Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ഉടമകള്‍, നിങ്ങള്‍ അടിമകള്‍

കഴിഞ്ഞ തിങ്കളാഴ്ച്ച, ഇസ്രായേല്‍ സൈന്യം മൂന്ന് ഫലസ്തീന്‍ യുവാക്കളെ വെടിവെച്ച് കൊന്നിരുന്നു. ഇതോടുകൂടി അധിനിവിഷ്ഠ വെസ്റ്റ്ബാങ്കിലും ഗസ്സയിലും, ഇന്നലെ ഇസ്രായേലിലും ഓക്ടോബര്‍ ഒന്ന് മുതല്‍ക്ക് ഇസ്രായേല്‍ സൈന്യം ആരംഭിച്ച ആക്രമണപരമ്പകളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1300-ലധികം ഫലസ്തീനികള്‍ക്കാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റത്. ഇതേ കാലയളവില്‍ തന്നെ, നാല് ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധിനിവിഷ്ഠ കിഴക്കന്‍ ജറൂസലേമില്‍ 2000-ത്തിലധികം പാരാമിലിറ്ററി അതിര്‍ത്തി പോലിസിനെ വിന്യസിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു.

തിങ്കളാഴ്ച്ച വൈകുന്നേരം ഗസ്സയില്‍, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തുള്ള അതിര്‍ത്തി വേലികള്‍ തകര്‍ത്ത് 20-ഓളം ഫലസ്തീനികള്‍ ഇസ്രായേലിലേക്ക് അതിക്രമിച്ച് കടക്കാന്‍ തുനിഞ്ഞതിനെ തുടര്‍ന്നാണ് സൈന്യം വെടിവെച്ചത് എന്നാണ് ഇസ്രായേല്‍ അധികൃതരുടെ വാദം. ഈ അടുത്ത ദിവസങ്ങളില്‍, ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 9 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ ഒരു ഫല്‌സതീന്‍ യുവതിയും, അവരുടെ കൈകുഞ്ഞായ മകളും കൊല്ലപ്പെട്ടിരുന്നു.

പുരാതന നഗരമായ ജറൂസലേമിലേക്കുള്ള പ്രവേശനകാവടത്തില്‍ വെച്ചാണ് 18 വയസ്സുകാരനായ മുസ്തഫ ആദില്‍ അല്‍കാതിബ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അല്‍കാതിബ് ഒരു അതിര്‍ത്തി പോലിസ് ഓഫീസറെ കുത്താന്‍ ശ്രമിച്ചെന്നും, അതിനാലാണ് അല്‍കാതിബിനെ വെടിവെച്ച് വീഴ്ത്തിയതെന്നുമാണ് ഇസ്രായേല്‍  പോലിസിന്റെ അവകാശവാദം. പക്ഷെ അല്‍കാതിബിന്റെ പക്കല്‍ ആയുധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കിഴക്കന്‍ ജറൂസലേമിലെ ഇസ്രായേലി കുടിയേറ്റ പാര്‍പ്പിട കേന്ദ്രമായ പിഗ്‌സാറ്റ് സീവില്‍ 15 വയസ്സുകാരനായ ഹസ്സന്‍ ഖാലിദ് മനാസറ ഇസ്രായേല്‍ പോലിസിന്റ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അവനോടൊപ്പമുണ്ടായിരുന്ന 13 വയസ്സുകാരന്‍ അഹ്മദ് സാലിഹ് മനാസറക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഇസ്രായേല്‍ പൗരന്‍മാരെ കുട്ടികള്‍ കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇസ്രായേലി പോലിസിന്റെ ആരോപണം. ഹസ്സന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അഹ്മദ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെയാണ്. രക്തംവാര്‍ന്ന്, ശ്വാസത്തിനായി പിടയുന്ന അഹ്മദിന്റെ ദൃശ്യങ്ങള്‍ ഒരു ഇസ്രായേല്‍ പൗരന്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന അഹ്മദിനെ നോക്കി തെറിയഭിഷേകം നടത്തുന്നവരുടെ ശബ്ദം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ‘അവന്റെ തലക്ക് വെടിവെക്ക്’ എന്നായിരുന്നു ഒരു ഇസ്രായേല്‍ പൗരന്‍ സമീപത്ത് നിന്നിരുന്ന പോലിസിനോട് പറഞ്ഞത്.

