Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളിനിയും ജീവിക്കും, ഗസ്സയുടെ കഥകള്‍ പറയാന്‍

എല്ലാ ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളിലും കാണുന്ന ഒരു രംഗമാണിത്. ശത്രു സിവിലിയന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. സിവിലിയന്‍മാരുടെ രക്ഷക്കായി പോലീസുകാരന്‍ തന്റെ തോക്ക് താഴെയിട്ട് ശത്രുവിനെ പോകാന്‍ അനുവദിക്കുന്നു. നിരപരാധിയായ വ്യക്തികളുടെ ജീവന്‍ ശത്രുവിന്റെ മരണത്തേക്കാള്‍ പ്രധാന്യമുള്ളതായിട്ടാണ് എപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഈ മൂല്യങ്ങളെല്ലാം സിനിമയില്‍ മാത്രമാണ്. ഗസ്സയുടെ മണ്ണില്‍ മൂല്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. നിരപരാധികളായ കുട്ടികള്‍ക്കും ആളുകള്‍ക്കും മേലാണ് ഇസ്രയേലിന്റെ വെടിയുണ്ടകളും ബോംബുകളും പതിക്കുന്നത്. മാതാപിതാക്കള്‍ക്ക് മുന്നില്‍ രക്തം വാര്‍ന്നു കൊണ്ടിരിക്കുന്ന അവരെ രക്ഷിക്കാനെത്തുന്ന ആംബുലന്‍സുകളെ പോലും വെറുതെ വിടുന്നില്ല.

ഗസ്സക്ക് നേരെയുള്ള ഭീകരമായ ഈ ആക്രമണത്തില്‍ ഓരോ ഫലസ്തീനിയും അവരുടെ ലക്ഷ്യമാണ്. അവന്റെ പ്രായം അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. എന്റെ മൂന്ന് മാസം പ്രായമായ മകള്‍ ജൂലിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട്, അവളുടെ പ്രായത്തിലുള്ള നിഷ്‌കളങ്കരായ അവിടത്തെ കുട്ടികളെ ഞാന്‍ സ്മരിക്കുന്നു. മുഖത്തേറ്റ പരിക്കുകള്‍ അവരുടെ സൗന്ദര്യത്തിന് മറയിട്ടിരുക്കുന്നു. കൈകാലുകള്‍ വേര്‍പ്പെട്ടും തലച്ചോര്‍ തെറിച്ചുപോയും ശരീരം കത്തിക്കരിഞ്ഞും ജീവന്‍ നഷ്ട്‌പെട്ടു കിടക്കുന്ന എത്രയോ ചിത്രങ്ങള്‍.

അവളുടെ കുഞ്ഞുശരീരം ഞാന്‍ തലോടുമ്പോള്‍ ‘അവശിഷ്ടങ്ങളില്‍ നിന്ന് എന്റെ മകന്റെ കാല് കണ്ടെത്തിയിരിക്കുന്നു’ എന്ന എന്റെ കസിന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു. ഗര്‍ഭിണിയായ ഇണയെയും ആറും നാലും വയസ്സുമുള്ള രണ്ട് മക്കളെയും അവന് നഷ്ടപ്പെട്ടു. പ്ലാസ്റ്റിക് കവറില്‍ മകന്റെ ശരീരഭാഗവുമായി നില്‍ക്കുന്ന പിതാവിന്റെ ചിത്രമാണ് മനസ്സില്‍ ഓടിയെത്തിയത്. താന്‍ വളരെയധികം താലോലിച്ചിരുന്ന ശരീരം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പെറുക്കിയെടുത്ത കുറച്ച് മാംസതുണ്ടങ്ങളായി മാറിയിരിക്കുന്നു. അതിന് ഉത്തരവാദിയായ സൈന്യം കേവലം ‘കൈപ്പിഴ’യായിട്ടാണതിനെ ന്യായീകരിക്കുന്നത്.

‘ആകസ്മികമായി വല്ല സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ ഞങ്ങളതില്‍ ഖേദിക്കുന്നു. സിവിലിയന്‍മാര്‍ക്കുണ്ടാകുന്ന അത്തരം ദുരിതങ്ങളുടെ ഉത്തരവാദിത്വം ഹമാസിനാണ്’ എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

ജൂലൈ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഗസ്സയില്‍ 1650-ല്‍ പരം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏകദേശം 1300 സിവിലിയന്‍മാര്‍, അവരെ കശാപ്പ് ചെയ്തത് ഹമാസല്ല, ഇസ്രയേല്‍ തന്നെയാണ്. ഇതൊക്കെ ആകസ്മികമായ സംഭവിച്ചതാണെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനാവുമോ?

