Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടെ രോദനം കേള്‍ക്കാനാരുണ്ട്?

റെഡ് ക്രോസ് ആസ്ഥാനത്ത് വെച്ച് ഹമാസ് ഭരണകൂടത്തിലെ മുന്‍മന്ത്രിയെയും നിയമനിര്‍മ്മാണ സഭാംഗത്തെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്തതില്‍ യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റ് ചെയ്യപ്പെട്ട ഖാലിദ് അറഫ, അഹ്മദ് തൂതഹ് എന്നീ രണ്ടുപേര്‍ക്ക് ഹമാസുമായുള്ള ബന്ധം പരിഗണിച്ച് ഖുദ്‌സില്‍ പ്രവേശിക്കുന്നതിന് നിരോധമുണ്ടെന്നായിരുന്നു എന്നാണ് ഇസ്രായേലിന്റെ വാദം. നിയമനിര്‍മ്മാണ സഭാദ്ധ്യക്ഷന്‍ അസീസ് ദുവൈകിന്റെയും സഭയിലെ മറ്റു രണ്ടു പ്രതിനിധികളുടെയും അറസ്റ്റില്‍ യൂറോപ്യന്‍ യുനിയന്‍ റാമല്ലയിലെയും ഖുദ്‌സിലെയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

 