നിരന്തരമായി ഇസ്രായേല്‍ അധിനിവേശത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഫലസ്തീനികളില്‍ പോലും പ്രസ്തുത വീഡിയോ ഞെട്ടലുളവാക്കിയിരുന്നു. ഫലസ്തീനികള്‍ക്ക് നേരെയുള്ള, ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ ‘ഐ.എസ്-ഭീകരവാദ’ മനസ്ഥിതിയാണ് വീഡിയോ വെളിവാക്കുന്നതെന്ന് വത്വന്‍ ടി.വി പറഞ്ഞു. ഒരു ഇസ്രായേല്‍ സൈനികനെ കുത്തിപരിക്കേല്‍പ്പിച്ച് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഒരു ഫലസ്തീനിയെ അവര്‍ കൊന്നത്. കൊല്ലപ്പെട്ട ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അവര്‍ വിസ്സമതിച്ചു. അതേദിവസം തന്നെ, കൗമാരക്കാരിയായ ഒരു ഫലസ്തീന്‍ പെണ്‍കുട്ടിക്ക് ജറൂസലേമില്‍ വെച്ച് വെടിയേറ്റ് പരിക്കേറ്റിരുന്നു. മറാഹ് അല്‍ബകരി എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. ഒരു പോലിസ് ഓഫീസറെ കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇസ്രായേല്‍ പോലിസ് പറയുന്നത്.വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ വെച്ച് നടന്ന പ്രതിഷേധപ്രകടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ്, കഴുത്തില്‍ വെടിയേറ്റ് 13 വയസ്സുകാരന്‍ അഹ്മദ് ശറക കൊല്ലപ്പെട്ടത്.

65 വയസ്സുകാരനായ സിയാദ് അബൂ ഖലീല്‍ ഇസ്രായേല്‍ സൈനികരോട് കയര്‍ക്കുന്നത് നമുക്ക് വീഡിയോയില്‍ കാണാമായിരുന്നു. പിഞ്ചുപൈതങ്ങളെ കൊല്ലുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്ന ആ വൃദ്ധന്‍ അവരോട് ചോദിച്ചത്. സൈനികര്‍ തോക്ക് ചൂണ്ടിയപ്പോഴും അബൂ ഖലീലിന്റെ മുഖത്ത് തെല്ലും ഭയപ്പാടുണ്ടായിരുന്നില്ല. കുറച്ച് നേരത്തേക്ക് ഇസ്രായേല്‍ സൈനികരുടെ മുന്നില്‍ പതറാതെ ഉറച്ച് നില്‍ക്കുന്ന അബൂ ഖലീലിനെ നമുക്ക് കാണാമായിരുന്നു. പിന്നീട് അദ്ദേഹം വെടിയേറ്റ് നിലപതിക്കുന്നതാണ് നാം കണ്ടത്.

ആക്രമണകാരിയെന്ന് സംശയിക്കുന്ന ഫലസ്തീനിയെ ഉടനടി വെടിവെച്ചു കൊല്ലാനാണ്, യെഷ് അതിദ് എന്ന പാര്‍ട്ടിയുടെ നേതാവും, മുന്‍ ഇസ്രായേല്‍ മന്ത്രിസഭാംഗവുമായിരുന്ന യാഇര്‍ ലാപിദ്, ജൂതസമൂഹത്തോട് പരസ്യമായി വിളിച്ചു പറഞ്ഞത്. ‘അതിന് മടിച്ചു നില്‍ക്കേണ്ടതില്ല, എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നിയാല്‍, ഉടനടി വെടിവെക്കുകയാണ് ഏറ്റവും ഉചിതമായ കാര്യം’, ലാപിദ് സര്‍വ്വ പ്രോത്സാഹനവും നല്‍കി കൊണ്ട് പറഞ്ഞു. വെടിവെക്കുന്നവര്‍ക്ക് നിയമത്തിന്റെ എല്ലാവിധ പിന്തുണയും അധികൃതര്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

നിരവധി ഫല്‌സതീനികളെയാണ് അകാരണമായി ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ച് പത്ത് പേരെയാണ് റാമല്ലയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനം, സമാധാനാന്തരീക്ഷം തകര്‍ക്കല്‍, സിവിലിയന്‍മാര്‍ക്കെതിരെയുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കെതിരെ ചാര്‍ത്തുന്നത്. ഇസ്‌ലാമിക് മൂവ്‌മെന്റ് എന്ന സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ ഷിന്‍ ബേത്ത് രഹസ്യപോലിസിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ‘നിയമവിരുദ്ധ ഒത്തുചേരല്‍’ സംഘടിപ്പിച്ചു എന്നതിന്റെ പേരില്‍ സംഘടനയുടെ നേതാക്കളില്‍ ഒരാളായ യൂസഫ് അബൂ ജമ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

അധിനിവിഷ്ഠ വെസ്റ്റ്ബാങ്ക്, ഗസ്സ, ഇസ്രായേലിനുള്ളിലെ ഫലസ്തീന്‍ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ഫലസ്തീനികള്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ പാര്‍ലമെന്റിലെ ഫല്‌സതീന്‍ അംഗങ്ങള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ജൂതവംശീയവാദികളുടെ ആക്രമണത്തിന് അറബികള്‍ നിരന്തരം ഇരയായി കൊണ്ടിരിക്കുകയാണ്. പോലിസും പ്രധാനമന്ത്രിയും ജൂതന്മാര്‍ക്ക് ആയുധം കൈവശം വെക്കാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നു.’ ഇസ്രായേല്‍ പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗം ഐദ തൗമ സില്‍മാന്‍ പറഞ്ഞു.

കല്ലെറിയുന്നവര്‍ക്കുള്ള പിഴശിക്ഷയുടെ തുക വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമം പാര്‍ലമെന്റ് ഉടനടി പാസാക്കി. കുടുംബങ്ങളുടെ അത്താണി തകര്‍ക്കുകയും, മാതാപിതാക്കളെ കഷ്ടപ്പെടുത്തുകയുമാണ് പ്രായപൂര്‍ത്തിയാവാത്ത ഫല്‌സതീന്‍ കുട്ടികളെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഇസ്രായേല്‍ സൈന്യം ലക്ഷ്യം വെക്കുന്നത്. സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് ജറൂസലേമില്‍ പ്രായപൂര്‍ത്തിയാവാത്ത അഞ്ചു പേരെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തത്.

‘സുരക്ഷ’ ശക്തമാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന്, നിര്‍മാണ തൊഴിലിടങ്ങളിലെ അറബ് തൊഴിലാളികളുടെ ഐ.ഡി കാര്‍ഡ് പരിശോധിക്കാന്‍, വടക്കന്‍ ഇസ്രായേല്‍ പട്ടണമായ കിര്‍യാത്ത് ബിയാലിക്കിലെ മേയര്‍ പോലിസിനോട് ഉത്തരവിട്ടിരുന്നു. ‘നമ്മളാണ് ഈ ഭൂമിയുടെ ഉടമകള്‍’ എന്നാണ്, മേയര്‍ എലയ് ദുകോര്‍സ്‌കി, നഗരസഭാ അധികൃതര്‍ക്ക് നല്‍കിയ കുറിപ്പില്‍ എഴുതിയത്.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാചാല്‍

Related Articles