സുരക്ഷിതമായ ഒരിടമില്ല
ജൂലൈ 16-ന് ഇസ്രയേല്‍ കൊലചെയ്ത് നാല് ബാലന്‍മാരുടെ ചിത്രം ഓര്‍ത്തുപോവുകയാണ്. അവര്‍ ഒമ്പതിനും പതിനൊന്നിനും ഇടക്ക് പ്രായമുള്ളവര്‍. മാധ്യമപ്രവര്‍ത്തകര്‍ വസിക്കുന്ന ഹോട്ടലിന് മുന്നിലെ ബീച്ചില്‍ വെച്ചാണ് ഇസ്രയേല്‍ മിസൈലുകള്‍ അവരുടെ പിഞ്ചു ശരീരം പിച്ചിചീന്തിയത്. ചുറ്റുപാടുമുള്ള യുദ്ധകോലാഹലത്തില്‍ നിന്ന് അല്‍പമെങ്കിലും ആശ്വാസം ലഭിക്കാന്‍ ശ്രമിച്ച് കളിക്കുകയായിരുന്നു അവര്‍. തങ്ങളുടെ ബാല്യം ആസ്വദിക്കാന്‍ പോലും ഇസ്രയേല്‍ അവരെ അനുദിച്ചില്ല.

ഓരോരുത്തരം ക്യാമറയും പിടിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ റോക്കറ്റാക്രമണം നടത്താന്‍ മാത്രം വിഡ്ഢികളല്ല ഫലസ്തീന്‍ പ്രതിരോധ പോരാളികള്‍. ഗസ്സയില്‍ സുരക്ഷിതമായ ഒരിടവും ഇല്ല. കുഞ്ഞിന്റെ തലമുടികള്‍ കൈവിരലുകളാല്‍ തലോടികൊണ്ടിരിക്കെ, വീടിന്റെ മുകളില്‍ പ്രാവുകളെ തീറ്റികൊണ്ടിരുന്ന മൂന്ന് കുട്ടികളെ കുറിച്ച് ഞാന്‍ ആലോചിച്ചു. തൊട്ടടുത്ത ദിവസത്തെ (ജൂലൈ 17) ആക്രമണത്തില്‍ തങ്ങളുടെ പ്രാവുകളോടൊപ്പം അവരും കൊല്ലപ്പെട്ടു.

തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ശേഷിക്കുന്നുണ്ടോ എന്നറിയാനുള്ള തിരച്ചിലിനിടയില്‍ ‘ഉമ്മാ.. എന്റെ ചെരിപ്പെവിടെ?’ എന്ന പത്തുവയസ്സുകാരന്റെ നിഷ്‌കളങ്കമായ ചോദ്യം എന്റെ ചെവിയില്‍ പ്രതിധ്വനിച്ചു. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തലക്ക് മുകളില്‍ വട്ടമിട്ട് ആക്രമണം നടത്തികൊണ്ടിരിക്കുമ്പോഴും അവന്‍ തേടുന്നത് തന്റെ ചെരിപ്പുകളാണ്.

ഗസ്സയിലെ അവധിക്കാലം
ബ്രിട്ടനിലെ ഇംഗ്ലീഷുകാരെ അറബി പഠിപ്പിക്കുകയെന്നൊരു ജോലി രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വേനല്‍ക്കാലം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തോടെയാണ് ഞാന്‍ ആദ്യ ദിവസം തുടങ്ങിയത്. ജോര്‍ദാനിലോ ഈജിപ്തിലെ ഉള്ള കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോയെന്ന് അവരില്‍ ചിലര്‍ പറഞ്ഞു. മറ്റുചിലര്‍ പോയത് യൂറോപ്പിലേക്കായിരുന്നു. ജോര്‍ദാനില്‍ നിന്ന് ലണ്ടനിലേക്കും പാരീസിലേക്കും ടൂര്‍പോയെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ഞാനെന്റെ ആശ്ചര്യം മറച്ചു വെച്ചു.

ആരായിരിക്കും ഈ ആളുകള്‍ എന്ന് ഞാന്‍ ആലോചിച്ചു. തീര്‍ച്ചയായും അവര്‍ ഗസ്സക്കാരല്ല. അങ്ങനെയല്ല ഞങ്ങള്‍ ഗസ്സയില്‍ അവധി ചെലവഴിച്ചിരുന്നത്. ബീച്ചിലേക്ക് പോകലായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും നല്ല വഴി. ഈ വേനലില്‍ ഞങ്ങളവിടെ കൊല്ലപ്പെടുന്നു.