യൂറോപ്യന്‍ യൂനിയന്‍ ഉദ്ദേശിക്കുന്നതായ വിശ്വാസം ശക്തിപ്പെടുത്തുക എന്ന നയത്തിന് യോജിക്കാത്ത പ്രവര്‍ത്തനമാണിതെന്ന് അതിന്റെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇസ്രായേലിനും ഫലസ്തീനുമിടയിലെ അനുരഞ്ജന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് യുറോപ്യന്‍ യൂണിയന്‍.
വാര്‍ത്ത ശരിയാണെങ്കിലും ചില തിരുത്തലുകള്‍ ആവശ്യമാണ്. കാരണം നിയമനിര്‍മ്മാണ സഭാ അധ്യക്ഷനെയും നാല് അനുയായികളെയും മാത്രമല്ല ഇസ്രായേല്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫലസ്തീന്‍ ജനത സഭയിലേക്ക് തെരെഞ്ഞെടുത്തയച്ച 26 പേരെ അവര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ജയിലിലടക്കുന്നതിന് ഇസ്രായേലിന് അതൊരു തടസ്സവുമായിട്ടില്ല. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന എല്ലാ അന്താരാഷ്ട്ര വിധികളുടെയും പച്ചയായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത്തരം നടപടികള്‍ക്ക് മറ്റുള്ളവരെല്ലാം നല്‍കുന്ന മൗനാനുവാദവും മാധ്യമങ്ങള്‍ അവക്കുനേരെ കണ്ണടക്കുന്നതുമാണ് ഇത്തരം നടപടികള്‍ക്കവരെ പ്രേരിപ്പിക്കുന്നത്.
നിയമസഭയിലെ നാലു പ്രതിനിധികളുടെ കാര്യം മാത്രമെ യൂറോപ്യന്‍ യൂണിയന്‍ സ്റ്റേറ്റ്‌മെന്റ് പറഞ്ഞുള്ളൂവെന്നത് തീര്‍ത്തും ദുരൂഹമാണ്. അറസ്റ്റു ചെയ്യപ്പെട്ട ആളുകളുടെ യഥാര്‍ഥ എണ്ണത്തെ കുറിച്ച് ഒരു സൂചനയും അതില്‍ വന്നിട്ടില്ല. ചെയ്തിരിക്കുന്ന കുറ്റത്തെ നിസ്സാരവല്‍കരിക്കാനുള്ള ശ്രമമാണ് അതിന് പിന്നിലെന്ന് ചിലര്‍ വിശദീകരിച്ചിട്ടുണ്ട്. ആളുകളുടെ കണ്ണില്‍ പൊടിയിടാനും യൂറോപ്യന്‍ യൂണിയന് തങ്ങള്‍ നിരപരാധികളെന്ന് കാണിക്കാനുമാണത്.
പ്രസ്തുത അഭിപ്രായത്തെ ഞാന്‍ സ്ഥിരീകരിക്കുന്നില്ല. അറസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രതിഷേധം ഒരു പുതിയ കാല്‍വെപ്പായിട്ടാണ് ഞാന്‍ കാണുന്നത്. പൂര്‍ണ്ണ അന്ധതയേക്കാള്‍ നല്ലത് കോങ്കണ്ണെങ്കിലുമാണെന്നതില്‍ സംശയമില്ലല്ലോ.
യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അവഗണിക്കുന്നതിനേക്കാള്‍ നല്ലത് അതിനെ കുറിച്ച് അല്‍പമെങ്കിലും പറയുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിനിധികളുടെ എണ്ണത്തിന്റെ പേരില്‍ നാം യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താകുറിപ്പിനെ കുറ്റപ്പെടുത്താന്‍ നമുക്ക് അര്‍ഹതയില്ല. വ്യക്തികളെയോ, സംഘങ്ങളെത്തന്നെയോ അറസ്റ്റ് ചെയ്തിട്ടും ഇത്രയും കാലം നാം ശബ്ദിച്ചിട്ടില്ലല്ലോ.
യൂറോപ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് ഒരു ഫസ്തീന്‍ സുഹൃത്ത് ‘യൂറോപ്യന്‍ കാപട്യം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ വന്നിട്ടുള്ള തലക്കെട്ടുകളും വാര്‍ത്തകളും അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ഈ പറയുന്ന വിശേഷണം യൂറോപ്പിനെ കുറിച്ച് പൊതുവെ പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവിടെ പറയുന്ന വിഷയത്തെ അതില്‍ നിന്നൊഴിവാക്കേണ്ടതുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന എണ്ണത്തെ തിരുത്താന്‍ നമുക്കവകാശമുണ്ട്. അതോടൊപ്പം വിഷയത്തെ അവഗണിക്കുകയും അശ്രദ്ധകാണിക്കുകയും ചെയ്ത അറബ് ഘടകങ്ങള്‍ക്കെതിരെയാണ് നമ്മുടെ നീരസവും വെറുപ്പും രേഖപ്പെടുത്തേണ്ടത്.
1979-ല്‍ ക്യാമ്പ് ഡേവിഡ് സമാധാന കരാറില്‍ ഒപ്പ് വെച്ചതോടെ, ഈജിപ്ത് യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് ഇസ്രായേല്‍ ആശ്വസിക്കാന്‍് വകനല്‍കി. അതിന് ശേഷം യാതൊരുവിധ ശക്തിയും അഭിമാനവുമില്ലാത്ത ഒരു ശവത്തോടെന്ന പോലെയാണ് അറബ് ലോകത്തോട് ഇവര്‍ ഇടപെടുന്നത്. നിലവിലുള്ള അറബ് സംഘടനകളെല്ലാം വാഷിംഗ്ടണിന്റെ താല്‍്പര്യത്തിനനുസരിച്ച് തുള്ളുന്നുവെന്നത് അവര്‍ക്കതിന് ധൈര്യമേകുന്നു. നമ്മുടെ സമുദായത്തിന്റെ മനസ്സുകളെയും താല്‍്പര്യത്തെയും പ്രകടമാക്കാനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. ഫലസ്തീനിന്റെയും അറബ് ലോകത്തിന്റെയും അവകാശങ്ങളെ ചവിട്ടിമെതിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന വിവിധ ചിത്രങ്ങളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട, അഭിമാനം കാത്തുസൂക്ഷിക്കേണ്ട സ്വേഛാധിപതികളുടെ പതനവും, ജനതകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഈ പശ്ചാത്തലത്തിന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ഇടപെടലുകള്‍ക്കെതിരെ തങ്ങളുടെ പ്രതിഷേധവും അമര്‍ഷവും പ്രകടമാക്കുന്ന ഒരു നിലപാടാണ് പുതിയ ഭരണവ്യവസ്ഥകളില്‍ നിന്ന് നാം പ്രതീക്ഷിക്കുകയും ആശിക്കുകയും ചെയ്യുന്നത്. അതില്‍ വല്ല ഭരണകൂടവും എന്തെങ്കിലും കാരണത്താല്‍ അമാന്തിക്കുകയാണെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ഇജിപ്തിലെയും തുനീഷ്യയിലെയും മൊറോക്കോയിലെയും ഭരണകൂടങ്ങളെങ്കിലും അതിനെതിരെ പ്രതിഷേധിക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിലുള്ള വിദേശകാര്യ നിലപാടില്‍ മാറ്റം വരുത്താതിരിക്കാനായി അമേരിക്കയുടെയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ വിധേയമാകുന്നുണ്ട്. ഈ സമ്മര്‍ദ്ദങ്ങള്‍ പ്രായോഗികമാക്കുന്ന പക്ഷം അറബ് വസന്തത്തെ അതിന്റെ ചില ലക്ഷ്യങ്ങളില്‍ നിന്ന് തെറ്റിക്കുകയായിരിക്കും. ഇച്ഛാസ്വാതന്ത്ര്യവും രാജ്യത്തിന്റെയും ജനങ്ങളുടെയും മാന്യതക്കുമെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കലാണ് വിപ്ലവങ്ങളുടെ പ്രധാന ലക്ഷ്യം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles