ്‌ലിം പോലീസുകാരന്‍ അഹ്മദായി നമുക്കെല്ലാവര്‍ക്കും മാറാം. നോവലിസ്റ്റ് തെജു കോളെ നിരീക്ഷിച്ചത് പോലെ ‘അശ്ലീലത ആവിഷ്‌ക്കരിക്കാനുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളുക സാധ്യമാണ്, അഭിപ്രായ സ്വാതന്ത്ര്യം എന്ന മൂല്യത്തിന്റെ ഉള്ളടക്കത്തെ യാതൊരു വിധത്തിലും തുറന്ന് പ്രദര്‍ശിപ്പിക്കാത്ത അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക എളുപ്പമാണ്’.

ഇത്രയും വ്യക്തമായ ഇരട്ടത്താപ്പിന്റെ നേര്‍ക്ക് ഇത്രയൊക്കെ കണ്ടിട്ടും നിങ്ങളെന്താണ് നിശബ്ദരായിരിക്കുന്നത്? സെമിറ്റിക്ക് വിരുദ്ധത ആരോപിക്കപ്പെടുന്ന ഒരു കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ പ്രമുഖ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് മൗറിസ് സിനെറ്റിനെ 2008 ല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടവരാണ് ഷാര്‍ലി എബ്ദോ എന്ന് നിങ്ങള്‍ക്കറിയുമോ? 2005 ല്‍ പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രം ജെയ്‌ലാന്‍ഡ്‌സ്-പോസ്റ്റന്‍, ‘പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്ന്’ കാരണം പറഞ്ഞ് ക്രിസ്തുവിനെ അപഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ വിസ്സമതിച്ചതും, എന്നിട്ട് ‘ഒരു കാരണവശാലും ഹോളോകോസ്റ്റ് കാര്‍ട്ടൂണുകള്‍’ പ്രസിദ്ധീകരിക്കുകയില്ലെന്ന് അഭിമാനപ്പൂര്‍വ്വം പ്രഖ്യാപിച്ചിരുന്നതിനെ കുറിച്ചും നിങ്ങളാരും ബോധവാന്‍മാരല്ല?

എന്റെ ഊഹം ശരിയാണെങ്കില്‍, ക്രിസ്ത്യന്‍-ജൂത സഹോദരന്‍മാരേക്കാള്‍ തൊലിക്കട്ടി കൂടുതലുള്ളത് മുസ്‌ലിംകള്‍ക്കാണ് എന്നാണ് പൊതുവെ എല്ലാവരും ധരിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. ഇസ്‌ലാമിനെ ഭീകരവല്‍ക്കരിക്കുന്ന നടപടികള്‍ ഭൂഖണ്ഡത്തിലുടനീളം നടന്നു കൊണ്ടിരിക്കുമ്പോഴും, പൊതുജീവിതം, തൊഴില്‍, വിദ്യഭ്യാസം എന്നീ മേഖലകളില്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ തോതില്‍ വിവേചനം അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴും, പ്രത്യേകിച്ച് ഫ്രാന്‍സില്‍ അതിനെയെല്ലാം അവഗണിച്ച് പ്രവാചകന്റെ കാര്‍ട്ടൂണ്‍ നോക്കി ചിരിതൂകി നില്‍ക്കാനാണ് നിങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത് (നിങ്ങളാരെങ്കിലും അടുത്ത കാലത്ത് ജര്‍മനി സന്ദര്‍ശിച്ചിരുന്നോ). അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയായി നിലനില്‍ക്കുന്നുവെന്ന പേരില്‍ വിരലിലെണ്ണാവുന്ന തീവ്രവാദികളെ അപലപിക്കുവാന്‍ നിങ്ങള്‍ മുസ്‌ലിംകളോട് പറയുകയും, അതേസമയം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ഉയര്‍ത്തുന്ന അതിനേക്കാളൊക്കെ വലിയ ഭീഷണികള്‍ക്ക് നേരെ നിങ്ങള്‍ സൗകര്യപൂര്‍വ്വം കണ്ണടക്കുകയും ചെയ്യുന്നു.

‘ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ട്’ എന്നാരോപിച്ച് ജയിലിലടക്കപ്പെട്ട, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ നിരന്തരമായി എഴുതിയിരുന്ന യമന്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്ലാ ഹൈദര്‍ ശായയെ പുറത്ത് വിടരുതെന്ന് ആവശ്യപ്പെടുകയും, ഇത്തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കണമെന്ന് തുറന്ന് പറയുകയും ചെയ്ത ബറാക് ഒബാമയുടെ പ്രസ്താവന നിങ്ങള്‍ക്കെന്തു കൊണ്ട് വിഷയമാകുന്നില്ല? 2014-ല്‍ ഗസ്സയിലെ ഏഴ് മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ‘പാരിസ് ഐക്യറാലി’യില്‍ പങ്കെടുത്ത കാഴ്ച്ച നിങ്ങളെ എന്തുകൊണ്ട് അസ്വസ്ഥരാക്കിയില്ല? ഹോളോകോസ്റ്റിനെ നിഷേധിച്ചു കൊണ്ടുള്ള ആവിഷ്‌കാരങ്ങള്‍ നടത്തുന്നത് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കി നിയമം പാസാക്കിയ ഒരു രാജ്യത്തിന്റെ ചാന്‍സലറായ ആംഗല മെര്‍ക്കലും,’ജനാധിപത്യത്തെ കടപുഴക്കിയെറിയാന്‍’ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അഹിംസാവാദികളായ ‘തീവ്രവാദികള്‍’ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പാരീസ് മാര്‍ച്ചില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പതാക വാഹകരായി മുന്‍ നിരയില്‍ തന്നെ സ്ഥലം പിടിച്ചിരുന്നു.

ഇനി വായനക്കാരുടെ ഊഴമാണ്, നിങ്ങള്‍ക്കവരെ കുറിച്ച് ഒന്നും പറയാനില്ലെ? 2011-ല്‍ യൂഗവ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍, പോപ്പി മരങ്ങള്‍ അഗ്നിക്കിരയാക്കിയ പ്രക്ഷോഭകരെ കോടതി വിചാരണ ചെയ്യണമെന്നു തന്നെയാണ് 82 ശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും, മുസ്‌ലിംകളുടെ വികാരം മാത്രമല്ല എല്ലായ്‌പ്പോഴും വ്രണപ്പെടുന്നത്.
(ബ്രിട്ടനിലെ ഹഫിംഗ്ടന്‍ പോസ്റ്റിന്റെ പൊളിറ്റിക്കല്‍ ഡയറക്ടറാണ് ലേഖകന്‍. ന്യൂസ്‌റ്റേറ്റ്‌സ്മാനില്‍ സ്ഥിരമായി എഴുതുന്നുണ്ട്.)

മൊഴിമാറ്റം: ശുഐബ് മുഹമ്മദ്. സി. പഴയങ്ങാടി
അവലംബം: NEWSTATESMAN

Related Articles