ഇന്ന് ഈ വേനലില്‍ ഞാനറിയുന്ന അവിടത്തെ കുട്ടികള്‍ക്ക് എന്ത് ഓര്‍മകളായിരിക്കും പറയാനുണ്ടാവുക എന്ന് ഞാന്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒരാള്‍ക്ക് കൈ നഷ്ടപ്പെട്ടു. മറ്റൊരാള്‍ക്ക് സഹോദരനെ നഷ്ടമായി. മൂന്നാമതൊരാള്‍ വീടില്ലാത്തവാനായി മാറി. മറ്റൊരാള്‍ അനാഥനായി മാറ്റപ്പെട്ടു. പലര്‍ക്കും തങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കാന്‍ കഴിയില്ല, കാരണം അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവനാണ്.

എല്ലാം നഷ്ടപ്പെട്ടവര്‍
ആക്രമണം നടന്നുകൊണ്ടിരിക്കെ വ്രതത്തിന്റെ വിശുദ്ധ റമദാന്‍ കടന്നു പോയി ആഘോഷത്തിന്റെ പെരുന്നാള്‍ സുദിനം വന്നെത്തി. അന്ന് ഉമ്മമാര്‍ പ്രത്യേകം പലഹാരങ്ങളും ഭക്ഷണവും ഒരുക്കുന്നു. കുട്ടികള്‍ പുതുവസ്ത്രങ്ങളിഞ്ഞ് മിഠായികളും കളിക്കോപ്പുകളുമായി കളിസ്ഥലങ്ങളില്‍ ഒരുമിച്ചു കൂടുന്നു. മാതാപിതാക്കളോടൊപ്പം കൂട്ടുകാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ഇറങ്ങുന്നു. കുട്ടികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വന്നെത്തുന്ന ദിനമാണത്. അതിന് നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു അവര്‍.

എന്നാല്‍ ഈ വര്‍ഷം അങ്ങനെ ഒരു ദിവസം അവര്‍ക്കില്ലായിരുന്നു. പുതുവസ്ത്രങ്ങളോ മിഠായികളോ ഇല്ല. കളിപ്പാട്ടങ്ങളോ കളിസ്ഥലമോ ഇല്ല. കുടുംബ സന്ദര്‍ശനങ്ങളില്ല. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങള്‍ താമസിച്ച വീൂടുകള്‍ തന്നെയില്ല.

ഇസ്രയേല്‍ യുദ്ധോപകരണങ്ങളില്‍ നിന്ന് രക്ഷതേടി സ്‌കൂളുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണവര്‍. അവിടെ ഉമ്മമാര്‍ പലഹാരങ്ങളോ വിശിഷ്ട വിഭവങ്ങളോ ഒരുക്കുകയല്ല, സന്നദ്ധ സംഘടനകള്‍ എത്തിച്ചു കൊടുക്കുന്ന പശിയടക്കാനുള്ള അന്നത്തിനായി കാത്തിരിക്കുകയാണ്. പുതുവസ്ത്രമോ കളിപ്പാട്ടമോ ഇല്ലാതെ അത് കൊണ്ടു വന്നു കൊടുക്കാനുള്ളവരെ തന്നെ നഷ്ടപ്പെട്ട നൂറുകണക്കിന് കുട്ടികള്‍. പലരും കുടുംബവും വീടുമടക്കം എല്ലാം നഷ്ടപ്പെട്ടവരാണ്. ആഘോഷത്തിന്റെ ദിനത്തില്‍ ആശുപത്രി ബെഡിലെ ഏകാന്തതയിലാണ് ചിലര്‍.

പെരുന്നാള്‍ ദിവസം ഗസ്സയില്‍ കളിക്കളത്തില്‍ പൊലിഞ്ഞത് പത്ത് കുട്ടികളാണ്. ഇന്ന് അവിടത്തെ കുട്ടികള്‍ക്ക് സംഭവിക്കുന്നതിന് ഒരിക്കലും വാക്കുകള്‍ക്ക് കൊണ്ട് ന്യായീകരിക്കാനാവില്ല. നിഷ്‌കളങ്കരായ പിഞ്ചുപൈതങ്ങളെയും കുട്ടികളെയും കൊല്ലുന്നതിന് ഒരു ന്യായീകരണവുമില്ല. അതിനോട് ലോകം സ്വീകരിച്ചിരിക്കുന്ന മൗനത്തെയും ന്യായീകരിക്കാനാവില്ല. ഈ രക്തചൊരിച്ചില്‍ തുടരുന്നിടത്തോളം മുഴുലോകവും ഈ യുദ്ധകുറ്റത്തില്‍ പങ്കാളികളാവുകയാണ്. ഞങ്ങളൊരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല. ഈ കഥകള്‍ വിളിച്ചു പറയാന്‍ ഞങ്ങള്‍ ജീവിക്കും.
(ഗസ്സയില്‍ നിന്നുള്ള ഒരു ഫലസ്തീനിയാണ് ലേഖിക. ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന അവര്‍ ഗസ്സയിലെ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയിട്ടുണ്ട്.)

വിവ : നസീഫ്

Related Articles